LIMA WORLD LIBRARY

ഡോള്‍ഫിന്‍സ് നോസ് – ഡോ. വേണു തോന്നയ്ക്കല്‍

ഊട്ടിക്കടുത്തുള്ള കൂനൂരിലെ ഒരു വ്യൂ പോയിന്റാണ് (view point) അഥവ മുനമ്പാണ് ഡോള്‍ഫിന്‍സ് നോസ് (dolphin’s nose). നീലഗിരി പര്‍വത നിരകളുടെയും തേയിലത്തോട്ടങ്ങളുടെയും കാതറിന്‍ വെള്ളച്ചാട്ടത്തിന്റെയും (catherine cascade) വിശാലമായ കാഴ്ചകള്‍ക്കും പേരുകേട്ടതാണിവിടം.
നീലഗിരി മലകളുടെ വന്യമായ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ തീര്‍ച്ചയായും ഡോള്‍ഫിന്‍സ് നോസില്‍ (dolphin’s nose) എത്തണം. കൂനൂര്‍ ബസ്സ് സ്റ്റാന്റില്‍ നിന്നും നീലഗിരിയുടെ ആകാശപ്പരപ്പിലേക്ക് ഡോള്‍ഫിന്‍സ് നോസ് റോഡിലൂടെ എട്ട് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ മുനമ്പിലെത്താം. തേയില തോട്ടത്തിനുള്ളിലൂടെ കാല്‍നടയായി പോവുകയാണെങ്കില്‍ ദൂരക്കുറവുണ്ടാവും.

നീലഗിരി മലകളുടെ ഭാഗമായ ഈ മുനമ്പ് കടല്‍ നിരപ്പില്‍ നിന്നും 1550 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ദൂരെ നിന്നു നോക്കിയാല്‍ വ്യൂ പോയിന്റ് കാഴ്ചയ്ക്ക് ഡോള്‍ഫിന്‍ (dolphin) എന്ന കടല്‍ സസ്തനിയുടെ ചുണ്ടിന് (nsout) സമാനമാകയാല്‍ അതിന് ഡോള്‍ഫിന്‍സ് നോസ് എന്ന പേര് ലഭിച്ചു. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള രൂപീകരണമാണ് പാറയ്ക്കുള്ള ഈ ആകൃതി.

പ്രകൃതി പാറമേല്‍ തീര്‍ത്ത ഒരു ശില്പം കണക്കെ ഈ മുനമ്പ് ശോഭിക്കുന്നു. പച്ചപ്പ് നിറഞ്ഞ മലയിടുക്കുകളാല്‍ ചുറ്റപ്പെട്ട ഒരു സ്വര്‍ഗ്ഗീയ സ്ഥലമെന്ന് ഈ പ്രദേശത്തെ വിശേഷിപ്പിയ്ക്കാം. മറ്റെങ്ങും കാണാത്ത വിധം വശ്യമായ സൗന്ദര്യമാണ് നമുക്കു മുന്നില്‍ വിരുന്നൊരുക്കുന്നത്.
ഈ പ്രദേശം അതിശയിപ്പിക്കുന്ന വിശാലമായ പച്ചപ്പ് നിറഞ്ഞ പ്രകൃതി ദൃശ്യങ്ങള്‍ക്ക് പേരു കേട്ടതാണ്. നീലഗിരി മലനിരകള്‍, പച്ചപ്പ് നിറഞ്ഞ താഴ്വാരങ്ങള്‍, സമൃദ്ധമായ തേയിലത്തോട്ടങ്ങളാല്‍ അലംകൃതമായ കുന്നുകളാല്‍ മുനമ്പ് ചുറ്റപ്പെട്ടിരിക്കുന്നു. ഏതിലുമുപരി അതിമനോഹരമായ കാതറിന്‍ ജലപാതവും.
മുനമ്പിന് മുന്നിലും ഇരുവശത്തുമായി കണ്ണത്താ ദൂരത്തോളം ആഴത്തില്‍ അഗാധ ഗര്‍ത്തം. ഒരു പക്ഷേ താഴേക്ക് നോക്കുന്ന ഒരാള്‍ക്ക് മാനസികമായി ബുദ്ധിമുട്ട് തോന്നിയേയ്ക്കാം. അവിടെ നിന്നാല്‍ നമുക്ക് ആകാശവുമായി തൊട്ടുരുമ്മി വര്‍ത്തമാനം പറയുന്ന സഹ്യ സാനുക്കളേയും അവയ്ക്കരികിലൂടെ പറന്നു പോകുന്ന വെണ്‍ മേഘങ്ങളേയും കാണാം.

