കല്ഹട്ടി ജലപാതം ഉദഗമണ്ഡലത്തിന് സമീപമുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ഊട്ടി മൈസൂര് ദേശീയ പാതയില് (NH 181) ഊട്ടിയില് നിന്ന് 13 കിലോമീറ്റര് അകലെ, സിഗൂര് ഘട്ട് (sigur ghat) റോഡിലെ 36 ഹെയര്പിന് വളവുകള് കടന്ന് എത്തിച്ചേരാം. കല്ഹട്ടി ഗ്രാമത്തിനടുത്തുള്ള സിഗുര് ഘട്ട് റോഡിലാണ് കല്ഹട്ടി ജലപാതം (kalhatty waterfall) സ്ഥിതി ചെയ്യുന്നത്. പാറകളുടെ ഗ്രാമമാണ് കല്ഹട്ടി. നീലഗിരിയുടെ ഭാഷയില് നിന്നും ജന്മം കൊണ്ട പദമാണിത്.
പ്രധാന പാത പിന്നിട്ട് കാനന പാതയിലൂടെ മൂന്ന് കിലോമീറ്റര് ദൂരം സഞ്ചരിച്ചാല് (trekking) മാത്രമേ നമുക്ക് ഈ ജലപാതം സമീപിയ്ക്കാനാവുകയുളളു. സിഗൂര് ഘട്ട് റോഡില് നിന്ന് വെള്ളച്ചാട്ടം ദൃശ്യമാണ്. കാനന പാതയിലൂടെയുള്ള യാത്ര രസകരവും സാഹസികവും ആണ്. കാഴ്ചയുടെ ഒരു വലിയ ലോകമാണ് നമുക്ക് മുന്നില് തുറക്കുന്നത്. കാനനയാത്ര ആസ്വദിക്കുന്നവര്ക്ക് മാത്രമേ ഇത്തരം യാത്രകള് സന്തോഷപ്രദമാവുകയുള്ളൂ.
സിഗൂര് പീഠഭൂമിയില് നിന്ന് താഴേക്ക് പതിക്കുന്ന കല്ഹട്ടി ജലപാതം ഊട്ടിയിലെ ഏറ്റവും മികച്ച വെള്ളച്ചാട്ടങ്ങളില് ഒന്നാണ്. സമുദ്ര നിരപ്പില് നിന്ന് ഏതാണ്ട് 900 മീറ്റര് ഉയരത്തിലാണ് സിഗൂര് പീഠഭൂമി സ്ഥിതി ചെയ്യുന്നത്. ഏകദേശം 2,240 മീറ്റര് ഉയരത്തിലാണ് ഉദഗമണ്ഡലം. അതെങ്ങനെ എന്ന് സംശയിയ്ക്കാം. നീലഗിരി കുന്നുകളുടെ അടിവാരത്തില് സ്ഥിതി ചെയ്യുന്ന ഒരു പ്രത്യേക പ്രദേശമാണ് സിഗൂര് പീഠഭൂമി. ഇത് പ്രധാന ഉദഗമണ്ഡലം മേഖലയില് നിന്ന് മോയാര് മലയിടുക്കിനാല് (moyar gorge) വേര്തിരിയ്ക്കപ്പെടുന്നു.
വിശാലമായ നീലഗിരി ബയോസ്ഫിയര് റിസര്വിന്റെ ഭാഗമാണ് സിഗൂര് പീഠഭൂമി (sigur plateau). ഇതൊരു ഭൂമിശാസ്ത്ര മേഖലയാണ്. പ്രകൃതി ദത്തവും പരിസ്ഥിതി ലോലവുമായ ഒരു പ്രദേശമാണ്. വനങ്ങളും കുന്നുകളും സമൃദ്ധമാണ്. വന-വന്യജീവി സമ്പന്നമാണ്. ആന, കടുവ, മറ്റ് ജന്തുജാലങ്ങള് എന്നിവക്ക് പ്രധാനപ്പെട്ട പശ്ചിമഘട്ടത്തിലെ ഒരു പ്രധാന വന്യജീവി ഇടനാഴിയാണിത്.
മനോഹരമായ കുന്നുകളാല് ചുറ്റപ്പെട്ട സിഗൂര് പീഠഭൂമിയില് നിന്ന് ഉത്ഭവിക്കുന്ന പ്രകൃതി ദത്തമായ
ഒരു വെള്ളച്ചാട്ടമാണ് കല്ഹട്ടി ജലപാതം. അതിന് ഏതാണ്ട് 40 മീറ്റര് ഉയരമുണ്ടാവും. സിഗൂര് പീഠഭൂമിയിലെയും നീലഗിരി കുന്നുകളിലെയും മണ്സൂണ് ജലം നിറഞ്ഞ അരുവികളാണ് കല്ഹട്ടി വെള്ളച്ചാട്ടത്തിന് ജലം നല്കുന്നത്. പശ്ചിമ ഘട്ടത്തിലെ മഴയില് നിന്ന് ശേഖരിച്ച വെള്ളം സിഗൂര് നദിയിലേക്ക് പോഷകനദികളായി ഒഴുക്കി വിടുന്നു. ആ പോഷക നദികളില് ഒന്ന് വെള്ളച്ചാട്ടമായി മാറുന്നു.
