മഴയുള്ളയൊരു രാത്രിയില്‍
എത്ര കൊടുങ്കാറ്റുകളെ
വകഞ്ഞൊതുക്കിയാണവന്‍
വീട്ടിലേക്കെത്തുന്നത്
കുത്തൊഴുക്കുകള്‍ കൂട്ടിയിട്ട
നടപ്പാതയില്‍ തെന്നി വീണും
വീഴാതെയും മിന്നല്‍ വെളിച്ചത്തിന്‍
കൈ പിടിച്ചവന്റെ യാത്ര
അടിമുടി നനഞ്ഞവനുള്ളില്‍
ഞാത്തിയിട്ടിട്ടുണ്ട് ചൂടുള്ള
സ്വപ്നങ്ങളായിരം മഴയെങ്കിലും
നൃത്തമാടുന്നു ചുറ്റിനും കനല്‍ക്കാലം
വകഞ്ഞു പോകാനാവാത്ത
വിഷാദങ്ങള്‍ പേമാരിയായി
ആര്‍ത്താര്‍ത്തു പെയ്യുന്ന
വീട്ടിലേക്കവന്‍ എത്തുന്നു
പുറത്തും മഴയുണ്ടകത്തും
മഴയുണ്ട് വഴുതി വീഴാതിരിക്കുവാന്‍
ശ്രമിക്കുന്നുണ്ടവന്‍
മഴയേ നീ പെയ്‌തോളുക
About The Author
No related posts.