Facebook
Twitter
WhatsApp
Email

ഉപ്പേരിക്കുള്ള കായ വറവ് അവസാനഘട്ടത്തിലേക്ക് കടക്കുന്നു. ഓട്ടുരുളിയിലെ എണ്ണയില്‍ മൊരിഞ്ഞുകൊണ്ടിരിക്കുന്ന ശര്‍ക്കരവരട്ടിക്കുള്ള കായക്കഷണങ്ങള്‍ കണ്ണാപ്പയ്ക്ക് ഒന്നിളക്കിയിട്ടു. ഉത്തരമോള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് ശര്‍ക്കരവരട്ടി.

മൂപ്പ് പാകമായപ്പോള്‍ ഉപ്പേരി കോരിമാറ്റി സ്റ്റോവ് കെടുത്തി.

വേഗം അടുക്കളയിലെ ജോലികളെല്ലാം ഒതുക്കി അടിച്ചുതുടച്ചിട്ടു.

ഏറെക്കാലങ്ങള്‍ക്ക് ശേഷം അമ്മയെക്കാണാന്‍ ഇന്ന് ഉത്തരയെത്തുന്ന ദിവസമാണ്.

അവള്‍ വന്നാല്‍പ്പിന്നെ ഒന്നിനും നേരം കാണില്ല. എത്രകാലത്തെ വിശേഷങ്ങളാണ് പറഞ്ഞുതീര്‍ക്കാനുള്ളത്.

കുഞ്ഞി, നാളത്തേയ്ക്കുള്ള കൈകൊട്ടിക്കളിയുടെ പ്രാക്ടീസിനും അനന്തേട്ടന്‍ ഓണസദ്യക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ അങ്ങാടിയിലേയ്ക്കും പോയിരിക്കയാണ്.

ഒരിക്കലും മറക്കാനാവാത്ത ആ ഉത്രാട ദിവസം സന്തോഷത്തിന്റെയും നോവുന്ന ഓര്‍മ്മയുടെയും ദിനം കൂടിയാണ് . കുഞ്ഞിക്കും അനന്തേട്ടനും എന്തെങ്കിലുമൊക്കെ വെച്ചൊരുക്കി കൊടുക്കുമെന്നല്ലാതെ ഉത്രാടനാളില്‍ ഒരു വറ്റ് ഇറങ്ങില്ല. വിധി തന്റെ ജീവിതത്തെ മൂന്നായി ഭാഗിച്ചുകളഞ്ഞതിന്റെ തുടക്കവും ആ ഉത്രാടനാള്‍ ആയിരുന്നു.

ഉത്തര ഫ്‌ളൈറ്റിറങ്ങിയെന്നു വിളിച്ചു പറഞ്ഞു. ഇനി ഏറിയാല്‍ മൂന്നോ മൂന്നരയോ മണിക്കൂര്‍, അവളിങ്ങെത്തും. വെളുത്തു കൊലുന്നനെയിരുന്ന കുട്ടി, ഇപ്പോള്‍ കുറച്ചുകൂടി തടിവെച്ചു സുന്ദരിയായിട്ടുണ്ട്.

ഫോണെടുത്തു വാട്സ്ആപ്പില്‍ പലവിധത്തിലുള്ള ഫോട്ടോകള്‍ അവള്‍ അയച്ചുതന്നത് സൂം ചെയ്തു കുറച്ചുനേരം അതില്‍ നോക്കിയിരുന്നു. ചെറിയ ചാറ്റല്‍ മഴയില്‍ മുറ്റത്തെ തെച്ചിയിലെ പൂവിതളുകളില്‍ നീര്‍മുത്തുകള്‍ ഇള വെയിലേറ്റ് വൈഡൂര്യം പോലെ തിളങ്ങുന്നു.

മുത്തശ്ശിപ്പൂക്കള്‍ കുലയില്‍ നിന്നും അടര്‍ന്നുവീഴുന്നുണ്ട്.

