പാതിരാ കഴിഞ്ഞ നേരത്ത് ടെലിഫോണ്‍ ശബ്ദിച്ചു.ഞാന്‍ ഉറങ്ങിയിരുന്നില്ല ,റിസീവര്‍ എടുത്തു
അപരിചിത സ്ത്രീശബ്ദം “ഹലോ എനിക്ക് ഡോ. ജോയെ ഒന്നു ഫോണില്‍ കിട്ടുമോ?”
“ഇത് ജോ ആണ്”
“ഹായ് ഡോക്ടര്‍ അസമയത്ത് ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കണം”
ഇത് ആരാണ് ഈ പാതിരാവില്‍? ഒരു പക്ഷേ നമ്പര്‍ തെറ്റിയതാവും ഏതോ രോഗി സഹായം തേടുകയാണ്. ഡയറക്ടറിയില്‍ ഡോക്ടര്‍ എന്നു കണ്ട് വിളിച്ചതാവും. പക്ഷേ സ്വന്തം ഡോക്ടറേ വിളിക്കുമ്പോള്‍ നമ്പര്‍ പിശകുമോ ? ജോ എന്ന പേര് അത്ര സാധാരണവുമല്ല.
ആകെ ഒരു വല്ലായ്മ തോന്നി.
എന്തു പറയണമെന്ന് അറിയാതെ കുഴങ്ങുമ്പോള്‍ വീണ്ടും
“ഡോക്ടര്‍ നമ്പര്‍ തെറ്റി വിളിക്കുന്നതല്ല .ഞാന്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് ഞങ്ങളുടെ ഫ്ളൈറ്റ് വളരെ വൈകിയാണ് ലാന്‍ഡ് ചെയ്യുന്നത് ?”
തെല്ലിട നിശബ്ദത
ഞാന്‍ ശ്രദ്ധാപൂര്‍വ്വം കേട്ടുനിന്നു.
“എനിക്ക് മണിമല വരെ പോകണം. ഈ സമയത്ത് നമ്മുടെ നാട്ടില്‍ ഒരു സ്ത്രീ ഒറ്റയ്ക്ക് എങ്ങനെ യാത്ര ചെയ്യും? പുലര്‍ന്നിട്ട് ടാക്സിയില്‍ പുറപ്പെടാമെന്നാണ് വിചാരം. എയര്‍പോര്‍ട്ടിലിരുന്ന് നേരം വെളുപ്പിക്കാന്‍ പ്രയാസം. ഞാന്‍ ആകെ ടയേഡ് ആണ് ആംസ്റ്റര്‍ ഡാമില്‍ നിന്നും ഇന്നലെ പുറപ്പെട്ടു. ഇടയ്ക്ക് ഏറെ ഡിലേ വന്നു. ഡോക്ടര്‍ എന്നെ ഏതെങ്കിലും നല്ല ഹോട്ടലില്‍ ഒന്നു ഡ്രോപ്പ് ചെയ്താല്‍ മതി.സോറി റ്റു ഡിസ്റ്റര്‍ബ് യു.”
സ്വരത്തില്‍ നിസ്സഹായത, അപേക്ഷാ ഭാവം.
പക്ഷേ ഈ അവതാരത്തെ എനിക്ക് തീരെ പരിചയം തോന്നുന്നില്ലല്ലോ.പിറക്കാന്‍ പോകുന്നത് ഏപ്രില്‍ ഒന്നാം തീയതിയല്ല. ഇക്കാലത്ത് ഈ ഒരു ദിവസം ഓര്‍മ്മയില്‍ വെച്ചു തമാശകളിക്കാന്‍ ആര്‍ക്കാണ് സാവകാശം.
ഇതു പിന്നെ എന്താവും?
“ഡോക്ടര്‍ ഇപ്പോള്‍ ആലോചിക്കുന്നത് എന്താണെന്ന് എനിക്കറിയാം. താങ്കളുടെ നമ്പര്‍ എങ്ങനെ കിട്ടി എന്നല്ലേ? നാം ഒരിക്കല്‍ ഫ്ളൈറ്റില്‍ വെച്ച് പരിചയപ്പെട്ടിട്ടുണ്ട്.ഏതാനും വര്‍ഷം മുമ്പ്. താങ്കള്‍ അന്ന് ടെല്‍ അവീവിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ബോംബയില്‍ നിന്ന് കെയ്റോ വരെ ഖത്തര്‍ എയര്‍വേയ്സിന്‍റെ വിമാനത്തില്‍ നാം അടുത്തടുത്താണിരുന്നത്.ഞാന്‍ മദ്ധ്യതിരുവതാംകൂര്‍കാരിയാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ നാട്ടില്‍ വരുമ്പോള്‍ വിളിക്കാന്‍ എനിക്ക് നമ്പര്‍ തന്നു.”
ഓര്‍മയുടെ ചുരുളുകള്‍ ഒന്നൊന്നായി നിവരുകയാണ്. പത്തു വര്‍ഷം മുന്‍മ്പ്, എന്‍റെ വിദേശയാത്രകളില്‍ അവിസ്മരണീയമായ നക്ഷത്രപഥം,ബൈബിളിലൂടെ തുടക്കം മുതല്‍ ഒടുക്കം പലവട്ടം യാത്രചെയ്തപ്പോള്‍ ഉള്ളില്‍ ഉണര്‍ന്ന സഞ്ചാരകൗതുകത്തിന് സാഫല്യം സംഭവിച്ച മുഹൂര്‍ത്തമായിരുന്നു അത്.
നേരത്തെ തയ്യാറാക്കിവെച്ച യാത്രാപരിപാടികള്‍ മുഴുവന്‍ തെറ്റി. പെട്ടന്നൊരുദിവസം പുറപ്പെടേണ്ടി വന്നപ്പോള്‍ അനിശ്ചിതത്വം അവശേഷിച്ചു. അതിന്‍റെ അസ്വസ്ഥതകള്‍ക്കിടയില്‍ എമിഗ്രേഷന്‍ കൗണ്ടറില്‍ നേരിടെണ്ടി വന്ന അസുഖകരമായ ചോദ്യങ്ങള്‍ അനാവിശ്യമായ കാലവിളംബം, കൂടെയുള്ളവര്‍ തീര്‍ത്ഥാടക വേഷത്തില്‍ എളുപ്പം ഡിപ്പാര്‍ച്ചര്‍ കവാടത്തിന് നേര്‍ക്ക് നടന്നപ്പോള്‍ എഴുത്തുകാരനാണെന്ന സത്യം വെളിപ്പെടുത്തിയ തെറ്റിന് സന്ദേഹങ്ങളുടെ ശരവര്‍ഷം, ബൈബിള്‍ വായിക്കാം, യേശുവിനെ ആരാധിക്കാം, അതിനപ്പുറം പഠനമോ സ്വതന്ത്രമായ അന്വേഷണമോ?. ആ ജന്മ സ്ഥലിയില്‍ കേവല തീര്‍ത്ഥാടനത്തിനപ്പുറം എന്തു സര്‍ഗാത്മക സൃഷ്ടികള്‍?.
ഏതോ സ്വകാര്യ കമ്പിനിയുടെ ട്രേഡ്മാര്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ പോലെ മഹജ്ജീവിതങ്ങള്‍ നോക്കികാണുന്നതിന്‍റെ അനൗചിത്യം എന്നെ അസ്വസ്ഥനാക്കി. യേശുവിനെ ക്രിസ്തുവായി,ഗുരുവും, സ്നേഹിതനുമായി സ്വീകരിച്ച എനിക്ക് ഈ പാദമുദ്രകള്‍ പതിഞ്ഞ ഭൂമിയുടെ സ്പന്ദനവും, സൗന്ദര്യവും പ്രചോദകം. എന്‍റെ എഴുത്തിന്‍റെ വഴികളില്‍ പ്രകാശം നിറയ്ക്കുന്ന നക്ഷത്രത്തെ തേടിയാണ് യാത്ര. അവന്‍ ജന്മം കൊണ്ട് ബേത്ലഹേം, അതിനും മുന്‍പ് ഈ മംഗളവാര്‍ത്തയില്‍ പുളകം കൊണ്ട തടിനീ തീരം. പിന്നെ അവന്‍ സഞ്ചരിച്ച കാറ്റിന്‍റെ വഴികള്‍, പര്‍വ്വതങ്ങള്‍ സംസാരിക്കുന്നതുപോലെ അവന്‍റെ വചനങ്ങള്‍ ഉണര്‍ത്തിയ ഗലീലി, കപ്പര്‍ണ്ണ ഹോം, ഒടുവില്‍ മനുഷ്യപുത്രന്‍റെ രക്തം വീണു തുടുത്ത മണ്ണ്-
നീണ്ടു നിന്ന വാചിക പരീക്ഷകള്‍ക്കും പരിശോധനകള്‍ക്കും ശേഷം വിമാനത്തില്‍ കയറുമ്പോള്‍ കാബിനുകള്‍ നിറഞ്ഞു കഴിഞ്ഞു. എന്‍റെ സാമാന്യം വലിപ്പമുള്ള ഹാന്‍ഡ് ബാഗേജിന് സ്ഥലം തേടി വിഷമിക്കുമ്പോള്‍ സഹായിക്കാന്‍ സന്നദ്ധയായ സഹയാത്രിക.അവള്‍ സ്വന്തം ബാഗുകള്‍ ഒതുക്കി വെച്ചു ഹൃദയപൂര്‍വ്വം സഹകരിച്ചു.
നന്ദി പറഞ്ഞ് അടുത്ത സീറ്റില്‍ സമാധാനം വീണ്ടെടുക്കാന്‍ ശ്രമിച്ച് ഇരുപ്പുറപ്പിച്ചു
“ആര്‍ യൂ ലീവ് ഇന്‍ കെയ്റോ?” ആര്‍ദ്രമായ സ്വരം തേടിവന്നു.
“അല്ല. ഞാന്‍ കെയ്റോ വഴി ടെല്‍അവീവിലേക്ക് യാത്ര ചെയ്യുകയാണ്.ടെല്‍അവീവില്‍ നിന്ന് എയര്‍ സീനായ് ഫ്ളൈറ്റു മാറിക്കയറണം”
“വേര്‍ ആര്‍ യൂ ഫ്രം? സൗത്ത്?” വീണ്ടും അന്വേഷണം
“അതേ, ഇന്ത്യയുടെ തെക്കേ അറ്റത്തു നിന്ന്; കേരളത്തില്‍ നിന്ന്”
” ഓ ഗോഡ്! താങ്കള്‍ മലയാളിയാണോ?”
“അതേ.” അവളുടെ മലയാളത്തിലുള്ള പ്രതികരണം എന്നെയും അത്ഭുതപ്പെടുത്തി.
ഞങ്ങള്‍,കേരളീയര്‍ യാദൃച്ഛികമായി ആകാശപഥത്തില്‍ സന്ധിക്കുന്നു.വിവിധ ജനപഥങ്ങള്‍ക്കിടയില്‍ സ്വകാര്യതകള്‍ പങ്കുവെച്ച്, പലഭാഷകള്‍ സംസാരിക്കുന്നവരുടെ മദ്ധ്യേ മലയാളത്തിന്‍റെ മധുരം നുണഞ്ഞ് മനോഹര യാത്ര.
വേഗത്തില്‍ ഞങ്ങള്‍ സ്നേഹിതരായി, പരസ്പരം അറിയുകയും അന്വേഷിക്കുകയും ചെയ്ത മണിക്കൂറുകള്‍.
മണിമലക്കുന്നിന്‍റെ താഴ്വരയില്‍ പിറന്ന അവള്‍ മരിയ ജോസ്; പുണ്യപുരാതന കുടുംബാംഗം.മൂന്നു കുഞ്ഞാങ്ങളമാര്‍ക്കിടയില്‍ പൊന്നനിയത്തി. സ്കൂള്‍ പഠനകാലത്ത് അവളുടെ മനസ്സില്‍ ഒരു പ്രണയം തളിരിട്ടു.കോളേജില്‍ എത്തിയപ്പോള്‍ അത് പൂത്തുലഞ്ഞു. ടൗണില്‍ ബസ്റ്റോപ്പിനരുകില്‍ മോട്ടോര്‍ വര്‍ക്ക്ഷോപ്പ് മെക്കാനിക്കായ സഹദേവന്‍.നാട്ടിന്‍പുറത്തെ ശൈലിയില്‍ പുറജാതിക്കാരന്‍, ദരിദ്രകുടുംബാംഗം. പകലന്തിയൊളം അദ്ധ്വാനിച്ച് മാതാപിതാക്കളെ സംരക്ഷിക്കുന്നു.
രാവിലെ കോളേജിലേക്ക് ഇറങ്ങുന്ന മരിയ പലപ്പോഴും കാഞ്ഞിരപ്പള്ളി ബസ് കയറാതെ സഹദേവന്‍റെ പണിശാലയില്‍ പകല്‍ കഴിച്ചു. സായാഹ്നത്തിന്‍റെ അടയാളങ്ങള്‍ മരിയയില്‍ പ്രത്യക്ഷപ്പെട്ടത് കാലത്തിന്‍റെ വിധി വീട്ടുകാരുടെ ചോദ്യം ചെയ്യലുകള്‍, മര്‍ദ്ദനങ്ങള്‍. ഒരു രാത്രി മരിയയും സഹദേവനും സിനിമസ്റ്റൈലില്‍ നാടുവിട്ടു. നേരെ മദിരാശി പട്ടണത്തിലേക്ക്.
സുന്ദരിയായ മരിയയ്ക്ക് സിനിമാഭിനയം സ്വപ്നമായത് സ്വഭാവികം, സഹദേവനും സാങ്കേതിക രംഗത്ത് പ്രവേശനം കൊതിച്ചു. പക്ഷേ അതിനു മുന്‍പ് അണിയറയിലെ അഭിനയത്തിന് ശയ്യ ഒരുങ്ങിയപ്പോള്‍ മരിയയ്ക്ക് രക്ഷാവഴികള്‍ തേടേണ്ടി വന്നു.ഫലമോ,പട്ടിണി, തലചായ്ക്കാന്‍ ഇടമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാദ്ധ്യതയാവുന്ന സ്ത്രീ സൗന്ദര്യം.
വഴിയോരത്ത് ഉറങ്ങുന്ന അഭയാര്‍ത്ഥികള്‍ക്കൊപ്പം ഒരു രാത്രി, അവര്‍ ശ്രീലങ്കക്കാരായ തമിഴ് വംശജര്‍. മരിയയും,സഹദേവനും അവരുടെ ഗണത്തില്‍ എണ്ണപ്പെട്ടു. ഏതോ സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്ത സൗജന്യഭക്ഷണം കിട്ടി. അത്യാവശ്യത്തിന് വസ്ത്രവും. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മരിയ മരതകമായി. സഹദേവന്‍ അന്‍പരശനും ഒത്തു വന്ന അവസരത്തില്‍ അവര്‍ ശ്രീലങ്കയിലെത്തി. അവിടെ ഡച്ചു മിഷനറിമാരുടെ ഹോസ്പിറ്റലില്‍ ജോലിയുമായി
ഒരു പുതിയ ജീവിതത്തിന് തുടക്കം. നഴ്സിംഗ് പഠിക്കാത്ത മരിയ സിസ്റ്റര്‍ മരതകമായി. ആശുപത്രി അധകൃതരുടെ ഒത്താശയില്‍ ശ്രീലങ്കന്‍ പാസ്പോര്‍ട്ടില്‍ മരതകവും അന്‍പരശനും ഹോളണ്ടിലേക്ക് യാത്രയായി. സാഹസികതകളുടെ പര്യവസാനം.
കഥകള്‍ കേട്ടിരുന്നപ്പോള്‍ ഏതോ മായാലോകത്തില്‍ അകപ്പെട്ടതുപോലെ തോന്നി. അരികിലിരിക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്‍റെ അഗ്നിച്ചുവടുകള്‍ മനസ്സില്‍ നീറ്റലുണ്ടാക്കി.
“ഒന്നും ഞാന്‍ ഓര്‍മ്മിക്കാറില്ല ഡോക്ടര്‍. അതിനു തുടങ്ങിയാല്‍ ഇപ്പോഴും ഭയം തോന്നും ജീവിതം കൊണ്ട് ഒരു കളി. പലപ്പോഴും തളര്‍ന്നു പോയി, തകര്‍ന്ന് പോകരുത് എന്ന വാശി ആരോടോ പകതീര്‍ക്കുന്നതു പോലെ ഒരു പക്ഷേ എന്നോടു തന്നെയാകാം. ചെയ്തു പോയ വിഡ്ഢിത്തങ്ങളോട്.”മരിയ അഥവാ മരതകം ചിരിക്കാന്‍ ശ്രമിച്ചു. ആ ചിരിയില്‍ കണ്ണുനീരിന്‍റെ നനവ്.
