കാഴ്ചക്കാരുടെ കണ്ണുകളില്‍ കുളിരു കോരുന്ന ഒരു തടാകമാണ് വെല്ലിങ്ടണ്‍ തടാകം (wellington lake). കൂനൂരിലെ വെല്ലിംഗ്ടണ്‍ പ്രദേശത്താണ് വെല്ലിംഗ്ടണ്‍ തടാകം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 1,850 മീറ്റര്‍ (6,085 അടി) ഉയരത്തിലാണ് വെല്ലിംഗ്ടന്‍ തടാകം സ്ഥിതി ചെയ്യുന്നത്.
ഊട്ടിയില്‍ നിന്ന് അവിടേക്ക് വാഹന ഗതാഗതം ലഭ്യമാണ്.
ഇന്ത്യന്‍ മിലിട്ടറിയുടെ കീഴിലുള്ള ഒരു തടാകമാണിത്. ഊട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മിലിട്ടറിയുടെ ഓഫീസാണ് ഈ തടാകത്തിന്റെ നടത്തിപ്പ്. സൈന്യമാണ് തടാകവും പരിസരവും പരിപാലിക്കുന്നത്. മിലിട്ടറിയുടെ വകയാണെങ്കിലും വിനോദത്തിനായി പൊതുജനങ്ങള്‍ക്കായി ഇത് തുറന്നിരിക്കുന്നു. സന്ദര്‍ശനത്തിന് പ്രവേശന ഫീ ഒടുക്കണം.
കുടുംബ സമേതം അവധി ദിവസങ്ങള്‍ ഇവിടെ ചെലവിടാം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേണ്ട വിനോദങ്ങള്‍ ഇവിടെ ലഭ്യമാണ്. തെരക്കു പിടിച്ച ജീവിത തത്രപ്പാടില്‍ നിന്നും നഗര ജീവിതത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരുപാധിയായിട്ടാണ് മിക്കവരും ഇവിടെ വിരുന്നു പാര്‍ക്കാനെത്തുന്നത്.
മഴയെ ആശ്രയിച്ചുള്ള ഈ തടാകം ചെറുതാണെങ്കിലും ബോട്ടിംഗ്, ഇതര ജല കേളികള്‍, എന്നിവയ്ക്ക് പേരുകേട്ടിടമാണ്. ചെറുതും വലുതുമായ പെഡല്‍ ബോട്ടുകളും മോട്ടോര്‍ ബോട്ടുകള്‍ ലഭ്യമാണ്.
തടാകത്തിന് ചുറ്റിലും മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്. അലങ്കാര സസ്യങ്ങള്‍, പൂച്ചെടികള്‍, പുല്‍ച്ചെടികള്‍, എന്നിവ കൊണ്ട് പൂന്തോട്ടം അതിമനോഹരമായി അലങ്കരിച്ചിട്ടുണ്ട്. പാര്‍ക്കിനുള്ളിലെ കുട്ടികള്‍ക്കായുള്ള കളിയിടത്ത് ഊഞ്ഞാലുകള്‍, സൈക്കിളുകള്‍, സൈക്ലിങ് പാതകള്‍ അങ്ങനെ അനവധി സൗകര്യങ്ങളുണ്ട്. മുതിര്‍ന്നവര്‍ക്ക് വ്യായാമത്തിനുള്ള സൗകര്യം, നടപ്പാതകള്‍, വിശ്രമമുറികള്‍, എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
തടാകത്തിനും പൂന്തോട്ടത്തിനും അപ്പുറം മലനിരകളുടെയും വര്‍ണ്ണാഭമായ സസ്യജാലങ്ങളുടെയും മാനം മുട്ടെ വളര്‍ന്ന് ആകാശത്തോടുരുമി നില്‍ക്കുന്ന മരങ്ങളുടെയും നല്ലൊരു കാഴ്ച ലഭ്യമാണ്. ജൈവ വൈവിധ്യമാര്‍ന്ന നിരവധിയിനം സസ്യജാലങ്ങള്‍ ഈ കാടിനു മാത്രം അവകാശപ്പെട്ടതാണ്. വിവിധ വര്‍ണ്ണങ്ങളില്‍ തുള്ളിപ്പറക്കുന്ന തുമ്പികളും അനവധി തരം പക്ഷികളും മൃഗങ്ങളും കാടിന്റെ പ്രത്യേകതയാണ്.
പകല്‍ യാത്രകള്‍ക്ക് ഇത് നല്ലൊരിടമാണ്. ചുറ്റുപാടുകളുടെ ശാന്തത സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനും പ്രകൃതിയുമായി സമാധാനപരമായ നല്ലൊരു ബന്ധം സ്ഥാപിക്കാനുമാവുന്നു. ജീവിതത്തിലെ ഒറ്റപ്പെടലുകള്‍ക്ക് ഒരാശ്വാസമാണ് പ്രകൃതിയുമായുള്ള ഈ ഒത്തൊരുമ.
കൂനൂരില്‍ നിന്നും ഊട്ടിയിലേക്കുള്ള വഴിയില്‍ നീലഗിരി കുന്നുകളിലെ ചരിത്രമുറങ്ങുന്ന ഒരു പട്ടണമാണ് വെല്ലിംഗ്ടണ്‍. നീലഗിരിയിലെ വെല്ലിംഗ്ടണ്‍ എന്ന പട്ടണത്തിന്റെ യഥാര്‍ത്ഥ പേര് ജക്കതല്ല (Jakkatalla) എന്നായിരുന്നു. 1860-ല്‍ സര്‍ ചാള്‍സ് ട്രെവലിയന്‍ (Sir Charles Trevelyan) പട്ടണത്തെ വെല്ലിംഗ്ടണ്‍ എന്ന് പുനര്‍നാമകരണം ചെയ്തു. ഫീല്‍ഡ് മാര്‍ഷല്‍ ആര്‍തര്‍ വെല്ലസ്ലി പ്രഭുവിനെ (Field Marshal Arthur Wellesley) ബഹുമാനിക്കുന്നതിനാണ് ഈ പേര് തെരഞ്ഞെടുത്തത്.
ബ്രിട്ടനിലെ ആദ്യത്തെ വെല്ലിംഗ്ടണ്‍ ആര്‍തര്‍ വെല്ലസ്ലി പ്രഭു ആയിരുന്നു. ബ്രിട്ടനിലെ മുന്‍നിര സൈനിക (ആംഗ്ലോ-ഐറിഷ് ബ്രിട്ടീഷ് ആര്‍മി) ഓഫീസറും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന അദ്ദേഹം അയര്‍ലന്റിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ (Dublin) 1769 ല്‍ ജനിച്ചു.
ഇന്ത്യയിലും യൂറോപ്പിലും സൈനിക ജീവിതം നയിച്ചു.
ആഗ്ലോ മൈസൂര്‍ യുദ്ധത്തില്‍ (1799) ടിപ്പു സുല്‍ത്താനെ തോല്‍പിച്ചു. വാട്ടര്‍ലൂ യുദ്ധത്തില്‍ (1815) നെപ്പോളിയനെ പരാജയപ്പെടുത്തി. രണ്ടു തവണ (1828-1830, 1834) ബ്രട്ടീഷ് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. നീലഗിരി കുന്നുകളില്‍ ബ്രിട്ടീഷ് സൈനികര്‍ക്കായി ഒരു സാനിറ്റോറിയം സ്ഥാപിക്കാനുള്ള കോയമ്പത്തൂര്‍ ബ്രട്ടീഷ് കലക്ടര്‍ ആയ ജോണ്‍ സള്ളിവന്റെ ശുപാര്‍ശയെ (1832) വെല്ലസ്ലി പിന്തുണച്ചു. സൈനിക കന്റോണ്‍മെന്റ് സ്ഥാപിക്കുന്നതിലേക്ക് തീരുമാനമായി.
വെല്ലസ്ലി ഒരിക്കലും ആ സ്ഥലം സന്ദര്‍ശിച്ചില്ല. കേണല്‍ ജോണ്‍ ഔച്ചര്‍ലോണി (Colonel John Ouchterlony) കന്റോണ്‍മെന്റിനായി സ്ഥലം തെരഞ്ഞെടുത്തു. വെല്ലസ്ലിയുടെ സഹകാരിയായ മാര്‍ക്വിസ് ഓഫ് ട്വീഡേല്‍ (Marquis of Tweeddale) 1851-ല്‍ അവിടെ സൈനിക ബാരക്കുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. 1852-ല്‍ വെല്ലസ്ലിയുടെ മരണശേഷം, ബഹുമാനാര്‍ത്ഥം ബാരക്കുകള്‍ക്ക് അദ്ദേഹത്തിന്റെ പേര് നല്‍കാന്‍ ട്വീഡേല്‍ നിര്‍ദ്ദേശിച്ചു. 1854 ല്‍ ബ്രിട്ടീഷ് സൈന്യം ആദ്യമായി ഈ ബാരക്കിലേക്ക് ചേക്കേറി.
മാര്‍ക്വിസ് ഓഫ് ട്വീഡേലിന്റെ പിന്‍ഗാമിയായ ഗവര്‍ണര്‍ സര്‍ ചാള്‍സ് ട്രെവലിയന്‍ 1860-ല്‍ ഈ സ്ഥലത്തിന് ഔദ്യോഗികമായി വെല്ലിംഗ്ടണ്‍ എന്ന് പേരിട്ടു.
നിര്‍മ്മിച്ച ബാരക്കുകള്‍ വെല്ലിംഗ്ടണ്‍ ബാരക്കുകള്‍ എന്നറിയപ്പെടുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ഇവിടെ ഒരു സൈനിക പരിശീലന സ്ഥാപനം ആരംഭിച്ച് ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജായി (defence services staff college) (DSSC). ഇന്ത്യയിലും വിദേശത്തും ഉള്ളവര്‍ ഇവിടെ പരിശീലനം നേടുന്നു. ഇത് ഇന്ത്യന്‍ സൈന്യത്തിന്റെ മദ്രാസ് റെജിമെന്റിന്റെ റെജിമെന്റല്‍ സെന്ററിന്റെ ആസ്ഥാനമാണ്. വെല്ലിംഗ്ടണ്‍ കന്റോണ്‍മെന്റ് ബോര്‍ഡ് (Wellington cantonment board) എന്ന് അറിയപ്പെടുന്നു.
വെല്ലിംഗ്ടണ്‍ തടാകം കന്റോണ്‍മെന്റ് പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്, ഇത് പ്രധാനമായും ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജും വെല്ലിംഗ്ടണ്‍ കന്റോണ്‍മെന്റ് ബോര്‍ഡും ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നത്.
ബ്രട്ടീഷ് കണ്‍ടോണ്‍മെന്റിന്റെ കാലത്ത് ജോയിന്റ് മജിസ്‌ട്രേറ്റായ (Joint Magistrate of the Cantonment) ലെഫ്റ്റനന്റ് കേണല്‍ റിച്ചാര്‍ഡ് സാമുവല്‍ റോബര്‍ട്ട്‌സ് (Lt. Colonel Richard Samuel Roberts) ആണ് വിനോദ ആവശ്യങ്ങള്‍ക്കായി ഒരു അരുവിക്ക് കുറുകെ അണക്കെട്ട് നിര്‍മ്മിച്ച് വെല്ലിംഗ്ടണ്‍ തടാകം തീര്‍ത്തത്. വിനോദ ആവശ്യത്തിന് വേണ്ടിയായിരുന്നു നിര്‍മ്മിച്ചത്. വെല്ലിംഗ്ടണ്‍ റേസ്‌കോഴ്സും (Wellington Racecourse) വെല്ലിംഗ്ടണ്‍ ഫൗണ്ടനും (Wellington Fountain) അവിടെ സ്ഥാപിച്ചു.
ഫോട്ടോഗ്രഫിയുടെ പറുദീസയാണ് ഇവിടം എന്നു പറയുവാനാണ് തോന്നുന്നത്. അത്രകണ്ട് കമനീയമാണ് ഇവിടെ ലഭിക്കുന്ന ദൃശ്യ സമ്പത്ത്.
തടാകവും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ ഓരോ സന്ദര്‍ശകനും നിര്‍ബന്ധിതരാണ്. മിലിട്ടറിയുടെ കീഴിലുള്ള ഒരിടമാകയാല്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
ഭാഷ പ്രേമം മൂത്ത തമിഴര്‍ എന്തുകൊണ്ട് വെല്ലിങ്ടണ്‍ എന്ന പേര് തുടര്‍ന്നും സ്വീകരിക്കുന്നു എന്ന് മനസ്സിലാകുന്നില്ല.












