സ്വര്‍ഗ്ഗം കാണണമെങ്കില്‍ ചേതോഹരങ്ങളായ ഹിമാലയസാനുക്കള്‍ കണ്ടാല്‍ മതിയെന്ന് ചില സഞ്ചാരികള്‍ പറയും. തണുത്തുറഞ്ഞ ഹിമാലയപര്‍വ്വതനിരകളില്‍ നിന്ന് ഒഴുകിയെത്തുന്നത് ആത്മീയാനുഭൂതിയാണ്. സത്യവും നീതിയും വിശുദ്ധിയും നിറഞ്ഞുനില്ക്കുന്ന സ്ഥലങ്ങള്‍ എന്നും സ്വര്‍ഗ്ഗഭൂമിതന്നെയാണ്. സഞ്ചാരികളുടെ സ്വര്‍ഗ്ഗമെന്നറിയപ്പെടുന്ന സ്ക്കോട്ട്ലണ്ടിന് ആ പേര് ലഭിക്കാനുണ്ടായ കാരണം സ്ക്കോച്ചുവിസ്കിയുടെ നാടായതുകൊണ്ടാണ്. മദ്യപാനികളുടെ സ്വര്‍ഗ്ഗമെന്നാരും വിളിക്കാറില്ല. അറിവുളള സമൂഹത്തിന് എന്തിന് മദ്യപിക്കണം, എങ്ങനെ മദ്യപിക്കണമെന്നറിയാം. യാതൊരുകാരണവശാലും നമ്മുടെ നാട്ടില്‍ കാണുന്നവിധം മൂക്കറ്റം കുടിച്ച് വഴിയോരങ്ങളില്‍ മലര്‍ന്നടിച്ചുവീണും മറ്റുളളവരെ തെറിപറഞ്ഞും നടക്കുന്ന സംസ്ക്കാരം അവര്‍ക്കില്ല. നമ്മുടെ സ്വന്തം വീട്ടില്‍പോലും സാമൂഹ്യവിരുദ്ധരായ ഭര്‍ത്താക്കന്‍മാരുണ്ട്. അതു പുറംലോകമറിയുന്നില്ല. ബ്രിട്ടീഷ് സംസ്ക്കാരത്തിന്‍റെ നേര്‍ക്കാഴ്ചകൂടി മദ്യപാനത്തില്‍ പോലും മറ്റുളളവര്‍ക്ക് അനുഭവവേദ്യമാക്കികൊടുക്കുന്നു. സ്ക്കോട്ടുലന്‍റിലെ സ്ക്കോച്ചുവിസ്കിയുടെയും മാള്‍ട്ട് വിസ്ക്കിയുടെയും കേന്ദ്രം കേരളമായിരുന്നെങ്കില്‍ മദ്യപാനികളുടെ സ്വര്‍ഗ്ഗമെന്ന് പേര് ലഭക്കുമായിരുന്നു. ലണ്ടനില്‍നിന്ന് സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ സ്ക്കോട്ട്ലന്‍റിലേക്ക് തീവണ്ടിയിലാണ് ഞാന്‍ പോയത്.
വിശുദ്ധമദ്യപാനികളെപോലെയാണ് പുഞ്ചിരിതൂകിനില്ക്കുന്ന സുന്ദരിമാരായ തീവണ്ടികള്‍. അവളുടെ മുഖത്തൊന്ന് ചുംബിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. ആ നിമിഷങ്ങളില്‍ ഒരു നിശ്വാസം പോലെ അമ്പരപ്പോടെ ഇന്ത്യയിലെ പഴഞ്ചന്‍ തീവണ്ടികളെ തീവണ്ടിപാളങ്ങളെ അപകടങ്ങളെ ഓര്‍ത്തുനിന്നു. വികസിതരാജ്യങ്ങളിലെ തീവണ്ടിയാത്രകള്‍ ഒരു വിമാനത്തിലിരിക്കുന്ന പ്രതീതിയാണ് യാത്രക്കാരന് നല്കുന്നത്. ട്രെയിന്‍ യാത്രകള്‍ എത്രയോ സുന്ദരമാണ്. ഇപ്പോഴും ഇന്ത്യന്‍ തീവണ്ടിയിലിരുന്നാല്‍ പഴയ കാളവണ്ടിയുടെ കുലുക്കം, അരിശം കാതുപൊട്ടുന്ന ശബ്ദമാണ്. വൃത്തിയില്ലാത്ത കക്കൂസുകള്‍ ആരിലും അസ്വസ്ഥതയും ആശങ്കയുമുളവാക്കുന്നു. ഒരു ശ്മശാന മുറിയുടെ അനുഭവം. പ്രായാധിക്യമുളളവര്‍ അതിനുളളില്‍ പോയി മടങ്ങിവന്നാല്‍ നടുവൊടിയുമോ എന്ന ഭയം. ബ്രിട്ടീഷുകാര്‍ തീര്‍ത്ത റയില്‍വേ ഇന്നും അടുക്കും ചിട്ടയുമില്ലാതെ യാതൊരു ശുദ്ധീകരണപ്രക്രിയയുമില്ലാതെ പരിസരമലിനീകരണമുണ്ടാക്കികൊണ്ട് ഓടികൊണ്ടിരിക്കുന്നു. സമൂഹത്തിലെ വിഷവിത്തുകളായ മദ്യം, അഴിമതി, വിദ്യാഭ്യാസകച്ചവടം, വര്‍ഗ്ഗീയത, മാഫിയകള്‍ ഇതിനൊന്നും ശാശ്വതമായ പരിഹാരം കാണാന്‍ ഈ ജനാധിപത്യത്തിലെ ഏജന്‍റുന്മാര്‍ക്ക് കഴിയുന്നില്ല. അങ്ങനെയുള്ളവര്‍ തീവണ്ടികളെ എങ്ങനെ സുന്ദരമാക്കും. അധികാരമിന്ന് സമ്പത്തിന്‍റെ വിളവെടുപ്പ് മേഖലയായി മാറിയിരിക്കുന്നു. ഏതു രംഗമെടുത്താലും ഒന്നിനും ശരിയായ ഉത്തരമോ പരിഹാരമോ ഇല്ല. അതിന് പകരം മനസ്സിന് ഹരം പകരുന്ന വിശദീകരണങ്ങളാണ് നല്കുന്നത്. ഇന്നും ഇന്ത്യന്‍ജനത കൊട്ടുകിട്ടുന്ന വെറും ചെണ്ടകള്‍!
ബ്രിട്ടനിലെ നാല് രാജ്യങ്ങളില്‍ ഒന്നാണ് സ്ക്കോട്ട്ലന്‍റ്. മറ്റ് രാജ്യങ്ങള്‍ ഇംഗ്ളന്‍റ്, വെയില്‍സ്, നോര്‍ത്തേണ്‍ അയിര്‍ലണ്ടാണ്. ഓരോ രാജ്യത്തിനും ഓരോ വിശുദ്ധന്മാരുണ്ട്. ഇംഗ്ലണ്ടിന്‍റെ – സെന്‍റ് ജോര്‍ജ്ജ്, സ്ക്കോട്ടലന്‍റ്-സെന്‍റ് ആന്‍ഡ്രൂസ്, വെയില്‍സ്-സെന്‍റ് ഡേവിഡ്, നോര്‍ത്ത് അയിര്‍ലന്‍റ്- സെന്‍റ് പാട്രിക്ക്. വിശുദ്ധ മദ്യപാനികളുടെ നാട്ടില്‍ ഈ ആത്മീയവിശുദ്ധന്മാര്‍ ജനങ്ങള്‍ക്ക് വഴികാട്ടിയും വഴിവിളക്കുമായിരുന്നു. റോമന്‍ സാമ്രാജ്യത്തിലെ ദേവി-ദേവന്മാരുടെ എരിഞ്ഞുകൊണ്ടിരുന്ന ശക്തി വെറും കല്ലും മണ്ണുമായതുപോലെ ഈ വിശുദ്ധന്മാര്‍ അപ്രത്യക്ഷമായോ എന്നൊരു തോന്നല്‍! ഇംഗ്ലണ്ടിന്‍റെ അതിര്‍ത്തികടന്ന് അറ്റ്ലാന്‍റിക്ക് സമുദ്രതീരങ്ങളിലൂടെ പതിനഞ്ച് മിനിറ്റു കഴിഞ്ഞപ്പോള്‍ തീവണ്ടി ഒരു മലയിടുക്കിലേക്ക് പ്രവേശിച്ചു. ഏകദേശം രണ്ടര മൈല്‍ നീളമുളള ഒരു തുരങ്കം. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് വന്നു.
