വാതിലിന്റെ പുറത്തുനിന്ന് ആരോ ബെല്ലടിച്ചോ ? അതോ എനിക്ക് തോന്നിയതാണോ?തോന്നലാവാം. എന്തോ, എന്റെ ഓര്‍മ്മകള്‍ പഴയ കാലം
തിരയുകയാണ്. ഞാനെന്റെ വസ്ത്രങ്ങളെല്ലാം അടുക്കിപ്പെറുക്കി അടുത്തുള്ള തീരെ ചെറിയ ഇസ്ത്രിക്കടയിലേക്ക് നടന്നു അന്ന് വൈകുന്നേരം. ഏതാണ്ട് പത്തുകൊല്ലം മുമ്പത്തെ കാര്യമാണിത്. ഇസ്ത്രിക്കടക്കാരന്‍ ഒരു ചെറുപ്പക്കാരനായിരുന്നു. അയാള്‍ എന്റെ ഇടതുകൈ നോക്കി ചോദിച്ചു..”മേഡത്തിന്റെ കൈയ്ക്കെന്തു പറ്റി ? അഡ്രസ്സ് തന്നാല്‍ ഞാന്‍ വന്ന് കൊണ്ടുവരുമായിരുന്നല്ലോ തുണികള്‍ ? ഈ വയ്യാത്ത കയ്യും വെച്ച്… …”അയാള്‍ മുഴുമിച്ചില്ല. എന്റെ ഇടത്തെകൈപ്പത്തിയുടെ തൊട്ട മേല്‍ഭാഗം ചെറുതായൊന്നു പൊട്ടി കെട്ടിയിട്ടുണ്ട്. അയാള്‍ക്ക് ഞാന്‍ എന്‍റെ മേല്‍വിലാസം കൊടുത്തു. പിന്നെ മുമ്മൂന്ന് ദിവസം കൂടുമ്പോള്‍ അയാള്‍ വീട്ടില്‍ വന്ന് വസ്ത്രങ്ങള്‍ വാങ്ങിക്കൊണ്ടുപോകും.
ക്രമേണ എന്റെ കയ്യിന്‍റെ അസുഖം മാറി സുഖപ്പെട്ടു. എന്നാലും വീട്ടില്‍ വന്ന് വസ്ത്രങ്ങള്‍ കൊണ്ടുപോയി ഇസ്ത്രിയിട്ട് തിരികെതരുന്ന സ്വഭാവം അയാള്‍ മാറ്റിയില്ല. ഞാന്‍ ഇസ്ത്രിക്കടയിലേക്ക് വന്നോളാമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു. “മേഡം, നിങ്ങളൊരു കോളേജ് അദ്ധ്യാപിക. ഇവിടെയൊന്നും വരുന്നത് ശരിയല്ല.”
അങ്ങനെ ഞങ്ങള്‍ എന്നുപറഞ്ഞാല്‍ ഞാനും, അമ്മയും, അനിയത്തിയും, അയാളും നല്ല പരിചയക്കാരായി. അമ്മയ്ക്കുള്ള മരുന്നുകള്‍ക്ക് പുറമെ ചില്ലറ സാധനങ്ങളും അയാള്‍ ഞങ്ങള്‍ക്ക് കൊണ്ടുവന്നുതരുമായിരുന്നു. അതിന് ഞങ്ങള്‍ പണവും കൊടുക്കാറുണ്ട്. ചിലപ്പോള്‍ അയാള്‍ ഞങ്ങളുടെ വീട്ടില്‍നിന്നും ഭക്ഷണം കഴിക്കാറുണ്ട്. അങ്ങനെ അയാളുമായുള്ള അടുപ്പം കൂടിക്കൂടി വന്നു. പിന്നെയെന്നാണ് ഞാനയാളില്‍ അനുരക്തയായതെന്നെനിക്കറിയില്ല. ഞാനയാളോട് എനിക്കുള്ള പ്രണയമറിയിച്ചു. എന്നാല്‍ അയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അയാള്‍ പറഞ്ഞു.
” നമ്മള്‍ തമ്മില്‍ ആനയും, ആടും പോലെയുണ്ട്. എനിക്ക് പറയത്തക്ക വിദ്യാഭ്യാസമോ, സമ്പത്തോ, പദവിയോ, ഉദ്യോഗമോ, കുലമഹിമയോ ഒന്നുമില്ല. മാഡത്തിനതെല്ലാമുണ്ട്താനും. ഞാന്‍ മേഡത്തെ വിവാഹം കഴിക്കുന്നത് അവഹേളിക്കലായിരിക്കും.കൂട്ടുകാ രികളുടെ മുമ്പില്‍ എന്തിന് സ്വയം പരിഹാസപാത്രമാവണം?” എനിക്ക് ദ്വേഷ്യം വന്നപ്പോള്‍ അല്പം ശബ്ദമുയര്‍ത്തി ഞാന്‍ പറഞ്ഞു.” രാമു, എന്റെ പേര്‍ മേഡമെന്നല്ല. എന്റെയമ്മ എനിക്കിട്ട പേര് ദേവിയെന്നാണ്. അതുകൊണ്ട് രാമു മേലിലെന്നെ ദേവിയെന്ന് വിളിച്ചാല്‍ മതീട്ടോ.”
അയാള്‍ തല കുലുക്കിയതേയുള്ളൂ.
ഇതിനിടയില്‍ അനിയത്തിയുടെ വിവാഹം കഴിഞ്ഞ് മറ്റൊരു സംസ്ഥാനത്തേയ്ക്ക് അവളും, ഭര്‍ത്താവും പോയി. അമ്മയ്ക്കാണെങ്കില്‍ വയസ്സായതിന്റെ അസുഖം കുറേശ്ശെയുണ്ട്. എനിക്ക് ആരുടെയെങ്കിലും കൂട്ട് വേണമെന്ന് തോന്നാന്‍ തുടങ്ങി. ഞാന്‍ രാമുവിന്റെ മാറില്‍ തല ചായ്ച്ച് കേണു.” എനിക്ക് പിടിച്ചുനില്‍ക്കാനാവുന്നില്ല രാമു. വേഗം ഒരു തീരുമാനമെടുക്കണം.” ” ഞാന്‍ കുറച്ചു പണം സ്വരൂപിച്ചുവെച്ചിട്ടുണ്ട്. കുറച്ചുകൂടി വേണം. ഒരു ഡ്രൈക്ലീനര്‍ ഷോപ്പ് തുടങ്ങണം. എന്നിട്ട് നമുക്കാലോചിക്കാം ദേവി.”അതായിരുന്നു അവന്റെ പ്രതികരണം. ഞാനിനി രാമുവിനെ അവനെന്ന് പറയട്ടെ. ഞാനവന് കുറച്ച് പൈസ കൊടുക്കാമെന്ന് പറഞ്ഞു. പക്ഷേ അവനത് നിരസിച്ചു.
അമ്മയ്ക്ക് ചില സംശയങ്ങളൊക്കെ തോന്നാന്‍ തുടങ്ങിയിട്ടുണ്ട്. എന്നോട് ചിലപ്പോള്‍ ചോദിക്കും.” രാമുവെന്തിനാ ഇവിടെ കൂടക്കൂടെ വരുന്നത് ? ആളുകള്‍ വല്ലതുമൊക്കെ പറയും. നമുക്കാണ് അതിന്റെ മോശം.” രാമു തുണികള്‍ ഇസ്ത്രിയിട്ടത് തരാനല്ലേ ഇവിടെ വരുന്നതെന്ന് ഞാന്‍ പറയുമ്പോള്‍ അമ്മ തത്ക്കാലത്തേയ്ക്ക് ഒന്നടങ്ങും. അമ്മയുടെ സംശയത്തെക്കുറിച്ച് ഞാന്‍ രാമുവിനോട് സൂചിപ്പിച്ചു.അപ്പോളവന്റെ മറുപടി.” അമ്മയ്ക്ക് വയസ്സായി. ആരോഗ്യവും മോശമായിരിക്കുന്നു. അമ്മയെ തീരെ വിഷമിപ്പിക്കാന്‍ പാടില്ല. നമ്മള്‍ നല്ലപോലെ കരുതിയിരിക്കണം.” അതില്‍പ്പിന്നെ രാമുവിന്റെ വീട്ടിലേയ്ക്കുള്ള വരവ് വളരെ ചുരുങ്ങി. എനിക്ക് വല്ലാത്ത അസ്വാസ്ഥ്യമനുഭവപ്പെടാന്‍ തുടങ്ങി. ഒരൊറ്റ ദിവസംപോലും രാമു എന്റെ മനസ്സിലേയ്ക്ക് കടന്ന് വരാതിരിക്കാറില്ല. വെള്ളം നിറഞ്ഞൊഴുകുന്ന തോട്ടില്‍
മുളച്ചീന്തുകള്‍കൊണ്ട് ചീര്‍പ്പ് കെട്ടിയാല്‍ വെള്ളം ശക്തിയോടെ ചീര്‍പ്പിന്റെ വിടവിലൂടെ മറുവശത്തേയ്ക്ക് പ്രവഹിക്കുന്നപോലെയായിയെന്റെ മനസ്സ്. എന്റെ മനസ്സിലെ അനുരാഗജലം രാമുവിന്റെ ഹൃദയത്തിലേയ്ക്ക് കുത്തിയൊഴുകയാണ്.
അമ്മ ചോദിക്കാന്‍ തുടങ്ങി. “നിനക്കെന്നും ഇങ്ങനെ കഴിഞ്ഞാല്‍ മതിയോ ഒരാണ്‍തുണയില്ലാതെ ? നിന്റെ അനിയത്തിയാണെങ്കില്‍ കല്യാണം കഴിച്ചുപോയി.അതോ രാമുവാണോ നിന്റെ മനസ്സില്‍ ? എങ്കില്‍ നീയത് വിട്ടുകളഞ്ഞോ മോളേ. ആ ബന്ധം നമുക്ക് ചേര്‍ന്നതല്ല.” ഞാന്‍ മൌനം പാലിച്ചതേയുള്ളൂ. ദിവസങ്ങള്‍ വീണ്ടും കഴിഞ്ഞു. അമ്മയുടെ ആരോഗ്യം തീരെ മോശമായി. അങ്ങനെയൊരുദിനം രാമു വന്നപ്പോള്‍ അമ്മ അവനെ വിളിച്ചരികിലിരുത്തി എന്റെ കൈകള്‍ അവന്റെ കൈകളിലേല്പിച്ചു. ഞങ്ങള്‍ ആര്ഭാടങ്ങളോ, ആഘോഷങ്ങളോയില്ലാതെ വിവാഹിതരായി.
വിവാഹശേഷം രാമു ഞങ്ങളുടെ വീട്ടില്‍ താമസമാക്കി. അവനിപ്പോള്‍ ഡ്രൈക്ലീനര്‍ ഷോപ്പ് നടത്തുകയാണ്. സന്തോഷത്തിന്‍റെ നാളുകള്‍. അമ്മ രാമുവിനെ ഇഷ്ടപ്പെടാന്‍ തുടങ്ങി. അമ്മ ഇടയ്ക്കിടയ്ക്ക് പറയും. “രാമു നല്ല സ്നേഹമുള്ളവനാ. നിനക്ക് കഷ്ടപ്പെടേണ്ടി വരില്ല. അവന്‍ നിന്നെ അവന്‍റെ ജീവനുതുല്യം സ്നേഹിക്കുന്നുണ്ട്. “
അത് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സ് സന്തോഷംകൊണ്ട് തുടികൊട്ടാന്‍ തുടങ്ങും.രാമുവിന്നും ഇപ്പോള്‍ നല്ല ഉത്സാഹമാണ്. പ്രസരിപ്പോടെയും, ശ്രദ്ധയോടെയും ജോലി ചെയ്യുന്നു.
ഞങ്ങളുടെ വിവാഹം കഴിഞ്ഞ് നാലുവര്‍ഷമായി. ഇത്രയും കാലമായിട്ടും കുട്ടികളുണ്ടാകാത്തതില്‍ ഞങ്ങള്‍ക്ക് വലിയ വിഷമമൊന്നും തോന്നാന്‍ തുടങ്ങിയിരുന്നില്ല . പക്ഷെ അമ്മയ്ക്ക് അതിനെക്കുറിച്ച് ആധി വേണ്ടുവോളം. അത് കൂടക്കൂടെ പറയുന്നതും പതിവായിരുന്നു. എന്തായാലും ഞങ്ങള്‍ക്ക് അധികകാലം കാത്തിരിക്കേണ്ടിവന്നില്ല. അഞ്ചാമത്തെ വര്‍ഷത്തില്‍ ഞാനൊരു പെണ്‍കുട്ടിയുടെ അമ്മയായി.
പ്രസവം കഴിഞ്ഞ് അഞ്ചാംമാസമായപ്പോള്‍ ഞങ്ങളെല്ലാവരുംകൂടി എന്‍റെ നാട്ടിലേയ്ക്ക് പോയി. മടങ്ങിവരുമ്പോള്‍ തീവണ്ടിയില്‍ വെച്ച് എന്താണ് സംഭവിച്ചതെന്നറിയില്ല. എന്‍റെ കാലുകള്‍ക്ക് ഏതാണ്ട് ചലനശേഷി നഷ്ടപ്പെട്ടു. തീരെ നടക്കാന്‍ വയ്യാതായി. തിരിച്ചെത്തിയശേഷം ഞങ്ങള്‍ പല ഡോക്ടര്‍മാരേയും കണ്ടു. ഇഞ്ചക്ഷനും, മരുന്നുകളുമായി ദിവസങ്ങള്‍ കടന്നുപോയി. വലിയ മാറ്റമൊന്നും കണ്ടില്ല. ഞാന്‍ നീണ്ട കാലത്തേയ്ക്ക് അവധിയില് പ്രവേശിച്ചു. അമ്മയ്ക്ക് വലിയ മനോവേദനയായി. രാമുവിന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. എങ്കിലും അവന്‍റെ ദു:ഖം ആവുന്നോളം എന്നില്‍നിന്നവന്‍ മറച്ചുപിടിച്ചു. അമ്മ തീരെ കിടപ്പിലായി. ഒരു മാസം കഴിഞ്ഞപ്പോള്‍ അമ്മ ഞങ്ങളെ വിട്ട് പരലോകത്തേയ്ക്ക് യാത്രയായി. ഞങ്ങളുടെ സന്തോഷമെല്ലാം എങ്ങോ പോയ്‌മറഞ്ഞു. അനിലമോളുണ്ടെന്നത് ഞങ്ങള്‍ക്കാശ്വാസമേകി. പക്ഷേ എനിയ്ക്കവളെ എടുത്ത് നടക്കുവാനാവുമായിരുന്നില്ല. എനിയ്ക്ക് നില്ക്കാമെന്നായപ്പോള്‍ രാമു ഉയരത്തിലുള്ള ഒരു സ്റ്റൂള്‍ ഉണ്ടാക്കിപ്പിച്ചു. അതിനുമുകളില്‍ ഞാനവളെയിരുത്തി കൊഞ്ചിക്കയും, ഭക്ഷണം കൊടുക്കയും ചെയ്യും. അവളെ ഞാന്‍ എന്റെ കിടയ്ക്കയുടെ അടുത്തുതന്നെയുള്ള തൊട്ടിലില്‍ കിടത്തിയാട്ടും.
എനിക്ക് തണുപ്പ് തോന്നുന്നു. തുറന്നുകിടന്നിരുന്ന ജനാലകളില്‍ക്കൂടി ഞാന്‍ പുറത്തേയ്ക്ക് നോക്കി. മഴ ചെറിയ ആരവത്തോടെ പെയ്യുന്നു. നല്ല ഇരുട്ട്. മേഘക്കീറുകള്‍ സൂര്യരശ്മികളെ മറച്ചുപിടിച്ചിരിക്കുന്നു. ഡ്രോയിങ്ങ് റൂമിന്റെ വാതില്‍ തുറന്നിട്ടിരിക്കയാണ് . അനിലയെ നോക്കുന്നവള്‍ ഇപ്പോള്‍ വരാമെന്നും പറഞ്ഞു പോയതാണ്. ചുറ്റും നോക്കിയപ്പോള്‍ അനിലയെ കാണുന്നില്ല. അവള്‍ക്കിപ്പോള്‍ ഒന്നരവയസ്സുണ്ട്. മെല്ലെ മെല്ലെ നടക്കും. വാതിലിന്നു പുറത്തേയ്ക്ക് നോക്കിയപ്പോള്‍ അവള്‍ കോണിപ്പടികള്‍ പതുക്കെ ഇറങ്ങാന്‍ തുടങ്ങുന്നതാണ് കണ്ടത്. എനിയ്ക്കെന്തു ചെയ്യണമെന്നറിയാതെ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. എന്റെ കാലുകള്‍ വാതിലിന്നുപുറത്തേയ്ക്ക് കുതിച്ചതെങ്ങനെയെന്നറിഞ്ഞുകൂടാ. ഞാനവളെ പിടിച്ചൊക്കത്തിരുത്തിയപ്പോള്‍ അപ്രതീക്ഷിതമായി എതിരെനിന്നും വന്ന രാമു ഞങ്ങളെ രണ്ടുപേരേയും ആശ്ലേഷിച്ച് വിതുമ്പി.ഞാന്‍ നടക്കാന്‍ തുടങ്ങി. ആനന്ദത്തിന്റെ പ്രവേശനകവാടം
ഞങ്ങളുടെ മുന്നില്‍ തുറന്നു.
About The Author
No related posts.
One thought on “അവിചാരിതം – Anandavalli Chandran”
നന്ദി.. LIMA, ഈ കഥ തിരഞ്ഞെടുത്തു പ്രസിദ്ധീകരിച്ചതിന്ന്. സന്തോഷം.
ആനന്ദവല്ലി ചന്ദ്രൻ