LIMA WORLD LIBRARY

ഒരേ സമൂഹം, ഒരേ ദര്‍ശനം, ഒരേ ഭാവി: ഫൊക്കാന ‘ടീം ഇന്റഗ്രിറ്റി’ പ്രകടനപത്രിക പുറത്തിറക്കി

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2026-2028 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി ഫിലിപ്പോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ‘ടീം ഇന്റഗ്രിറ്റി’ സമഗ്രമായ പ്രകടനപത്രിക പുറത്തിറക്കി. ‘തലമുറകളെ ബന്ധിപ്പിക്കുക, സമൂഹങ്ങളെ ശാക്തീകരിക്കുക, മലയാളി വ്യക്തിത്വത്തെ ഉയര്‍ത്തുക’ എന്ന മുദ്രാവാക്യവുമായി പുറത്തിറക്കിയ പ്രകടനപത്രികയില്‍, ഫൊക്കാനയെ വാര്‍ഷിക കണ്‍വെന്‍ഷനുകളില്‍ ഒതുങ്ങുന്ന സംഘടനയില്‍ നിന്ന് വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഒരു ആഗോള മലയാളി ഇക്കോസിസ്റ്റമാക്കി മാറ്റുമെന്ന കാഴ്ചപ്പാടാണ് അവതരിപ്പിച്ചിരിക്കുന്നത്.

സുതാര്യത, ഉള്‍ക്കൊള്ളല്‍, പരിവര്‍ത്തനാത്മക നേതൃത്വം എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തന പദ്ധതിയാണ് ടീം ഇന്റഗ്രിറ്റി മുന്നോട്ടുവയ്ക്കുന്നത്. മുതിര്‍ന്ന തലമുറയുടെ നേതൃത്വത്തില്‍ മാത്രം ഒതുങ്ങാതെ, യുവജനങ്ങളെയും രണ്ടാം തലമുറയെയും നേതൃത്വത്തിന്റെ ഭാഗമാക്കുന്ന ‘തലമുറാന്തര നേതൃത്വം’ എന്ന ആശയത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നു.

പ്രകടനപത്രികയുടെ ഭാഗമായി മൂന്ന് പ്രധാന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 100 മലയാളികളെ ആദരിക്കുന്ന ‘ഫൊക്കാന 100 ലീഡേഴ്‌സ് റെക്കഗ്‌നിഷന്‍ ഇനിഷ്യേറ്റീവ്’, അംഗസംഘടനകളെ ഒരു കുടക്കീഴില്‍ ബന്ധിപ്പിക്കുന്ന ‘മലയാളി കണക്ട്’ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, ഭാവി തലമുറ നേതാക്കളെ വളര്‍ത്തിയെടുക്കാനുള്ള ‘ഫൊക്കാന ഫ്യൂച്ചര്‍ ലീഡേഴ്‌സ് അക്കാദമി’ എന്നിവ.

ഏഴ് പ്രധാന ലക്ഷ്യങ്ങള്‍ (seven pillars) അടിസ്ഥാനമാക്കിയാണ് സംഘടനയുടെ ഭാവി വികസന കാഴ്ചപ്പാട് രൂപപ്പെടുത്തിയിരിക്കുന്നത്. യുവജന ശാക്തീകരണം, കുടുംബ-സീനിയര്‍ പരിചരണം, സംസ്‌കാര-സാഹിത്യ സംരക്ഷണം, തൊഴില്‍-ബിസിനസ് വളര്‍ച്ച, വനിതാ ശാക്തീകരണം, കായിക-ആരോഗ്യ വികസനം, സുതാര്യ ഭരണസംവിധാനം എന്നിവ.

യുവജനങ്ങള്‍ക്ക് ദേശീയ തലത്തിലുള്ള ഫൊക്കാന യൂത്ത് കൗണ്‍സില്‍, മെന്റര്‍ഷിപ്പ് നെറ്റ്വര്‍ക്ക്, കേരള-അമേരിക്ക വിദ്യാര്‍ത്ഥി കൈമാറ്റ പദ്ധതികള്‍, യുവജനോത്സവം, സ്റ്റാര്‍ട്ടപ്പ് ചലഞ്ച് എന്നിവ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളം പഠനത്തിനും സംസ്‌കാര സംരക്ഷണത്തിനുമായി ഏകീകൃത ഡിജിറ്റല്‍ പഠന പ്ലാറ്റ്‌ഫോമും രൂപീകരിക്കും.

സീനിയര്‍ സിറ്റിസന്‍സിനും കുടുംബങ്ങള്‍ക്കും വേണ്ടി പ്രത്യേക സപ്പോര്‍ട്ട് നെറ്റ്വര്‍ക്ക്, ആരോഗ്യ സേവനങ്ങള്‍, കേരളത്തിലെ സ്വത്ത്-നിയമ പ്രശ്‌നങ്ങള്‍ക്കുള്ള ഹെല്‍പ് ഡെസ്‌ക്, അടിയന്തര സാഹചര്യങ്ങളില്‍ സഹായം എത്തിക്കുന്ന എമര്‍ജന്‍സി റെസ്‌പോണ്‍സ് സംവിധാനവും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്ന ടീം ഇന്റഗ്രിറ്റി, അമേരിക്കന്‍ സ്‌കൂള്‍ ജില്ലകളിലും സര്‍വകലാശാലകളിലും മലയാളത്തെ രണ്ടാം ഭാഷയായി പ്രോത്സാഹിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. സാഹിത്യകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും കൂടുതല്‍ വേദികള്‍ ഒരുക്കുമെന്നും കേരള സര്‍ക്കാരുമായും ഇന്ത്യന്‍ നയതന്ത്ര സംവിധാനങ്ങളുമായും സഹകരണം ശക്തമാക്കുമെന്നും രേഖയില്‍ പറയുന്നു.

തൊഴില്‍-ബിസിനസ് രംഗത്ത് മലയാളികള്‍ക്കായി ജോബ് & ടാലന്റ് പോര്‍ട്ടല്‍, സി.എക്സ്.ഒ. ലീഡര്‍ഷിപ്പ് നെറ്റ്വര്‍ക്ക്, സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ സംവിധാനം, വിസ-ഇമിഗ്രേഷന്‍ സഹായ ഫോറം, വിവിധ തൊഴില്‍ മേഖലകള്‍ കേന്ദ്രീകരിച്ച പ്രൊഫഷണല്‍ നെറ്റ്വര്‍ക്കുകള്‍ എന്നിവ ആരംഭിക്കാനും പദ്ധതിയുണ്ട്.

വനിതാ ശാക്തീകരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്ന പ്രകടനപത്രികയില്‍ വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കല്‍, ജോലിയില്‍ തിരിച്ചെത്തുന്ന സ്ത്രീകള്‍ക്കായുള്ള പരിശീലന പരിപാടികള്‍, വനിതാ സംരംഭക ശൃംഖല, ആരോഗ്യ-മാനസികാരോഗ്യ പദ്ധതികള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ ഫോറത്തിന്റെ പ്രത്യേക പ്രകടനപത്രികയും പുറത്തിറക്കിയിട്ടുണ്ട്.

കായിക രംഗത്ത് ദേശീയ സ്‌പോര്‍ട്‌സ് ലീഗ്, വാര്‍ഷിക ഫൊക്കാന ഗെയിംസ്, യുവജന കായിക പരിശീലന പദ്ധതികള്‍, വെല്‍നസ് ചലഞ്ചുകള്‍ എന്നിവ നടപ്പാക്കുമെന്ന് ടീം പ്രഖ്യാപിച്ചു.

സാമ്പത്തിക സുതാര്യത ഉറപ്പാക്കാന്‍ ഫൊക്കാനയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, ഓണ്‍ലൈന്‍ അംഗത്വ സംവിധാനം, ഇവന്റ് മാനേജ്‌മെന്റ്, വോട്ടിംഗ് സംവിധാനം, ത്രൈമാസ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍, അംഗസംഘടനകളുമായി സ്ഥിരം ആശയവിനിമയ സംവിധാനം എന്നിവ നടപ്പിലാക്കുമെന്നും പ്രകടനപത്രിക വ്യക്തമാക്കുന്നു.

ഭാവി തലമുറയെ പൊതുസേവനത്തിലേക്കും രാഷ്ട്രീയ നേതൃത്വത്തിലേക്കും എത്തിക്കുന്ന ‘യങ് മലയാളി സിവിക് എന്‍ഗേജ്‌മെന്റ് പ്രോഗ്രാം’, മലയാളി അമേരിക്കന്‍ അനുഭവങ്ങള്‍ രേഖപ്പെടുത്തുന്ന ‘മലയാളി ഐഡന്റിറ്റി ഇന്‍ നോര്‍ത്ത് അമേരിക്ക’ പദ്ധതി എന്നിവയും ദീര്‍ഘകാല കാഴ്ചപ്പാടിന്റെ ഭാഗമാണ്.

‘ഒരു സമൂഹം, ഒരേ ദര്‍ശനം, ഒരേ ഭാവി’ എന്ന സന്ദേശത്തോടെയാണ് ടീം ഇന്റഗ്രിറ്റി തങ്ങളുടെ പ്രകടനപത്രിക അവതരിപ്പിച്ചിരിക്കുന്നത്. ഫൊക്കാനയുടെ ഏറ്റവും വലിയ സമ്പത്ത് അതിന്റെ അംഗങ്ങളാണെന്നും, അര്‍ത്ഥവത്തായ പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയെ വളര്‍ത്തുകയാണ് ലക്ഷ്യമെന്നും പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നു.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts