LIMA WORLD LIBRARY

മടക്കയാത്രയില്‍ രണ്ടത്ഭുതങ്ങള്‍ – മേരി അലക്‌സ് (Maniya)

ഫാക്ടറി ഇന്‍ചാര്‍ജിനോട് യാത്ര പറഞ്ഞ് ഷിബു അവരുടെ വിസിറ്റേഴ്‌സ് രജിസ്റ്ററില്‍ റിമാര്‍ക്ക് എഴുതി ഒപ്പുമിട്ട് എല്ലാവരുമായി പുറത്തേക്കിറങ്ങി താഴേക്ക് നടന്നു. ഞങ്ങളോട് മുന്നോട്ടു പൊയ്‌ക്കൊള്ളാന്‍ പറഞ്ഞ് ഷിബുവും കൂട്ടരും അടങ്ങുന്ന കാര്‍ പിന്നാലെയാണ് പുറപ്പെട്ടത്. ഞങ്ങള്‍ക്ക് അത് ഉപകാരമായി. അന്നു കൂടിയേ അവിടെ താമസം ഉള്ളു. മുറികളില്‍ നിരന്നു കിടക്കുന്ന സാധനങ്ങളും പുറത്ത് വാഷ് ചെയ്തിട്ടിരിക്കുന്നവയും അടുക്കിപ്പെറുക്കി ബാഗുകളില്‍ വയ്ക്കണം. താമസിച്ച മുറികള്‍ വൃത്തിയായി ഇട്ടിട്ടുവേണം പുറപ്പെടാന്‍. അതു അത്ര അനിവാര്യമല്ല എങ്കിലും മോശമായി ഇട്ടാല്‍ ഷിബുവിനാണ് അതിന്റ ദോഷം. ഷിബുവിന്റെ ആള്‍ക്കാര്‍ അതും മലയാളികള്‍,വന്നിട്ട് മോശമായി ഇട്ടിട്ടു പോയി എന്ന പരാതി വരരുതല്ലോ.മാത്രമല്ല വീട്ടില്‍ നിന്നും പുറപ്പെട്ടപ്പോള്‍ മുതല്‍ എന്തോ ഒരു അരുതായ്ക എനിക്ക് തോന്നിയിരുന്നു. ലക്ഷ്മി എസ്റ്റേറ്റിലെ റിസോര്‍ട്ടില്‍ കിടന്നെഴുന്നേറ്റപ്പോള്‍ ശരീരത്തില്‍ ചെറിയ തടിപ്പ് അനുഭവപ്പെടുകയും ചെയ്തു.രണ്ടു മൂന്നു ദിവസത്തെ തുടര്‍ച്ചയായ യാത്രയുടെ ക്ഷീണമതു വേറെ.ചെന്നൊന്നു കിടക്കണം.

മടക്കയാത്രയില്‍ രണ്ടത്ഭുതങ്ങള്‍ നടന്നു. ഒന്നാമത്തേത് വഴിയുടെ നടുവില്‍ ഒരു മയില്‍ നില്‍ക്കുന്നു. വണ്ടി എത്തുന്നത് കണ്ടിട്ടും അത് കൂസാതെ അവിടെത്തന്നെ നില്‍ക്കുകയാണ്. ഞങ്ങളും അതിനെ കാണാന്‍ തക്കവിധം വണ്ടി സ്ലോ ചെയ്ത് ഒതുക്കി നിര്‍ത്തി. പക്ഷെ എതിര്‍ദിശയില്‍ നിന്നും ഒരു ബൈക്ക് ഒച്ചയുമായി വന്നപ്പോള്‍ അതു പതിയെ വഴിയുടെ വശത്തുള്ള തേയിലക്കാട്ടിലേക്ക് കയറി.

രണ്ടാമത്തെ അത്ഭുതം ഞങ്ങള്‍ അറിഞ്ഞത് ഷിബുവിന്റെ കാര്‍ എത്തിയപ്പോഴാണ്. ആ വണ്ടി ഫാക്ടറിയില്‍ നിന്നും മെയിന്‍ റോഡ് വരെ ഓടിച്ചത് കൊച്ചുമോളായിരുന്നത്രെ.മദാമ്മയ്ക്കും അവള്‍ക്കും ന്യൂസിലാന്റ് ലൈസന്‍സ് ആണുള്ളത്. മദാമ്മ എന്തിലും ഭയം കാണുന്ന ആളാണ്. ഇവിടെ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ തിരികെ പോകാന്‍ ഒക്കാതെ വന്നാലോ? കൂടാതെ അവര്‍ ഞങ്ങളോടൊപ്പം ഷാജിയുടെ വണ്ടിയിലും ആയിരുന്നല്ലോ.അമ്മയ്ക്
രണ്ടിടത്തേയും ലൈസന്‍സ് ഉണ്ട്. അവളും കുറേ ദൂരം ഓടിച്ചാണ് വന്നത് . ഞങ്ങളുടെ കോട്ടേജിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ വണ്ടി നിര്‍ത്തി ഹോട്ടലില്‍ വൈകിട്ടത്തെ അത്താഴത്തിനു വേണ്ടത് ഒന്നുകൂടി ഓര്‍മ്മപ്പെടുത്തി അതുവരെയുള്ള ബില്ല് കൊണ്ടു വരാന്‍ ഏര്‍പ്പാടാക്കി യാണ് അവള്‍ തിരികെ വണ്ടിയില്‍ കയറിയത്. അന്ന് വൈകിട്ടത്തെ ഭക്ഷണം ഷിബുവിനും കുടുംബത്തിനും ഞങ്ങളോടൊപ്പം എന്നു നേരത്തെ പറഞ്ഞു വച്ചിട്ടു ള്ളതാണല്ലോ.
താഴേക്ക് അല്പം വൈഷമ്യം പിടിച്ച,ഇടുങ്ങിയതും,കുത്തനെ ഇറക്കവുമായതു കൊണ്ട് ഷിബു തന്നെയാണ് വണ്ടി ഓടിച്ചത്. മോളെയും കൊച്ചുമകളെയും ഇറക്കിയിട്ട് ഷിബുവും മോനും പെട്ടെന്നു തിരികെ പോയി. പിറ്റേന്ന് ക്ലാസ്സ് ഉള്ളതാണ്,എന്തെങ്കിലും ഹോം വര്‍ക്ക് അല്ലെങ്കില്‍ ടെസ്റ്റ് ഉണ്ടോ എന്ന് സ്‌കൂളിന്റ ഡയറിയില്‍ നോക്കി വേണം ചെയ്തു വയ്ക്കാന്‍ അല്ലെങ്കില്‍ പഠിക്കാന്‍.

ഞങ്ങള്‍ കുളിയൊക്കെ കഴിഞ്ഞ് അവരെ കാത്തിരിക്കയായിരുന്നു. ഹോട്ടലില്‍ നിന്നും അവര്‍ വാങ്ങി ക്കൊണ്ടു വന്ന പലഹാരവും ഞാന്‍ തയ്യാറാക്കിയ കാപ്പിയും കഴിച്ച് എല്ലാവരും ചീട്ടു കളിയില്‍ ഏര്‍പ്പെട്ടു.മദാമ്മക്ക് നമ്മുടെ നാട്ടിലെ ഇരുപത്തെട്ട്, അമ്പത്താറ് ഒന്നും അത്ര പരിചയമില്ല. അതിനാല്‍ അവര്‍ സ്വന്തം സാധനങ്ങള്‍ പാക്ക് ചെയ്യുന്ന തിരക്കില്‍ ആയി.

ആറു മണിയോടെ ഷിബു മോനുമായി വീണ്ടും വന്നു. മോന്റെ കയ്യില്‍ ഒരു ബാഗു നിറയെ പേരക്ക ഉണ്ടായിരുന്നു. തേയില തോട്ടത്തില്‍
ഇടക്കിടെ പേര, ഓറഞ്ച്, നെല്ലി ഒക്കെ നട്ടു പിടിപ്പിച്ചിട്ടുണ്ട്.ഷിബു ആരെക്കൊണ്ടോ പറിപ്പിച്ചെടുത്ത താണ്.ഓറഞ്ചിന്റെയും നെല്ലിക്കയുടെയും സീസണ്‍ ആയിരുന്നില്ല.ഷാജിയ്ക്കും ഞങ്ങള്‍ക്കും ഉള്ളത് വീതം വച്ചു.മരുമോളുടെ അമ്മയ്ക്കുള്ളത് ഷാജിയുടെ കയ്യിലും കൊടുത്ത് മദാമ്മയ്ക്കുള്ളത് ഞങ്ങളുടെ ബാഗിലും നിറച്ചു.

മോനെ അവിടെ വിട്ടിട്ട് ഷിബു വീണ്ടും വീട്ടിലേക്കു പോയി. ആഷ ഔട്ട് ലെറ്റില്‍ നിന്നും വരാന്‍ താമസിക്കും. വന്നു കുളിച്ചു റെഡിയായി രണ്ടു പേരും കൂടി വരാനാണ്. മോന്‍ വന്നതു മദാമ്മയ്ക്കും കൊച്ചുമകള്‍ക്കും അവരുടെ കളിയില്‍ ഏര്‍പ്പെടാന്‍ സൗകര്യമായി. രണ്ടു കൂട്ടരും സെറ്റു തിരിഞ്ഞുള്ള കളി. തമാശകളും മേശയിലടിയുടെ ഒച്ചയും ബഹളവുമായി നേരം പോയതറിഞ്ഞില്ല.കുളിച്ചു റെഡിയായി ഷിബുവും ആഷയും എത്തിച്ചേര്‍ന്നു.മൈക്ക് ലൂക്കിന്റ് കയ്യില്‍ കൊടുത്തപോലെ ചീട്ട് അവരെ ഏല്പിച്ച് ഞാന്‍ അകത്തേക്ക് വലിഞ്ഞു. അല്‍പനേരം കിടക്കണം എന്ന തോന്നല്‍ കലശലായി.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px