‘ആക്ഷൻ ഹീറോ ബിജു’ വീണ്ടും; രണ്ടാം ഭാഗം പ്രഖ്യാപിച്ച് നിവിൻ പോളി‌

Facebook
Twitter
WhatsApp
Email

നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ 2016-ൽ പുറത്തിറങ്ങിയ ‘ആക്ഷൻ ഹീറോ ബിജു’ വമ്പൻ വിജയമായിരുന്നു സ്വന്തമാക്കിയത്. പൊലീസ് വേഷത്തിലെത്തി ​ഗംഭീര പ്രകടനമാണ് ചിത്രത്തിൽ നിവിൻ പോളി നടത്തിയത്. ഒരു പൊലീസുകാരന്റെ ജിവിതം എങ്ങനെയാണെന്നതിന്റെ നേർകാഴ്ച കൂടിയായിരുന്നു ചിത്രം.

ഇപ്പോഴിതാ ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാംഭാ​ഗം വരുന്നുവെന്ന വാർത്തയാണ് ആരാധകരെ തേടിയെത്തിയിരിക്കുന്നത്. നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വാർത്താകുറിപ്പിൽ പോളി ജൂനിയർ പിക്ചേഴ്സിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റ് കൊടുത്തിട്ടുണ്ട്. ഇതിലാണ് ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാ​ഗവുമുള്ളത്. താരം, ശേഖരവർമ്മ രാജാവ്, ഡിയർ സ്റ്റുഡന്റ്സ് എന്നിവയാണ് മറ്റ് ചിത്രങ്ങൾ. അനു ഇമ്മാനുവലായിരുന്നു ഒന്നാം ഭാ​ഗത്തിൽ നിവിന്റെ നായികയായെത്തിയത്. ജോജു ജോർജ്, കലാഭവൻ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥൻ, വിന്ദുജ മേനോൻ തുടങ്ങി മികച്ച താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

അടുത്തമാസം 22ന് നിവിൻ പോളി-എബ്രിഡ് ഷൈൻ കൂട്ടുകെട്ടിൽ ‘മഹാവീര്യർ’ പുറത്തിറങ്ങുകയാണ്. ആസിഫ് അലി, ലാൽ എന്നിവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *