വായിച്ചുവളരുവിനെന്ന സന്ദേശം,
പ്രിയമലയാള മക്കള്‍ക്കേകിയസ്‌നേഹ,
മയനാംമാനവാത്മാവേ പ്രണാമം.
വായനമര്‍ത്ത്യ സംസ്‌കാരമുദ്രയല്ലോ!
ആയതുവിനോദ വിജ്ഞാനപോഷിണി .
വിയദങ്കണശുക്ര താരമാകാന്‍,
വായനശാലയേകുന്നു ശക്തിയാംശ്രേണി.
ആയിരമായിരംപുസ്തക ചങ്ങാതിമാര്‍,
മായികമാമറിവിന്‍മരന്ദം പകരാനായി,
വായനപ്പുരയില്‍മേവുന്നു നിത്യം.
കായികംമാത്രമല്ല ശാസ്ത്രഗണിതങ്ങളും,
ആയുരാരോഗ്യത്തിന്‍ മന്ത്രതന്ത്രങ്ങളും,
ആയവയോരോന്നും മാടി വിളിച്ചീടുന്നു.
കയ്യിലെടുത്തെന്നെ യോമനിക്കൂ,
കയറുണ്ട് ചെമ്മീനുണ്ട് നാലുകെട്ടും.
മയ്യഴിതന്‍ തീരമുണ്ടിതിഹാസങ്ങളും
മയില്‍പ്പീലിയുണ്ട് പ്രേമലേഖനവും
അയല്‍ക്കാരുമെതിര്‍പ്പും ഭ്രാന്താലയവും,
മായാവിയുണ്ട് മായാമനുഷ്യനും
ആയിരത്തൊന്നുരാവിന്‍ കഥയുണ്ട്,
പ്രിയതമേപ്രഭാതമേ മനസ്വിനി,മാണിക്യവീണേ
ഈയരങ്ങിലെത്ര പുരാണേതിഹാസങ്ങള്‍,
മായാതെ തെളിയുന്ന ചരിത്ര ചിത്രങ്ങള്‍.
ഈയാഗശാലപുനര്‍ജ്ജനി സങ്കേതമല്ലോ!
കായകാന്തിതന്‍ ശക്തിയേറ്റിടും
വ്യായാമശീലമായി നിത്യം
വായന,മാനസത്തിന്നോ ജസുകൂട്ടും സഖേ .
ആയാസംകളഞ്ഞു മോദമോടെ,
വായിച്ചീടുക,വായന, വായനതന്നെജീവിതം.











