യാത്ര – അത്ഭുതപ്പെടുത്തുന്ന ലണ്ടനിലെ ആര്‍ട്ട് ഗാലറികള്‍- കാരൂര്‍ സോമന്‍

Facebook
Twitter
WhatsApp
Email

ഉദയ സൂര്യന്‍ അഴകുവിരിച്ച സമയം ഞാനും ഭാര്യ ഓമനയും അമേരിക്കയില്‍ നിന്നെത്തിയ ബന്ധുക്കളെ യാത്രയാക്കാന്‍ ഈസ്റ്റ് ഹാമില്‍ നിന്നും ഹീത്രു എയര്‍പോര്‍ട്ടിലേക്കു ഡിസ്ട്രിറ്റ് ലൈന്‍ ട്രെയിനില്‍ യാത്ര തിരിച്ചു.

ട്രെയിന്‍ യാത്രക്കാരില്‍ സായിപ്പും മദാമ്മയും പുസ്തക വായനയിലാണ്. മറ്റു ചിലര്‍ മെട്രോ പത്രവും വായിക്കുന്നു. എല്ലാ ട്രെയിന്‍ സ്റ്റോപ്പുകളിലും ഈ പത്രം ദാനമായി യാത്രക്കാര്‍ക്ക് നല്‍കുന്നു. ഞാനും ഒരെണ്ണം എടുത്തിരുന്നു. ഇവിടെ പുസ്കങ്ങള്‍ ആദ്യമിറങ്ങുമ്പോള്‍ വില കൂടുതലാണ്. പിന്നീട് കുറയും. നമ്മുടെ നാട്ടില്‍ നേരേ മറിച്ചാണ്. പുതിയപതിപ്പുകള്‍ക്ക് വിലകൂടും. ഞങ്ങളുടെ ഇരിപ്പിടത്തില്‍ നിന്ന് അധികമകലയല്ലാതെ സ്ഥലം എം.പി സ്റ്റീഫന്‍ ടിംസ് ഇരിക്കുന്നു. ഒരു ബ്രിട്ടീഷുകാരിയുമായി സംസാരത്തിലാണ്. സാധാരണക്കാരില്‍ സാധാരണക്കാരനായ ജനത്തിനൊപ്പം യാത്ര ചെയ്യുന്ന ഒരു എം.പിയെ ഞാന്‍ ആദ്യമായി കാണുകയാണ്. ആനപ്പുറത്തെന്ന ഭാവമില്ല.

വെസ്റ്റ് ഹാം സ്റ്റേഷന്‍ എത്തിയപ്പോള്‍ എം.പി ഇറങ്ങാന്‍ എഴുന്നേറ്റു. എന്നെ കണ്ട് കൈവീശി അതീവ സന്തോഷത്തോടെ ഞാനും പ്രത്യാദിവാദം ചെയ്തു. വര്‍ഷങ്ങളായി ന്യൂഹാമിനെ പ്രതിനിധാനം ചെയ്യുന്ന എം.പിയാണ്. മന്ത്രി പദവും അലങ്കരിച്ചിട്ടുണ്ട്. തീര്‍ത്തും ജനകീയന്‍. ആരേയും ഉള്ളു തുറന്നു സഹായിക്കും. അദ്ദേഹത്തിന് ബ്രിട്ടീഷുകാരും അവിടെ വസിക്കുന്ന മറ്റ് രാജ്യക്കാരുമെല്ലാം ഒരുപോലെയാണ്. എല്ലാ പൗരന്‍മാരുടേയും ആവശ്യങ്ങള്‍ക്കനുസൃതമായി ഇടപെടും. മുന്‍പൊരിക്കല്‍ ഈസ്റ്റ് ഹാം ലൈബ്രററിയുമായി ബന്ധപ്പെട്ട് ഒരു പരാതി എം.പിക്കയച്ചു. ഇന്‍ഡ്യയില്‍ നിന്നുളള പുസ്തകങ്ങള്‍ ഹിന്ദി, മലയാളം, പഞ്ചാബി, ഗുജറാത്തി, തമിഴ് പുസ്തകങ്ങള്‍ ലഭ്യമാണ്. എന്‍റെ പരാതിയുടെ ഉളളടക്കം എന്തുകൊണ്ട് മറ്റ് ഭാഷകളില്‍ നിന്നുള്ള പുസ്തങ്ങളെപോലെ മലയാളവും ലഭിക്കുന്നില്ല. മറ്റുള്ളവരെ കാണിക്കാന്‍ മാത്രം മലയാളം പുസ്തകങ്ങള്‍ മതിയോ? .ലൈബ്രിറ്റി കൗണ്‍സില്‍ എനിക്കു തന്ന ഉത്തരം തൃപ്തികരമല്ലാത്തതിനാലാണ് ഞാന്‍ എം.പിയെ സമീപിച്ചത്. എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം എന്നെ തേടി വന്നു. പക്ഷേ ഇതിവിടെ സാധാരണയാണ്. എന്നെ ആശ്ചര്യപ്പെടുത്തിയത് ഒരു ജനപ്രതിനിധി പരാതിക്കാരനെ തേടി എത്തുന്നു എന്നതാണ്. ഇവരൊന്നും സ്വന്തം കാര്യത്തിനായി, അധികാരത്തിനായി ജീവിക്കുന്നവരല്ല. ഇവരുടെ പ്രവര്‍ത്തികള്‍ ആണ് ജനങ്ങളെ സ്വാധീനിക്കുന്നത്. മറിച്ച് പ്രസംഗങ്ങളും പ്രസ്താവനകളുമല്ല. ഒരു ഇന്‍ഡ്യാക്കാരന്‍ പ്രതീക്ഷിക്കാത്തത് ഇവിടെ സംഭവിക്കുന്നു. ഏതൊരു മനുഷ്യനും അത് ആത്മ സംതൃപ്തി നല്‍കുന്നു. സ്റ്റിഫന്‍ ടിംസ് എം.പിയാണ് എന്‍റെ ഇംഗ്ലീഷ് നോവല്‍ മലബാര്‍ എ ഫ്ളെയിം കേരളത്തിലെ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ് നല്‍കി ബ്രിട്ടീഷ് പാര്‍ലമെന്‍റ് മന്ദിരത്തില്‍ വെച്ച് പ്രകാശനം ചെയ്തത്. ട്രെയിന്‍ ഹാമര്‍റ്റന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ ഇറങ്ങി. ഉടന്‍ തന്നെ എയര്‍പോര്‍ട്ടിലേക്കുളള പിക്കാടിലി ട്രെയിന്‍ വന്നു. അതില്‍ കയറി. ഡിസ്ട്രിക്ക് ലൈനേക്കാള്‍ വേഗത കൂടുതലാണ് പിക്കാടിലിക്ക്. ഞങ്ങളുടെ അടുത്തിരുന്നത് ജപ്പാനില്‍ നിന്നുളള വിദ്യാര്‍ത്ഥിനികളാണ്. അവരുടെ ഭാഷയില്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലായില്ല. പുറത്ത് ചാറ്റല്‍ മഴ പെയ്യുന്നുണ്ട്. ഞങ്ങള്‍ ഹിത്രു വിമാനത്താവളത്തിലെത്തി. ഞങ്ങളുടെ മുന്നിലൂടെ 70 പതിലധികം പ്രായം തോന്നിക്കുന്ന ദമ്പതികള്‍ ചെറുപ്പക്കാരേക്കാള്‍ വേഗതയില്‍ മുന്നോട്ടു നടന്നു. ബ്രീട്ടീഷുകാര്‍ അവരുടെ ജീവിതാവസാനം വരെ യാത്ര ചെയ്യുന്നവരാണ്.

ഏതോ തീരങ്ങള്‍ തേടി അവര്‍ ധൃതിയില്‍ പോകുന്നു. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണിത്. ലണ്ടനിലാകെ 5 രാജ്യാന്തര വിമാനത്താവളങ്ങളാണുളളത്. ലണ്ടന്‍ ഹിത്രു, ലണ്ടന്‍ ഗാറ്റ്വിക്ക്, ലണ്ടന്‍ സിറ്റി, (ഇത് ഈസ്റ്റ് ഹാമിനടുത്താണ്) , ലുറ്റന്‍, സ്റ്റാന്‍സ്റ്റെട്ട് . ബ്രിട്ടനില്‍ പ്രധാനമായും ഇരുപത് വിമാനത്താവളങ്ങളുണ്ട്. ഞങ്ങള്‍ ബന്ധുക്കളെ യാത്രയാക്കിയിട്ട് തിരികെ ലണ്ടന്‍റെ ആകര്‍ഷക കേന്ദ്രങ്ങളായ മോഡേണ്‍ മ്യൂസിയങ്ങളും ഗാലറികളും കാണാനായ് യാത്രയായി. വിശ്വ പ്രസിദ്ധങ്ങളായ ധാരാളം മ്യൂസിയങ്ങളും ആര്‍ട്ട് ഗാലറികളും ലണ്ടനിലുണ്ട്. ഈ നഗരത്തിന് എന്നും പുരോഗതിയുടെ ചരിത്രം മാത്രമേ പറയാനുളളു. അതിനാല്‍ ഏതൊരു സഞ്ചാരിക്കും ആദരം മാത്രമേ ഉളളൂ. ബ്രിട്ടീഷ് സാമ്രാജ്യം എഴുപതിലധികം രാജ്യങ്ങള്‍ അടക്കി ഭരിച്ചിട്ടുളളവരാണ്. അവര്‍ ഭരണം നടത്തിയ രാജ്യങ്ങളിലെല്ലാം മനുഷ്യ പുരോഗതിയും മുന്നില്‍ കണ്ടിരുന്നു. ഇന്‍ഡ്യയിലെ എത്രയെത്ര അന്ധ വിശ്വാസങ്ങളും ആചാരങ്ങളും അടിമത്വവുമാണ് അവര്‍ അവസാനിപ്പിച്ചത്. അതില്‍ കൃസ്തീയ മിഷണറിമാരുടെ പങ്ക് വളരെ വലുതാണ്. എന്നാല്‍ മറ്റു രാജ്യങ്ങളേക്കാള്‍ സ്വന്തം രാജ്യം പുനര്‍സൃഷ്ടിക്കാനാണ് അവര്‍ ശ്രമിച്ചത്. അതിനെ അവരുടെ രാജ്യസ്നേഹമായിട്ടേ കാണാന്‍ സാധിക്കൂ. രാജ്യസ്നേഹികളായ ഭരണാധിപന്‍മാര്‍ക്കൊപ്പം ശാസ്ത്ര-സാങ്കേതിക-കലാ-സംഗീത- സാനിത്വ രംഗത്തുളളവരും കൈകോര്‍ത്തപ്പോള്‍ ലണ്ടന്‍ നഗരം ഒരു വിസ്മയമായി മാറി.

ഞാനും ഓമനയും ആദ്യം കാണാന്‍ പോയത് ആര്‍ട്ട് ഗാലറിയാണ്. ഈ റ്റേയ്റ്റ് മോഡേണ്‍ ഗാലറിക്ക് അകത്തും പുറത്തും ആള്‍ത്തിരക്കാണ്. ഇതിനുളളിലെ ആകര്‍ഷങ്ങളായ ഓരോ ചിത്രങ്ങളും 1947-1963 കാലയളവിലുളളതാണ്. ഇതിനുള്ളിലേ ഓരോ കലാ -ശില്പങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ മനസ്സിന് ഉണര്‍വ് മാത്രമല്ല എല്ലാം ഷീണവും മാറും. ഈ ലോകത്തിന്‍റെ ചരിത്ര വീക്ഷണം വര്‍ണ്ണിക്കുന്ന മാനവികതയുടെ കാവ്യശോഭകളാണ് വെസ്റ്റ് മിനിസ്റ്ററിലെ ആര്‍ട്ട് മ്യൂസിയം, വൈറ്റ് ചാപ്പലിലെ ഗാലറി, ഒക്ടോബര്‍ ഗാലറി, 1976-ല്‍ തീര്‍ത്ത സെന്‍റ് പോള്‍സ് കത്തീഡ്രലിനടുത്തുളള ലണ്ടന്‍ മ്യൂസിയത്തിലെ കാഴ്ചകളൊക്കെ എന്നെ അദ്ഭുതപ്പെടുത്തി. ചില ശില്പങ്ങള്‍ കണ്ടാല്‍ ഒന്ന് ചുംബിക്കാനോ മാറോടണക്കാനും തോന്നും. ഓരോ ശില്‍പങ്ങളും ചിത്രങ്ങളും എന്‍റെ മുന്നില്‍ നീരാടി നിന്നു. അത് മനോഹരമായ ഒരു അനുഭവമാണ്.

