തക്കാളിപ്പനി എന്ന് പേരുവിളിക്കുന്ന രോഗാവസ്ഥ കുട്ടികളിൽ കൂടുതലായി ഇപ്പോൾ കണ്ടുവരുന്നു

Facebook
Twitter
WhatsApp
Email

കുട്ടികളിലാണ് ഈ രോഗാവസ്ഥ കണ്ടുവരുന്നതെങ്കിലും മുതിർന്നവർക്കും ഇത് ബാധിക്കും. ‘തക്കാളിപ്പനി’ പടരുന്നു എന്ന് കേൾക്കുമ്പോഴുള്ള പേടിയിലും ആശങ്കയിലുമാണ്.

എന്താണ് തക്കാളിപനി

പത്ത് വയസ്സിന് താഴെയുള്ള കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിതെന്ന് ഡോക്ടേഴ്സ് പറയുന്നു. പനി ബാധിച്ച കുട്ടിയുടെ ശരീരത്തിൽ ചുണങ്ങുകൾക്കും കുമിളകൾക്കും കാരണമാകുന്നു. അവ സാധാരണയായി ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത്. അതിനാൽ ഇതിനെ ‘തക്കാളിപ്പനി’ എന്ന് വിളിക്കുന്നതാണ്.  ‘തക്കാളിപ്പനി’ കാലാകാലങ്ങളായി ഇവിടുള്ള HFMD അഥവാ Hand Foot Mouth Disease ആണ്‌. കോക്‌സാക്കി വൈറസ്‌ അല്ലെങ്കിൽ എന്ററോവൈറസ്‌ ഉണ്ടാക്കുന്ന ഈ അസുഖം അപകടകാരിയല്ലെങ്കിലും കുട്ടികൾക്ക് ഏറെ നാൾ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്.

ലക്ഷണങ്ങൾ
പനി, ക്ഷീണം, കൈവെള്ളയിലും കാൽവെള്ളയിലും വായ്‌ക്കകത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും കൈകാൽ മുട്ടുകളുടെയും നിതംബത്തിലും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കൻപോക്‌സ് പോലെ പൊള്ളകളാവുന്നതാണ്‌ ലക്ഷണം. ചിക്കൻപോക്‌സ്‌ കൈവെള്ളയിലും കാൽവെള്ളയിലും പൊങ്ങാറില്ല. വായയുടെ അകത്ത്‌ പിറകുവശത്തായി വരുന്ന കുമിളകൾ കാരണം കുഞ്ഞിന്‌ മരുന്നോ, വെള്ളം പോലുമോ ഇറക്കാൻ പറ്റാത്ത സ്‌ഥിതി വരുന്നതാണ്‌ ഏറ്റവും വിഷമകരമായ ബുദ്ധിമുട്ട്. ചൊറിച്ചിൽ, ചർമ്മത്തിൽ അസ്വസ്ഥത, തടിപ്പ്, നിർജ്ജലീകരണം എന്നിവ അനുഭവപ്പെടും. ഇതിന് പുറമെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകൾ പോലെ ചുവപ്പ് നിറത്തിൽ തുടുത്തു വരും.  രോഗബാധയുണ്ടായ കുട്ടികൾക്ക് ക്ഷീണം, സന്ധി വേദന, കടുത്ത പനി, ശരീരവേദന എന്നിവയും ഉണ്ടാകാറുണ്ട്.

പകരുന്നത്

രോഗമുള്ളവരിൽ നിന്നും നേരിട്ടാണിത്‌ പകരുന്നത്‌. രോഗികളായ കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്‌ത്രങ്ങളും മറ്റും തൊടുന്നത്‌ വഴി പോലും പകരാവുന്ന ഈ രോഗം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. രോഗം വന്ന്‌ കഴിഞ്ഞാൽ കുഞ്ഞിന്റെ ലക്ഷണങ്ങൾക്കനുസരിച്ച്‌ ചികിത്സിക്കാം. പനി, വേദന തുടങ്ങിയവക്ക്‌ പാരസെറ്റമോളും കൂടാതെ ചൊറിച്ചിലിനുള്ള മരുന്നുകൾ, വായ്‌ക്കകത്ത്‌ പുണ്ണ്‌ പോലെ വരുന്നതിനുള്ള മരുന്ന്‌ തുടങ്ങിയവയാണ്‌ പതിവ്‌. രോഗം മാറി ആഴ്‌ചകൾക്ക്‌ ശേഷം ചിലപ്പോൾ കൈയിലെയോ കാലിലെയോ നഖം നഷ്‌ടപ്പെടുന്നത്‌ കണ്ടുവരാറുണ്ട്‌. ഇത്‌ കണ്ട്‌ ഭയക്കേണ്ടതില്ല. കുറച്ച്‌ വൈകിയാലും പുതിയ നഖം വരും. ഈ രോഗം മസ്‌തിഷ്‌കജ്വരത്തിനും കാരണമാകാമെങ്കിലും അത്ര സാധാരണമല്ല.

ശ്രദ്ധിക്കുക


രോഗം വന്ന്‌ കഴിഞ്ഞാൽ കുഞ്ഞിനെ ദിവസവും കുളിപ്പിക്കുക. കുളിപ്പിക്കുമ്പോൾ തേച്ചുരച്ച്‌ പൊള്ള പൊട്ടിക്കരുത്‌. നന്നായി സോപ്പ്‌ തേച്ച്‌ വൃത്തിയായി കുളിപ്പിക്കുക. വായ്‌ക്കകത്തെ ബുദ്ധിമുട്ട് കുറയ്‌ക്കാൻ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണമെന്തെങ്കിലും കൊടുത്ത്‌ നോക്കാം. ബ്രഡ്‌ ആവി കയറ്റി വക്ക്‌ കളഞ്ഞ്‌ പാലൊഴിച്ചതോ ചെറിയ പഴം ഉടച്ചതോ ആപ്പിളോ സപ്പോട്ടയോ സ്‌പൂൺ കൊണ്ട്‌ ചുരണ്ടിയതോ വേവിച്ചുടച്ച കഞ്ഞിയോ ബിസ്‌ക്കറ്റോ അങ്ങനെ ഇറക്കാനും ദഹിക്കാനും എളുപ്പമുള്ള എന്തും കുഞ്ഞിന്‌ കൊടുക്കാം. തൽക്കാലം കുട്ടി വിശന്നിരിക്കരുത്‌ എന്നത്‌ മാത്രമാണ്‌ വിഷയം.

മുലയൂട്ടുന്ന കുഞ്ഞാണെങ്കിൽ, വലിച്ച്‌ കുടിക്കാൻ പറ്റാത്ത അവസ്‌ഥ കണ്ടുവരാറുണ്ട്‌. സ്‌റ്റീൽ പാത്രവും സ്‌പൂണും നന്നായി കഴുകിയ ശേഷം അഞ്ച്‌ മിനിറ്റ്‌ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ അണുനശീകരണം നടത്തുക. ആ പാത്രം പുറത്തെടുത്ത്‌ അതിലേക്ക്‌ മുലപ്പാൽ പിഴിഞ്ഞ്‌ കുഞ്ഞിന്‌ കോരിക്കൊടുക്കാം. പിഴിഞ്ഞ പാൽ ആവശ്യത്തിന്‌ മാത്രം മേൽപ്പറഞ്ഞ രീതിയിൽ ശുദ്ധീകരിച്ച പാത്രത്തിലേക്ക്‌ മാറ്റി അതിൽ നിന്ന്‌ കോരിക്കൊടുക്കുക. ബാക്കിയുള്ള പാൽ ആറ്‌ മണിക്കൂർ വരെ അന്തരീക്ഷതാപനിലയിലും 24 മണിക്കൂർ വരെ ഫ്രിഡ്‌ജിലും വെക്കാം. ഈ പാൽ ഫ്രിഡ്ജിൽ നിന്ന്‌ പുറത്തെടുത്ത്‌ നോർമൽ താപനില എത്തിയ ശേഷം ഉപയോഗിക്കാം. ചൂടാക്കരുത്‌.

പരിചരിക്കുമ്പോൾ

കുഞ്ഞിനെ തൊടുന്നതിന്‌ മുൻപും ശേഷവും കൈ സോപ്പിട്ട്‌ കഴുകുക. മലം, തുപ്പൽ, ഛർദ്ദിൽ തുടങ്ങിയവ വഴി രോഗം പടരാം. ഒരാഴ്‌ച മുതൽ പത്ത്‌ ദിവസം കൊണ്ട്‌ രോഗം പൂർണമായും മാറും. അത്‌ വരെ കുഞ്ഞിനെ സ്‌കൂളിൽ വിടരുത്‌. അവിടെയാകെ മൊത്തം രോഗം പടരാൻ നമ്മുടെ കുഞ്ഞ്‌ കാരണമാകും. ആശങ്കപ്പെടാൻ ഒന്നുമില്ല. എങ്കിലും, ഡോക്‌ടർ രോഗം നിർണയിച്ച്‌ വീട്ടിൽ പറഞ്ഞ്‌ വിട്ട ശേഷവും കുഞ്ഞ്‌ കടുത്ത അസ്വസ്ഥതകൾ കാണിക്കുന്നുവെങ്കിൽ ഡോക്‌ടറെ വീണ്ടും ചെന്ന്‌ കാണിക്കുക. ഒരിക്കൽ വന്നാൽ വീണ്ടും വരാൻ സാധ്യതയുള്ള രോഗവുമാണ്‌.

About The Author

Leave a Reply

Your email address will not be published. Required fields are marked *