വെളുത്തേടൻ രാജാവ് – എം രാജീവ് കുമാർ

നമ്മളീ കേരളത്തിൽ തന്നെയാണോ ജീവിക്കുന്നത് എന്ന് തോന്നലുണ്ടാക്കുന്ന ദിനങ്ങളാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. എഴുത്തുകാരൻ എന്ന നിലയിൽ പ്രതികരിക്കാതിരിക്കുന്നതെങ്ങനെ?

ഇന്നൊരു കഥയാകട്ടെ.

ഒരു രാജാവും അയേലിട്ട കോണകം പോലെയുള്ള പ്രജകളുമുള്ള ഒരു രാജ്യത്തിന്റെ കഥയാണ് എഴുതാൻ പോകുന്നത്. തല്ലി വെളുപ്പിക്കാൻ നോക്കുന്നൊരു രാജാവിന്റെ കഥ. മൂടുമറന്ന്, തലമറന്ന് എണ്ണ തേയ്ക്കുന്ന “വെളുത്തേടൻ രാജാ”വിന്റെ കഥ.
                      O
വെളുത്തേടൻ രാജാവ്!

പണ്ടുപണ്ട് കോത്താഴത്ത് എന്നൊരു രാജ്യമുണ്ടായിരുന്നു. രണ്ടാൾ ചേർന്നൊരു രാജാവായിരുന്നു ഭരിച്ചിരുന്നത്. താൻ കരുത്തനായ ഭരണാധിപതിയാണെന്ന് സ്വയം ഞെളിയും. രണ്ടു ശരീരമുണ്ടെന്നും രണ്ടിനും ചേർന്ന് ഇരട്ടച്ചങ്കിൽ കുത്തി നിർത്തിയൊരു വാളുണ്ടെന്നും അദ്ദേഹം സ്വയം പ്രചരിപ്പിച്ചു. ഇത് കേട്ട് ചിരിച്ചവന്റെയൊക്കെ ചുണ്ടുകൾ ചേർത്ത് തയ്ച്ചു വയ്ക്കാൻ ആദ്യമേ കൽപ്ന പുറപ്പെട്ടുവിച്ചു. അവിടെ രാജ്യഭാരം നടത്തിയിരുന്ന രാജാവിന് ഒരേ ഒരുദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. പ്രജകൾ തന്നെ വണങ്ങി നിൽക്കണം. നാവടക്കി പണി ചെയ്യണം. നാട് സമ്പൽ സമൃദ്ധമാണെന്ന് വരുത്തിത്തീർക്കണം. രാജ്യമാണെങ്കിൽ നാറാണക്കല്ലു വരെ ഊരി പണയം വച്ചും കഴിഞ്ഞിരുന്നു.

അക്കാലത്താണ് രാജകൊട്ടാരത്തിലേക്ക് നിത്യവും ചെമ്പു ചുമ്മുന്നത് ജനം കണ്ടു കൊണ്ടിരുന്നത്.  “നമ്മുടെ രാജാവ് ബിരിയാണിയേ കഴിക്കൂ!.” അയൽ രാജ്യത്തുനിന്ന് ബിരിയാണി വലിയ ചെമ്പു നിറയെ കൊണ്ടുവരുന്നതു കാണാൻ വഴി നീളെ പ്രജകൾ നിരന്നു നിന്നു.

“അതെന്താണ് കൊട്ടാരത്തിലേക്ക് ദിവസവും ബിരിയാണി കൊണ്ടുപോവുകയാണോ? അതും വലിയ പാത്രത്തിൽ. ബിരിയാണിച്ചെമ്പു തന്നെ ചുമ്മി കൊണ്ട്.”

“ജനസേവനത്തിൽ താത്പര്യം മുഴുകിയപ്പോൾ ബിരിയാണി തീറ്റിയും വിശുദ്ധ ഗ്രന്ഥപാരായണവും തുടങ്ങിയിരിക്കുകയാണ് രാജാവ്! അതിന്റെ ഫലമല്ലേ നാട്ടിലെ ഐശ്വര്യം മുഴുവൻ”

അപ്പോഴാണ് ഒരുവൾ വിളിച്ചു പറഞ്ഞത്:

“രാജാവ് ഭക്ഷിക്കുന്നത് ബിരിയാണിയല്ല. സ്വർണ്ണ നാണയങ്ങളാണ്. അയൽ രാജ്യത്തിൽ നിന്ന് കടത്തിക്കൊണ്ടുവരുന്നതാ.”

രാജാവ് കല്പിച്ചു:

“ആരവിടെ ആ ഭ്രാന്തിയെ പിടിച്ചു കെട്ട്. അവടെ നാവ് പിഴുതെടുക്ക്.”

ജനം തമ്മിൽ പറഞ്ഞു:

“അവൾ പറഞ്ഞത് ശരിയല്ലേ? അവളും കൂടി ചേർന്നല്ലേ ചുമ്മിക്കൊണ്ടുവന്നത്. പരമാർഥം പറയാനും പാടില്ലേ?”

പറഞ്ഞ് നാക്കെടുത്തില്ല കിങ്കരന്മാർ ചാടി ഇറങ്ങി പറഞ്ഞവന്റെയൊക്കെ നാവ് പിഴാൻ തുടങ്ങി.

എതിർത്തു സംസാരിക്കുന്നവന്റെ നാവ് പിഴുതെടുത്തെടുത്തു ശബ്ദം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നതിനിരട്ടി ശബ്ദം വന്നു കൊണ്ടിരുന്നു. എല്ലാ നാവും പിഴുതെടുത്തപ്പോൾ കൈ കൊണ്ട് എഴുതി കറുപ്പിക്കാൻ തുടങ്ങി. രാജാവിനെ വിമർശിച്ചെഴുതുന്നവരുടെ വിരൽ തല്ലിപ്പൊട്ടിച്ചു. അങ്ങനെ അമർത്താൻ തുടങ്ങിയിട്ടും ഫലമില്ലെന്നായപ്പോൾ ജനങ്ങൾ കറുത്ത തുണി മുഖത്തിട്ട് നടക്കാൻ തുടങ്ങി. കറുത്ത ഉടുപ്പിട്ട് നടക്കാൻ തുടങ്ങി. ഇതിനേക്കാൾ മരണമെത്രയോ ഭേദം എന്നു മനസ്സിൽ പറയാനും തുടങ്ങി.

ഭീരുവായ ഭരണാധിപൻ എന്നിട്ടും കിങ്കരന്മാരുടെ കവചത്തിനകത്തിരുന്നു വീമ്പിളക്കിക്കൊണ്ടിരുന്നു: “ചുണയുള്ളവരാരെങ്കിലുമുണ്ടങ്കിൽ വരിനെടാ!”

മന്ത്രിമാർ അത് കേട്ട് കയ്യടിച്ചു

“ഹോ! ഹോ! അപാരൻ. എന്തൊരു ചങ്കൊറപ്പ്.”

നാവില്ലാത്ത പ്രജകൾ ദേശത്താകെ കരിങ്കൊടി കാണിക്കാൻ തുടങ്ങി.

രാജാവ് കൽപ്പിച്ചു.

“ഇവിടെ എന്ത് സമൃദ്ധിയാണ്. ഐശ്വര്യം കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതിരിക്കുമ്പോഴാണോ കറുത്ത കൊടി വീശുന്നത്. ഇത് ഗൂഢാലോചന! ഇനി മേലിൽ രാജ്യത്ത് കറുപ്പു കണ്ടു പോകരുത്.!

സ്വർണ്ണം മതി. സ്വർണ്ണ വർണ്ണമയമായ ഭൂമിയിൽ സ്വർണ്ണക്കൊടിമരങ്ങൾ ഉയരട്ടെ.”

കറുപ്പ് ഈ രാജ്യത്തിനി കണ്ടു പോകരുതെന്നാണ് രാജകല്പന!

കേൾക്കാത്ത താമസം കിങ്കരന്മാർ ചാടി ഇറങ്ങി കറുത്ത ജാക്കറ്റിട്ട സ്ത്രീകളുടെയെല്ലാം ജൗളി വലിച്ചു കീറി.

“എന്തനീതിയാണ് നിങ്ങൾ സ്ത്രീകളോടീ കാട്ടുന്നത്?”

“ഇത് രാജകല്പന!  കല്ലേപ്പിളർക്കണ്ടേ? പോരെങ്കിൽ ഒരു പെണ്ണ് ഒരുമ്പെട്ടല്ലേ ഇറങ്ങിയിരിക്കുന്നത്?”

”രാജാവിന് കറുപ്പിഷ്ടമില്ലെന്നു വച്ചാൽ ഞങ്ങളൊരു കറുപ്പും വച്ചേക്കില്ല.”

“കറുത്തവരുടെ രാജാവല്ലേ? കറുപ്പിന്റെ ക്ഷേമത്തിനു വേണ്ടി ഭരിക്കുന്ന രാജ്യവിങ്ങനെ…?”

“വെളുപ്പിക്കാൻ പിറന്നവനാ രാജാവ്! രാജ്യത്തെ വെളുപ്പിക്കും.”

അതെയതെ. രാജ്യത്തെ വെളുപ്പിച്ചു കൊണ്ടിരിക്കുകയല്ലേ?

പ്രജകളുടെ ശാപം വീണുവീണ് രാജാവ് നാടുനീങ്ങിയപ്പോൾ നാടുനീളെ കെട്ടിയല്ലോ വെളുത്ത കൊടി തോരണങ്ങൾ!

“എന്തിനാണ് വെളുപ്പ്? ദുഃഖത്തിലെങ്കിലും കറുപ്പ് കെട്ടിക്കൂടേ?”

“വെളുപ്പിച്ചിട്ടല്ലേ രാജാവ് പോയത്! പിന്നെ വെളുപ്പല്ലാതെ എന്ത് കെട്ടാൻ! മാത്രമല്ല കറുപ്പ് നമ്മുടെ രാജാവിനിഷ്ടമില്ലല്ലോ.”

“കറുപ്പിന്റെ രാജാവല്ലേ?!”

“അതല്ലേ പറഞ്ഞത് വെളുപ്പിക്കാൻ പിറന്ന രാജാവാണെന്ന്! വെളുത്തേടൻ രാജാവ്.”
                   O
പക്ഷേ,  വെളുപ്പ് നിത്യ ശാന്തിയുടെ നിറമാണ്. ഭരിച്ചു മുടിച്ച് വെളുപ്പിച്ചതിന്റെ വെളുപ്പ് രോദനങ്ങളുടെ വെളുപ്പാണ്. മൃതശാന്തതയിൽ ഒരു ലോകത്തെ മുക്കാൻ ഒരു രാജാവ് തുനിയുന്നത് കാണാൻ കേരളത്തിലേക്കു വരുന്നെന്നോ! വേണ്ട! വേണ്ട! ഇവിടെ ഒന്നിനും ഒരു കുറവുമില്ല. സുഭിക്ഷമാണിവിടെ. ഞാനെഴുതിയ കഥയോ, അതു കോത്താഴത്തു രാജ്യത്തിന്റെ കഥ. വെളുത്തേടൻ രാജാവ്, രാജ്യം വെളുപ്പിച്ച കഥ!

LEAVE A REPLY

Please enter your comment!
Please enter your name here