മോഡേണ്‍ ആര്‍ട്ട് ഗാലറിയില്‍ സംഗീതോപകരണങ്ങളുടെ ശ്രുതി മാധുര്യമില്ലാതെ തന്നെ ഓരോ കലാ സൃഷ്ടിയും സൗന്ദര്യ സമര്‍ദ്ധിയാല്‍ നിറഞ്ഞു നില്‍ക്കുന്നു. ഇതിന്‍റെ മുകളിലെ നിലകളിലും അതി മനോഹരങ്ങളായ ധാരാളം കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മദ്ധ്യഭാഗത്തുള്ള ഇരിപ്പിടത്തില്‍ ഒരു ചിത്രകാരന്‍ ഭിത്തിയിലുളള ചിത്രത്തെ തന്‍റെ പേപ്പറിലേക്ക് പകര്‍ത്തുന്നു. ഈ കോപ്പിയടി യൂരോപ്പിലെ പ്രമുഖ ദേവാലയങ്ങളിലും ഗാലറികളിലും കാണുന്ന കാഴ്ചയാണ്. ചിത്ര രചനകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇതൊരു പ്രചോദനമാണ്. ജര്‍മ്മനിയിലെ കോളോണ്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുളള അതിമനോഹരമായ ശില്‍പഭംഗിയില്‍ തീര്‍ത്തിരിക്കുന്ന ദേവാലയത്തിനുളളില്‍ ഒന്നിലധികം ചിത്രകാരികളും ചിത്രകാരന്‍മാരും ദേവാലയത്തിനോട് ചേര്‍ന്നുളള സുന്ദരചിത്രങ്ങളും മാര്‍ബിള്‍ ശില്‍പങ്ങളും അതിനുടത്തിരുന്ന് പകര്‍ത്തുന്നതം കണ്ടിട്ടുണ്ട്. ഇത് പാരീസ് നഗരത്തിലെ മലമുകളിലുളള കത്തീഡ്രലിലും കണ്ടു. ദേവാലയത്തിനുളളില്‍ തന്നെ ചുറ്റി നടക്കാനുളള നടപ്പാതയുമുണ്ട്. അതിന്‍റെ മദ്ധ്യഭാഗത്താണ് വിശുദ്ധ കുര്‍ബാനയും മറ്റ് ആരാധനകളും നടക്കുന്നത്. ഈ ദേവാലയങ്ങള്‍ ആരാധനാകേന്ദ്രങ്ങള്‍ മാത്രമല്ല ഇതൊരു വിനോദ കേന്ദ്രം കൂടിയാണ്. നാഷണല്‍ ഗാലറിയില്‍ കണ്ടതും ഇരുപതാം നൂറ്റാണ്ടില്‍ വരച്ച രണ്ടായിരത്തിലധികം പെയിന്‍റിംഗ്സ് ആണ്. അതെല്ലാം വരച്ചിരുന്നത് അനുഗ്രഹീത കലാകാരന്‍മാരായ മൈക്കല്‍ എയ്ഞ്ചലോ, ഡാവിഞ്ചി, ബേട്ടിസെലീ, വാന്‍ഗോഗ് തുടങ്ങിയ ധാരാളം കലാകാരന്മാരാണ്.

അടുത്ത ദിവസങ്ങളില്‍ ഞാനൊറ്റയ്ക്കാണ് യാത്ര ചെയ്തത്. അതുകൊണ്ട് ചിലയിടങ്ങളില്‍ ഞാന്‍ ആഗ്രഹിച്ചത്രയും സമയം ഓരോ സ്ഥലത്തും ചിലവിടാന്‍ സാധിച്ചു. ലണ്ടനിലെ ബ്രീട്ടീഷ് മ്യൂസിയം, നാച്യുറല്‍ ഹിസ്റ്ററി മ്യൂസിയം , വിക്ടോറിയ ആല്‍ബര്‍ട്ട് മ്യൂസിയം, സയന്‍സ് മ്യൂസിയം ഇവയെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ആരേയും അത്യന്തം ആകര്‍ഷിക്കുന്ന സൗന്ദര്യമുളള ചിത്രങ്ങള്‍, ശില്‍പങ്ങള്‍ ഇവര്‍ക്ക് ജന്മാവകാശമായി കിട്ടിയതാണോ എന്ന് തോന്നും. ഇതും ബ്രിട്ടണില്‍ മാത്രമല്ല. ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, സെപെയിന്‍, വിയന്നാ, സ്വിറ്റസര്‍ലണ്ട്, അമേരിക്ക, പോര്‍ട്ടുഗീസ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ കണ്ടതും മനോഹര ചിത്രങ്ങളും മനോഹര ശില്‍പങ്ങളും തന്നെ. പക്ഷേ എണ്ണത്തില്‍ ഇത്രത്തോളമില്ലന്ന് തോന്നും. മനുഷ്യ ജീവിതത്തിന്‍റെ ഉള്‍ത്തുടിപ്പുകള്‍ ജന ഹൃദയങ്ങളില്‍ എത്തിക്കുവാന്‍ കലാസൃഷ്ടിക്ള്‍ക്ക് കഴിയുമെന്ന് ഇവയോരോന്നും പഠിപ്പിക്കുന്നു. ഈ പ്രപഞ്ചത്തിന്‍റെ ഓരോ കോണില്‍ ഒളിഞ്ഞിരിക്കുന്ന ആ അതുല്ല്യ സൗന്ദര്യത്തെ കണ്ടെത്തി മനുഷ്യന് നല്‍കുന്നു. അവര്‍ സൃഷ്ടിക്കുന്ന സൗന്ദര്യ തലങ്ങള്‍ സാധാരണ മനുഷ്യന് പെട്ടന്ന് മനസ്സിലാകണമെന്നില്ല. ലണ്ടന്‍ മ്യൂസിയങ്ങളിലും ഗാലറികളിലും കലാസാഹിത്യ രംഗത്തുളള സൃഷ്ടികള്‍ മാത്രമല്ല. ശാസ്ത്ര സാങ്കേതിക രംഗത്തുനിന്നുമുളള സൃഷ്ടികളുമുണ്ട്. കെന്‍ഡിങ്ങ്ടണ്‍ ഹൈസ്ട്രീറ്റിലുളള ഡിസൈന്‍ മ്യൂസിയം, കോണ്‍വെന്‍റ് ഗാര്‍ഡനിലെ ലണ്ടന്‍ ട്രാന്‍സ്പോര്‍ട്ട് മ്യൂസിയം, വാട്ടര്‍ലു സ്റ്റേഷനടുത്തുളള ഇംപീരിയര്‍ വാര്‍ മ്യൂസിയം തുടങ്ങിയവയെല്ലാം ശ്രദ്ധേയമാണ്. ഓരോ മ്യൂസിയവും ഗാലറിയും കണ്ട് നടക്കുമ്പോള്‍ ഒരു സത്യം ഞാന്‍ മനസ്സിലാക്കി. ഈ രാജ്യങ്ങളിലെ മനുഷ്യര്‍ക്ക് നല്ല തിരിച്ചറിവ് മാത്രമല്ല വിവേകവും ഉളളവരാണ്. മതത്തേക്കാള്‍ മനുഷ്യാവകാശങ്ങള്‍ക്കും നേരേ നടക്കുന്ന നിന്ദ്യവും ക്രൂരവുമായ കടന്നാക്രമണങ്ങളെ, ഫ്യൂഡല്‍ സംസ്ക്കാരത്തെ വലിച്ചെറിയാനും പുരോഗമനാശയങ്ങളെ മനുഷ്യ മനസ്സുകളില്‍ രൂപപ്പെടുത്തുവാനും ശാസ്ത്ര-സാഹിത്യ-കലാ രംഗത്തുളളവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതും ഈ ജനത്തിന് ലഭിച്ച സൗഭാഗ്യമാണ്. ഒരു സമൂഹത്തെ അവരുടെ ചരിത്ര പാരമ്പര്യ സംസ്ക്കാരത്തെ ഉറപ്പിച്ചുകൊണ്ടുളള ഒരു മുന്നേറ്റം നമ്മേ ആശ്ചര്യപ്പെടുത്തുന്നു. അവരുടെ ആശയ ബോധം സ്വന്തം വീട് വൃത്തിയാക്കുന്നതുപോലെ പരിസരങ്ങളും സുന്ദരമായി കിടക്കണമെന്നാണ്. അതും ഈ നഗരത്തിന്‍റെ ഓരോ കോണിലെ ഓരോരു കഥാപാത്രങ്ങലായി പ്രത്യക്ഷപ്പെടുന്നു. ഇവിടുത്തെ ദരിദ്രനിലും സമ്പന്നനിലും ഒരു വ്യക്തിത്വ ബോധമുണ്ട്. അതവരെ പ്രതീക്ഷയിലേക്ക് വഴി നടത്തുന്നു. അത് പ്രതീക്ഷാനിര്‍ബരമായ ഒരു സഹനം കൂടിയാണ്.്. ആ സഹനം അവരെ എത്തിക്കുന്നത് സുന്ദരമായ ഒരു ജീവിതത്തിലേക്കാണ്. അവിടെ ജാതിയോ മതമോ കറുപ്പോ വെളുപ്പോ അതിര്‍ വരമ്പുകളോ ഇല്ല.

വാട്ടര്‍ലു സ്റ്റേഷനടുത്തുളള വാര്‍ മ്യൂസിയം കണ്ട് മടങ്ങുമ്പോഴാണ് വഴിയരികില്‍ രണ്ട് യുവാക്കള്‍ ശണ്ഠകൂടുന്നു. ഒരാളുടെ കൂടെയുണ്ടായിരുന്ന യുവതി മാറിനിന്ന് പോലീസിനെ വിളിച്ചു. മിനിറ്റുകള്‍ക്കകം പോലീസെത്തി. പോലീസ് കാര്‍ റോഡരികിലിട്ട് രണ്ടു പോലീസ്കാര്‍ യുവാക്കളുടെ അടുത്തെത്തി. പോലീസുകാരില്‍ ഒരാള്‍ യുവതിയാണ്. അവരുടെ യൂണിഫോം വെയിലില്‍ മിന്നിത്തിളങ്ങുനു. അവര്‍ എന്താണ് സംസ്സാരിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ ദൂരെ നിന്ന് അവിടെ നടക്കുന്നത് ശ്രദ്ധിച്ചു. അവര്‍ സംസ്സാരിച്ച് പ്രശ്നം പരിഹരിച്ചു. യുവാവും യുവതിയും നടന്നു നീങ്ങി. ശണ്ഠ കൂടിയ യുവതി മറ്റൊരു വഴിയും. അവരെ വണ്ടിയില്‍ കയറ്റി പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോകാനൊന്നും അവര്‍ശ്രമിച്ചിട്ടില്ല. കൈക്കൂലി ഇന്‍ഡ്യയിലേതുപോലെ വാങ്ങാന്‍ ശ്രമിച്ചിട്ടുമില്ല. എന്തോ നിസ്സാര പ്രശ്നം അവിടെയവര്‍ പറഞ്ഞു തീര്‍ത്തു. അനന്തര നടപടികളും സമയനഷ്ടവും ഒഴിവാക്കി.

കുറ്റമറ്റ പോലീസ് സംവിധാനമാണ് ബ്രിട്ടനിലേതെന്ന് കേട്ടിട്ടുണ്ട്. നമ്മള്‍ ജനമൈത്രി പോലീസ്, മോഡല്‍ പോലീസ് സ്റ്റേഷന്‍ എന്നൊക്കെ പറയാറുണ്ട്. പക്ഷേ സമീപനത്തില്‍ കാതലായ മാറ്റം കാണുന്നില്ല. ഇവിടെ പ്രവര്‍ത്തനത്തിലൂടെയാണ് തങ്ങള്‍ ജനമൈത്രി പോലീസ് ആണെന്ന് തെളിയിക്കുന്നത്. ജന സേവകരും അങ്ങനെയാണ്. ഇന്‍ഡ്യന്‍ പോലീസ് നിയമ വകുപ്പുകള്‍ രാഷ്ട്രീയ ഭരണത്തില്‍ നിന്ന് മോചനം നേടാന്‍ കാലമായിരിക്കുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *