അയാളുട അച്ഛൻ മരിച്ചതറിഞ്ഞ് ആളുകൾ വീട്ടിലേയ്ക്കു വന്നു തുടങ്ങി. ഒരു മരണ വീട്ടിലേയ്ക്ക് ബന്ധുക്കളും ശത്രുക്കളും ഒരുപോലെ പ്രവേശിക്കുമ്പോൾ വീടൊരു സമ്പൂർണ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കും ആത്മവിദ്യാലയവുമായി മാറുന്നു. സ്ഥാനവലിപ്പമോ, പ്രഭുത്വമോ അവിടെ പ്രശ്നമല്ലാതാകുന്നു.
തിരക്കിനിടയിൽ രണ്ടു ചെറുപ്പക്കാർ കയറി വന്നു. അവരിലൊരാൾ ചോദിച്ചു: “പന്തൽ വേണ്ടേ? മൊബൈൽ മോർച്ചറി, ഫോട്ടോകൾ, പോസ്റ്ററുകൾ, ഫേസ് ബുക്ക് പോസ്റ്റുകൾ, സ്പീക്കർ, മുത്തുക്കുടകൾ, ആടകൾ, അലങ്കാരങ്ങൾ, ആമാടപ്പെട്ടികൾ, ദാഹശമനികൾ എന്നിവ വേണ്ടേ? ഡോണ്ട് വറി! എല്ലാം ഞങ്ങൾ റെഡിയാക്കാം!”
അയാൾ അക്കാര്യമൊക്കെ ആലോചിച്ചു വരുന്നതേയുണ്ടായിരുന്നുള്ളൂ. ഏതോ സഹായികൾ എത്തിയെന്ന ആശ്വാസത്തോടെ അയാൾ തലകുലുക്കി.
എല്ലാം റെഡി!
………………………………..
പിന്നെ , വൈകിയില്ല – വെള്ള വിരിച്ച വലിയ പന്തലുയർന്നു. മുത്തുക്കുടകളും വെഞ്ചാമരവും ആലവട്ടവും മൊബൈൽ മോർച്ചറിയും വന്നു. അടുത്ത പട്ടണത്തിലെ നാൽക്കവലകളിൽപ്പോലും പിതാവിന്റെ വർണ ചിത്രങ്ങൾ നിറഞ്ഞു.
ആളും ബഹളവും കണ്ട് വിവിധ നേതാക്കളും പൂവിൽ വണ്ടുകളെന്ന പോലെ പറന്നു വന്നു തുടങ്ങി. അവരിൽ പലർക്കും ഭാഗ്യവശാൽ അയാളുടെ അച്ഛന്റെ പേരു പോലും അറിയില്ലായിരുന്നു. മരണവീടു സന്ദർശനങ്ങൾ വോട്ട് ഉറപ്പാക്കാനുള്ള എളുപ്പവഴിയിൽ ക്രിയ ചെയ്യലാണല്ലോ.
നമ്മുടെ ചെറുപ്പക്കാർ തന്നെ റീത്തുകൾ കൊണ്ടുവന്നു നേതാക്കൾക്ക് കൊടുത്തു.
എത്ര സുന്ദരമായ ലോകം!
……………………………………..
അച്ഛന്റെ അടിയന്തരമടക്കമുള്ള കാര്യങ്ങൾ ഭംഗിയായി നടന്നു. കരയാൻ മാത്രം ആളുകളെ കിട്ടിയില്ല. ബാക്കിയെല്ലാം മുമ്പു പറഞ്ഞ ചെറുപ്പക്കാരും മറ്റും ഒരുക്കിയിരുന്നു. പഴയ കാലത്ത് അങ്ങിനെയായിരുന്നു – അയാൾ ഓർത്തു. മരണമുണ്ടായാൽ എല്ലാവരും സഹകരിച്ചും ആത്മാർപ്പണത്തോടെയുമാണ് ചടങ്ങുകൾ
നടത്തിയിരുന്നത്. മരിച്ചയാളുടെ വീട്ടുകാർ ഒരാഴ്ചത്തേയ്ക്ക് ഒന്നും അറിയേണ്ട!
ചിതയൊരുക്കലും പന്തൽ കെട്ടും അടിയന്തിര സദ്യയും വരെ അവർ നടത്തിത്തരും! ഇത്തരം
സേവനം ചെയ്യുന്നവരുടെ മനുഷ്യ സ്നേഹവും നാടിനു കൈവന്ന നവോത്ഥാനവും സ്മരിച്ച് അയാളും ഭാര്യയും കോരിത്തരിച്ചു. ഗതകാല മൂല്യങ്ങൾ മടങ്ങിവന്നിരിക്കുന്നു! പഴയ ഗ്രാമീണ സൗഹൃദങ്ങൾ പൂത്തു വിടർന്നിരിക്കുന്നു! മനുഷ്യൻ എന്നത് എത്ര സുന്ദരമായ പദമാണ്!
ജവാനും റീത്തും ബീഫും!
………………………………………………..
ദിവസങ്ങൾ കഴിഞ്ഞു.
ഒരു ഞായറാഴ്ച.
കോളിംഗ് ബെൽ ശബ്ദിക്കുന്നതു കേട്ട് അയാൾ ഉണർന്നു. അച്ഛൻ മരിച്ച ദിവസവും മറ്റും സഹായങ്ങൾ ചെയ്തു തന്ന ചെറുപ്പക്കാരാണ് ആഗതരായിരിക്കുന്നത്.
അവർ വിനയം നടിച്ച് ഒരു കടലാസ് അയാളുടെ നേരേ നീട്ടി. അയാൾ അതു തുറന്നു നോക്കി. വലിയൊരു ലിസ്റ്റും ബില്ലുമാണ്!
അച്ഛന്റെ സംസ്ക്കാര ദിവസത്തെ അഭ്യൂദയകാംക്ഷികളുടെ ഭക്ഷണച്ചെലവ് നാലായിരം രൂപ! മൊബൈൽ മോർച്ചറി വന്നു വെറുതെ കിടന്നതിന് മറ്റൊരു അയ്യായിരം ഇന്ത്യൻ ഡോളർ! ഗേറ്റിൽ കാവൽ നിന്ന രണ്ടു സെക്യൂരിറ്റിക്കാർക്ക് ഭക്ഷണച്ചെലവടക്കം മൂവായിരം. നാടെങ്ങും പോസ്റ്റർ തയ്യാറാക്കി ഒട്ടിച്ചതിന് നാലായിരം. വീട്ടിൽ ചുറ്റും പന്തലിട്ട് വെള്ള വിരിച്ചതിന് നാലു ദിവസത്തേയ്ക്ക് നാല്പതിനായിരം. രാമായണം വായിച്ചതിന് ആയിരം. കസേരയിൽ എട്ടു മണിക്കൂർ വന്നിരുന്ന് ഡ്യൂട്ടി ചെയ്ത ആദരവു തൊഴിലാളികൾക്ക് മിനിമം വേജസും ബീഫും ജവാനും വേറെ! വി.ഐ.പികൾക്ക് സപ്ലൈ ചെയ്ത റീത്തുകളുടെ തുകയും അയാൾ കൊടുക്കണമത്രെ! അവയും കോൺട്രാക്റ്റാണ്!!
ചുടലക്കള കോൺട്രാക്ടർമാർ!
…………………………………………………..
എല്ലാത്തിനും പാക്കേജ് ഉണ്ടത്രെ!
ചിതയ്ക്കു തീ കൊളുത്തുന്നതും ചുടലയിൽ തെങ്ങിൻ തൈ നടുന്നതും മുതൽ കർത്താവും കർമവും ക്രിയയും വരെ പാക്കേജ് പ്രകാരമാണ്. ദേഹം പൊക്കിയെടുത്തു ചിതയിൽ വയ്ക്കുന്നതു മാത്രം നമ്മൾ ചെയ്യണം. അതൊരു യാതനയായി കരുതരുത്. പിന്നെ, വലിയ പന്തലും സെക്യൂരിറ്റി ഉദ്യോഗസ്ഥരും മൊബൈൽ മോർച്ചറിയും മുത്തുക്കുടയും വേണ്ടെന്നു പറഞ്ഞാലും ഇതെല്ലാമടങ്ങിയ പാക്കേജ് ടൂർ ആയതിനാൽ അവയ്ക്കൊക്കെ കാശു കൊടുക്കണം. ഒരു ‘ഗും’ കിട്ടാൻ വി.എ.പികളെ സപ്ലൈ ചെയ്യുന്ന പദ്ധതിയും നിലവിലുണ്ട്.
ഇതെല്ലാം കേട്ടപ്പോൾ മനുഷ്യൻ എന്നത് എത്ര സുന്ദരമായ പദമാണെന്ന് അയാൾക്ക് വ്യക്തമായി. അച്ചടക്കത്തോടെ മൊത്തം സർവീസ് ചാർജ് കണക്കാക്കി പണം അയാൾ ഫോൺ പേ ചെയ്തു. സന്നദ്ധ ഭടന്മാർ കുടിച്ച വിഷദ്രാവകങ്ങൾക്കും കഴിച്ച ബീഫിനും വേറെയും തുക കൊടുത്തു.
പ്രാണവായുക്കച്ചവടം!
…………………………………..
പിറ്റേ ദിവസം പ്രഭാതമായി.
കിളികൾ ചിലയ്ക്കുന്നതിനു മുമ്പ് ഫോൺ ശബ്ദിച്ചു.
പട്ടണത്തിലെ ഓക്സിജൻ വ്യാപാരിയാണ്.
“സാറിന്റെ ഫാദർ മരിച്ചു എന്നറിഞ്ഞു. ഇനി ഓക്സിജൻ കുറ്റികൾ തിരിച്ചു വേണം. കോ വിഡ് സീസണായതിനാൽ ഓക്സിജന് നല്ല ഡിമാൻഡാണ്!”- പ്രാണവായുവിന്റെ വ്യാപാരി പറഞ്ഞു.
എട്ടു മാസമായി ഓക്സിജൻ സിലണ്ടറിന്റെ സഹായത്തോടെ ശ്വസിച്ചിരുന്ന അച്ഛനു വേണ്ടി വരുത്തിയ രണ്ട് ഓക്സിജൻ കുറ്റികൾ മുറിയിൽ ബാക്കിയുണ്ടെന്ന് അപ്പോഴാണ് അയാൾ ഓർമിച്ചത്. രണ്ടു കുറ്റികൾക്കും കൂടി പതിനാലായിരം രൂപ ഡപ്പോസിറ്റ് കൊടുത്തിട്ടുണ്ട്. മാത്രമല്ല, ഒരു സിലണ്ടറിൽ ഓക്സിജൻ നിറയെ ഉണ്ടുതാനും!
ഡെപ്പാസിറ്റ് തിരികെ വേണമെന്നും ഒരു കുറ്റിയിലെ വായുവിന്റെ വില തിരിച്ചു തരണമെന്നും പറഞ്ഞപ്പോൾ വ്യാപാരിയുടെ ഭാവം മാറി.
“എന്തു ഡെപ്പോസിറ്റ്? ആറു മാസത്തിൽ കൂടുതലായി നിങ്ങടെ അപ്പൻ എന്റെ ഓക്സിജൻ വലിക്കുന്നു! അതുകൊണ്ട് ഡെപ്പാസിറ്റിന്റെ കാര്യമാന്നും പറയണ്ട! കോവിഡ് സമയത്ത് ഞാൻ ഓക്സിജൻ തന്നതു തന്നെ വലിയ കാര്യം!”_ വെനീസിലെ ഷൈലോക്ക് പറഞ്ഞു.
വ്യാപാരിയുടെ വാക്കുകൾ കേട്ടു അയാൾ ഒന്നു ഞെട്ടി.
എന്റെ ഓക്സിജൻ! നിന്റെ ഓക്സിജൻ!
നമ്മുടെ പ്രാണവായു!
പഞ്ചഭൂതങ്ങളുടെ സൂപ്പർ മാളിൽ ലേലം വിളി മുറുകുകയാണ്!
പുറത്ത്, വായുഭഗവാൻ അതു കേട്ടു ചിരിച്ചു.
അറബിക്കടലിൽ ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും രൂപം കൊണ്ടു.
“എന്റെ ഓക്സിജൻ എന്റെ നെഞ്ചിൽത്തന്നെയുണ്ട്!”- അയാൾ തമാശ പറഞ്ഞ് ചിരിക്കാൻ ശ്രമിച്ചു.
About The Author
No related posts.