Scotlands most southerly whisky distillery Bladnoch Whisky Distillery on the River Bladnoch near Wigtown Galloway Scotland UK
എങ്ങും നയനമനോഹരങ്ങളായ കാഴ്ചകള്‍. ഒരു ഭാഗത്ത് സഹ്യപര്‍വ്വതംപോലെ സുന്ദരമായ പര്‍വ്വതനിരകള്‍. മറ്റൊരു ഭാഗത്ത് അരുവികള്‍. അതിനടുത്തായി പച്ചപരവതാനിപോലുളള കുന്നുകള്‍, താഴ്വാരങ്ങള്‍ അവിടെ കുതിരകള്‍, പശുക്കള്‍, ചെമ്മരിയാടുകള്‍ മേയുന്നു. അതിനപ്പുറം നീണ്ടു നിവര്‍ന്നുകിടക്കുന്ന വിലമതിക്കാനാകാത്ത വിവിധ നിറത്തിലുളള ധാന്യങ്ങള്‍ തഴച്ചുവളര്‍ന്നുനില്ക്കുന്നു. അതില്‍ നെല്‍കൃഷിയുമുണ്ട്. ട്രെയിനിലെ ഗ്ലാസ്സിലൂടെ മിഴികളുയര്‍ത്തി വിശാലമായ മഞ്ഞയും പച്ചയുമണിഞ്ഞ ആ സൂര്യകാന്തിപ്പാടങ്ങളെ ഞാന്‍ നോക്കിയിരുന്നു. സ്റ്റേഷനില്‍നിന്നുമിറങ്ങി നഗരം ചുറ്റികറങ്ങുന്ന ബസ്സില്‍ കയറി. നമ്മുടെ നാട്ടിലേതുപോലെ ബസ്സില്‍ കണ്ടക്ടറും കിളിയുമൊന്നുമില്ല എല്ലാം ഡ്രൈവര്‍ തന്നെ ചെയ്യുന്നു. ഇരിക്കുന്ന സീറ്റിനുമുന്നില്‍ ബട്ടന്‍സുണ്ട് അതിലമര്‍ത്തുമ്പോള്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തും. നായ്ക്കള്‍ക്കും മനുഷ്യനൊപ്പം യാത്ര ചെയ്യാം. നായ്ക്കള്‍ക്ക് ടിക്കറ്റ് വേണ്ട. നാഷണല്‍ ഗാലറി ഓഫ് സ്ക്കോട്ട്ലന്‍റിനടുത്തുകൂടി നടന്നാല്‍ നല്ല ഭംഗിയുളള കുന്നിന്‍ചെരിവിലെത്തും. ആ കുന്നിന്‍മുകളില്‍ കയറിനിന്നാല്‍ എഡിന്‍ബറോ നഗരത്തിന്‍റെ സൗന്ദര്യം കാണാന്‍ കഴിയും. അവിടെനിന്ന് നടന്നാല്‍ സാക്ഷാല്‍ എഡിന്‍ബറോ കാസില്‍സ് കാണാം. വീണ്ടും മുന്നോട്ടു നടക്കുമ്പോള്‍ സ്ക്കോച്ചുവിസ്കി എക്സ്പീരിയന്‍സ് എന്ന ഒരു ബോര്‍ഡ്. സ്ക്കോച്ച്വിസ്കി എങ്ങനെ ഉണ്ടാക്കുന്നുവെന്ന് അവിടെനിന്ന് പഠിക്കാം. സ്ക്കോട്ട്ലന്‍റിലെ മദ്യപാനികള്‍ പറയുന്നത് ഇവിടുത്തെ വിസ്ക്കീടെ രുചി മറ്റെങ്ങും കിട്ടില്ല എന്നാണ്. ഇരുന്നൂറിലധികം രാജ്യങ്ങളിലാണ് സ്ക്കോച്ച് വിസ്ക്കി ഇവിടെ നിന്നും വിറ്റഴിയുന്നത്. അതില്‍ ജോണിവാക്കര്‍ മുന്‍നിരയിലുണ്ട്. സ്ക്കോട്ട്ലന്‍റിലെ വിസ്ക്കിയുണ്ടാക്കുന്ന ഡിസ്റ്റിലറിയില്‍ ഞാന്‍ കയറി. 1838 ലാണ് ബ്ളാക്ക്ഐലിന്‍ എന്ന സ്ക്കോച്ച് വിസ്ക്കിയുടെ ഉദയം. കൃത്യം പത്ത് മണിക്ക് അവരുടെ വിസിറ്റേഴ്സ് കൗണ്ടര്‍ തുറക്കും. ഡിസ്റ്റലറി ഒരാള്‍ക്ക് വെറുതെ കാണണമെങ്കില്‍ രണ്ട് പൗണ്ട്, വിവരണം കേള്‍ക്കണമെങ്കില്‍ മൂന്ന് പൗണ്ട്. അവിടുന്ന് എന്തെങ്കിലും വാങ്ങിയാല്‍ ആ തുക മടക്കിത്തരും. എങ്ങനെയാണ് വിസ്ക്കി ഉല്പാദിപ്പിക്കുന്നതെന്ന വീഡിയോ അവിടെ പ്രദര്‍ശിപ്പിക്കുന്നു. ഇവിടുത്തെ മദ്യഉല്‍പ്പാദക സാങ്കേതിക വിദ്യക്ക് ലോകപൈതൃകസംരക്ഷണമുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ്തന്നെ മുന്തിരിയില്‍നിന്ന് യൂറോപ്പിലുളളവര്‍ വൈന്‍ ഉണ്ടാക്കിയിരുന്നു. ബ്രിട്ടനിലെ പ്രമുഖരാജകൊട്ടാരങ്ങളില്‍ മുന്തിരിതോപ്പുകളും ധാരാളമായി മുന്തിരിച്ചാര്‍നിറക്കുന്ന വന്‍വീപ്പകളും ഞാന്‍ കണ്ടിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ സന്യാസിമാര്‍ക്കുപോലും ഡിസ്റ്റിലറികള്‍ ഉണ്ടായിരുന്നു. വൈന്‍ കുപ്പികളില്‍ പകര്‍ത്തുന്നതിനിടയില്‍ പുറത്തേക്കു പോകുന്ന വൈന്‍ മാലാഖക്കുള്ള വിഹിതമായി മാറ്റി വയ്ക്കും. അതില്‍ മിച്ചം വരുന്നത് അച്ചാറുകള്‍, ലഘുപാനിയങ്ങളായി പുറത്തുകൊടുക്കാറുണ്ട്. ഇവിടുത്തെ വിവരണം കഴിഞ്ഞതിനു ശേഷം എല്ലാം രുചിച്ചു നോക്കാനും വിലയിരുത്താനും ക്ഷണമുണ്ട്. 1831 ലാണ് മാള്‍ട്ട് വിസ്കി ഏനിയാസ് കോഫി എന്നയാള്‍ കണ്ടെത്തുന്നത്.1707ല്‍ ബ്രിട്ടന്‍ ഏകീകൃതമായതോടെ ധാരാളം കര്‍ശന നിയമങ്ങള്‍ മദ്യഉല്പാദന രംഗത്തുണ്ടായി. അതിനെ തുടര്‍ന്ന് കള്ള വാറ്റുകാര്‍ രംഗത്ത് വന്നു. കൈക്കൂലി വാങ്ങുന്ന മന്ത്രിമാര്‍ അവര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തു. എക്സൈസ് വകുപ്പ് തീവ്രമായ അന്വേഷണങ്ങള്‍ തുടങ്ങിയതോടെ പള്ളികളുടെ അള്‍ത്താരകളില്‍ വരെ ചാരായം ഒളിപ്പിച്ചു. ചില പള്ളികള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി. കൈക്കൂലി വാങ്ങിയവരൊക്കെ ജയിലിലുമായി. 1823-ല്‍ പാര്‍ലമെന്‍റ് കള്ളവാറ്റും, കള്ളക്കടത്തും നിരോധിച്ചപ്പോഴാണ് സ്കോച്ചുവിസ്കി ജന്മമെടുക്കുന്നത്. നിയമം നിര്‍മ്മിച്ചവര്‍ അത് അനുസരിക്കാനും ബാദ്ധ്യസ്ഥരാണ്. അതിനെ പ്രധാനമന്ത്രി ലംഘിച്ചാലും അന്ത്യം ജയിലാണ്. അല്ലാതെ ഇന്‍ഡ്യയിലേതുപോലെ നിയമ സംവിധാനങ്ങള്‍ ഭരിക്കുന്നവരുടെ ഇഷ്ടാനുസരണം തട്ടിക്കളിക്കാനുള്ളതല്ല. മദ്യം കഴിച്ചിട്ട് ഒരാള്‍ വാഹനമോടിക്കാന്‍ പാടില്ല. അത് കുറ്റകരമാണ്. അത് ലംഘിച്ചാല്‍ ലൈസന്‍സും റദ്ദാക്കും. ജയില്‍ ശിക്ഷയും കിട്ടും. ഒരു സ്വാധീനവും മുന്‍കൂര്‍ജാമ്യവും കുറ്റകൃത്യങ്ങളില്‍ ഇവിടെ വിലപ്പോവില്ല. എന്നുകരുതി എല്ലാവരും വിശുദ്ധ മദ്യപാനികള്‍ എന്നല്ല. അതിലുപരി എല്ലാ രംഗങ്ങളിലും സത്യവും നീതിയും കാണുന്നുണ്ട്. ഇന്‍ഡ്യയിലെ മദ്യ ഉല്പാദനശാലകള്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ല. അഥവ കണ്ടു കഴിഞ്ഞാല്‍ പിന്നീടാരും കുടിക്കില്ല. വേലിതന്നെ വിളവു തിന്നുന്ന രാജ്യത്ത് വിശുദ്ധമദ്യപാനികളെ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്.
About The Author
No related posts.