“ഇപ്പോള്‍ ഒരു കരപറ്റി എന്നു പറയാം. ഹോളണ്ടില്‍ നഴ്സിംഗ് ജോലിക്ക് ശ്രമിച്ചു. പക്ഷേ ഞങ്ങള്‍ ഇരുവര്‍ക്കും ഒരിടത്തു കഴിയാന്‍ അവസരം ഒരുങ്ങിയില്ല. ബാങ്കുകളുടെ സഹായത്തോടെ കാര്‍ഷിക രംഗത്തേക്ക് തിരിഞ്ഞു.ഇപ്പോള്‍ ഞങ്ങള്‍ക്ക് സ്വന്തമായി കൃഷിയിടങ്ങളുണ്ട്. വിവിധ നഗരങ്ങളിലേക്ക് വെജിറ്റബിള്‍സ് കയറ്റി അയയ്ക്കുന്നു. ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്ക് ഹ്യൂമണ്‍ പവര്‍ കയറ്റി അയയ്ക്കുന്ന ചിലകമ്പിനികളില്‍ പാര്‍ട്ണര്‍ഷിപ്പുണ്ട ് ബോംബേയില്‍ അത് സംബന്ധിച്ച കാര്യങ്ങള്‍ക്ക് വന്ന് മടങ്ങുകയാണ് ഞാന്‍. കെയ്റോയിലുമുണ്ട് ചില ഇടപാടുകള്‍.”
അനുധിനം വിപുലമാകുന്ന തൊഴില്‍ മേഖലയില്‍ വ്യാപൃതയായിരിക്കുന്ന മരിയയുടെ വിജയകഥകള്‍ എന്നെ ആകര്‍ഷിച്ചു.സ്നേഹിച്ച പുരുഷനുമൊത്ത് നാടുവിട്ട നിരാലംബയായ നാട്ടിന്‍പുറത്തുകാരിയില്‍ നിന്ന് ഇപ്പോഴത്തെ ഈ ധീരവനിതയിലേക്കുള്ള വളര്‍ച്ച വിസ്മയകരം.
“കൃഷിയിടങ്ങളില്‍ നിന്ന് കാര്‍ഷികവിളകള്‍ ദൂരെ പോര്‍ട്ടില്‍ കേടുകൂടാതെ എത്തിക്കാന്‍ ചിലപ്പോള്‍ വല്ലാതെ കഷ്ടപ്പെടേണ്ടി വരും. ട്രക്ക് ഓടിക്കാതെ ഡ്രൈവര്‍മാരെ കിട്ടാതെ വരുമ്പോള്‍ രാത്രി കാലങ്ങളില്‍ പോലും ഒറ്റയ്ക്ക് ആ തൊഴില്‍ ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്.പുരുഷവേഷം ധരിച്ച് ഹൈസ്പീഡില്‍ ഒരു പോക്കാണ്. ഒരിക്കല്‍ വഴിയില്‍ വണ്ടി കേടായി ആളൊഴിഞ്ഞ സ്ഥലം കനത്ത ഇരുട്ടില്‍ കഴിയേണ്ടി വന്നു,പുണ്യവാന്മാരോടുള്ള പ്രാര്‍ത്ഥന വീണ്ടും ചൊല്ലിതുടങ്ങിയത് അന്നുമുതല്‍ക്കാണ്.”
എല്ലാം ഞാന്‍ ഓര്‍മ്മിക്കുന്നു: കെയ്റോ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ എയര്‍സീനായ് വിമാനം പുറപ്പെടാന്‍ ഒരുങ്ങുന്നു.തിടുക്കത്തില്‍ യാത്രപറഞ്ഞു. എന്‍റെ കാര്‍ഡ് ഞാന്‍ അവള്‍ക്ക് നല്‍കി, നാട്ടില്‍ വരുമ്പോള്‍ വിളിക്കണമെന്ന് പറഞ്ഞത് കെവലം ഔപചാരികതയുടെ പേരില്‍ മാത്രമായിരുന്നില്ലല്ലോ.മരിയയെ എനിക്കും ശരിക്കും ഇഷ്ടമായിക്കഴിഞ്ഞിരുന്നു.
കാലം പല ഓര്‍മ്മകളും മായ്ച്ചു കളയുന്നു ചില കനലുകള്‍ ചാരം മൂടി മറഞ്ഞുകിടക്കും. ഇപ്പോള്‍ സഹായം ചോദിക്കുന്നു.നേരെ അവളെ വീട്ടില്‍ വിളിച്ചുകൊണ്ടു വരാം. പക്ഷേ ഇതു കേരളമാണ് ഇവിടുത്തെ മഹത്തായ കുടുംബവ്യവസ്ഥയില്‍ സ്വാതന്ത്ര്യങ്ങള്‍ സംശയങ്ങള്‍ ഉണര്‍ത്തും. ഒട്ടേറെ ചോദ്യങ്ങള്‍ക്ക് കുടുംബകോടതിയില്‍ ഉത്തരങ്ങള്‍ നല്‍കേണ്ടി വരും.
എന്‍റെ പ്രതികരണം വൈകിയിട്ടാവും മരിയ പറഞ്ഞു
“ഡോണ്‍ഡ് വറി ഡോക്ടര്‍, താങ്കള്‍ക്ക് ബുദ്ധിമുട്ടായി എങ്കില്‍ ക്ഷമിക്കുക, ഞാന്‍ എയര്‍പോര്‍ട്ടില്‍ രാത്രി കഴിക്കാം.”
“ഇല്ല മരിയ ഞാന്‍ വരുന്നു, വെയ്റ്റ് ഫോര്‍ ദി അറ്റ് ദ് അറൈവല്‍ ഇറ്റ്സല്‍ഫ്.”
ഒരു നിമിഷം കൊണ്ട് എന്‍റെ ബോധം നേര്‍പഥത്തില്‍ എത്തി.
“താങ്ക് യു”
ഞാന്‍ വേഗത്തില്‍ വെഷം മാറി പാതിരാ നേരത്ത് പുറത്തുപോകുന്നതിനെക്കുറിച്ചു ഗൃഹാന്തര്‍ഭാഗത്തു നിന്ന് ഉയരാവുന്ന ചോദ്യങ്ങളുണ്ട്. എല്ലാം വിവരിച്ചു കഴിഞ്ഞാലും ചാരത്തിനുള്ളില്‍ കനല്‍ അണയാതെ കിടക്കും. അതുകൊണ്ട് കൂടുതല്‍ വിവരണങ്ങള്‍ക്ക് നിന്നുകൊടുത്തില്ല. വിദേശത്തു നിന്നു വന്ന ഒരുസുഹൃത്ത് എയര്‍പോര്‍ട്ടില്‍ നിന്നു വിളിക്കുന്നു ഉടനെ മടങ്ങി വരാം.
ഭാര്യ ഉറക്കത്തില്‍ നിന്ന് പൂര്‍ണ്ണമായി ഉണരും മുന്‍മ്പ് വാതില്‍ പൂട്ടി കാര്‍ എടുത്തു.
എയര്‍പോര്‍ട്ടില്‍ നിശ്ചിത സ്ഥാനത്ത് മരിയ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എളുപ്പം തിരിച്ചറിഞ്ഞു, വര്‍ഷങ്ങള്‍ അവളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ജീന്‍സും ടോപ്പും വേഷം. ടോപ്പിനുള്ളില്‍ ശരീരം ഒതുങ്ങുന്നില്ല. കുറച്ചു തടിച്ചിരിക്കുന്നു മുഖത്തു ക്ഷീണ ഭാവം, യാത്രയുടേതാവാം.
അധികം ലഗേജില്ല, രണ്ട് ബാഗുകള്‍ അത് ഡിക്കിയില്‍ ഒതുങ്ങി.
“നമുക്ക് പോകാം കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.” പുറപ്പെടുമ്പോള്‍ മരിയ പറഞ്ഞു.
“എനിക്ക് ഒരു സാധാരണ ഹോട്ടല്‍ മതി. ഏതാനും മണിക്കൂര്‍ മാത്രം, ഒന്നു കിടക്കണം, രാവിലെ കുളിച്ച് പുറപ്പെടണം.”
“എനി ബിസിനസ് എന്‍ഗേജ്മെന്‍റെ ?”ഞാന്‍ ചോദിച്ചു, മരിയ ചിരിക്കാന്‍ ശ്രമിച്ചു.
“നോ ഡോക്ടര്‍ ആള്‍ ബിസിനസ് ഓവര്‍. ഇത് മടക്കയാത്രയാണ്. സ്വന്തം ഗ്രാമത്തിലേക്ക്. ജനിച്ചു വളര്‍ന്ന സ്വന്തം തറവാട്ടിലേക്ക്.”
പരിക്ഷീണശബ്ദം. അവിശ്വസനീയമായിത്തോന്നി എന്തു സംഭവിച്ചിരിക്കും ?
“സഹദേവന്‍? മരിയ ഒറ്റയ്ക്ക് നാട്ടിലേക്ക്?” ഒരു ശരാശരി മലയാളിയായി ഞാന്‍ അവളുടെ സ്വകാര്യതയില്‍ പ്രവേശിക്കുന്നു.
“ഡോക്ടറോട് എനിക്ക് സംസാരിക്കാനുണ്ട്. പാതിരാത്രികൊണ്ട് പരഞ്ഞുതീര്‍ക്കാവുന്നതല്ല അത്. നമുക്ക് വീണ്ടും കാണാം, കാണണം. അപ്പോള്‍ എല്ലാം പറയാം, ഒരുപാട് പറയാനുണ്ട് ഡോക്ടര്‍.”
മരിയയുടെ ചുടുനിശ്വാസം എന്‍റെ കവിളില്‍ തട്ടി.
“നമുക്ക് എന്‍റെ വീട്ടിലേക്ക് പോകാം”
“അതു വേണ്ട ഡോക്ടര്‍ ഞാന്‍ താങ്കളുടെ കുടുംബസമാധാനം തകര്‍ക്കുന്നില്ല. അത് നഷ്ടപ്പെടുന്നതിന്‍റെ വേദന നന്നായി അറിയുന്നവളാണ് ഞാന്‍.”
“ഡോണ്‍ട് വറി, വി വില്‍ ഗോ റ്റുഗദര്‍” ഞാന്‍ പറഞ്ഞു.
മരിയ തടഞ്ഞു: “താങ്കളുടെ ഭാര്യ നല്ലവളായിരിക്കാം.ബട്ട് ഐ നോ കേരള വിമന്‍, അവര്‍ക്ക് ഭര്‍ത്താവിന്‍റെ സ്നേഹിതയെ സഹിക്കാനാവില്ല. വിദേശത്ത് കഴിഞ്ഞിട്ടും എനിക്കും അതിനു കഴിഞ്ഞില്ല ഡോക്ടര്‍, ദാറ്റ് ഈസ് മൈ ട്രാജഡി”
“ട്രാജഡി”
“അതെ ശരിക്കും എന്‍റെ ദുരന്തം, മരതകവും അന്‍പരശനും വേര്‍പിരിഞ്ഞു. മരതകം മരിയയായി മടങ്ങി വന്നിരിക്കുന്നു. അന്‍പരശന്‍റെ പുതിയ ഡച്ച് നെയിം എനിക്ക് നിശ്ചയമില്ല.”
മരിയയുടെ ശിരസ്സ് എന്‍റെ തോളിലമര്‍ന്നു. കണ്ണുനീര്‍ ഒഴുകി, അമര്‍ത്തിയ കരച്ചിലിന്‍റെ ഞരക്കം ഞാന്‍ കേട്ടു.
കൂടുതല്‍ ഒന്നും ചോദിച്ചില്ല. അവള്‍ പറഞ്ഞുമില്ല. നഗരത്തിലെ ലോട്ടസ് ഹോട്ടലില്‍ ഞാന്‍ അവള്‍ക്ക് താമസം ഏര്‍പ്പാടാക്കി.
“വളരെ നന്ദി ഡോക്ടര്‍, നമ്മുടെ നാട്ടില്‍ പ്രതീക്ഷിക്കാത്ത നന്മയാണ് താങ്കള്‍ ചെയ്തു തന്നത്.” മരിയ എന്‍റെ കരം ഗ്രഹിച്ചു.
“നാളെ രാവിലെ ഞാന്‍ മണിമലയ്ക്കു പുറപ്പെടും. ധൂര്‍ത്തപുത്രനെ സ്വീകരിച്ച പിതാവിന്‍റെ കഥ ബൈബിളിലുണ്ടല്ലോ. അങ്ങനെ ഒരു മകളെ സ്വീകരിക്കാന്‍ എന്‍റെ പപ്പയും മമ്മയും തയ്യാറാവുകയില്ലേ. ഡോക്ടര്‍.?” മരിയ ചോദിച്ചു.
എനിക്ക് ഉത്തരം പറയാനായില്ല.
“ഓകെ ഗുഡ് നൈറ്റ് ഡിയര്‍. ഞാന്‍ വീണ്ടും വിളിക്കാം.എല്ലാം വിശദമായി പറയാം ഒരു കാര്യം എനിക്ക് ഡോക്ടറോട് പ്രത്യേകം സംസാരിക്കാനുണ്ട.്”
“എന്താണ് മരിയ, പറയു.” ഞാന്‍ നിര്‍ബന്ധിച്ചു.
“അതിന് ഈ സമയവും സ്ഥലവും പറ്റിയതല്ല. ഞാന്‍ പറഞ്ഞല്ലോ, നാം വീണ്ടും കാണും, കാണണം.”
ഞാന്‍ പിന്‍വാങ്ങാനൊരുങ്ങുമ്പോള്‍ മരിയ പെട്ടന്നു മുന്നോട്ടു വന്നു. എന്നെ കെട്ടിപ്പിടിച്ചു.ഇരു കവിളിലും പിന്നെ,ചുണ്ടിലും അമര്‍ത്തി ചുംബിച്ചു ഞാന്‍ പകച്ചു നില്‍ക്കേ അവള്‍ മുറിക്കുള്ളില്‍ കയറി വാതിലടച്ചു.
എന്നെ വീണ്ടെടുക്കാന്‍ കഴിയാതെ ഞാന്‍ സംഭ്രമിച്ചു പോയി. ഏതാനും നിമിഷം നിന്ന നിലയില്‍ നിന്ന് അനങ്ങാന്‍ കഴിഞ്ഞില്ല.
രണ്ടു ദിവസം ഞാന്‍ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടി, പുറത്ത് ഇറങ്ങിയതേയില്ല. മരിയയുടെ ശബ്ദത്തിന് കാതോര്‍ത്തു.
മൂന്നാം ദിവസം പ്രഭാതത്തില്‍ വര്‍ത്തമാനപ്പത്രത്തിന്‍റെ ചരമപ്പേജിലൂടെ കണ്ണുകള്‍ സഞ്ചരിക്കുമ്പോള്‍ ആ വാര്‍ത്ത കണ്ണില്‍ ഉടക്കി. മണിമല ഗ്രാമത്തിലെ റബ്ബര്‍ മരക്കാട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ട വിദേശ മലയാളിയായ വനിതയേക്കുറിച്ചായിരുന്നു അത്.
മരിയ ആത്മഹത്യ ചെയ്തയാണെന്ന് ചിന്തിക്കാനായില്ല. അഗ്നിയിലൂടെ നടന്നു കയറിയ അവള്‍ക്ക് ഒരിക്കലും അതിനു കഴിയില്ല.
എന്തായിരിക്കും സംഭവിച്ചത്?
മരിയ എന്നോടു പറയാന്‍ മനസ്സില്‍ സൂക്ഷിച്ചത് എന്താണ്.?
About The Author
No related posts.
One thought on “അഗ്നിച്ചുവടുകള്‍ – ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍”
ലിമയെ follow ചെയ്തു ,ആദ്യ വായന ,ജോർജ്ജ് ഓണക്കൂർ എന്ന പേരിൽ തങ്ങിയപ്പോൾ Dr Jo എന്ന പേരിൽ വീണ്ടും തടഞ്ഞു നിന്നു. കാരണം ഞാനും ജോ ആണ്. ഒരു ചെറിയ എഴുത്തുകാരി