ബര്‍ബാരയെന്ന ബ്രിട്ടിഷ് മോഹിനി (ചരിത്ര കഥ) – കാരൂര്‍ സോമന്‍ ( ലണ്ടൻ )

Facebook
Twitter
WhatsApp
Email

ചരിത്ര കഥ
ബര്‍ബാരയെന്ന ബ്രിട്ടിഷ് മോഹിനി
കാരൂര്‍ സോമന്‍
കണ്‍മുമ്പില്‍ അരങ്ങേറിയ ആ സംഭവം രാജസഭ അത്ഭുതപരതന്ത്രതയോടെയാണ് നോക്കിയത്. കണ്ടതും കേട്ടതുമൊന്നും വിശ്വസിക്കാന്‍ അവര്‍ക്കാര്‍ക്കും തന്നെ കഴിഞ്ഞില്ല. ഇംഗ്ലണ്ടിലെ രാജാവായ ചാള്‍സ് രണ്ടാമന്‍ മുട്ടുകുത്തിനിന്നുകൊണ്ട് മാപ്പപേക്ഷിക്കുകയായിരുന്നു. അയാള്‍ ദീനതയോടെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. “ഇതെന്‍റെ മാത്രം കുറ്റം തന്നെയാണ്. ഈ സമയത്തേക്കെങ്കിലും എന്നോട് ക്ഷമിക്കുക” പക്ഷേ അപേക്ഷിക്കപ്പെട്ട പെണ്ണ് കല്‍പ്രതിമപോലെ നിന്നു. അഹങ്കാരിയും ധിക്കാരിയുമായ അവള്‍ ചുണ്ടുകളില്‍ വ്രീളാവിവശമായ പുഞ്ചിരിയുമായി ഔദ്ധത്യത്തോടെ നില്‍ക്കുമ്പോള്‍ സഭാംഗങ്ങള്‍ ഒന്നടങ്കം മൂക്കില്‍ വിരല്‍ വച്ചുകൊണ്ടു തങ്ങളില്‍ തങ്ങളില്‍ നോക്കി. അധികാരത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യഥാര്‍ത്ഥ ശക്തി ഏതാണെന്ന സംഗതി അവര്‍ക്കു പിടികിട്ടി.
ബ്രിട്ടണിലെ രാജവാഴ്ചയുടെ വിഹായസ്സില്‍ ദുഃശകുനത്തിന്‍റെ കാര്‍മേഘപടലങ്ങള്‍ താവളമടിച്ചിരുന്ന ഒരു കാലഘട്ടത്തിലെ ചരിത്രവുമായി ബന്ധപ്പെട്ടതാണി കഥ. പൊതുജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മാനംകെട്ട ഒരുപെണ്ണ് ഇംഗ്ലണ്ടിലെ കിരീടത്തിലെ ഏറ്റവും തിളക്കമുള്ള രത്നമായി എങ്ങിനെ പരിണമിച്ചു? അധികാരമണ്ഡലത്തില്‍ വെറും ഒരു പെണ്ണ് എങ്ങിനെ ഒഴിയാബാധയായി കടന്നുകൂടി. ഉചിതമായ ചോദ്യങ്ങള്‍. പക്ഷേ ഉത്തരം കണ്ടെത്താന്‍ അവര്‍ക്കെല്ലാം കുറേക്കാലം കൂടി കാത്തിരിക്കേണ്ടി വന്നു. രാജനീതിയുടെ ആനുകൂല്യം നേടണമെങ്കില്‍ ബര്‍ബാര കനിയണം. രാജാവിന്‍െ മതിപ്പിനു പാത്രമാകണമെങ്കില്‍ അവളുടെ വലതുവശം ചേര്‍ന്നു നില്ക്കണം.
ദാരിദ്ര്യത്തിന്‍റെ പടുകുഴിയില്‍ നിന്നും ഉദിച്ചുയര്‍ന്ന് രാജഭരണത്തിന്‍റെ അച്ചുതണ്ടായി നിലയുറപ്പിച്ച ബര്‍ബാരയെന്ന മോഹിനി. ഏറെക്കാലം രാജാവിനെയും രാജസഭാംഗങ്ങളെയും ചെറുവിരലിലിട്ടു കറക്കിയ ചരിത്രകഥയാണ് ബാര്‍ബാരയുടേത്. കണ്ണുവച്ചതെല്ലാം നേടിയെടുക്കുന്നതിനുവേണ്ടി സൗന്ദര്യവും ശരീരവും അവള്‍ വഴിവിട്ടുപയോഗിച്ചു. പക്ഷേ സുഖഭോഗങ്ങളില്‍ സ്വര്‍ഗ്ഗദേവതയെപ്പോലെ സഞ്ചരിച്ചിരുന്നവള്‍ അന്ത്യനാളുകള്‍ ഭിക്ഷക്കാരിയേക്കാള്‍ ദാരുണമായിരുന്നെന്നു മാത്രം.
ബര്‍ബാരയുടെ ജനനം 1641ല്‍ ഇംഗ്ലണ്ടിലായിരുന്നു. അവളുടെ കുപ്രസിദ്ധിയുടെ ചെളിക്കുണ്ടിലേക്ക് ഇംഗ്ലണ്ടിലെ രാജാവുപോലും വലിച്ചു താഴ്ത്തപ്പെട്ടു. അവളില്‍ നിന്നു മോചനം നേടാന്‍ ജീവിതാന്ത്യം വരെ അയാള്‍ കഴിഞ്ഞില്ലെന്നുള്ളതാണ് വാസ്തവം. കാന്തവലയത്തില്‍ അടിപ്പെട്ടുപോയ രാജാവ് പൊതുഖജനാവ് അവളുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി തുറന്നു കൊടുത്തു. മിക്കപുരുഷന്മാര്‍ക്കും അവളൊരു പ്രഹേളികയായിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ ഉല്‍ക്കടമായ കാമവികാരമുണര്‍ത്തുന്ന ഈ ദുര്‍ഭഗദേവത അടുത്തണഞ്ഞ പുരുഷന്മാരെയെല്ലാം നാശത്തിലേക്കു വലിച്ചിഴച്ചു. അവളുടെ അംഗലാവണ്യത്തിന്‍റെ കൊടുംചുഴിയില്‍ നിന്നു കരകേറാന്‍ ആ ഹതഭാഗ്യര്‍ക്കാര്‍ക്കും കഴിയാതെ പോയി.
ചാള്‍സ് രണ്ടാമന്‍ രാജകുമാരന്‍റെ ജീവിതത്തില്‍ ഇവള്‍ എങ്ങനെ കടന്നുകൂടി എന്ന സംഗതി ഇന്നും അവ്യക്തമാണ്. പക്ഷേ ഒരു കാര്യം തീര്‍ച്ച, ബര്‍ബാരവില്ലിയേഴ്സ് ഒരസുലഭലാവണ്യമായിരുന്നു. അതുകൊണ്ടുതന്നെ രാജകൊട്ടാരത്തിന്‍റെ എല്ലാ ഉള്ളറകളിലും നുഴഞ്ഞുകയറി വേണ്ടതൊക്കെ അതിവിധഗ്ദമായി പിടിച്ചെടുക്കാന്‍ അവള്‍ക്കു കഴിഞ്ഞിരുന്നു. ഏറെത്താമസിക്കാതെ പെട്ടെന്നാര്‍ക്കും പിടിച്ചുലയ്ക്കാന്‍ കഴിയാത്തവിധം അവള്‍ അധികാരകേന്ദ്രത്തിന്‍റെ ഒരു ഭാഗമായിത്തീരുകയും ചെയ്തു.ഇംഗ്ലണ്ടില്‍ അധികാരത്തിനുവേണ്ടിയുള്ള കിടമത്സരം കൊടുമ്പിരികൊണ്ടിരുന്നപ്പോള്‍ ചാള്‍സ് രണ്ടാമന്‍ നാടുകടത്തപ്പെട്ടു. ഈ വേളയിലാണ് ബര്‍ബാര ചാള്‍സുമായി ബന്ധം സ്ഥാപിച്ചത്. പ്രഥമദര്‍ശനത്തില്‍ തന്നെ കാന്തജ്വാല ചൂഴ്ന്നു നില്ക്കുന്ന അവളുടെ ലാവണ്യത്തില്‍ ചാള്‍സ് ആകൃഷ്ടനായി. ശ്യാമവര്‍ണ്ണത്തില്‍ തഴച്ച് ചുരുണ്ട് മേഘച്ഛായ പടര്‍ത്തി നിന്ന മുടികൊണ്ടലംദൃതമായ ആ മാദസശില്പം രാജകുമാരന്‍റെ മനസില്‍ ഒരു പെരുംകടല്‍ സൃഷ്ടിച്ചു. അവളുടെ തീരത്തിലേക്ക് അലകളായി അടിച്ചുകയറാന് പിന്നെ അധികം താമസിക്കേണ്ടി വന്നില്ല. തിരമാല തീരത്തെ ആക്രമിച്ചു തല്ലിയെറിയുകയാണ് സ്വാഭാവികമായിട്ടുള്ളത്. പക്ഷേ ഇവിടെ സംഭവിച്ചത് നിമിഷങ്ങള്‍കൊണ്ട് ബര്‍ബാര ചാള്‍സ് രാജകുമാരനെ തന്‍റെ മാന്ത്രികവലയത്തിനുള്ളില്‍ തളച്ചിടുകയായിരുന്നു. അവളെ കൂടാതെ ശ്വാസംപോലും വിടാന്‍ വയ്യെന്ന മട്ടില്‍ ആയിത്തീര്‍ന്ന ചാള്‍സ് തനിക്കുള്ളതെല്ലാം ബര്‍ബാരയുടെ കാല്‍ക്കല്‍ അടിയറവച്ച് നിര്‍വൃതികൊണ്ടു.
അച്ഛനായ വില്യം വില്ലിയേഴ്സ് ബ്രിസ്റ്റളിലെ റിബലുകളുമായി പൊരുതി മരിക്കുമ്പോള്‍ ബര്‍ബാരയ്ക്ക് മൂന്നുവയസുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അമ്മയാകട്ടെ രഹസ്യമായി അമ്മാവന്‍റെ മകനെ വിവാഹം കഴിച്ചു. ദരിദ്രനായിരുന്ന അയാള്‍ക്കു ബര്‍ബാരയെ ശ്രദ്ധിക്കാന്‍ കഴിവില്ലായിരുന്നു. അങ്ങനെ കൗമാരകാലം പട്ടിണിയിലും വറുതിയിലും സ്വയം ശപിച്ചുകൊണ്ട് തള്ളിനീക്കി. പതിനാറു വയസായപ്പോള്‍ അവളുടെ കുടുംബം ലണ്ടനിലേക്ക് താമസം മാറി. ലണ്ടനില്‍ വച്ച് അവള്‍ ഒരു താന്തോന്നിയായ ചെസ്റ്റര്‍ ഫീല്‍ഡ് പ്രഭുവുമായി പ്രണയത്തിലായി. അതൊരു സാഹസം തന്നെയായിരുന്നു. അവളെക്കാള്‍ 20 വയസ് മൂപ്പുണ്ടായിരുന്ന അയാളുടെ പ്രധാന ഉദ്ദേശം ബര്‍ബാരയെ ശാരീരികമായി പീഡിപ്പിക്കുക എന്നത് മാത്രമായിരുന്നു. ബര്‍ബാരയ്ക്ക് മടുത്തു. ആ കൊള്ളരുതാത്തവനില്‍ നിന്ന് എങ്ങിനെയെങ്കിലും മോചനം നേടിയാല്‍ മതിയെന്നായി അവള്‍ക്ക് . രണ്ടു വര്‍ഷത്തിനകം തന്നെ കൊട്ടാരത്തിലെ ഒരു കാര്യസ്ഥനെ അവള്‍ വിവാഹം കഴിച്ചു റോഗര്‍പാമര്‍. റോഗര്‍ ഒരു നിയമവിദ്യാര്‍ത്ഥി കൂടിയായിരുന്നു. കല്യാണം കഴിഞ്ഞ് മൂന്നു ദിവസത്തിനകം തന്നെ റോഗറിന് മനസ്സിലായി തന്‍റെ ഭാര്യ ഒരു വേശ്യ ആണെന്ന്.
നാടുകടത്തപ്പെട്ട അവസരത്തിലാണ് ബര്‍ബാര ചാള്‍സിനെ ആദ്യമായി കാണുന്നത്. ആ കൂടിക്കാഴ്ചയില്‍ അവള്‍ ചാള്‍സിനോട് പറഞ്ഞു “നിങ്ങള്‍ക്കറിയാമോ, ചാള്‍സ് എന്ന പേരിന് എന്‍റെ ജീവിതത്തില്‍ മഹത്തായ സ്ഥാനമുണ്ട്. എന്‍റെ അമ്മയ്ക്ക് പ്രേമസമ്മാനം നല്കിയതും ഒരു ചാള്‍സാണ്. ഫലമോ അയാള്‍ എന്‍റെ ചിറ്റപ്പനായി’. ഒരുപെണ്ണു പറഞ്ഞ വാക്കുകള്‍! അതും ഭര്‍ത്താവ് റോഗറിന്‍റെ മുമ്പില്‍ വച്ച്.
പക്ഷേ റോഗറിന് അന്നവള്‍ പറഞ്ഞതിന്‍റെ പൊരുള്‍ പിടികിട്ടാന്‍ പിന്നെയും കാലം കഴിയേണ്ടി വന്നു. ബര്‍ബാര ഒരാണ്‍കുട്ടിയെ പ്രസവിച്ചു. അവന്‍ ചാള്‍സ് രണ്ടാമന്‍റെ ഒരു കൊച്ചുപതിപ്പായിരുന്നു. റോഗറിന് വലിയ നഷ്ടമൊന്നും പറ്റിയില്ല. ചാള്‍സ് രാജാവ് അയാളെ കാസ്റ്റില്‍ മൈനിന്‍റെ പ്രഭുവാക്കി. അധികാം താമസിക്കാതെ റോഗര്‍ അവളെ വിട്ടുപോകുകയും ചെയ്തു.
1662 കാലഘട്ടം ആയപ്പോഴേയ്ക്കും ചാള്‍സ് ബര്‍ബാരയുടെ ചൊല്പടിയിലായിക്കഴിഞ്ഞു. രാജാവിനോടൊപ്പം മിക്ക പൊതുവേദികളിലും ബര്‍ബാര പ്രത്യക്ഷപ്പെട്ടു. രാജസദസ്സിലും ആഘോഷങ്ങളിലുമെല്ലാം അവള്‍ നിറഞ്ഞു നിന്നു. രാജസഭാംഗങ്ങളെല്ലാം കണക്കറ്റു വിമര്‍ശിച്ചു. അവളുടെ മോഹവലയത്തില്‍പെട്ട രാജാവിന് നിസ്സഹായനായി നോക്കി നില്ക്കാനേ കഴിഞ്ഞുള്ളൂ.
ചാള്‍സ് രണ്ടാമന്‍റെ വിവാഹനിശ്ചയം നടന്നത് ബര്‍ബാരയ്ക്ക് ഒരു ഇരുട്ടടി ആയിരുന്നു. പോര്‍ട്ടുഗസലിലുള്ള കാതറീന്‍ ബ്രഗാന്‍സയായിരുന്നു വധു. ഗര്‍ഭിണിയായിരുന്ന ബര്‍ബാര അരിശം മനസ്സിലിട്ടു രാകി കൂര്‍പ്പിച്ചുകൊണ്ടു നടന്നു. കാതറീന്‍ രാജകുമാരിയുമായുള്ള ചാള്‍സിന്‍റെ വിവാഹദിനം ആസന്നമായപ്പോള്‍ അവള്‍ പൊട്ടിത്തെറിച്ചു. ഒടുവില്‍ സ്വമേധയാതന്നെ നിയന്ത്രിച്ചു നിര്‍ത്തി. ആയുധപ്രയോഗം അവസരോചിതമായിരിക്കണമല്ലോ.
സൂത്രക്കാരിയായ ബര്‍ബാരയെ മുട്ടുകുത്തിക്കാന്‍ ആര്‍ക്കാണു കഴിയുക. അവള്‍ തന്ത്രങ്ങള്‍ പ്രയോഗിച്ചു തുടങ്ങി. ആദ്യമായി രാജ്ഞിയെ ആചാരനടപടികള്‍ പഠിപ്പിക്കാന്‍ ഒരാളെ നിയമിക്കുന്നതിന് രാജാവിനോട് ശുപാര്‍ശ ചെയ്തു. സംഗതി ചാള്‍സിന് നന്നേ പിടിച്ചു. ബര്‍ബാര വീണ്ടും പ്രസവിക്കുകയും ചെയ്തു ഒരാണ്‍കുഞ്ഞ്. തുടര്‍ന്ന് ബര്‍ബാരയെ രാജ്ഞിയുടെ ഉപദേഷ്ടകയായി നിയമിക്കുന്ന വിവരം രാജാവ് സഭയെ അറിയിച്ചു. പ്രഖ്യാപനം കേട്ട് കാതറീന്‍ ബോധം കെട്ടുവീണു
നിയമനം നടന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ബര്‍ബാര രാജസദസ്സില്‍ പ്രത്യക്ഷപ്പെട്ട് കാതറിന് സ്വയം പരിചയപ്പെടുത്തി. അവളെക്കണ്ട രാജ്ഞി ഒരു നിലവിളിയോടെ നിലത്തുവീണു. വീഴ്ചയുടെ ആഘാതത്തില്‍ മൂക്കില്‍ നിന്നും രക്തം ചീറ്റി. ദിവസം മുഴുവന്‍ അബോധാവസ്ഥയില്‍ കിടന്നു. തന്‍റെ പദ്ധതി ചീറ്റിപ്പോകുമോന്ന് ചാള്‍സും ഭയന്നു. ആ ഭയപ്പാടോടെ അയാള്‍ വീണ്ടും പ്രഖ്യാപിച്ചു. ഉപദേഷ്ടാവായി ബര്‍ബാരയെ അംഗീകരിക്കാത്ത പക്ഷം ഇഷ്ടമുള്ള വെപ്പാട്ടികളെ കൊട്ടാരത്തില്‍ പകരം നിയമിക്കും. കൊടുംഭീഷണിയുടെ നടുവില്‍ നിന്നുകൊണ്ട് നില്കക്കള്ളിയില്ലാതെ പ്രയോഗിച്ച പൊടിക്കൈ ഫലിച്ചു. കാതറീന്‍ വിധിയുടെ ഇടനാഴിയിലേക്ക് പിന്‍വലിഞ്ഞു.
ചാള്‍സ് സ്വന്തം കിടപ്പറയുടെ അരികിലായി ബര്‍ബാരയ്ക്ക് ഒരു താല്ക്കാലിക മുറി ശരിയാക്കിക്കൊടുത്തു. രാജാവിന് ഏതവസരത്തിലും നന്നായി കാണത്തക്കവിധത്തില്‍ പ്രത്യേകം ചെയ്യിച്ച ഒരു വലിയ വാതിലും. ആ വാതില്‍ ഇരുപത്തിനാലുമണിക്കൂറും തുറന്നുതന്നെ കിടന്നു.
ഉയര്‍ന്ന ഉദ്യോഗമോ സ്ഥാനമാനങ്ങളോ ലഭിക്കണമെങ്കില്‍ ബര്‍ബാരയെ പ്രീണിപ്പിച്ചാലേ സാധ്യമാകൂ എന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി. ഈ കണക്കില്‍ ധാരളം വിലപിടിച്ച സമ്മാനങ്ങള്‍ ബര്‍ബാരയ്ക്ക് തിരുമുല്‍ക്കാഴ്ചയായി ലഭിച്ചു. രാജസഭയില്‍ പക്ഷപാതവിഭാഗങ്ങള്‍ ഉടലെടുത്തു. നല്ലൊരു ഭാഗം കാതറീനെ പിന്തുണച്ചു. കാതറീന്‍ ഗ്രൂപ്പിന് നേതൃത്വം നല്കിയത് ക്ലാരെന്‍ഡന്‍ ആയിരുന്നു. സംഗതി ബര്‍ബാരയുടെ ചെവിയിലെത്തി. അവളുടെ മസ്തിഷ്കം ചൂടുപിടിച്ചു. ക്ലാരെന്‍ഡന്‍റെ ചിറക് നുള്ളിക്കളയാനുള്ള പദ്ധതി അവള്‍ ആസൂത്രണം ചെയ്തു.
ഇതിനിടയില്‍ കാതറീന്‍ തന്‍റെ സ്വകാര്യ സഹായിയായി പതിനഞ്ചുകാരിയായ ഒരു ഫ്രഞ്ചുസുന്ദരിയെ നിയമിച്ചു. അവളാകട്ടെ ചാള്‍സ് രാജകുമാരന്‍റെ അമ്മാവന്‍റെ മകളായിരുന്നു. ഇതില്‍ ബര്‍ബാല വല്ലാതെ കോപിഷ്ടയായി. കാരണം ചാള്‍സ് ബര്‍ബാരെയെപ്പോലും മറന്നുകൊണ്ട് സുന്ദരിയായ ഫ്രാന്‍സിസ് സ്റ്റുവര്‍ട്ടിന്‍റെ പിറകെ പോയി.കാമുകന്മാരെ പാട്ടിലാക്കുന്ന കാര്യത്തില്‍ ഫ്രാന്‍സിസ് സ്റ്റ്യുവര്‍ട്ട് ബര്‍ബാരയെപ്പോലും തോല്പിച്ചു കളഞ്ഞു. രാജാവിനെ മാത്രമല്ല രാജസേവകന്മാരെയും അവള്‍ ഒരുപോലെ തൃപ്തിപ്പെടുത്തി.
പെട്ടൊന്നൊരുദിവസം ഫ്രാന്‍സിസ് സ്റ്റ്യൂവര്‍ട്ട് കാമുകനോടൊപ്പം ഒളിച്ചോടിയപ്പോള്‍ ചാള്‍സിന്‍റെ മനസ്സിടിഞ്ഞു. അയാള്‍ വിഷണ്ണനായി കാണപ്പെട്ടു. ബര്‍ബാര സ്നേഹത്തോടെ അടുത്തുകൂടി.ഇക്കുറി ബര്‍ബാരയുടെ തന്ത്രങ്ങള്‍ ശരിക്കും ഫലിച്ചു. രാജാവിനെക്കൊണ്ട് എന്തും അവള്‍ക്കു നേടിയെടുക്കാമെന്ന നിലയിലായി. ഈ സന്ദര്‍ഭം അവള്‍ ശരിക്കും ഉപയോഗപ്പെടുത്തി. ശത്രുക്കളെയെല്ലാം അവള്‍ ഒതുക്കാന്‍ തീരുമാനിച്ചു.
ക്ലാരെന്‍ഡന്‍റെ നയങ്ങളും പ്രവര്‍ത്തനങ്ങളും അറുപഴഞ്ചനാണെന്ന് അവള്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയരംഗവും സാമ്പത്തിഭദ്രതയും തകരാറിലാകാനുള്ള കാരണം ക്ലാരെന്‍ഡന്‍റെ നയങ്ങളുടെ പാളിച്ചയാണെന്ന് അവള്‍ രാജാവിനെ ധരിപ്പിച്ചു. ക്ലാരന്‍ഡനെ സ്ഥാനഭ്രഷ്ടനാക്കാന്‍ ആഗ്രഹിച്ചിരുന്നവരെല്ലാം ബര്‍ബാരയുടെ അഭിപ്രായത്തെ പിന്താങ്ങി. രാജാവ് ക്ലാരന്‍ഡനെ കൊട്ടാരത്തില്‍ വിളിച്ചുവരുത്തി. അയാളുടെ നയങ്ങള്‍ വിമര്‍ശനവിധേയമാകുന്ന സംഗതി സംഭാഷണമധ്യേ രാജാവ് സൂചിപ്പിച്ചു. ക്ലാരെന്‍ഡനു പിന്നെ പിടിച്ചു നില്ക്കാന്‍ കഴിഞ്ഞില്ല. അയാള്‍ പറഞ്ഞു “ഇതെല്ലാം നിങ്ങളുടെ കാമുകിയുടെ വേലത്തരങ്ങളാണ്” രാജാവ് ക്ഷുഭിതനായി. ക്ലാരന്‍ഡനെ പിരിച്ചുവിട്ടു. കൊട്ടാരം വിട്ടിറങ്ങിപ്പോകുന്ന ക്ലാരന്‍ഡനെ ബര്‍ബാര ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് ‘ഗുഡ്ബൈ’ പറഞ്ഞു. അവള്‍ ഏറ്റവുമധികം സന്തോഷിച്ച ദിവസമായിരുന്നു അന്ന്.
ചാള്‍സും ബര്‍ബാരയും തമ്മിലുള്ള ബന്ധം പെട്ടെന്ന് വഷളായി. അവളെ എങ്ങിനെയെങ്കിലും ഒഴിച്ചുവിട്ടാല്‍ മതിയെന്നായി ചാള്‍സിന്. അവള്‍ ആറാമത്തെ കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ ചാള്‍സ്, ആ കുഞ്ഞിന്‍റെ പിതൃത്വം നിഷേധിക്കുകയും ചെയ്തു. ഇതു ബര്‍ബാരയെ വല്ലാതെ ചൊടിപ്പിച്ചു. അവള്‍ രാജാവിനെ കണക്കറ്റു ശാസിച്ചു. ഇംഗ്ലണ്ടിലെ രാജകൊട്ടാരത്തില്‍ നിന്ന് ബര്‍ബാര എന്നെന്നേക്കുമായി പടിയിറങ്ങി.
ബര്‍ബാരയെ ഉപേക്ഷിച്ചെങ്കിലും രാജാവ് അവളെ തുണയ്ക്കാതിരുന്നില്ല. സ്വത്തും സ്ഥാനമാനങ്ങളും നല്കിയതിനുപുറമെ 3000 പൗണ്ട് വാര്‍ഷിക ഗ്രാന്‍ഡായും ചാള്‍സ് ബര്‍ബേരയ്ക്ക് അനുവദിച്ചു. അവളുടെ രണ്ടു പുത്രിമാരുടെ വിവാഹത്തിന് രാജഭണ്ഡാരത്തില്‍ നിന്നും വന്‍തുകകളാണ് ചെലവിട്ടത്.
പെണ്‍കുട്ടികളുടെ വിവാഹാനന്തരം ബര്‍ബാര പാരീസിലേക്ക് പോയി. അവിടെയും കണ്ണില്‍കണ്ട പുരുഷന്മാരോടൊക്കെ ബന്ധം സ്ഥാപിക്കാതിരിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. ചാള്‍സിന്‍റെ മരണമടുത്ത ഘട്ടത്തില്‍ ബര്‍ബാര വീണ്ടും ഇംഗ്ലണ്ടിലേക്ക് മടങ്ങി.
ചാള്‍സിന്‍റെ അകാലമരണം ബര്‍ബാരയെ വല്ലാതെ ബാധിച്ചു. സുഖഭോഗങ്ങളുടെ പറുദീസയില്‍ സുരസുന്ദരിയെപ്പോലെ വിഹരിച്ചിരുന്ന ബര്‍ബാര ഒന്നുമില്ലാത്തവളായി ഒരു പിച്ചക്കാരിയെപ്പോലെ അധഃപതിച്ചു. 1709 ഒക്ടോബര്‍ 7-ാം തീയതി മരണം അവളുടെ ദുരിതങ്ങള്‍ക്കും മോഹങ്ങള്‍ക്കും ശാശ്വതമായ വിരാമമായി.
(കടപ്പാട് – ശ്രേഷ്ഠ പബ്ലിക്കേഷന്‍സ്)

About The Author

Leave a Reply

Your email address will not be published. Required fields are marked *