ദേവസേനയുടെ മനസ്സിലേക്ക് ഓര്‍മ്മകളും ഓരോന്നായി അടര്‍ന്നുവീണുകൊണ്ടിരുന്നു. അതിനിന്നും, അറിയാതെ നാവില്‍ത്തൊട്ട ചെന്നിനായകത്തിന്റെ കയ്പ്പ്.

ആ ഉത്രാടനാള്‍ വീട്ടില്‍ വിരുന്നുകാര്‍ ഏറെയുണ്ടായിരുന്നു. അച്ഛമ്മയും അച്ഛച്ഛനും ഉള്ളതുകൊണ്ട് ചിറ്റമാരും അപ്പച്ചിമാരുമെല്ലാം ഓണം ആഘോഷിക്കാന്‍ തറവാട്ടില്‍ എത്തിയിട്ടുണ്ട്. വീട് നിറയെ ആളുകള്‍. ശബ്ദമുഖരിതമായ അന്തരീക്ഷം.

അമ്മ അടുക്കളയില്‍ വിഭവങ്ങള്‍ ഒരുക്കുന്നതിനു നേതൃത്വം കൊടുക്കുന്നു. നിറവയറുമായി അടുക്കളയിലേക്ക് ചെന്നപ്പോള്‍ ഗൗരിയപ്പച്ചി തന്റെ വയറിലേയ്ക്ക് നോക്കിപ്പറഞ്ഞു.

”ദേവമോള്‍ക്കിത് ഒമ്പതാം മാസമല്ലേ കുഞ്ഞേടത്തീ…ഇനി അധികം വൈകില്ലാന്നു തോന്നുന്നു.”

”ഒന്നും പറയാന്‍ പറ്റില്ല ഗൗരിയേ. വയറല്‍പം ഇടിഞ്ഞിട്ടുണ്ടോന്നൊരു സംശ്യം. ഓണം കൂടാന്‍ പുതിയൊരാളും കൂടി ഉണ്ടാവുംന്നാ എന്റെ തോന്നല്‍. ബാഗൊക്കെ ഒരുക്കി വെച്ചിട്ടുണ്ടാവൂല്ലോ അല്ലേ ജഗദമ്മേ?” ജയാപ്പച്ചിയുടെ ചോദ്യം അമ്മയോടായിരുന്നു.

”അതൊക്കെ എപ്പളേ എടുത്തു വെച്ചിരിക്കണൂ. തിരുവോണത്തിന് പിറ്റേന്ന് ആശുപത്രിയില്‍ എത്താനാണ് ഡോക്ടര്‍ പറഞ്ഞത്.”

ഇത്തിരി ഉപ്പേരി അമ്മ കയ്യില്‍ വെച്ചുതന്നു. നല്ല ക്ഷീണമുണ്ട്. നടക്കാനൊരു ബുദ്ധിമുട്ടുപോലെ. വലിയ വയറായതുകൊണ്ടാവും എന്നാണ് വിചാരിച്ചത്. ഡോക്ടറുടെയും തന്റേയും കണക്കുകൂട്ടലില്‍ തിയതി ആകാന്‍ ഇനിയും രണ്ടാഴ്ചകൂടിയുണ്ട്. ഇന്നലെ ചെക്കപ്പിന് പോയി വരുമ്പോള്‍ ഡോക്ടര്‍ പറഞ്ഞത് വൈകില്ല പറ്റുമെങ്കില്‍ അഡ്മിറ്റായിക്കോ എന്നാണ്. പക്ഷേ രാണ്ടാഴ്ചകൂടി ബാക്കിയുണ്ടല്ലോ. തന്നെയുമല്ല ഓണവുമാണ്. ഏതായാലും ഓണം കഴിഞ്ഞു വരാമെന്ന് ഡോക്ടറോട് പറഞ്ഞിട്ട് പോരുകയായിരുന്നു.

അടുക്കളയില്‍ നിന്നും തിരിച്ചു വരുന്നവഴി വരാന്തയിലേക്ക് ഒന്നെത്തിച്ചു നോക്കി. അവിടെ അച്ഛനും ഏട്ടന്മാരും ദേവേട്ടനുമൊക്കെ സൊറ പറഞ്ഞിരിക്കുന്നു. നേരെ റൂമില്‍ വന്നു കിടന്നു. അല്പം കഴിഞ്ഞപ്പോള്‍ നടുവിന് ഒരു കൊളുത്തിപ്പിടുത്തം. വയറിന് വല്ലാത്തൊരു ഭാരം. സാധാരണയായുള്ള ബുദ്ധിമുട്ടാകും എന്നു കരുതി അതത്ര ഗൗനിച്ചില്ല. നടുവ് വേദന വയറിലേയ്ക്ക് പടരുന്നു എന്നു തോന്നിയപ്പോള്‍ കട്ടിലില്‍ എണീറ്റിരുന്നു. അമ്മയെ വിളിച്ചു. വിളികേട്ട് ഓടിവന്നത് ഗൗരിച്ചിറ്റയാണ്.

”എന്താ..എന്താ മോളേ?”

”എനിക്കെന്തോ വയ്യായ്ക പോലെ.”

ചിറ്റ പോയി അമ്മയെയും ദേവേട്ടനെയുമൊക്കെ കൂട്ടിവന്നു.

”ദേവാ വേഗം ഒരുങ്ങിക്കോ. ഇനി കാക്കണ്ട.” അമ്മയുടെ നിര്‍ദ്ദേശം കേട്ടപാതി കേള്‍ക്കാത്ത പാതി ദേവേട്ടന്‍ റെഡിയായി കാറിറക്കി. ആശുപത്രിയില്‍ എത്തുമ്പോള്‍ ഗൈനക്കോളജിസ്റ്റ് ഓണത്തിന്റെ അവധിയിലാണ്. ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ചു അഡ്മിറ്റ് ചെയ്തു. ഗൈനക്കോളജിസ്റ്റിനെ വിളിച്ചുവരുത്തി.

”വൈകുന്നേരത്തിനുള്ളില്‍ ഉണ്ടാവും.” എന്നു പറഞ്ഞു ഡ്യുട്ടി ഡോക്ടര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി ആവശ്യം വന്നാല്‍ വിളിക്കണേ എന്നു പറഞ്ഞു അവര്‍ പോയി.

ഉച്ചയോടെ പ്രസവം നടന്നു. പെണ്‍കുട്ടി.

കുഞ്ഞിനെ ഉമ്മ വെയ്പ്പിച്ചിട്ട് നേഴ്സ് പുറത്തേയ്ക്ക് കൊണ്ടുപോയി. ഏറെ സമയം കഴിഞ്ഞിട്ടും ബ്ലീഡിങ് നില്‍ക്കുന്നില്ല. ഡോക്ടര്‍ പരിഭ്രാന്തയാകുന്നത് അറിഞ്ഞു. റെയര്‍ ഗ്രൂപ്പ് രക്തമാണ് തന്റേത്. എന്തൊക്കെയോ സന്നാഹങ്ങള്‍ ഒരുക്കുന്നു. മരുന്നുകള്‍ പലതും ഞരമ്പിലൂടെ കയറുന്നതും പിന്നെ

ആംബുലന്‍സിലേയ്ക്ക് കയറ്റുന്നതും അറിഞ്ഞു. വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ ഒരുമാസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തി.

ആ വര്‍ഷത്തെ ഓണം ആരും ഉണ്ടില്ല. ദേവേട്ടന്‍ അരികില്‍ നിന്നും മാറിയില്ല. കൊടുമ്പിരിക്കൊണ്ട പ്രണയത്തിനൊടുവില്‍ ട്യൂഷന്‍ അധ്യാപകനായ ദേവനന്ദന്റെ ഭാര്യയാകുമ്പോള്‍ കുടുംബത്തിലാര്‍ക്കും അത്ര തൃപ്തിയുണ്ടായിരുന്നില്ല. എങ്കിലും ദേവേട്ടന്‍ സ്‌നേഹവും പെരുമാറ്റവും കൊണ്ട് എല്ലാവരുടെയും പ്രീതി പിടിച്ചുപറ്റി. പിന്നെ എന്താണ് സംഭവിച്ചത്?

പ്രസവത്തിന് ശേഷം ആറുമാസങ്ങള്‍ കഴിഞ്ഞാണ് തിരിയെപ്പോയത്. ആരോഗ്യം വീണ്ടെടുക്കാന്‍ പിന്നെയും മാസങ്ങള്‍ വേണ്ടിവന്നു. അപ്പോളേക്കും ജീവിതം കണ്മുന്നില്‍ ചോര്‍ന്നുപോകാന്‍ തുടങ്ങിയിരുന്നു. ആ കുട്ടി ചെറിയ ക്ലാസ്സിലെ കുട്ടികള്‍ക്ക് ട്യൂഷനെടുക്കാന്‍ എത്തിയതാണ് വിനയായത്. വിവരമറിഞ്ഞു ആ കുട്ടിയുടെ വീട്ടുകാര്‍ അവളെ വീട്ടുതടങ്കലിലാക്കി. ഇവിടെ അലോസരങ്ങളും വഴക്കുകളും ആരംഭിച്ചു. ഒടുവില്‍ മോളേയുമെടുത്ത് ഇറങ്ങാനൊരുങ്ങി. പക്ഷേ അവളെ തരില്ല, നീ വേണേല്‍ പൊയ്‌ക്കോ എന്ന നിലപാടിലായിരുന്നു ദേവേട്ടന്‍. അതിനാല്‍ പിന്നെയും എല്ലാം സഹിച്ചു നിന്നു. ഒടുവില്‍ ഒരു രാത്രി നിര്‍ദാക്ഷിണ്യം ഇറക്കിവിട്ടു. ദേവേട്ടന്റെ അച്ഛനാണ് വീട്ടില്‍ കൊണ്ടാക്കിയത്. മോള്‍ക്ക് അവളുടെ അച്ഛനോടായിരുന്നു പ്രിയം. അച്ഛനില്ലാതെ അവള്‍ ഉറങ്ങില്ല. വീട്ടില്‍ വന്ന് ഏറെക്കഴിയും മുന്നേ ഡിവോഴ്‌സ് നോട്ടീസ് കിട്ടി. മോളേ സംരക്ഷിക്കാനുള്ള കഴിവോ വരുമാനമോ ഇല്ല എന്ന കാരണത്താല്‍ മോള് ദേവേട്ടന്റെ കയ്യിലായി. ആ കുട്ടിയെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചു അവരൊന്നിച്ചു ജീവിതവും തുടങ്ങി. എല്ലാവരോടും കാരണം പറഞ്ഞത് ദേവയ്ക്കിനി പ്രസവിക്കാനോ ശാരീരിക ബന്ധത്തിനോ കഴിയില്ല എന്നാണ്. ഒന്നും എതിര്‍ക്കാന്‍ പോയില്ല. മനസ്സുകൊണ്ട് അകന്നുകഴിഞ്ഞു. ഇനി ഏച്ചുകെട്ടിയിട്ട് എന്തുകാര്യം. കോടതിയും പെട്ടെന്ന് ഡിവോഴ്‌സ് അനുവദിച്ചു.

അച്ഛന്റെയും അമ്മയുടെയും സങ്കടമായിരുന്നു തന്നെ തളര്‍ത്തിയത്. ആശ്വസിപ്പിക്കാന്‍ ആരുമില്ലായിരുന്നു. അമ്മ ഇടയ്ക്കിടെ പറയും.

”ന്റെ മോളേ അവന്റെ സ്വഭാവം ശരിയല്ലെന്ന് നിനക്ക് അറിയാരുന്നില്ലേ. അതല്ലേ ഞങ്ങള്‍ അന്ന് നിന്നെ ഇതില്‍നിന്നും വിലക്കിയത്.”

അതിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ഇഷ്ടംപോലെ സമ്പത്തുണ്ടായിരുന്നു അവിടെ. ഏറെക്കാലം ചികില്‍സിച്ചുണ്ടായ ഒറ്റക്കുട്ടിയായിരുന്നു ദേവേട്ടന്‍. നാട്ടുകാര്‍ പലതും പറയുന്നുണ്ടായിരുന്നു

വിവാഹമോചനം കഴിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത് ഒരേയൊരു വാക്ക് മാത്രം.

”അവന്‍ അവന്റെ ജന്മഗുണം കാണിച്ചു. അത്രതന്നെ.”

മോള് മിടുക്കിയായി വളരുന്നത് കണ്മുന്നില്‍ത്തന്നെ കണ്ടു. അമ്പലത്തിലും ഉത്സവത്തിനും മറ്റുമാണ് അവളെ കണ്‍ നിറയെ കാണുക. ചിലപ്പോള്‍ സ്‌കൂളിലും ഡാന്‍സ് ക്ലാസ്സിലും പോയി വിശേഷങ്ങള്‍ അറിഞ്ഞു. പിറന്നാളുകള്‍ ആശംസിച്ചു. ‘സമ്മാനങ്ങള്‍ അമ്മേടെ കയ്യില്‍നിന്നും വാങ്ങിയാല്‍ അച്ഛന്‍ വഴക്ക് പറയുമെന്ന്’ പറഞ്ഞവള്‍ നിരസിച്ചു. അരങ്ങേറ്റത്തിന് മോളുടെ ക്ഷണമനുസരിച്ചു പോയി. പക്ഷേ ഹാളില്‍ പ്രവേശിക്കാന്‍ ദേവേട്ടന്‍ അനുവദിച്ചില്ല. വെറുതേ അവിടെയൊരു പ്രശ്‌നം ഉണ്ടാക്കി മോളുടെ സമാധാനം കെടുത്തേണ്ടല്ലോ എന്നുവിചാരിച്ചു കണ്ണീരോടെ തിരിയെപ്പോരുമ്പോള്‍ തന്റെ പകരക്കാരിയായി ആ കുട്ടി ഹാളിലെ കസേരയില്‍ ഇരിക്കുന്നത് വാതിലിലൂടെ ഒരുനോക്ക് കണ്ടു.

ഉത്തരയെ ആ കുട്ടി സ്വന്തം മോളെപ്പോലെ വളര്‍ത്തുന്നത് അറിഞ്ഞു അല്പം സമാധാനം തോന്നി. എന്നുമുതലാണ് മോളും തന്നെ വെറുത്തുതുടങ്ങിയത്. അകല്‍ച്ചയ്ക്ക് കാരണം എന്തെന്ന് അറിയില്ലെങ്കിലും അവള്‍ തന്നെ വെറുത്തുതുടങ്ങി എന്നു മനസ്സിലായത് അവളുടെ പതിനാലാം പിറന്നാളിന്റെ അന്നാണ്. മോള്‍ക്കുള്ള ചോക്കളേറ്റുമായി പതിവുപോലെ ആ വര്‍ഷവും ഉത്രാടനാളില്‍ അമ്പലത്തില്‍ പോയി വഴിപാട് കഴിച്ചിറങ്ങുമ്പോള്‍ ദേവേട്ടന്റെ അമ്മയോടൊപ്പം മോളും തൊഴാന്‍ വരുന്നതുകണ്ടു സന്തോഷത്തോടെ അടുത്തേയ്ക്ക് ചെന്നു. കെട്ടിപ്പിടിച്ചു ഹാപ്പി ബര്‍ത്‌ഡേ പറഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി അവള്‍ തള്ളിമാറ്റി. ചോക്കലേറ്റ് തട്ടിക്കളഞ്ഞിട്ട് അകത്തേയ്ക്ക് പോയി. ആ ഷോക്കില്‍ നിന്നും ഉണരാന്‍ അല്പം വൈകി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവിടം വിട്ടത്. ഈ കാഴ്ചയൊക്കെ ഒരാള്‍ ദൂരെനിന്നും കാണുന്നുണ്ടായിരുന്നു. അനന്തേട്ടന്‍. പിന്നീട് മോള്‍ ഈ അമ്മയെ കാണാന്‍ പോലും കൂട്ടാക്കിയില്ല. പിന്നെ അവള്‍ക്കൊരു അനുജത്തി കൂടി പിറന്നെന്ന് അറിഞ്ഞു.

ഒരിക്കല്‍ കൂട്ടുകാരി സഹജയെ കണ്ടു.

”എടീ നീയെന്തു വിശ്വസിച്ചാണ് മോളേ അയാളുടെ കയ്യില്‍ കൊടുത്തിട്ട് പോന്നത്?” ദേഷ്യത്തോടെയാണ് സഹജ ചോദിച്ചത്. ബാക്കികൂടി കേട്ടപ്പോള്‍ തന്നിലെ അമ്മ ആ നിമിഷം മരിച്ചു വീണു.

അപ്പോളാണ് മോള്‍ തന്നോട് കാണിച്ച ആ പ്രവൃത്തിയുടെ അര്‍ത്ഥം മനസ്സിലായത്. പിന്നീട് പലതവണ അവളെ കാണാന്‍ ശ്രമിച്ചെങ്കിലും മോള് അകന്നുപൊയ്ക്കൊണ്ടിരുന്നു. ഉപരിപഠനത്തിനായി ഹോസ്റ്റലിലേക്ക് മാറിയെന്നും ജോലി ലഭിച്ചപ്പോള്‍ കൂടെ പഠിച്ച പയ്യനെ പ്രണയിച്ചു വിവാഹം കഴിച്ചെന്നും അറിഞ്ഞു. ഇതിനിടയില്‍ അനന്തേട്ടന്റെയും തന്റേയും വിവാഹം കഴിഞ്ഞിരുന്നു.

ഏട്ടന്മാരൊക്കെ ജോലിയും കുടുംബപ്രാരാബ്ധങ്ങളുമായി അന്യനാട്ടിലാണ്. അച്ഛനുകൂടി വയ്യാതായപ്പോള്‍ ഒരു ആണ്‍തുണ കൂടിയേ തീരൂ എന്ന ഘട്ടത്തിലാണ്

അനന്തേട്ടന്റെ ഭാര്യയാകാന്‍ തീരുമാനിച്ചത്. അവിവാഹിതനായി നിന്ന അനന്തേട്ടന്‍ തന്നെയാണ് വിവാഹത്തിന് മുന്‍കൈ എടുത്തത്.

ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ കുഞ്ഞി ജനിച്ചു. അപ്പോള്‍ നാട്ടുകാരുടെ ചോദ്യം.

”അല്ല ദേവേ നിനക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല അല്ലേ?” വെറുതേ ഒരു ചിരിയായിരുന്നു അവര്‍ക്കുള്ള മറുപടി.

കുഞ്ഞിയെ വളര്‍ത്തുന്ന തിരക്കിനിടയിലും ഉത്തരമോളെക്കുറിച്ചുള്ള സങ്കടം ബാക്കിനിന്നു. ഒരുദിവസം അറിയാത്ത നമ്പറില്‍ നിന്നും ഒരു കാള്‍. ന്യൂസിലാന്റില്‍ നിന്നും ഉത്തരയായിരുന്നു അത്. മനസ്സുതിങ്ങി കണ്ണു നിറഞ്ഞൊഴുകി.

അവളുടെ ഭര്‍ത്താവിന്റെ നിര്‍ബ്ബന്ധം കൊണ്ടാണെന്നു പറഞ്ഞാണ് ആദ്യമവള്‍ വിളിച്ചത്. പിന്നെ ഇടയ്ക്ക് വിളിക്കുമായിരുന്നെങ്കിലും അത്യാവശ്യം വിശേഷങ്ങള്‍ തിരക്കുന്നതില്‍ക്കവിഞ്ഞൊന്നും ഉണ്ടായിരുന്നില്ല. ഒരു മോള് ജനിച്ചുകഴിഞ്ഞുള്ള ആദ്യത്തെ വിളിയില്‍ ആദ്യമായി അവള്‍ കരഞ്ഞു. എന്തുപറഞ്ഞാണ് ആശ്വസിപ്പിക്കുക. പരാജിതയായ ഈയമ്മയ്ക്ക് മകളോട് എന്തു സമാശ്വാസവാക്കാണ് പറയാനുള്ളത്.

‘ഈ പിറന്നാള്‍ ഞാനെന്തായാലും അമ്മയുടെ കൂടെയാണ്.’ കഴിഞ്ഞമാസം വിളിച്ചപ്പോള്‍ പറഞ്ഞു ടിക്കറ്റും ബുക്ക് ചെയ്തെന്ന്. ഫോണിലൂടെയും ഫോട്ടോയിലൂടെയുമല്ലാതെ അവളെ കാണാന്‍ പോകുകയാണ്. ഉള്ളിലെ തുടിപ്പ് കണ്ണീരായി പുറത്തുവന്നത് ദേവസേന അറിഞ്ഞില്ല.

”എന്താടോ ഒറ്റയ്ക്കിരുന്നു കരയുന്നോ?”

അനന്തേട്ടന്റെ ശബ്ദമാണ് പരിസരബോധത്തിലേയ്ക്ക് നയിച്ചത്. വേഗം കണ്ണുതുടച്ചെണീറ്റു.

”നോക്കിയേ എല്ലാം ആയോന്ന്. നമ്മുടെ മോള് ആദ്യമായി വീട്ടില്‍ വരുമ്പോള്‍ ഒരു കുറവും വരുത്താന്‍ പാടില്ല.” അനന്തേട്ടനെ നന്ദിയോടെ ഒന്നു നോക്കി. സഞ്ചിയുമായി അകത്തേയ്ക്ക് പോന്നു.

നാളെ ഉത്രാടമാണ്. വിഭവസമൃദ്ധമായ ഒരു സദ്യതന്നെ ഒരുക്കണം. ഈ പിറന്നാളിന് അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം അവള്‍ കഴിക്കണം. അവര്‍ക്കുള്ള സമ്മാനങ്ങളും വസ്ത്രങ്ങളും നേരത്തെ തന്നെ വാങ്ങിവെച്ചിരുന്നു. അനന്തേട്ടനും താനും കുഞ്ഞിയും കൂടിയാണ് എല്ലാം വാങ്ങിയത്. കുഞ്ഞിയും അവളുടെ ചേച്ചിയെക്കാത്ത് ആകാംഷയോടെ ഇരിക്കുകയാണ്.

സഞ്ചി അകത്തുകൊണ്ടുപോയി വയ്ക്കുമ്പോള്‍ വരാന്തയില്‍ കുഞ്ഞിയുടെ ശബ്ദം.

”ചേച്ചി വന്നില്ലേ അച്ഛാ?” എന്നു ചോദിക്കുന്നതും ഒപ്പം ഒരു കാര്‍ മുറ്റത്തേക്ക് കയറുന്ന ശബ്ദവും കേട്ടു പുറത്തേയ്ക്ക് ചെന്നു.

കാറിന്റെ ഡോര്‍ തുറന്നിറങ്ങി ഉത്തര ഓടിവന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം ദേവസേന തന്റെ മകളെ തൊട്ടു. അടക്കിവെച്ചതെല്ലാം ഒന്നിച്ച് അണപൊട്ടിയൊഴുകി.

അമ്മയും മകളും കിട്ടാത്തതും കൊടുക്കാത്തതുമായ സ്‌നേഹം കണ്ണീരിലൂടെ പരസ്പരം പ്രകടിപ്പിച്ചു. അമ്മ മകളെ ഉമ്മകള്‍ കൊണ്ടു മൂടി.

എന്തിനെന്നറിയാതെ കുഞ്ഞിയും കരഞ്ഞു. ബാക്കി രണ്ടു ജോഡി കണ്ണുകളിലും സന്തോഷാശ്രുക്കളുടെ തിളക്കം. ഈ കാഴ്ചകണ്ടു നിര്‍ന്നിമേഷയായി നിന്ന തെച്ചിയെ അതുവഴിവന്ന കാറ്റ് തൊട്ടുവിളിപ്പോള്‍ തെച്ചിയും കണ്ണുനിറച്ചു കിലുകിലെ ചിരിച്ചു.

About The Author

One thought on “എന്റെ ഉത്തര-ഡോളി തോമസ് ചെമ്പേരി”

Leave a Reply

Your email address will not be published. Required fields are marked *