ആക്രി – ഡോ.ചേരാവള്ളി ശശി

Facebook
Twitter
WhatsApp
Email

ആക്രിവസ്തുക്കള്‍ തിങ്ങും കടയതില്‍
ഓട്ടമെണ്‍പാത്രമൊന്നായ് ചിരിക്കുന്ന
കൂട്ടുകാരാ, അറിയുന്നു നിന്നുടെ
മാറ്ററിയാ മനസ്സിന്‍റെ പൊന്‍വില
ആര്‍ക്കുമെത്രമേല്‍ പുച്ഛം., വെറുപ്പിന്‍റെ
കാറ്റുകേറാക്കുടുസ്സില്‍ അനാഥരായ്
വീര്‍പ്പുമുട്ടിഞെരുങ്ങി ദുര്‍ഗ്ഗന്ധത്തില്‍
വീര്‍ത്തുപൊങ്ങി മരിക്കുമാത്മാക്കള്‍ തന്‍
കൂട്ടുകാരനായ്കൂടി യോരോകഥ-
കേട്ടു സാന്ത്വനംച്ചൊല്ലിത്തലോടിയ-
ആക്രികള്‍ക്കേകദൈവമായ് മേവുന്ന
മാറ്റമില്ലാ സുഹൃത്തേ, പറയുക!
എങ്ങനെ നീ ചിരിക്കുന്നിവരുടെ
തിങ്ങിടുന്ന തീരാവ്യഥയ്ക്കുള്ളിലായ്?
കണ്ണ്, കാത് കൈകാലുകളറ്റവര്‍
മണ്ണിലേറെക്കിടന്നുപൊടിഞ്ഞവര്‍
എല്ലൊടിഞ്ഞുടലാകെത്തകര്‍ന്നവര്‍
ചെള്ള്, കൂറുകള്‍ വേട്ടയാടുന്നവര്‍
ബന്ധനങ്ങള്‍ക്കടിപ്പെട്ടു തേങ്ങുവോര്‍
വെന്തു ജീവിതം പാതികരിഞ്ഞവര്‍

നൊന്തുത്തീരാക്കറകളില്‍ മുങ്ങിയോര്‍
ഒന്നനുങ്ങുവാന്‍ പോലുമാകാത്തവര്‍
എങ്ങനെയിനിരാലംബസങ്കട-
ക്കുന്നിലൊറ്റയ്ക്കിരിപ്പു ചങ്ങാതീ നീ…?
ഓര്‍ത്തിടുന്നോ ഇവര്‍ക്കും പുലര്‍ച്ചതന്‍
ദീപ്തകാലങ്ങള്‍ ഉണ്ടായിരുന്നതാ…
ഏറ്റമാഹ്ലാദ സ്നേഹാദരങ്ങള്‍ തന്‍
ശ്രേഷ്ഠ പീഠങ്ങള്‍ കൈവന്നിരുന്നതാം…
ഉള്ളിലെങ്ങും മധുരം നിറച്ചിവര്‍
ഉണ്ണികള്‍ക്ക് പകര്‍ന്ന് കൊടുത്തതും
അന്യരാരുംകവരാതെ വേണ്ടുവോര്‍-
ക്കന്നവും കാത്തുസൂക്ഷിച്ചിരുന്നതും
എണ്ണ,ചന്ദനം,ഔഷധം, തേനുകള്‍-
കണ്ണുപൂട്ടാതെ ഭദ്രം പകര്‍ന്നതും
അക്ഷരങ്ങള്‍ നിരത്തിയറിവിന്‍റെ
അത്ഭുതങ്ങള്‍ തുറന്നിട്ടിരുന്നതും
ഞങ്ങള്‍…ഞങ്ങള്‍ നിശബ്ദം മൊഴിവതോ?
ഇന്നനാഥരായ് തീര്‍ന്നവരൊക്കെയും….
എത്രതുച്ഛമീജന്മം പുകഴ്ത്തിയോര്‍
വിറ്റുകൈമാറിയെത്തിനിന്‍മുന്നിലായ്
രക്ഷകന്‍ നീയനാഥരെ,പ്പിന്നെയാ-
പ്പട്ടണച്ചുടുകാട്ടിലെത്തിക്കയായ്
യന്ത്രവൈദ്യുതത്തീയില്‍ക്കുളിച്ചവര്‍
ജന്മപാപങ്ങളൊക്കെകളകയായ്….
എങ്കിലും,മാറ്റമില്ലാതനാഥര്‍ തന്‍
സാന്ത്വനം പോലിരിപ്പു നീ, സാക്ഷിയായ്-
തുട്ടിലെല്ലാം മതിയ്ക്കുമീ കാലത്തില്‍
ഒട്ടുമേ വിലകിട്ടാത്തൊരാക്രിയായ്……

About The Author

Leave a Reply

Your email address will not be published. Required fields are marked *