സ്ഥായിയായ ഒരു നദിയല്ല ഡിഗൂര് നദി. മഴക്കാലത്ത് രൂപം പ്രാപിച്ച നദി സിഗാര് പീഠഭൂമിയിലൂടൊഴുകി മുതുമല ടൈഗര് റിസര്വും ബന്ദിപ്പൂര് നാഷണല് പാര്ക്കും കടന്ന് മോയര് നദിയില് ചേരുന്നു. അവിടെ നിന്നും ഭവാനി നദിയിലേക്ക്. കാവേരിയുടെ ഒരു പോഷക നദിയായ ഭവാനിയുടെ പോഷക നദികളില് ഒന്നാണ് മോയാര് നദി (moyar river) അഥവ മായാര് നദി (mayar river). മസിനഗുഡി ഊട്ടി റോഡിലെ മായാര് എന്ന ചെറിയ പട്ടണ പ്രദേശത്തു നിന്നാണ് മോയാര് നദി ഉത്ഭവിക്കുന്നത്. തമിഴ്നാട്ടിലെ സമതലങ്ങളിലെ ഭവാനി സാഗര് റിസര്വോയറില് മോയാര് നദി ഭവാനിയുമായി സന്ധിക്കുന്നു.
കല്ഹട്ടിയുടെ അതി മനോഹരമായ കാഴ്ച കാണുക തന്നെ വേണം. ആകാശ നീലിമയില് പര്വത ശിരസ്സില് നിന്നാരംഭിച്ച് കാനന ഗര്ഭത്തിലൂടെ യാത്ര ചെയ്ത് മലയടിവാരത്തില് എത്തുന്ന ഒരു മോഹന ദൃശ്യം. പശ്ചിമഘട്ടത്തിലെ നിന്മോന്നതങ്ങളായ അനവധി നീലഗിരി കുന്നുകള്ക്കിടയിലൂടെ പൊട്ടിയൊഴുകുന്ന ജലകണികകളാണ് കല്ഹട്ടിയുടെ ആത്മാവില് തേങ്ങുന്നത്.
ഏതൊരു കാഴ്ചക്കാരനേയും ഹര്ഷ പുളകിതരാക്കുന്ന കാഴ്ചകള് സമ്മാനിക്കുന്ന ഒരിടമാണ് കല്ഹട്ടി. അക്കാര്യത്തില് ഉറപ്പു നല്കാനാവും. റോഡില് നിന്ന് കല്ഹട്ടി വെള്ളച്ചാട്ടത്തിന്റെ അടിവാരത്ത് എത്താന് ഏകദേശം 150 പടികള് ഇറങ്ങണം. അതു തന്നെ നമ്മുടെ അനുഭൂതി തലത്തെ വല്ലാതെ സ്വാധീനിക്കുന്നതാണ്.
കാഴ്ചകള്ക്കിടയില് അതിസാന്ദ്രമായ ഒരു സംഗീതം അവിടെങ്ങും നിറയും. കാഴ്ച അതിമനോഹരമാണെങ്കിലും കാഴ്ചക്കാരന്റെ ദൃശ്യത്തിലേക്കുള്ള യാത്ര സാഹസികം തന്നെ.
കുത്തനെയുള്ള വളവുകളും ഹെയര്പിന് വളവുകളും കാരണം വെള്ളച്ചാട്ടത്തിലേക്കുള്ള വഴി അപകടകരമാണ്. കുത്തനെയുള്ളതും വളഞ്ഞതുമായ വളവുകള്ക്ക് പേരുകേട്ട സിഗുര് ഘട്ട് റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മാത്രമല്ല അടിവാരത്തിലേയ്ക്കുള്ള പാത വഴുക്കലുള്ളതും ഇടുങ്ങിയതുമായിരിക്കും. അടിവാരത്ത് വെള്ളം താഴേക്ക് പതിച്ച് പതഞ്ഞുയരുന്ന പ്രദേശം പാറയാണ്. അവിടെയും വഴുക്കലുണ്ടാവുമെന്ന കാര്യത്തില് സംശയം വേണ്ട. ഒന്ന് കാലിടറിയാല് ഉണ്ടാവുന്നത് മഹാദുരന്തമാവും. സന്ദര്ശകര് ജാഗ്രത പാലിക്കണം. അവിടേയ്ക്ക് ഇറങ്ങാതെ അകലെ നിന്ന് ജലപാതം കണ്ടാനന്ദിക്കുക മാത്രമാണ് കരണീയം.
