അബ്ദൽറസാഖ് ഗുർന; ആഫ്രിക്കയുടെ ആത്മസംഘർഷങ്ങൾ – മുസാഫിർ

Facebook
Twitter
WhatsApp
Email

ലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി വാസുദേവൻ നായർ, ഡാർ എസ് സലാം എന്നൊരു മനോഹരമായ കഥയെഴുതിയിട്ടുണ്ട്. ഇപ്പോൾ ഡാർ എസ് സലാമിനെ ഓർക്കാൻ കാരണം അ്ദുൽറസാഖ് ഗുർനയാണ്. കിഴക്കൻ ആഫ്രിക്കയയിലെ ടാന്‍സാനിയയുടെ പഴയ തലസ്ഥാനമായ ഡാർ എസ് സലാമിൽ നിന്ന് നാലു മണിക്കൂർ യാത്ര ചെയ്താലെത്തുന്ന പ്രദേശമാണ് സാൻസിബാർ. എം.ടിയുടെ ഈ ശീർഷകവും കഥാപരിസരവും മറ്റൊന്നാണെങ്കിലും സാഹിത്യ ലോകത്തിന് ഇന്നോളം അത്രയൊന്നും പരിചിതമല്ലാതിരുന്ന അബ്ദുൽറസാഖ് ഗുർന ജനിച്ച സാൻസിബാറിനെയും ഡാർ എസ്. സലാമിനേയും ആഫ്രിക്കൻ ചരിത്രം അടയാളപ്പെടുത്തുക, അഭയാർഥികളുടെ സങ്കടങ്ങൾ വന്നു മൂടിയ ഭൂഖണ്ഡമായാണ്. മാതൃഭാഷ സ്വാഹിലിയാണെങ്കിലും 1968 മുതൽ ഇംഗ്ലണ്ടിൽ താമസിക്കുന്ന ഗുർന, പത്ത് നോവലുകളുമെഴുതിയത് ഇംഗ്ലീഷിലാണ്. പക്ഷേ ആഫ്രിക്കൻ ജനതയുടെ കണ്ണീരിൽ മുക്കിയ തൂലിക കൊണ്ടാണ് ഈ എഴുപത്തിമൂന്നുകാരൻ തന്റെ പുസ്തകങ്ങളുടെ ആത്മാവിനെ തപിപ്പിച്ചതും അത് വായനക്കാരുടെ ഹൃദയത്തെ കീറിമുറിച്ചതും.


എല്ലാം നഷ്ടപ്പെട്ട് സ്വന്തം നാടും വീടും വിട്ടോടി ഒരു നേരത്തെ വിശപ്പകറ്റാനും തലയൊന്ന് ചായ്ക്കാനും അന്യദേശക്കാരന്റെ കനിവ് കാത്ത് തെരുവ് യാചകരെപ്പോലെ കൈനീട്ടേണ്ടി വരിക. ഏത് നിമിഷവും അതിഭീകരമായ തടവറകളിലേക്ക് എടുത്തെറിയപ്പെടുക. തലേന്ന് വരെ തങ്ങളുടെ ജീവരക്തം കൊണ്ട് നനയിച്ച മണ്ണിൽ, സ്‌നേഹം കൊണ്ട് പുഷ്പിച്ച ചെടികളും സ്വാതന്ത്ര്യത്തിന്റെ സ്വഛവായുവും പിന്നിലുപേക്ഷിച്ച്, തലമുറയായി പിതാമഹൻമാരുടെ ആത്മാക്കളുറങ്ങുന്ന അസ്ഥിത്തറകൾ മറവിയിലേക്ക് തള്ളി,  രാജ്യാതിർത്തികൾ താണ്ടി പ്രാണരക്ഷാർഥം അലഞ്ഞുതിരിഞ്ഞ്് കടലും കരയും കടന്നു പോകേണ്ടി വരിക. അപ്പോഴും കോളനി വാഴ്ചയുടെ കാവൽക്കാർ ആയിരം മുനകളിൽ വിഷം പുരട്ടിയ അമ്പുകളുമായി സദാ പിന്തുടരുക
അഭയാർഥികളുടെ മഹാദുരന്തം, സംസ്‌കൃതികൾക്കും ഭൂപടങ്ങൾക്കും മധ്യേയുള്ള വലിയ കിടങ്ങുകളിൽ വീണ മനുഷ്യരുടെ തിളച്ചുമറിയുന്ന ജീവിതം – അതാണ് അ്ദുൽറസാഖ് ഗുർന ആവിഷ്‌കരിച്ചത്്. നൈജീരിയയുടെ വോളെ സൊയിങ്ക, ഈജിപ്തിന്റെ നജീബ് മഹ്ഫൂസ്, ദക്ഷിണാഫ്രിക്കയുടെ നദീൻ ഗോർഡിമർ, ജെ.എം. കൂറ്റ്‌സെ എന്നിവർക്ക് ശേഷം നൊബേൽ സമ്മാനിതനാകുന്ന അഞ്ചാമത്തെ ആഫ്രിക്കൻ എഴുത്തുകാരനാണ് അ്ദുൽറസാഖ് ഗുർന -ആദ്യത്തെ ടാൻസാനിയക്കാരനും.

 

ഭൂമിയുടെ അതിരുകളെച്ചൊല്ലി അടരാടുന്നവരുടെയും പുറന്തള്ളപ്പെടുന്നവരുടെയും കഥകളിലെല്ലാം മനുഷ്യ സ്‌നേഹത്തിന്റെ നീരൊഴുക്കുണ്ട്.
മരുഭൂമിയിലും കാടുകളിലും കെട്ടിയുയർത്തിയ കൂടാരങ്ങളിൽ ഉറങ്ങാത്ത കുഞ്ഞുങ്ങളും മുലപ്പാൽ വറ്റിയ അമ്മമാരുമുണ്ട്. അവരുടെ മുഴുവൻ ദുരന്തമാണ് അബ്ദുൽറസാഖ് ഗുർന, ചിത്രീകരിച്ചത്. കാവ എന്ന ടാൻസാനിയൻ ഗ്രാമത്തിൽ ഒരു അറബ് വ്യാപാരിയുടെ മകനായിപ്പിറന്ന യൂസഫിന്റെ യാത്രകളാണ് പാരഡൈസ് എന്ന നോവലിലെ പ്രമേയം. മധ്യ ആഫ്രിക്കയിലേക്കും കോംഗോ ബേസിനിലേക്കും നീളുന്ന ആ സാർഥവാഹക സംഘം കണ്ടെത്തുന്ന മനുഷ്യരുടെ രക്തച്ചൊരിച്ചിലുകൾ ഹൃദയത്തെ വലിച്ചുമുറുക്കുന്ന ശൈലിയിലാണ് ഗുർന ആവിഷ്‌കരിച്ചിട്ടുള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ കഥയാണത്. വനയാത്ര കഴിഞ്ഞ് ബാപ്പയും മകനും തിരിച്ചെത്തുന്നത് ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികളിലേക്കാണ്. ആഫ്രിക്കയിലെ ചെറുതും വലുതുമായ നൂറുകണക്കന് ഗോത്രവർഗക്കാരുടെ യുദ്ധം കണ്ട് മനസ്സ് മടുത്തുള്ള മടക്കയാത്രകൾ. അഭയാർഥികളുടെ അന്തർസംഘർഷങ്ങൾ ചിത്രീകരിച്ചത് കൊണ്ടാവണം, നൊബേൽ സമ്മാന ജൂറി അബ്ദൽറസാഖ് ഗുർനയെ ഇങ്ങനെ വിശേഷിപ്പിച്ചത്: സംസ്‌കാരങ്ങളുടെ സംഘട്ടനവും കൊളോണിയലിസത്തിന്റെ ഇരകളായി മാറിയ മനുഷ്യരുടെ ധർമസങ്കടങ്ങളും അക്രമങ്ങളോടും അസഹിഷ്ണുതകളോടും വിട്ടുവീഴ്ചയില്ലാത്തവിധം യഥാതഥമായി ചിത്രീകരിച്ച എഴുത്തുകാരനാണ് അബ്ദുൽറസാഖ് ഗുർന.
ബൈ ദ സീ, ഡെസേർഷൻ, പാരഡൈസ് എന്നീ നോവലുകൾ സാഹിത്യ ബുക്കർപ്രൈസിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം അബ്ദുൽറസാഖ് ഗുർനയെഴുതിയ പുസ്‌കതകമാണ് ‘ആഫ്ടർ ലൈവ്‌സ്. ഖുർആനിക സൂക്തങ്ങളുടെയും അറബിക്കഥകളുടെയും സ്വാധീനം കൂടി സ്വാഹിലി ഭാഷയോടൊപ്പം അറബി ഭാഷയിലും അറിവുള്ള അബ്ദുൽറസാഖ് ഗുർനയെ സ്വാധീനിച്ചിട്ടുണ്ടെന്ന് നൊബേൽ സമ്മാനക്കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *