LIMA WORLD LIBRARY

പിരമിഡുകളുടെ നാട്ടിലൊരു പകലും നൈൽനദിയിലെ അത്താഴസദ്യയും – മേരി അലക്‌സ് (മണിയ)

യാത്രയുടെ ക്ഷീണം തീർക്കാൻ പിറ്റേന്ന് വളരെ താമസിച്ചാണ് വേക്കപ്പ് കോൾ മുഴങ്ങിയത്. എല്ലാ വരും അതിനു മുൻപ് തന്നെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നിറവേറ്റി ബെഡ്കോഫി അല്ലെങ്കിൽ ചായ തയ്യാറാക്കി കുടിച്ച് റെഡിയായി ഇരിക്കുകയായിരുന്നു. ബ്രേക്ക്ഫാസ്റ്റ് കഴിച്ച് വീണ്ടും ബസ്സിലേക്ക്. ഈജിപ്റ്റിലെ പിരമിഡുകൾ കാണാനായിരുന്നു അന്ന് ചാർട്ട് ചെയ്തിരുന്നത്. ബസ്സ് നീങ്ങുമ്പോൾ തന്നെ അകലെയായി മൂന്നു പിരമിഡുകൾ കാണപ്പെട്ടു. ബസ്സ് ചുറ്റിത്തിരിഞ്ഞ് എത്തുമ്പോൾ അവയുടെ ഉയരവും വിസ്തൃതിയും വളരെ വിശാലമായി തോന്നി. ഏറ്റവും വലിയ പിരമിഡ് കിയോപ്‌സ് രാജാവിന്റെയും രണ്ടാമത്തേത് അദ്ദേഹത്തിന്റെ പുത്രന്റെയും മൂന്നാമത്തേത് പുത്രന്റെ പുത്രന്റേയുമാണെന്ന് പുതുതായി കയറിയ മറ്റൊരു ഗൈഡ് വിവരിച്ചു. ഓരോ പീരുമിഡിനുള്ളിലും അതാത് ശവശരീരങ്ങൾ സംസ്‌ക്കരിക്കപ്പെട്ടു വച്ചിട്ടുണ്ടെന്നും അങ്ങനെ സൂക്ഷിക്കുന്ന മൃതശരീരങ്ങളെ ‘മമ്മി’ എന്നാണറിയപ്പെടുന്നതെന്നും ഓരോ ശരീരത്തോടുമൊപ്പം അയാൾ ജീവിച്ചിരുന്ന കാലത്ത് അവരിഷ്ടപ്പെട്ടിരുന്ന രീതിയിലുള്ള സാധനസാമഗ്രികൾ അതായത് അവർ ഉപയോഗിക്കാറുണ്ടായിരുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, ആയുധങ്ങൾ, ഭക്ഷണപാനീയങ്ങൾ, പാനപാത്രങ്ങൾ, സംഗീതഉപകരണങ്ങൾ അങ്ങനെ എല്ലാം തന്നെ അടുക്കിലും ചിട്ടയിലും സൂക്ഷിച്ചിട്ടുണ്ടാവുമെന്നും. കൊച്ചു ക്ലാസ്സുകളിൽ ഈജിപ്റ്റിലെ പിരമിഡുകളെക്കുറിച്ച് പഠിച്ചതും സ്വന്തം കുഞ്ഞുങ്ങളെക്കൊണ്ട് അമ്മ എന്ന് വിളിപ്പിക്കാതെ മമ്മി എന്ന് വിളിക്കാൻ പഠിപ്പിക്കുന്ന ആധുനിക സംസ്‌ക്കാരത്തെക്കുറിച്ചും അതിനെ ചൊല്ലി പുരോഹിതന്മാർ പറയുന്ന തമാശകളെക്കുറിച്ചും ഓർത്തുപോയി. ഈജിപ്റ്റിലെ മമ്മികൾ ചത്ത ശവമാണെങ്കിൽ നമ്മുടെ നാട്ടിലെ മമ്മിമാർ ജീവിച്ചിരിക്കുന്ന ശവങ്ങളാണെന്നാണ് വനിതാ സമാജങ്ങളിൽ പ്രസംഗിക്കാൻ വരുന്ന ഒട്ടുമിക്ക അച്ചന്മാരും പറഞ്ഞുകേൾക്കാറുള്ള തമാശ.

ഇരുപത്തിനാല് മണിക്കൂറും കാവലുള്ള ആയിരത്തിനു മേൽ ജോലിക്കാർ പണിയെടുക്കുന്ന പിരമിഡുകളായിരുന്നു അവ. ഓരോ പിരമിഡും അടിത്തറപാകിയിരിക്കുന്നത് ഇരുപത്തിയെട്ട് ടൺ തൂക്കമുള്ള കരിങ്കല്ലു കൊണ്ടാണ്. വൃത്താകൃതിയിൽ കല്ലുകൾ ക്രമപ്പെടുത്തിയിട്ട് മുകളിലേക്ക് ചെല്ലുമ്പോൾ വലുപ്പവും ഭാരവും കുറഞ്ഞ കല്ലുകൾ കൊണ്ടാണ് ഓരോ പിരമിഡും പണിയപ്പെട്ടിരിക്കുന്നത്. കൂർത്ത ആഗ്രം വരത്തക്ക വിധം മുകളിലേക്ക് ചെറുതായി ചെറുതായി പണിയപ്പെട്ടിരിക്കുന്നു. അകത്തേക്ക് കയറാൻ പടവുകളും ചെറിയ ഒരു വാതിലും മാത്രമാണ് ഓരോ പിരമിഡിനും ഉണ്ടാവുക. മൂന്നു പിരമിഡുകളുടെയും പുറകിലായി ഏതാണ്ട് പത്തോ പന്ത്രണ്ടോ ചെറിയ ചെറിയ പിരമിഡുകൾ കൂടി അവിടെ കാണാൻ കഴിഞ്ഞു. രാജാവിന്റെ ഭാര്യയുടേയും ഉറ്റ സുഹൃത്തുക്കളുടെയോ ഭരണാധികാരികളുടെയോ ഒക്കെ ആയിരുന്നു അവ.

പിരമിഡുകൾക്ക് മുന്നിലായി ഒരു പ്രത്യേകരീതിയിൽ കയ്യുയർത്തിപ്പിടിച്ച് നിന്ന് ഫോട്ടോയെടുത്താൽ  പിരമിഡിനെ തൊട്ടുകൊണ്ട് നാം നിൽക്കുന്ന ഫോട്ടോ ലഭിക്കും എന്ന് ഗൈഡ് കാണിച്ചു തന്നു. അതനുസരിച്ച് പലരും പോസ്സ് ചെയ്ത് കൂടെയുള്ളവരെക്കൊണ്ട് ഫോട്ടോ എടുപ്പിച്ചു. ഞങ്ങൾ പോയ സമയത്ത് സെൽഫിയുടെ കാലം ആയിരുന്നില്ലല്ലോ. ഇന്നാണെങ്കിൽ എല്ലാവർക്കും ഒത്തുനിന്ന് സെൽഫി എടുക്കാനാവും. ചുറ്റിത്തിരിഞ്ഞു നടക്കുമ്പോൾ ഒട്ടക സവാരിയ്ക്കും പിരമിഡുകളുടെ കൊച്ചു രൂപങ്ങളുമായി ആളുകൾ വില്പനയ്ക്കും ടൂറിസ്റ്റുകളെ നിർബന്ധിച്ചു  ചുറ്റിക്കൂടി. പലരും ഒട്ടകത്തിന്റെ പുറത്ത് സവാരി നടത്തുന്നതും പിരമിഡുകളുടെ രൂപങ്ങളും മറ്റു കൗതുക സാധനങ്ങളും വാങ്ങുന്നതും ശ്രദ്ധയിൽ പെട്ടു.

അൽപ്പം അകലത്തായി മനുഷ്യന്റെ ശിരസ്സും സിംഹത്തിന്റെ ശരീരവുമായി ഒരു പ്രതിമ ഉയർത്തപ്പെട്ടിരുന്നു. ഒറ്റക്കല്ലിൽ തീർത്ത ഒരു പ്രതിമ. പിരമിഡുകളുടെ ദൈവം എന്നറിയപ്പെടുന്ന സ്ഫിങ്‌സ് (Spinx)ആയിരുന്നു അത്. അതിനുള്ളിൽ വച്ചാണ് മമ്മിഫിക്കേഷൻ അഥവാ മൃതശരീരങ്ങളുടെ സംസ്‌കരണം നടക്കുന്നത്. അതിലെ സത്തുക്കൾ ആയ തലച്ചോറ്, ഹൃദയം അങ്ങനെ പ്രധാനപ്പെട്ട എല്ലാ അന്തർഭാഗങ്ങളും വേർപെടുത്തി എടുത്ത് ഓരോന്നും പ്രത്യേകം പ്രത്യേകം ഭരണികളിലാക്കി മരുന്നുകൾ ചേർത്ത് സൂക്ഷിക്കും. വേർതിരിക്കപ്പെട്ട ശരീരത്തിനുള്ളിലും അത് കേടുകൂടാതെ നിലനിർത്താനുള്ള മരുന്നുകൾ കയറ്റി മൃതശരീരം തുണികൾ കൊണ്ട് ഏഴ് ലെയറായി ചുറ്റി പൊതിയും. ഇതാണ് മമ്മിഫിക്കേഷൻ. ഇത്രയും കാര്യങ്ങൾ നടത്തിയതിനു  ശേഷമാണ് പുരോഹിതന്മാർ മന്ത്രോച്ചാരണങ്ങളോടെ വമ്പിച്ച ജനാവലിയുടെ അകമ്പടിയോടെ പിരമിഡുകൾക്കുള്ളിലേക്ക് കൊണ്ടുപോകുന്നത്, നമ്മുടെ ശവസംസ്‌ക്കാരം പോലെതന്നെ എങ്കിലും നമ്മുടെ മൃതശരീരങ്ങൾ മണ്ണോട് മണ്ണ് ചേർന്നു ഇല്ലാതെയാകും. സംസ്‌ക്കരിക്കപ്പെട്ട മമ്മികൾ ആകട്ടെ വർഷങ്ങളോളവും നിലനിൽക്കും. മാത്രമല്ല അവരുടെ വിശ്വാസാചാരങ്ങളനുസരിച്ച് ആ മൃതശരീരങ്ങൾ രാത്രിയുടെ ഏതോ യാമങ്ങളിൽ ജീവൻ വയ്ക്കുമെന്നും അവ ജീവിച്ചിരുന്നപ്പോഴെന്ന പോലെ അതിനുള്ളിൽ വിരാജിക്കും എന്നൊക്കെയത്രെ. അതുകൊണ്ടാണ് ഇഷ്ടപ്പെട്ടതെന്തും അതോടൊപ്പം സൂക്ഷിക്കപ്പെടുന്നതും. ലോകത്തെ ഏഴു അത്ഭുതങ്ങളിലൊന്നാണ് ഈ പിരമിഡുകൾ എന്ന് ഏവർക്കും അറിയാവുന്ന സംഗതിയാണല്ലോ.

പിരമിഡുകൾക്കു ശേഷം ഞങ്ങൾ കാണാൻ പോയത് ഒരു പേപ്പർ ഫാക്ടറിയാണ്. ‘പൈപ്പറസ് ‘ എന്ന പേരുള്ള ഒരു സസ്യത്തിന്റെ താളു ചീയിച്ച് അതിൽ നിന്നെടുക്കുന്ന നാരു കൊണ്ടാണ് പേപ്പർ ഉണ്ടാക്കുന്നത്. പേപ്പർ എന്ന പേര് വരാനും അതുതന്നെയാണ് കാരണവും. പേപ്പർ ഉണ്ടാക്കുന്ന രീതിയും ഉണ്ടാക്കിയെടുക്കുന്ന പേപ്പറിന്റെ മോഡലുകളും അതുതന്നെയും അവയിൽ ചിത്രങ്ങൾ വരച്ചും അവിടെ വില്പനയ്ക്ക് വച്ചിരുന്നു. ആഗ്രഹത്തോടെയാണ് വില ചോദിച്ചത് എന്നാൽ ലക്ഷക്കണക്കിന് വിലമതിക്കുന്ന ചിത്രങ്ങളാണവയെന്ന് മനസ്സിലായപ്പോൾ ആഗ്രഹം അവിടെ ഉപേക്ഷിച്ചു. ചിത്രങ്ങളൊന്നുമില്ലാതെ വെറുതെ വെച്ചിരുന്ന പേപ്പറാകട്ടെ അഞ്ച് മുതൽ അഞ്ഞൂറ് വരെ ഡോളർ വിലയുള്ളതും. ചുരുക്കം ചിലർ ചെറിയ പേപ്പർ വാങ്ങി പുറത്തു കടന്നപ്പോൾ വഴിയരികിൽ അകത്ത് കണ്ട അതേ മാതൃകയിലുള്ള പേപ്പറുകളിൽ ചിത്രങ്ങൾ വിൽക്കാൻ വച്ചിരിക്കുന്നു. വിലയും വളരെ തുച്ഛം. വാഴയിലയിൽ നിന്നുണ്ടാക്കിയെടുത്ത പേപ്പറുകളാണവയെന്നും അവ പെട്ടെന്ന് പൊടിഞ്ഞു പോകുമെന്നും ഗൈഡ് പറഞ്ഞു തന്നു.

അടുത്തതായി ഞങ്ങൾ കടന്നു ചെന്നത് ഒരു പെർഫ്യൂം നിർമ്മാണശാലയിലേക്കാണ്. അവിടെ ഞങ്ങളെ പല ബാച്ചുകളായി ഇരുത്തി പെർഫ്യൂമിന്റെ ഗുണങ്ങളെക്കുറിച്ചും തരാതരങ്ങളെക്കുറിച്ചും വിദഗ്ദരായവർ ക്ലാസുകൾ എടുത്തു. മലയാളിയായ ഒരുദ്യോഗസ്ഥനെ ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞു എന്നത് സന്തോഷകരമായ ഒരു സംഗതിയായിരുന്നു. ആതിഥ്യമര്യാദ പാലിച്ച് ഞങ്ങൾക്കേവർക്കും ഞങ്ങളുടെ ഇഷ്ടം ചോദിച്ചറിഞ്ഞ് അവർ ജ്യൂസുകളും പുതിനാ ചേർത്ത ചായയും കപ്പച്ചീനോ കാപ്പിയും നൽകി. വിവിധയിനം പെർഫ്യൂമുകളുടെ ലിസ്റ്റും ഓരോ പേനയും തന്ന് അവരവർക്ക് ആവശ്യമുള്ളത് എഴുതാനും ഓർഡർ അനുസരിച്ച് അവർ തരുന്ന പെർഫ്യൂമുകളും ഒപ്പം കിട്ടാവുന്ന സമ്മാനങ്ങളും എല്ലാവരെയും കൊതിപ്പിച്ചു. വില കേട്ടപ്പോൾ പലരും മടിച്ചു നിന്നെങ്കിലും ചുരുക്കം ചിലർ കൂട്ടമായി ഓർഡർ ചെയ്ത് ചെറിയ കുപ്പികൾ സ്വന്തമാക്കി. പെർഫ്യൂം തീരുമ്പോൾ കുപ്പികൾ ഷോക്കേസിൽ വയ്ക്കാൻ തക്കവിധം മനോഹരങ്ങളായിരുന്നു അവയോരോന്നും. പുറത്തിറങ്ങിയപ്പോഴാണ് അത്രയും സമയം ആസ്വദിച്ച നറുമണത്തിന്റെ മഹിമ മനസ്സിലാക്കാൻ കഴിഞ്ഞത്.

പിന്നീട് ഞങ്ങൾ പോയത് ഒരു ഷോപ്പിംഗ് കോംപ്ലക്‌സിലേക്കാണ്. ഈജിപ്റ്റിന്റെ കരകൗശല വില്പനശാല. പിരമിഡുകളുടെ പല വലിപ്പത്തിലുള്ളവ അവിടെയുണ്ടായിരുന്നു. കല്ലിലും, സ്ഫടികത്തിലും, ലോഹത്തിലും അങ്ങനെ വിവിധയിനങ്ങൾ. രൂപത്തിലും ഭാവത്തിലും വ്യത്യാസങ്ങളോടുകൂടി. എല്ലാവരും അവ വാങ്ങാൻ താല്പര്യപ്പെട്ടു, നാട്ടിൽ വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലുമൊക്കെ കൊടുക്കാൻ കരുതണമല്ലോ, പോയ ഓർമ്മയിൽ സൂക്ഷിക്കാൻ നമുക്കും വേണമല്ലോ എന്നൊക്കെ മനസ്സിൽ കരുതി. എന്നാൽ രൂപങ്ങൾ നോക്കി വാങ്ങണമെന്നും ഉള്ളിൽ പൈശാചികത്വം നിലനിർത്തുന്നവ വാങ്ങി നമ്മുടെ വീടുകളിൽ വെയ്ക്കാൻ പാടില്ലെന്നും പുരോഹിതന്മാർ ഓർമ്മപ്പെടുത്തിയപ്പോൾ അത് വാങ്ങുന്നത് ബുദ്ധിമുട്ടായി മാറി. കാരണം അത്തരത്തിലുള്ളവയായിരുന്നു അധികവും. ഒന്നോരണ്ടോ കിട്ടിയത് വാങ്ങി സൂക്ഷിച്ചു.

ഉച്ചഭക്ഷണം കഴിച്ച റസ്റ്റോറന്റ് എല്ലാവർക്കും ഇഷ്ടമായി. ഭക്ഷണത്തിന്റെ മേന്മ കൊണ്ട് മാത്രമല്ല സുന്ദരികളും സുന്ദരന്മാരുമായ നർത്തകരുടെ ചടുലതയാർന്ന നൃത്തച്ചുവടുകളായിരുന്നു അവിടെയുണ്ടായിരുന്നത്. ഇന്ത്യൻ റെസ്റ്റോറന്റിലായിരുന്നതുകൊണ്ട് ഇന്ത്യൻ വേഷവിധാനങ്ങളോടു കൂടിയുള്ള ആ നൃത്തം എല്ലാവരേയും ആകർഷിച്ചു. ഒട്ടകത്തിന്റെ പുറത്ത് യാത്രചെയ്യുന്ന സുന്ദരി, മല്ലന്മാർ, വരിവരിയായി ഭക്ഷണ മേശയ്ക്കരികിലൂടെ കടന്നു പോകുന്ന അവരുടെ നൃത്തപ്രകടനം എല്ലാം വശ്യതയാർന്നവയായിരുന്നു. രണ്ടോ മൂന്നോ പേർ കൂടി ചേർന്ന് മൂടുപടമിട്ട് രൂപപ്പെടുത്തിയ ഒട്ടകത്തിന്റെ പുറത്താണ് സുന്ദരിയായ ഒരു പെൺകുട്ടി കടന്നുവന്നത് ഒപ്പം നിന്ന് ഫോട്ടോ എടുക്കുവാൻ അവസരം ചോദിച്ചപ്പോൾ അവർക്ക് വളരെ സന്തോഷമായി. ഇന്ത്യക്കാരോടുള്ള സ്‌നേഹം പ്രകടിപ്പിക്കൽ കൂടിയായിരുന്നു അത്. ഫോട്ടോയെടുക്കാൻ പോസ് ചെയ്തത് അവർക്കും ഞങ്ങൾക്കും ഹരം പകർന്നു. സമയം കടന്നു പോയതിനാൽ പെട്ടെന്ന് പുറത്തിറ ങ്ങേണ്ടി വന്നത് ഒരു ദുഃഖമായും ചിലർക്ക് നഷ്ടമായും തോന്നാതിരുന്നില്ല.

അടുത്തതായി ഞങ്ങൾ കടന്നു ചെന്നത് മാതാവും കുഞ്ഞും യൗസേഫും ചേർന്ന് ഒളിച്ചു താമസിച്ച ഒരു ഗുഹയ്ക്ക് മുകളിൽ പണിയപ്പെട്ട ദേവാലയത്തിലേക്കാണ്. ‘ദ ഹാങ്ങിങ് ചർച്ച് ‘ എന്ന പേരിലാണ് അറിയപ്പെടുന്നത്. മേൽത്തരമായ തടിയാൽ അലങ്കരിക്കപ്പെട്ട ഒരു പള്ളി. നിരത്തിൽ നിന്ന് നോക്കിയാൽ ദേവാലയ ഭാഗങ്ങൾ ഊഞ്ഞാലാടുന്നതുപോലെ തന്നെ തോന്നും. അതുകൊണ്ടാണതിനെ ആ പേരിൽ അറിയപ്പെടുന്നത്. വിശുദ്ധ നാടുകളിലുള്ള എല്ലാ ദേവാലയങ്ങളിലും നേർച്ച സമർപ്പിച്ചാണ് കടന്നു പോന്നത്. ഇവിടെ അത് സമർപ്പിക്കാനുള്ള വഞ്ചികൾ തിരഞ്ഞുനടക്കുമ്പോൾ പുറപ്പെടാറായി എന്നറിയിപ്പ് കിട്ടി. ദുഃഖത്തോടെ പടവുകൾ ഇറങ്ങുമ്പോൾ കയറിക്കൊണ്ട് മുന്നോട്ടുവന്ന ഒരാളോട് ഈ ഡോളർ അവിടെ ഇടാമോ എന്നു ചോദിച്ചു നോക്കി. ‘നോ’ എന്ന് മറുപടി കേട്ടപ്പോൾ വിഷമം തോന്നി. ഭാഷ മനസ്സിലാകാത്തതു കൊണ്ടാവാം സമാധാനിച്ചു മുന്നോട്ടുനീങ്ങി. ഞങ്ങളുടെ ആഗ്രഹ നിവൃത്തിക്കൊത്ത് മാതാവ് കുഞ്ഞുമായി ഒളിച്ചു താമസിച്ച സ്ഥാനത്തുതന്നെ ഒരു ത്രോണോസ്സും കാണിക്കപ്പെട്ടിയും കാണാൻ കഴിഞ്ഞു. യഥാർത്ഥ സ്ഥലത്ത് തന്നെ നേർച്ച സമർപ്പിക്കാനിടയായതിൽ സായൂജ്യമടഞ്ഞ് ത്രോണോസ്സ് വണങ്ങി. ഞങ്ങൾ പുറത്തേക്കിറങ്ങി.

വിശുദ്ധ നാടുകളിലെ വഴിയോര വ്യാപാര കേന്ദ്രങ്ങളിൽ ഞങ്ങൾക്ക് കയറാൻ പറ്റാത്തതുകൊണ്ടും കയറിയ ഷോപ്പിംഗ് കോംപ്ലക്‌സിൽ സാധനങ്ങൾക്ക് കൂടുതൽ വില തോന്നിയതുകൊണ്ടും പലരും ഒന്നും തന്നെ വാങ്ങിയിരുന്നില്ല. വാങ്ങിയവരാകട്ടെ വിലയല്ല കാര്യം പോകുന്നിടത്തുള്ള സാധനങ്ങൾ നാട്ടിലെത്തിക്കണം എന്ന ഉൾപ്രേരണയാൽ പലതും വാങ്ങിക്കൂട്ടുകയും ചെയ്തിരുന്നു. ഈജിപ്റ്റിൽ വലിയ തിരക്കില്ലാതിരുന്നത് കൊണ്ടാവാം പലയിടത്തും വഴിയോര കച്ചവടക്കാരിൽ നിന്ന് പലതും വാങ്ങാൻ അവസരം ലഭിച്ചു.

അന്ന് അത്താഴം കഴിച്ചത് ഒരു ബോട്ടിലായിരുന്നു ഇരുപത്തി അഞ്ച് ഡോളർ നൽകി ഓപ്ഷണലായുള്ള ഒരു ബോട്ടിംഗ്. താല്പര്യമില്ലാത്തവർക്ക് ഹോട്ടലിൽ ഭക്ഷണം കഴിച്ച് അവിടെ തന്നെ കൂടാം. നൈൽ നദിയിലൂടെ ഒരു സഞ്ചാരം. എന്തായാലും അത് കൂടിയല്ലേ ആരും തന്നെ അതൊഴിവാക്കിയില്ല. കപ്പലിന്റെ മാതൃകയിൽ ഒരു ബോട്ട്. രണ്ട് നിലകളിൽ പണിതീർത്ത് അതിനു മുകളിൽ നിന്ന് കാഴ്ചകൾ കാണാനും ഫോട്ടോകൾ എടുക്കാനുമുള്ള സൗകര്യവും. പലരും അങ്ങോട്ടു കയറിച്ചെന്ന് ചുറ്റിനടന്ന് ഫോട്ടോകൾ എടുത്തു മുകളിലത്തെ നിലയിൽ തിരുവനന്തപുരത്തുനിന്നുള്ളവർക്കും താഴത്തെ നിലയിൽ കോട്ടയം, എറണാകുളം ഭാഗത്തുനിന്നുള്ളവർക്കുമായി ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരുന്നു. വിവാഹദിനം ആഘോഷിക്കുന്ന രണ്ട് ദമ്പതിമാർക്കും ജന്മദിനം കൊണ്ടാടുന്ന രണ്ട് വ്യക്തികളെയും ആദരിച്ച് കേക്ക് മുറിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. മേൽത്തട്ടിൽ അരമണിക്കൂറും താഴെ അരമണിക്കൂറും എന്ന ക്രമത്തിൽ ഒരു സ്ത്രീയും പുരുഷനും അവരുടെ സംസ്‌കാരത്തിനനുയോജ്യമായ വിധത്തിൽ വേഷഭൂഷാദികളുമായി ഈജിപ്റ്റിലെ നാടോടിനൃത്തങ്ങൾ നൃത്തച്ചുവടുകളോടെ കാഴ്ചവെച്ചപ്പോൾ എല്ലാവരും കരഘോഷം മുഴക്കുകയും ചിലർ എഴുന്നേറ്റു ചെന്ന് അവരോടൊപ്പം നൃത്തം വയ്ക്കുകയും ചെയ്തു. ബാക്ക്ഗ്രൗ ണ്ടിൽ സംഗീതത്തിന്റെ അലകളും ഗായകരുടെ ശബ്ദവും ഇടകലർന്നപ്പോൾ ആ അത്താഴവിരുന്ന് കെങ്കേമമായി. നൃത്തച്ചുവടുകൾക്കിടയിൽ നർത്തകർ ഞങ്ങൾക്കിടയിലേക്ക് കടന്നുവന്ന് ചേർന്നു നിന്ന് ഫോട്ടോകൾ എടുത്തു. കോപ്പി ആവശ്യമുള്ളവർക്ക് ആറ് ഡോളർ ഏൽപ്പിച്ച് വാങ്ങി സൂക്ഷിക്കാം എന്ന് പറഞ്ഞപ്പോൾ സൗന്ദര്യം കൊണ്ടുള്ള മുതലെടുപ്പാണല്ലോ അത് എന്ന് മനസ്സിൽ തോന്നാതിരുന്നില്ല. ഏറ്റവും രസകരമായ ഒരനുഭവം അവിടെ ഉണ്ടായത് എല്ലാവരേയും ചിരിപ്പിച്ചു. രണ്ടാമത്തെ അരമണിക്കൂർ സമയം ഞങ്ങളുടെ നിലയിലേക്ക് കടന്നുവന്നത് വെളുത്തുതുടുത്ത, നീളമുള്ള മുടിയുള്ള ഒരു നർത്തകിയായിരുന്നു. അവർ ഞങ്ങളുടെ ഗ്രൂപ്പിലുണ്ടായിരുന്ന ഒരു പുരോഹിതന്റെ സമീപം വന്ന് ചേർന്ന്‌നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ടൂറിസ്റ്റ് എന്ന നിലയിൽ അച്ചൻ കുപ്പായത്തിനു പകരം ഷെർവാണിയായിരുന്നു ധരിച്ചിരുന്നത്. അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ തന്നെ അച്ചൻ ഷെർവാണിയുടെ ഷാൾ എടുത്തു മുഖം മറച്ചു. അത് അവർക്ക് വാശിയായി. ഷാൾ വലിച്ചുമാറ്റി അദ്ദേഹത്തോട് ചേർന്ന് നിന്നപ്പോൾ ഒപ്പമുണ്ടായിരുന്ന ബസ്‌ക്യാമ്മയ്ക്ക് പോലും ചിരി അടക്കാനായില്ല. ഭക്ഷണം കഴിച്ചതും സമയം തീർന്നതും എല്ലാം പെട്ടെന്നായോ എന്ന് തോന്നിക്കുമാറ് അത്രമേൽ ആനന്ദം പകർന്ന നിമിഷങ്ങളായിരുന്നു അത്.

പിറ്റേന്ന് എല്ലാവരും മടങ്ങുകയാണ് ഫോൺ നമ്പരുകൾ നോട്ട് ചെയ്യുന്ന തിരക്കിലായിരുന്നു എല്ലാവരും. ആരോ പറഞ്ഞു, ആരും ബന്ധപ്പെടേണ്ട റോയൽ ഒമാനിയ എല്ലാവരുടെയും അഡ്രസ്സും ഫോൺ നമ്പരും തരും, നമ്മുടേത് ലിസ്റ്റിൽ ശരിയാണോ എന്ന് നോക്കിയാൽ മതി എന്ന്. സ്ലീബാ അച്ചൻ ഞങ്ങൾക്കോരോരുത്തർക്കും ഓരോ കൊന്ത സമ്മാനമായി തന്നു. വൈദീക ദമ്പതിമാർക്ക് ജെറുസലേം എന്ന് ആലേഖനം ചെയ്യപ്പെട്ട പ്ലേറ്റുകളായിരുന്നു. പ്രാർത്ഥനയിൽ ഓർക്കണമെന്നു പറഞ്ഞ അച്ചനോട് ഞങ്ങൾക്ക് നന്ദിയും ആദരവും തോന്നി. സമ്മാനത്തിന്റെ വിലയിലല്ല അത് നൽകുന്ന ആളിന്റെ പ്രാധാന്യവും മനസ്സുമാണ് ഞങ്ങൾ മനസ്സിലാക്കേണ്ടതും ആദരിക്കേണ്ടതും. എല്ലാവരുടെയും സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.

 

(തുടരും………)

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px