LIMA WORLD LIBRARY

പാര്‍സണ്‍സ് വാലി ഡാം – ഡോ. വേണു തോന്നയ്ക്കല്‍

ഊട്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏതാണ്ട് 15 കിലോമീറ്റര്‍ അകലെയാണ് പാര്‍സണ്‍സ് വാലി ഡാം (parsons valley dam) സ്ഥിതി ചെയ്യുന്നത്. റിസര്‍വ് വനത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഡാമിലേക്ക് ഗതാഗത സൗകര്യമുണ്ട്. ഊട്ടി-മൈസൂര്‍ രാജപാത (NH 181) വഴി ഇവിടെ എത്തിച്ചേരാവുന്നതാണ്. ഇത് സംരക്ഷിത മുകുര്‍ത്തി ദേശീയോദ്യാനത്തിന്റെ ഭാഗമാണ്.

കടല്‍ നിരപ്പില്‍ നിന്നും 2196 മീറ്റര്‍ ഉയരത്തിലാണ് 22 ഹെക്ടര്‍ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഈ ജല സംഭരണി. ക്രോതഹല്ല നദിയുടെ പോഷക നദിയായ ഒരു നദിയിലാണ് പാര്‍സണ്‍സ് വാലി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ താഴ്വരയില്‍ ധാരാളമായി കാണുന്ന നീരൊഴുക്കുകള്‍, കുഞ്ഞനരുവികള്‍, ചെറിയ വെള്ളച്ചാട്ടങ്ങള്‍, എന്നിവയില്‍ നിന്നുമുള്ള വെള്ളവും ജല സംഭരണിയില്‍ ശേഖരിക്കുന്നു. പാര്‍സണ്‍സ് വാലിയില്‍ വലിയ ജലപാതങ്ങളില്ല.
ഡാമില്‍ നിന്നും ജലം മുകര്‍ത്തി പുഴയിലേയ്ക്കും ഒട്ടവില്‍ മോയറിലുമെത്തുന്നു. യഥാര്‍ത്ഥത്തില്‍ മുകര്‍ത്തി പുഴ എന്നൊന്നില്ല. മുകുര്‍ത്തി കൊടുമുടി, മുകുര്‍ത്തി ദേശീയോദ്യാനം എന്നീ ശബ്ദങ്ങള്‍ക്കൊപ്പം മുകുര്‍ത്തി പുഴയുണ്ടെന്നും കരുതുന്നു. മുകുര്‍ത്തി കൊടുമുടിയില്‍ നിന്നും പൈകാര പുഴ ഉല്‍ഭവിക്കുന്നു. അത് കീഴേയ്‌ക്കൊഴുകി മുകുര്‍ത്തി വന മേഖലയിലും സമീപത്തെ കുന്നുകളില്‍ നിന്നും ജലം സ്വീകരിച്ച് വളര്‍ന്ന് വലുതായി ഒടുവില്‍ ഭവാനിയില്‍ ചേരുന്നു. മുകുര്‍ത്തി കൊടുമുടിയുടെ സ്വന്തം പുഴയാകയാല്‍ അത് മുകര്‍ത്തി പ്രദേശത്ത് മുകുര്‍ത്തിപ്പുഴയായി. ഈ പുഴയുടെ സാന്നിധ്യമാണ് പ്രദേശത്തെ ജൈവ വൈവിധ്യത്തിനടിസ്ഥാനം.

അരുവികള്‍, വെള്ളച്ചാട്ടങ്ങള്‍, സമ്പന്നമായ ജൈവവൈവിധ്യം എന്നിവയ്ക്ക് പേരുകേട്ട പാര്‍സണ്‍സ് വാലിയിലെ പ്രകൃതി ദൃശ്യങ്ങള്‍ക്കിടയിലാണ് പാര്‍സണ്‍സ് വാലി അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. പൂര്‍ണ്ണമായും വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന പാര്‍സണ്‍സ് വാലി ജല സംഭരണി അഥവ പാര്‍സണ്‍സ് വാലി റെസര്‍വോയറിന് (reservoir) ന് അന്‍പതടി ആഴമുണ്ട്. ഈ ജലസംഭരണി നീലഗിരി ജില്ലയുടെ ഒരു പ്രധാനപ്പെട്ട ജലസ്രോതസ്സാണ്. ഊട്ടി, കൂനൂര്‍ തുടങ്ങിയ പട്ടണങ്ങള്‍, ഗ്രാമങ്ങള്‍, വെല്ലിംഗ്ടണിലെ പ്രതിരോധ സ്ഥാപനങ്ങള്‍, ഫോറസ്റ്റ് റെസ്റ്റ് ഹൗസ്, എന്നിവയിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നു.
വൈദ്യുതി ഉല്‍പാദനത്തിനും കൂടിയാണ് ഡാമിന്റെ നിര്‍മ്മാണം. എന്നാല്‍ ഇത് ഒരു സ്വതന്ത്ര വൈദ്യുതോല്‍പാദക അണക്കെട്ടല്ല. പാര്‍സണ്‍സ് വാലി അണക്കെട്ട് കുണ്ട പവര്‍ ഹൗസിന്റെയും (kundah power house) നീലഗിരി ജലവൈദ്യുത പദ്ധതികളുടെയും ഭാഗമാണ്. ഇവ സംയുക്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. തമിഴ്നാട്ടിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതികളിലൊന്നാണ് കുണ്ട പവര്‍ ഹൗസ്. വൈദ്യുതോല്‍പാദനത്തിന് ശേഷം പുനരുപയോഗത്തിനായി ഉയര്‍ന്ന റെസര്‍വോയറിലേക്ക് വെള്ളം മടക്കുന്നു.

എന്തുകൊണ്ട് ഈ ഡാമിന് പാര്‍സണ്‍സ് വാലി ഡാം എന്ന് പേരിട്ടു. ബ്രിട്ടീഷ് ഇന്ത്യയില്‍ 1862 ല്‍ പാര്‍സണ്‍ (parson) എന്ന ഒരു ബ്രിട്ടീഷ് എന്‍ജിനീയറാണ് അരുവികളും ചെറിയ ജലപാതങ്ങളും കൊണ്ട് സുന്ദരമായ ഈ താഴ്വാരം (valley) കണ്ടെത്തിയതും അവിടുത്തെ ടൂറിസം സാധ്യത മനസ്സിലാക്കിയതും. അതിനാല്‍ ഈ പ്രദേശത്തിന് പാര്‍സന്‍സ് വാലി എന്നു പേരിട്ടു. പാര്‍സണ്‍സ് വാലിയില്‍ നിര്‍മ്മിച്ച ഡാം പാര്‍സണ്‍സ് വാലി ഡാം.

ഭാഷാ പ്രേമികളായ തമിഴ് ജനത എന്തു കൊണ്ട് ഈ ഡാമിനെയും പ്രദേശത്തെയും തമിഴ് ശബ്ദത്തില്‍ പുനര്‍നാമകരണം ചെയ്തില്ല എന്നത് കൗതുകമുണ്ടാക്കുന്നു. ഇതിന്റെ നിര്‍മ്മാണം നടന്നത് എന്നാണെന്നും നിര്‍മ്മിച്ചതാരാണെന്നും വ്യക്തമായ ധാരണയില്ല.

ജലാശയത്തിന്റെ മനോഹാരിതയ്‌ക്കൊപ്പം ചുറ്റിലുമുള്ള ഷോല വനങ്ങളും കാടും പക്ഷിമൃഗാദികളും അവയുടെ കരച്ചിലും ഇടയ്ക്കിടെ ഹുംകാര ശബ്ദത്തോടെ വീശിയടിക്കുന്ന കാറ്റും ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് ഓരോ വിനോദ സഞ്ചാരിയേയും കൂട്ടുന്നു. പാണ്ടിയാര്‍ ചരിവുകളിലൂടെ ഒഴുകുന്ന അരുവികള്‍, ചെറിയ വെള്ളച്ചാട്ടങ്ങള്‍, പൈന്‍ മരങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ പാര്‍സണ്‍സ് താഴ്വര ആദിവാസി ജനതയുടെ സ്വാഭാവിക ആവാസ കേന്ദ്രം കൂടിയാണ്.
കരിംപുലി, കടുവ, കാട്ടുപോത്ത്, കാട്ടുനായ്ക്കള്‍, വാട്ടര്‍ എരുമ (water buffalo), നീലഗിരി ലങ്കൂര്‍ (Nilgiri langur), തുടങ്ങിയ വന്യ ജീവികളും ഇഴ ജന്തുക്കളും മറ്റ് ജന്തുജാലങ്ങളും വള്ളിച്ചെടികളും ഇടതൂര്‍ന്ന വനങ്ങളും കൊണ്ട് ജൈവ വൈവിധ്യമാര്‍ന്ന താഴ്വര നല്‍കുന്ന അനുഭവം എന്തു കൊണ്ടും അവിസ്മരണീയമാണ്.
വാട്ടര്‍ എരുമയുടെ പേരില്‍ ഇവിടം പ്രശസ്തമാണ്.

നീലഗിരി ലംഗൂര്‍ (Semnopithecus johnii) പഴയ ലോക കുരങ്ങുകളില്‍ (old world monkey) ഒരിനമാണ്. ഇതാണ് കരിങ്കുരങ്ങ്. തിളക്കമുള്ള കറുത്ത രോമങ്ങളും തലയില്‍ സ്വര്‍ണ്ണ തവിട്ട് നിറത്തിലുള്ള രോമങ്ങളും ഇതിന്റെ പ്രത്യേകതയാണ്. ചെടി തണ്ടുകള്‍, ഇലകള്‍, പഴങ്ങള്‍, എന്നിവയാണ് ഭക്ഷണം.

ഈയിനം കുരങ്ങുകള്‍ വംശനാശ ഭീഷണിയിലാണ്. ആവാസ വ്യവസ്ഥയുടെ നാശവും വേട്ടയാടലും കരിങ്കുരങ്ങുകളുടെ വംശനാശം വേഗത്തിലാക്കുന്നു. ഈ കുരങ്ങ് കാമോത്തേജകമാണെന്ന വിശ്വാസമാണ് അവയുടെ വമ്പിച്ച വേട്ടക്ക് കാരണം. ലൈംഗികോത്തേജനത്തിന് കരിങ്കുരങ്ങ് രസായനം എന്ന് കേട്ടിട്ടുണ്ടാവും. ഈ കുരങ്ങന്റെ ശരീര ഭാഗങ്ങള്‍ ഉപയോഗിച്ചാണ് രസായനം ഉണ്ടാക്കുന്നത്. വംശനാശം പ്രമാണിച്ച് ഈ വിഭാഗം കുരങ്ങുകളെ ഇന്റര്‍നേഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (International Union for Conservation of Nature) അഥവ ഐയുസിഎന്നിന്റെ (IUCN) റെഡ് ലിസ്റ്റില്‍ (red list) പട്ടികപ്പെടുത്തിയിട്ടുണ്ട്.
പാര്‍സണ്‍സ് വാലി പ്രകൃതി സൗന്ദര്യത്തിനും വന്യ ജീവി ദര്‍ശനത്തിനും ട്രെക്കിംഗിനും പ്രശസ്തമാണല്ലോ. ഷോലെക്കാടുകള്‍ (shola forest), അണക്കെട്ടിന്റെയും ചുറ്റുമുള്ള താഴ്വരകളുടെയും മനോഹരമായ കാഴ്ചകള്‍, കുഞ്ഞരുവികള്‍, ചെറിയ ജലപാതങ്ങള്‍, എന്നിവയുള്‍പ്പെടെയുള്ള പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിക്കുകയാണ് ഇവിടെയുള്ള കാനന യാത്ര കൊണ്ടുദ്ദേശിയ്ക്കുന്നത്.

ഇത് ഒരു ജനപ്രിയ ട്രെക്കിംഗാണ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. എന്നിരുന്നാലും പര്‍വ്വത പ്രദേശങ്ങളിലെ കാലാവസ്ഥ പ്രവചനാതീതമായിരിക്കും. കാടും മേടും കയറാന്‍ വേണ്ട പാദരക്ഷകള്‍, ലഘുഭക്ഷണങ്ങള്‍ എന്നിവയുള്‍പ്പെടെ ആവശ്യത്തിന് വേണ്ടവ കരുതുക. പാര്‍സണ്‍സ് വാലി പ്രദേശം നീലഗിരി ബയോസ്ഫിയര്‍ റിസര്‍വില്‍ സ്ഥിതി ചെയ്യുന്നതിനാല്‍, പ്രദേശം സന്ദര്‍ശിക്കാന്‍ വനം വകുപ്പില്‍ നിന്ന് അനുമതി വാങ്ങണം. വന കാഴ്ചകള്‍ക്ക് ഇവിടെ പണം ഒടുക്കേണ്ടതില്ല. സ്വന്തം മനസിനെ വന കാഴ്ചകളിലേക്ക് കെട്ടഴിച്ചു വിടുക.

അത് മൃഗങ്ങളുടെ ഒരു സംരക്ഷിത പ്രദേശമാണല്ലോ. വന്യ മൃഗങ്ങളുടെ ആവാസമായാല്‍ ഇവിടേയ്ക്കുള്ള വ്യക്തിഗത യാത്രകള്‍ അപകടം നിറഞ്ഞതാണ്. അതിനാല്‍ സുരക്ഷിതവും കൂടുതല്‍ വിജ്ഞാന പ്രദവുമായ അനുഭവത്തിനായി ഗൈഡിനൊപ്പം ട്രെക്കിംഗില്‍ ചേരുന്നതാണ് നല്ലത്.
പ്രാദേശിക മൃഗങ്ങള്‍ ഏതൊക്കെയെന്ന് അറിയുകയും അതനുസരിച്ച് ജാഗ്രത പാലിക്കുകയും ഒപ്പമുള്ള പരിചയ സമ്പന്നനായ ഗൈഡ് നല്‍കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അച്ചടക്കം പാലിക്കുകയും വേണം. കാനന യാത്ര നിയുക്ത കാനന പാതയിലൂടെ ആവണം. വഴി വിട്ട് കാനനാന്തര്‍ഭാഗത്തേയ്ക്ക് കയറാതിരിക്കുക. ഉപദ്രവകാരികളായ മൃഗങ്ങളില്‍ നിന്നും അകന്ന് വേണം നടക്കേണ്ടത്. ഫോട്ടോ എടുക്കുവാനോ അടുത്ത് കാണുന്നതിനോ മൃഗങ്ങളെ സമീപിക്കരുത്.

വന്യ മൃഗങ്ങള്‍ക്കെതിരെ ഒരു ശ്രദ്ധ വേണമെന്ന് പറഞ്ഞല്ലോ. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊന്ന് അട്ടകളാണ്. കുളയട്ടയുടെ ശല്യം എപ്പോഴുമുണ്ടാവും. അവ തറയിലും വൃക്ഷങ്ങളിലും ഉണ്ടാവും. അതിനാല്‍ ഏതുവിധേനയുള്ള ശല്യവും ഒഴിവാക്കാനുള്ള ബൂട്ടും വസ്ത്രങ്ങളും കരുതേണ്ടതാണ്.
അട്ടയുടെ കടി ദോഷകരമല്ല. എന്നാല്‍ കടിയേറ്റാല്‍ കോള്‍ വായില്‍ നിന്നും രക്തസ്രാവം, പ്രദേശത്ത് ചൊറിച്ചില്‍, ചുവപ്പ് എന്നിവ ഉണ്ടാകാം. അട്ടയെ നീക്കം ചെയ്യുക, മുറിവ് വൃത്തിയാക്കുക, ഒരു ബാന്‍ഡേജ് നല്‍കുക. അത്രയേ ചെയ്യേണ്ടതുള്ളു. അതിലേക്ക് വേണ്ട മെഡിക്കല്‍ കിറ്റ് കൂടി കരുതണം. രക്തസ്രാവം തടയാന്‍ കോള്‍ വായില്‍ ഒന്നമര്‍ത്തി പിടിച്ചാല്‍ മതി. അമിത രക്തസ്രാവമോ കഠിനമായ അലര്‍ജിയോ അത്യപൂര്‍വ്വമാണ്. അത്തരം ബുദ്ധിമുട്ടുള്ളവര്‍ വൈദ്യസഹായം തേടുക. ഒപ്പമുള്ള ഗൈഡുകള്‍ക്ക് പ്രാഥമിക വൈദ്യ സഹായത്തില്‍ അത്യാവശ്യം ധാരണയുണ്ടാവും.

ഹീമഡിപ്‌സ സില്‍വെസ്ട്രിസ് (Haemadipsa sylvestris), ഹീമഡിപ്‌സ അനൈഗുണ്ടിന്‍സിസ് (Haemadipsa anaigundiensis), ഹീമഡിപ്‌സ കൊഡൈറെന്‍സിസ് (Haemadipsa kodairensis), ഫോറാമിനോബ്‌ഡെല്ല ഹെപ്റ്റമെറാറ്റ (Foraminobdella heptamerata) എന്നിവയാണ് നീലഗിരി കാടുകളില്‍ പ്രധാനമായി കാണപ്പെടുന്ന അട്ടകള്‍.
മുകുര്‍ത്തി ദേശീയോദ്യാനത്തിനുള്ളിലെ മുകുര്‍ത്തി പാര്‍ക്കിന്റെ ഭാഗമായ ഒരു പ്രത്യേക സംരക്ഷിത വനമേഖലയാണ് പാര്‍സണ്‍സ് വാലി. പ്രത്യേക ട്രെക്കിംഗിനും ജലസംഭരണിക്കും പേരുകേട്ടതാണിവിടം. അതിനാല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാനും ട്രെക്കിംഗിനും വനം വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. ഇതിനുള്ളില്‍ ജീപ് ട്രക്കിംഗ് ആകാവുന്നതാണ്.

അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍, ഇടതൂര്‍ന്ന വനങ്ങള്‍, വിവിധയിനം മൃഗങ്ങള്‍, പക്ഷികള്‍, ഇതര ഇന്തുജാലങ്ങള്‍, എന്നിവയാല്‍, പാര്‍സണ്‍സ് വാലി ഫോട്ടോഗ്രാഫിയ്ക്ക് ഒരു മികച്ച ഇടമാണ്. പാര്‍സണ്‍സ് താഴ്വാരത്തിലേക്കും ജല സംഭരണിയിലേയ്ക്കുമുള്ള ട്രക്കിങ്ങില്‍ വിനോദ സഞ്ചാരിയായ നിങ്ങള്‍ പഠിക്കുന്നത് ഇതുവരെ അറിയാത്ത പാഠങ്ങളാണ്. ഊട്ടി സന്ദര്‍ശകര്‍ ആരും ഈ അനുഭവം പാഴാക്കരുത്.

ഊട്ടി യാത്രയില്‍ നിങ്ങള്‍ക്ക് ഇതുവരെ ലഭിച്ച ആനന്ദത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി മറ്റൊരു അനുഭൂതിയാണ് അവിടെ ലഭിക്കുക. ആനന്ദമൂര്‍ച്ചയില്‍ നിങ്ങള്‍ ഒരു പുതു പുത്തന്‍ സ്വപ്ന ഭൂമികലേക്ക് പ്രവേശിക്കുകയാണ്. നിങ്ങളിലെ സാഹസിക സഞ്ചാരിയെ തിരിച്ചറിയുകയാണ്.
പാര്‍സണ്‍സ് വാലിയില്‍ നിന്ന് മുകുര്‍ത്തി ഫിഷിംഗ് ഹട്ട്, മുകുര്‍ത്തി കൊടുമുടി, മുകര്‍ത്തി ജല സംഭരണി തുടങ്ങിയ സ്ഥലങ്ങളിലേക്ക് നയിക്കുന്ന വന പാതകളുണ്ട്. മുകുര്‍ത്തി കൊടുമുടി, മുകുര്‍ത്തി അണക്കെട്ട് തുടങ്ങി സമീപ സ്ഥലങ്ങളിലേക്കുള്ള ഒരു കവാടവുമാണ് പാര്‍സണ്‍സ് താഴ്വര.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px