മുന്നില്‍ ദൂരെ ആകാശ നീലിമയില്‍ നിന്നും ഉരുകിയൊലിക്കുന്ന കാഥറിന്‍ ഫോള്‍സ് (catherine water falls) അഥവാ കാതറിന്‍ വെള്ളച്ചാട്ടം. മലയുടെ മാറില്‍ പതഞ്ഞൊഴുകി കാനന ഹൃദയത്തിലൂടെ ആഴങ്ങളിലേക്ക്. ഏതാണ്ട് 76 മീറ്റര്‍ ഉയരമുള്ള ഈ ജലപാതം നീലഗിരി കുന്നുകളിലെ പ്രകൃതി രമണീയമായ മലയോര പ്രദേശമായ കോട്ടഗിരിക്ക് സമീപമാണ്. ചുറ്റിലും ചായ തോട്ടങ്ങള്‍ ഉള്ള കോട്ടഗിരിയില്‍ കൂനൂര്‍ നിന്നെത്താന്‍ 20 കിലോമീറ്റര്‍ ദൂരമുണ്ട്. കോട്ടഗിരിയില്‍ നിന്നും 7-8 കിലോമീറ്റര്‍ ദൂരെയാണ് കല്ലാര്‍ നദിയില്‍ നിന്നും ഉത്ഭവിക്കുന്ന കാതറിന്‍ ജലപാതം. മലയടിവാരത്ത് പതിയ്ക്കുന്ന ജലപാതം കല്ലാര്‍ നദിയുടെ ഭാഗമായി തുടര്‍ന്നൊഴുകുന്നു. നീലഗിരിയിലെ വെള്ളച്ചാട്ടങ്ങളില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനമാണിത്.

വര്‍ഷം മുഴുവനും കാഴ്ചയൊരുക്കുമെങ്കിലും മണ്‍സൂണിന് ശേഷമുള്ള സമയമാണ് സന്ദര്‍ശനത്തിന് നല്ലത്. ജലപാതത്തിന് അടിവാരത്ത് എത്താനോ വെള്ളത്തില്‍ ഇറങ്ങാനോ ഫോറസ്റ്റധികൃതര്‍ അനുവദിയ്ക്കുകയില്ല. അവിടെ കഠിനമായ വഴുവഴുപ്പുള്ളതിനാല്‍ അപകട സാധ്യത വളരെ കൂടുതലാണ്.
കോട്ടഗിരിയിലും സമീപ പ്രദേശങ്ങളിലും കാപ്പിത്തോട്ടങ്ങള്‍ പിടിപ്പിച്ചതില്‍ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു എം.ഡി.കോക്ക്‌ബേണ്‍ (M.D. Cockburn). അദ്ദേഹത്തിന്റെ ഭാര്യ കാതറിന്‍ കോക്ക്‌ബേണിന്റെ (Catherine Cockburn) പ്രാധാന്യം കണക്കിലെടുത്ത് ആളുകള്‍ ആ ജലപാതത്തിന് അവരുടെ പേര് നല്‍കിയിരിക്കാം. എന്നാല്‍ ചരിത്രപരമായ തെളിവുകള്‍ സൂചിപ്പിക്കുന്നത് സെന്റ് കാതറിന്‍സ് വെള്ളച്ചാട്ടം (st catherine waterfall) എന്ന പേര് വളരെ മുമ്പേ നിലവിലുണ്ടായിരുന്നുവെന്നാണ്. ഈ വെള്ളച്ചാട്ടത്തെ പ്രാദേശികമായി ഗെദ്ദെഹാഡ ഹല്ല (Geddhehaada Halla) എന്നാണ് വിളിച്ചിരുന്നത്. ഡെയ്ല്‍ നദിയുടെ താഴ്വരകള്‍ (Foothills Dale River) എന്നാണതിനര്‍ത്ഥം.

വ്യൂ പോയിന്റിലേക്ക് നയിക്കുന്ന ഇരുപുറവും പൈന്‍ മരങ്ങളും ചെറിയ വെള്ളച്ചാട്ടങ്ങളും കൊണ്ട് നിറഞ്ഞ കമനീയമായ പാത ട്രെക്കിംഗിന് പേരു കേട്ടതാണ്.
ഇവിടെ നിന്നും കിഴക്കുദിച്ചുയരുന്ന സൂര്യനെ കാണാം. കുന്നുകളില്‍ ഉണര്‍ന്നുയരുന്ന സൂര്യ കിരണങ്ങള്‍ മാനത്ത് പുതു നിറങ്ങളില്‍ ചായമെഴുതുന്നു എന്ന് തോന്നും. ഫോട്ടോഗ്രാഫിക്ക് ഏറെ മികച്ച ഒരു പ്രദേശമാണിവിടം. ഇവിടെയെത്തുന്ന ഒരു ഫോട്ടോഗ്രാഫര്‍ക്ക് യാത്ര വൃഥാവിലായി എന്ന് തോന്നുകയില്ല. പ്രതീക്ഷിച്ചതില്‍ നിന്നും ഏറെ കൗതുകപ്പെടുത്തുന്ന ഷോട്ടുകളാവും ലഭിക്കുക.
ഉഷ്ണമേഖലാ മഴക്കാടുകളില്‍ വംശനാശത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഷോലക്കാടുകള്‍ (Shola forest) ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. ഇവിടേയ്ക്ക് പ്രവേശന ഫീയുണ്ടാവും.

കാഴ്ചകള്‍ കണ്ട് മടങ്ങുമ്പോള്‍ ചായ, സുഗന്ധ വ്യഞ്ജനങ്ങള്‍, ചോക്ലേറ്റുകള്‍, എണ്ണകള്‍ എന്നിവ വില്‍ക്കുന്ന നിരവധി ചെറിയ കടകള്‍ കാണാം. കടകളില്‍ നിന്നും ചൂടുള്ള ചായ കഴിച്ച് തണുപ്പകറ്റാം. വിശപ്പുള്ളവര്‍ക്ക് ലഘുഭക്ഷണവുമാവാം. വഴിയ്ക്കിരുപുറവും പൈന്‍ മരങ്ങളും തേയില തോട്ടങ്ങളും യാത്രികരോട് കുശലം പറയാനുണ്ടാവും.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px