മഴക്കാലം ഏറെ അപകടം നിറഞ്ഞതാണ്.
ജലനിരപ്പ് പെട്ടെന്നുയരാനിടയുണ്ട്. മണ്സൂണ് കാലത്ത് അപകട സാദ്ധ്യത കൂടുതലാണ്. എപ്പോഴും ജല പ്രളയം ഉണ്ടാവാം. കല്വഴികളില് വീണുരുളുന്ന വെള്ളം കുത്തൊലിച്ചൊഴുകിയെത്തി കാഴ്ചക്കാരെയും കൂട്ടി പാതാള ഗര്ത്തത്തിലേക്ക് പോയി എന്ന് വരാം. അതിനാല് അകലെ നിന്ന് ജലപാതം കണ്ടാസ്വദിക്കുകയാണുചിതം. മണ്സൂണ് സമയത്തോ അതിനു തൊട്ടു പിന്നാലെയോ ജല പ്രവാഹം നല്ലതാണ്.
വരണ്ട മാസങ്ങളില് വെള്ളം കുറയുകയോ ജലപാതം അപ്രത്യക്ഷമാകുകയോ ചെയ്യാം. മണ്സൂണിനു ശേഷമുള്ള സെപ്റ്റംബര്, ഒക്ടോബര്, നവംബര് മാസങ്ങളാണ് ജലപാതം സന്ദര്ശിക്കാന് പറ്റിയ സമയം.
തിരുവനന്തപുരം ജില്ലയിലെ കല്ലാറില്
വിനോദ യാത്രികരായ ദന്തല് വിദ്യാര്ത്ഥികളെ അലറിയെത്തിയ വെള്ളം കൊണ്ടു പോയത് മറന്നു കാണില്ല. നീലഗിരിയിലെ ഈ ജലപാതവും യാത്രികരോട് ക്ഷോഭിക്കില്ല എന്നാരറിഞ്ഞു.
യാത്രകളില് നാം ഉന്മാദ ചിത്തരാകുന്നു.
നമ്മുടെ മനസ്സിന്റെ കടിഞ്ഞാണ് കൈവിട്ടു പോകാതെ സൂക്ഷിക്കുക. മനസ്സ് കൈവിട്ടു പോയാല് കൂട്ട മരണങ്ങള്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നേയ്ക്കാം.
ആരെയും മോഹിപ്പിക്കുന്ന ഈ ജലപാതവും സമീപ പ്രദേശങ്ങളും മഹാമുനി അഗസ്ത്യരുടെ താമസ സ്ഥലമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അഗസ്ത്യ മുനി തന്റെ കാനന യാത്രയ്ക്കിടയില് ഒരു വെള്ളച്ചാട്ടത്തില് കാലിടറി വീണു. അതിനു ശേഷം മുനി അവിടെ ഏറെ നാള് താമസിയ്ക്കുകയും അവിടം ഒരു തീര്ത്ഥാടന കേന്ദ്രമായി മാറിയെന്നുമാണ് ഐതിഹ്യം.
നമ്മുടെ പുരാണങ്ങളിലും വേദങ്ങളിലും ഇതിഹാസങ്ങളിലും മുനി അഗസ്ത്യനെ വായിക്കാം. വൈദ്യശാസ്ത്രം, യോഗ തുടങ്ങിയ വിവിധ മേഖലകളിള് അദ്ദേഹം പ്രശസ്തനാണ്. വിന്ധ്യ പര്വതങ്ങളുടെ ഉയരം കുറയ്ക്കാനും തമിഴ് ഭാഷയുടെ വ്യാപനത്തിനും അദ്ദേഹത്തിന്റെ തപശക്തി ഉപയോഗിച്ചു എന്നാണ് ഐതിഹ്യം. ഐതിഹ്യങ്ങളെ ശാസ്ത്രവും ചരിത്രവുമായും കലര്ത്തി വായിയ്ക്കാതിരിക്കാന് ശ്രദ്ധിക്കുമല്ലോ.
വിജയനഗര കാലഘട്ടത്തില് (vijayanagara era) നിര്മ്മിച്ച വീരഭദ്ര ക്ഷേത്രം ഉള്ക്കൊള്ളുന്ന ഈ പ്രദേശവും ജലപാതവും വിശ്വാസികള് പവിത്രമായി കണക്കാക്കുന്നു. മാത്രമല്ല ജലപാതത്തിലെ വെള്ളത്തിന് ഔഷധഗുണമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. കാനന ഗര്ഭത്തില് നിന്ന് ഉത്ഭവിച്ച് ഒഴുകിയെത്തുന്ന വെള്ളത്തില് ഖനിജങ്ങളുടെ അംശം എത്രകണ്ട് ഉണ്ടെന്ന് ഭൂഗര്ഭ ശാസ്ത്രജ്ഞര് തന്നെ പറയണം.
വൈവിധ്യമാര്ന്ന വന്യജീവികളുടെ ആവാസ കേന്ദ്രമായ നിബിഢ വനത്താല് ചുറ്റപ്പെട്ടതാണ് ഈ ജലപാതം. ഇതൊരു ഉഷ്ണമഴക്കാടാകയാല് അത്തരം പ്രദേശങ്ങളില് കഴിയുന്ന കാട്ടാന, കരിമ്പുലി, കാട്ടു നായ, കാട്ടുപോത്ത്, മ്ലാവ്, സാംബര് മാനുകള്, ആദിയായ മൃഗങ്ങളാല് ഇവിടം സമ്പന്നമാണ്. മൃഗങ്ങള് ജലപാതത്തില് വെള്ളം കുടിക്കാനണയും. സന്ദര്ശകരുടെ മേല് അവയുടെ ആക്രമണം ഉണ്ടാവാം. അതിനാല് സന്ദര്ശകര്ക്ക് അക്കാര്യത്തില് ശ്രദ്ധ വേണം. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ അധികം കാട്ടിനുള്ളിലേയ്ക്ക് പോകാതിരിക്കുക. കാനന യാത്രകള്ക്ക് തീര്ച്ചയായും പരിചയ സമ്പന്നരായ ഗൈഡിന്റെ സേവനം ഉപയോഗപ്പെടുത്തണം. അഥവ യാത്രികര്ക്ക് കാടുമായി അത്രയേറെ പരിചയമുണ്ടാവണം.
മൃഗങ്ങളെ കൂടാതെ ധാരാളം പക്ഷികളെയും അവിടെ കാണാനാവും. പക്ഷി നിരീക്ഷകരുടെ പറുദീസയാണ്. അനവധിയിനം പക്ഷികള്, ചിത്രശലഭങ്ങള്, എന്നിവയാല് സമ്പന്നമായ ഒരിടം. രാവിലെയും വൈകുന്നേരങ്ങളിലും ദേശാടന കിളികള് ( migratory birds) പതിവായി എത്താറുണ്ട്. പക്ഷി നിരീക്ഷകര്ക്കും ചിത്രശലഭങ്ങളെ പഠിക്കുന്നവര്ക്കും വൈല്ഡ് ലൈഫ് ഫോട്ടോഗ്രാഫര്മാര്ക്കും ട്രെക്കിംഗിനും ഈ പ്രദേശം നല്ലൊരനുഭവമായിരിക്കും.
പ്രദേശം വന്യജീവി മേഖലയുടെ ഭാഗമായതിനാല് സന്ദര്ശകര് ജാഗ്രത പാലിക്കുക. സസ്യജന്തുജാലങ്ങളെ ശല്യപ്പെടുത്തുന്നത് ഒഴിവാക്കുക. വന പാലകര് പറയുന്ന സുരക്ഷാ നിര്ദ്ദേശങ്ങള് പാലിക്കുക.
വളരെ കരുതലോടെയും അച്ചടക്കത്തോടും കൂടിയാണെങ്കില് ഇത്രയേറെ അനുഭവം തരുന്ന ഒരു കാഴ്ചയിടം ഊട്ടിയില് വേറെയുണ്ടാവില്ല. വൈവിധമാര്ന്ന ജൈവ സമ്പത്തുള്ള ഉഷ്ണ മഴക്കാടുകള്, ഷോലെക്കാടുകള്, ജലപാതം, കാട്ടു മൃഗങ്ങള്, അപൂര്വം പക്ഷികള്, ഇഴജന്തുക്കള്, ചിത്രശലഭങ്ങള്, അങ്ങനെ എന്തെന്ന് കാഴ്ചകളാണ് നമ്മെ ഇവിടെ കാത്തിരിക്കുന്നത്. നഗരവാസികള്ക്ക് ഇത് സവിശേഷമായ ഒരുനുഭവമായിരിക്കും. പ്രവേശന ഫീ ഇല്ല.
കല്ഹട്ടി എന്ന പേരില് മറ്റൊരു ജലപാതം കൂടിയുണ്ട്. കര്ണാടകയിലെ ചിക്കന് മംഗളൂര് ജില്ലയിലെ കെമ്മന്ഗുണ്ടി കുന്നിന് (kemmangundi hills) പ്രദേശത്തിനടുത്തുള്ള ചന്ദ്ര ദ്രോണ കുന്നുകളിലെ (chandra drona hills) ഒരു നദിയുടെ ഉത്ഭവസ്ഥാനത്താണ് ഈ ജലപാതവും ഉത്ഭവിക്കുന്നത്.












