മണല്‍ക്കിനാക്കള്‍-നൈന മണ്ണഞ്ചേരി

Facebook
Twitter
WhatsApp
Email

”യാ അള്ളാ സലാ,സലാ..” മനസ്സും ശരീരവും മരവിപ്പിക്കുന്ന തണുപ്പിനെ ഭേദിച്ച് വാതിലില്‍ ശക്തമായ ഇടിയോടൊപ്പം അറബിയുടെ മുഴങ്ങുന്ന ശബ്ദം.അയാള്‍ ഉറക്കത്തില്‍ നിന്ന് ചാടിയെഴുന്നേറ്റു.ഇടയത്താഴം കഴിച്ച് നിയ്യത്ത് വെച്ച് കിടന്നിട്ട് ഒരു മണിക്കൂറാകുന്നതേയുള്ളൂ.ക്ഷീണവും തണുപ്പും മൂലം അറിയാതെ കണ്ണുകള്‍ അടഞ്ഞു പോയി.അപ്പോഴാണ് ദിഗന്തങ്ങള്‍ മുഴങ്ങുമാറ് അറബിയുടെ ശബ്ദം.അടഞ്ഞു പോകുന്ന് കണ്ണുകള്‍ ആയാസപ്പെട്ട് തുറന്നു പിടിച്ച് അയാള്‍ വാതിലിനടുത്തേക്ക് നീങ്ങി.പത്ത് മിനിറ്റിനുള്ളില്‍ പ്രാര്‍ത്ഥനയും കഴിഞ്ഞ് ജോലിക്ക് ചെന്നിലെങ്കില്‍ വീണ്ടും അറബി വരും.നിസ്‌ക്കരിപ്പിക്കാനുള്ള ആഗ്രഹം കൊണ്ടല്ല,പ്രാര്‍ത്ഥിച്ചാലും ഇല്ലെങ്കിലും കൃത്യസമയത്ത് ജോലിക്ക് ഹാജരുണ്ടാവണം.എങ്കിലും എപ്പോഴും യാ അള്ളാ സലാ എന്ന് പറഞ്ഞേ അറബി വിളിക്കൂ.യാ അള്ളാ ശുഉല്‍ എന്ന് പറഞ്ഞ് ഇതു വരെ അയാള്‍ വിളിച്ചിട്ടില്ല.

അപ്പുറത്ത് കിടക്കുന്ന് മൈതീനിക്കയെയും ഷമീനെയും വിളിച്ചുണര്‍ത്തി. മൈതീനിക്ക കോഴിക്കോടുകാരനാണ്, ഷമീം ഉത്തര്‍പ്രദേശുകാരനും..നിസ്‌ക്കാരം അറബിയുടെ നേതൃത്വത്തിലാണ്.വെളുപ്പിന് ജോലി ഓരോരുത്തര്‍ ഓരോ ദിവസം മാറി മാറിയാണ്. ഇന്ന് എന്റെ ഊഴമാണ്. ദൂരെ എവിടെ നിന്നെങ്കിലും ഇരുട്ടും മഞ്ഞും ഭേദിച്ച് ഏതെങ്കിലും വണ്ടി വരുന്നുണ്ടോ?വെറുതെയാണെങ്കിലും അയാള്‍ ദൂരേക്ക് നോക്കി.നീണ്ട കാത്തിരിപ്പിനൊടുവില്‍ ഏതെങ്കിലുമൊരു വണ്ടി വന്നെങ്കിലായി. പെട്രോളിനോ ഡീസലിനോ കടയില്‍ നിന്ന് എന്തെങ്കിലും വാങ്ങാനോ ആരും വന്നില്ലെങ്കിലും തണുപ്പായാലും ചൂടായാലും വെളുപ്പിനെ ഒരാള്‍ പമ്പില്‍ കുത്തിയിരിക്കണമെന്ന് അറബിക്ക് നിര്‍ബന്ധമാണ് ഇന്ന് ഞാനാകാം നാളെ മൈതീനിക്കയാകാം,മറ്റന്നാള്‍ ഷമീം ഭായ് ആകാം ആ ഹതഭാഗ്യന്‍..

മഫ്‌ളറും കോട്ടുമുണ്ടെങ്കിലുംതണുപ്പ് രോമകൂപങ്ങളിലേക്ക് അരിച്ചരിച്ചിറങ്ങുകയാണ്.അസഹനീയമായ തണുത്ത കാറ്റില്‍ നിന്നും രക്ഷ നേടാന്‍ മഫ്‌ളര്‍ മുഖത്തേക്ക് വലിച്ചിട്ടു.കനിവിന്റെ ഒരു വിളിക്ക് വേണ്ടി അയാള്‍ കടയിലേക്ക് കാതോര്‍ത്തു.കടയുടെ സുരക്ഷിതത്വത്തില്‍ അറബി കൂര്‍ക്കം വലിച്ചുറങ്ങുകയാണ്.ഈ തണുത്ത വെളുപ്പാന്‍ കാലത്ത് ആരും വരില്ലെന്ന് മറ്റാരെയുംകാള്‍ അറബിക്കറിയാം.എങ്കിലും കൊടുക്കുന്ന കാശ് മുതലാക്കണമല്ലോ?അതിനായാണ് പമ്പും കടയും തുറന്നു വെച്ചുള്ള ഈ കാത്തിരിപ്പ്.എപ്പോഴോ വന്നേക്കാവുന്ന ഒരു വണ്ടിക്ക് വേണ്ടി..

എന്തായിരിക്കും അറബിയുടെ കനവുകളിലിപ്പോള്‍?ഹൈദരാബാദുകാരിയായ രണ്ടാം ഭാര്യയോ,അതോ ഈ വയസ്സാം കാലത്ത് അവളില്‍ ജനിച്ച കുഞ്ഞോ?വിജനമായി നീണ്ടു കിടക്കുന്ന മരുഭൂമിയിലേക്ക് അയാള്‍ വെറുതെ നോക്കി.മുന്നൂറ്റിയമ്പത് കിലോ മീറ്ററുകള്‍ക്കപ്പുറമാണ് ജനവാസമുള്ള അടുത്ത പട്ടണം.അതിനിടയില്‍ ആദിവാസി ബദുക്കളുടെ വീടുകളും ആടുകളും ഒട്ടകങ്ങളും..നീണ്ടു നിവര്‍ന്നങ്ങനെ കിടക്കുകയാണ് വിശാലമായ മരുഭൂമി.ഇടയ്ക്ക് അപൂര്‍വ്വമായി ഒന്നു രണ്ട് പെട്രോള്‍ പമ്പുകളും ചെറിയ കടകളും..വണ്ടിയുടെ പ്രകാശം കണ്ണുകളിലേക്ക് അടിക്കുന്നു..എതോ യാത്രക്കാരന്‍ വരുന്നുണ്ട്.ഒരു പക്ഷേ ജോര്‍ജ്ജായിരിക്കുമോ?അയാള്‍ വരേണ്ട സമയം കഴിഞ്ഞിരിക്കുന്നു.നോമ്പ് തുടങ്ങുമ്പോഴേക്കും ഇങ്ങെത്താം എന്ന് പറഞ്ഞ് തങ്ങളുടെ കാശുമായി പോയതാണ്.

പുറത്തു പോകാനും സാധനങ്ങള്‍ വാങ്ങാനുമൊന്നും കഴിയാത്തതു കൊണ്ട് ആരെയെങ്കിലും ആശ്രയിക്കാതെ ഒരു കാര്യവും നടക്കില്ല.കുറച്ചു മാറി ചെറിയൊരു പട്ടണമുണ്ട്,അവിടെ കുറച്ചു മലയാളികളുണ്ടെന്ന് കേട്ടിട്ടുണ്ട്,ഇതു വരെ കാണാന്‍ കഴിഞ്ഞിട്ടില്ല,അവരേതു നാട്ടുകാരാണെന്നും അറിയില്ല.അറബി ആകെ കാറിന്റെ പുറകില്‍കയറ്റി കൊണ്ടു പോകുന്നത് വെള്ളിയാഴ്ച ഉച്ചക്കുള്ള ജുമുആ പ്രാര്‍ത്ഥനയ്ക്ക് മാത്രം.അതും ഊഴമനുസരിച്ച് ഒരാഴ്ച്ച രണ്ട് പേരെ മാത്രം.ആദിവാസി കേന്ദ്രമായത് കൊണ്ട് ഭാര്യയെ തനിച്ചാക്കി പോകാന്‍ അറബിയ്ക്ക് മടി.കടയും പമ്പും നോക്കാനെന്ന പേരിലാണ് ഒരാളെ നിര്‍ത്തുന്നതെങ്കിലും അത് ഭാര്യക്കുള്ള കാവലാണെന്ന് പിന്നീടാണ് അയാള്‍ക്ക് മനസ്സിലായത്.

വരും,ഇന്ന് ജോര്‍ജ്ജ് വരാതിരിക്കില്ല..റിയാദില്‍ നിന്നും കടകളിലേക്കുള്ള സാധനങ്ങളുമായി വരുന്ന തൃശൂര്‍ക്കാരന്‍ ജോര്‍ജ്ജും സഹായി ഇസ്മയിലും..ടൗണിലെ കടകളില്‍ സാധനങ്ങള്‍ കൊടുത്ത് തിരിച്ചു വരുമ്പോള്‍ ചിലപ്പോള്‍ രാത്രിയാകും..മിക്കവാറും ഞങ്ങളുടെ മുറിയില്‍ തങ്ങിയിട്ടേ പോകൂ..ജോര്‍ജ്ജാണ് പറഞ്ഞത് എന്റെ നാട്ടുകാരനായ ജയിംസ് പട്ടണത്തിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന കാര്യം.അങ്ങനെ ആഴ്ചയിലൊരു ദിവസം ജയിംസും ഞങ്ങളുടെ വിരുന്നുകാരനായി.ഒരാഴ്ച്ചത്തെ പത്രങ്ങള്‍,കറി പൗഡറുകള്‍,പല വ്യഞ്ജനങ്ങള്‍..ജയിംസ് വരാനായി ഞങ്ങള്‍ കാത്തിരുന്നതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു,ഞങ്ങള്‍ക്ക് വരുന്ന കത്തുകള്‍ ജയിംസിന്റെ അഡ്രസ്സിലായിരുന്നു വരുന്നത്..തിരിച്ചു പോകുമ്പോള്‍ നാട്ടിലേക്ക് അയക്കാനുള്ള കത്തുകള്‍ അയാള്‍ കൊണ്ടു പോകും..

ജയിംസ് വരുന്നത് ഭ്രാന്തമായ ഒരാവേശത്തോടെ കാത്തിരുന്ന നാളുകള്‍..ഒരാഴ്ച്ചത്തെ പത്രം ആര്‍ത്തിയോടെയാണ് വായിക്കുക..എത്രയോ കിലോ മീറ്ററുകള്‍ക്കപ്പുറം മാതൃഭാഷയിലെ ഒരക്ഷരത്തിന് വേണ്ടി കാത്തിരുന്ന വെമ്പല്‍..നാം അനുഭവിക്കാത്തതൊന്നും നമുക്ക് സത്യമല്ലെന്ന് തോന്നും എന്ന് പറയുന്നത് എത്ര സത്യം.. .ജയിംസ് വരും വരെ അറബിയുടെ സുഹൃത്തുക്കളുടെ ആരുടെയോ ബോക്‌സ് നമ്പരിലാണ് കത്തുകള്‍ വന്നിരുന്നത്..അറബിയ്ക്ക് തോന്നുമ്പോള്‍ പോയി നോക്കിയാല്‍ നോക്കി,വല്ലപ്പോഴും കിട്ടിയാല്‍ കിട്ടി..എന്നും അറബി പോയി വരുമ്പോള്‍ പ്രതീക്ഷയോടെ ഞങ്ങള്‍ മൂന്ന് പേര്‍ നോക്കിയിരിപ്പുണ്ടാവും..”മാഫീ റൂഹ് യാ അഹീ ”,”മാഫീ രിസാല..” എന്നൊക്കെയാകും മിക്കവാറും മറുപടി..നോക്കാന്‍ പോയില്ലെന്നും കത്തില്ലെന്നുമൊക്കെയുള്ള ആ മറുപടി കേള്‍ക്കുമ്പോള്‍ അറബിയെ കൊല്ലാനുള്ള ദേഷ്യമാണ് വരിക.

എങ്കിലും എന്റെ ആമിനയുടെ കത്ത് വരേണ്ട ദിവസമായല്ലോ?പരാതികളും പരിഭവങ്ങളും ആവശ്യങ്ങളും സ്‌നേഹവും നിറച്ച് വടിവൊത്ത അക്ഷരങ്ങള്‍ ചാലിച്ചെഴുതിയ എന്റെ ആമിയുടെ സ്‌നേഹസന്ദേശം..എന്തൊക്കെയാവും വീട്ടിലെ വിശേഷങ്ങള്‍?ആറുമാസം പ്രായമായിരുന്നു താന്‍ പോരുമ്പോള്‍ മോന്..ഇപ്പോള്‍ രണ്ടു വയസ്സു തികഞ്ഞിട്ടുണ്ടാവും..ബാപ്പയെ കാണുമ്പോള്‍ അവന്‍ തിരിച്ചറിയുമോ?ഗള്‍ഫിലേക്ക് യാത്ര തിരിക്കുമ്പോള്‍ കുഞ്ഞിനെയും ഒക്കത്തിരുത്തി നിറകണ്ണുകളോടെ നിന്ന ആമിയുടെ രൂപം ഇപ്പോഴും ഓര്‍മ്മയിലുണ്ട്..തണുപ്പും ചൂടുമേറ്റ് ജീവിതത്തിന്റെ ദുരിതപര്‍വ്വം അനുഭവിച്ചു തീര്‍ക്കുമ്പോള്‍ എല്ലാം ആമിക്കും മോനും വേണ്ടിയാണല്ലോ എന്നതാണ് ഏക ആശ്വാസം.

ആമിയ്ക്ക് സാരി,മോന് കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും…ജോര്‍ജ്ജിന് കൊടുത്തു വിട്ടിരിക്കുന്ന ലിസ്റ്റില്‍ എല്ലാമുണ്ട്.മൈതീനിക്കയുടെയും ഷമീം ഭായിയുടെയും നീണ്ട ലിസ്റ്റും കാശുമായി അയാള്‍ പോയപ്പോള്‍ മുതല്‍ പ്രതീക്ഷയോടെ കാത്തിരിപ്പാണ്..എല്ലാം ഹോള്‍സെയില്‍ വിലയില്‍ കിട്ടുമെന്ന് പ്രലോഭിപ്പിച്ച് അവസാന ചില്ലിപ്പൈസയും വാങ്ങിയാണ് അയാള്‍ പോയത്.എപ്പോഴാണാവോ അയാള്‍ വരിക..മുമ്പൊന്നും ഇത്ര പ്രതീക്ഷയോടെ അയാളെ കാത്തിരിക്കയുണ്ടായിട്ടില്ല.ഇപ്പോള്‍ പ്രതീക്ഷയുടെ വര്‍ണ്ണനാമ്പുകളില്‍ കനവുകള്‍ ചേര്‍ത്ത് അയാളുടെ വരവും കാത്തിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ ആമിയുടെടെയും കുഞ്ഞിന്റേയും കൂടെയാണ്.

രണ്ടു ദിവസത്തിനകം നാട്ടില്‍ ഒരാള്‍ പോകുന്നുണ്ട്,എന്തെങ്കിലും ഉണ്ടെങ്കില്‍ കൊടുത്തു വിടാം എന്ന് വെള്ളിയാഴ്ച ജയിംസ് വന്നപ്പോള്‍ പറഞ്ഞിരുന്നു..ഇപ്പോള്‍ കൊടുത്തു വിട്ടാല്‍ പെരുന്നാളിന് ആമിയ്ക്കും മോനും പുതിയ വസ്ത്രങ്ങളണിയാം..ഇവിടെ വിരസമായ മരുഭൂമിയിലെ ആഘോഷങ്ങളില്ലാത്ത പെരുന്നാളിന് എന്റെ ആശ്വാസം അതു മാത്രം..എല്ലാം ജോര്‍ജ്ജ് വന്നിട്ടു വേണം..എപ്പോഴാണോ അയാള്‍ വരിക..നോമ്പുകള്‍ ഓരോന്നു കടന്നു പോയി..അയാളെ മാത്രം കണ്ടില്ല..ഓരോ വണ്ടിയും വരുമ്പോള്‍ ഇത് ജോര്‍ജ്ജായിരിക്കും എന്ന് വെറുതെ പ്രതീക്ഷിച്ചു.നജ്‌റാനില്‍ നിന്നും റിയാദില്‍ നിന്നും വരുന്നവരോടൊക്കെ അയാളെപ്പറ്റി തിരക്കി.ആര്‍ക്കും അയാളെപ്പറ്റി അറിയില്ല..

അടുത്ത വെള്ളിയാഴ്ച ജയിംസ് വന്നു,നാട്ടില്‍ പെരുന്നാള്‍ കൂടാന്‍ പലരും പോകുന്നു,കൊടുത്തു വിടാന്‍ എന്തെങ്കിലും ഉണ്ടോ?ജോര്‍ജ്ജിന്റെ കയ്യില്‍ കാശെല്ലാം കൊടുത്തു വിട്ടില്ലായിരുന്നെങ്കില്‍ കുറച്ച് കാശെങ്കിലും വീട്ടിലേക്ക് കൊടുത്തു വിടാമായിരുന്നു.മടിച്ചു മടിച്ചാണെങ്കിലും ജയിംസിനോട് കാര്യം പറഞ്ഞു.”നിങ്ങളല്ലാതെ ആരെങ്കിലും കണ്ടു പരിചയം മാത്രമുള്ള ഒരാളുടെ കയ്യില്‍ ഇത്രയും കാശ് കൊടുത്തു വിടുമോ?പലരോടും ഇതേ പോലെ നല്ല കളക്ഷനും നടത്തിയാണ് അയാള്‍ മുങ്ങിയിരിക്കുന്നത്.ഇനി ഏതായാലും അയാളെ ഈ വഴി നോക്കണ്ട..” ജയിംസിന്റെ വാക്കുകള്‍ ഒരിക്കലും സത്യമാകരുതേയെന്ന് പ്രാര്‍ത്ഥിച്ചു.അങ്ങനെ അയാള്‍ കബളിപ്പിക്കാന്‍ സാദ്ധ്യതയില്ല.എത്രയോ രാത്രികളില്‍ ഞങ്ങളുടെ ഭക്ഷണം കഴിച്ച് ഒന്നിച്ചുറങ്ങി സുഖവും ദു:ഖവും പങ്കുവെച്ച്…അയാള്‍ ഒരു തട്ടിപ്പുകാരനാണെന്ന് ഒരിക്കലും ഓര്‍ക്കാന്‍ പോലും കഴിഞ്ഞില്ല.തന്റെ നിര്‍ബന്ധം കാരണം കാശ് കൊടുത്ത മൈതീനിക്കയോടും ഷമീം ഭായിയോടും എന്താ പറയുക?മനസ്സിലെങ്കിലും അവര്‍ ശപിക്കില്ലേ?

”ഓന്‍ ഗുണം പിടിക്കൂല്ല..” വിവരമറിഞ്ഞപ്പോള്‍ മൈതീനിക്ക തലയില്‍ കൈ വെച്ച് പ്‌രാകി.മനസ്സിലാകുന്നതും മനസ്സിലാകാത്തതുമായ ഭാഷയില്‍ ഷമീം ഭായിയും എന്തൊക്കെയോ പറഞ്ഞു.”ക്യാ കരേ ഭായീ”അവനും കരയുകയായിരുന്നു.വീട്ടിലേക്കയക്കാന്‍ വെച്ചിരുന്ന കാശാണ് എലാവരുമെടുത്തു കൊടുത്തത്.

നോമ്പ് അവസാനിക്കാറായി.ഓരോ രാത്രിയും പകലും നജ്‌റാനില്‍ നിന്നും നീളുന്ന ആ റോഡിലൂടെ പെരുന്നാള്‍ കോടികളുമായി ജോര്‍ജ്ജ് വരുന്നതും കാത്ത് ഞങ്ങളിരുന്നു.പ്രതീക്ഷയുടെ ഒരു തരി വെട്ടം എവിടെയെങ്കിലും തെളിയുന്നുണ്ടോ എന്ന് വെറുതെ പ്രതീക്ഷിച്ചു.പക്ഷേ പിന്നെ ഒരിക്കലും അയാളുടെ വണ്ടി മാത്രം വന്നില്ല.ദൂരെ മാനത്ത് പെരുന്നാള്‍ പിറ തെളിയുമ്പോഴും അയാളെ മാത്രം കണ്ടില്ല. ആമിയുടെയും കുഞ്ഞുമോന്റെയും മുഖങ്ങള്‍ മനസ്സില്‍ നിറഞ്ഞു.അറിയാതെ നൊമ്പരങ്ങള്‍ അണപൊട്ടി.പെരുന്നാള്‍ കാഴ്ച്ചകളില്‍ കണ്ണീരലിഞ്ഞു ചേര്‍ന്നു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *