യാത്രകള്‍ അസുലഭമായ ഒരവസരമാണ്. ചരിത്രബോധമുള്ളവര്‍ യാത്രകള്‍ ചെയ്തുകൊണ്ടി രിക്കും. ചരിത്രമുറങ്ങുന്ന മനോഹരങ്ങളായ പുരാതന നഗരങ്ങളിലൊന്നാണ് സാന്‍റിയാഗോ. പൗരാണിക ഭാവങ്ങളുള്ള കെട്ടിടങ്ങളും എണ്ണൂറ്റി പന്ത്രണ്ട് വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ദേവാലയവും ചുറ്റുപാടുകളും അതിനുള്ള തെളിവാണ്. മഞ്ഞുമൂടിയ ആകാശ താഴ്വരയില്‍ നിന്ന് ഞാന്‍ ദേവാലയ ഗോപുരത്തിലേക്ക് നോക്കി. റോമന്‍ ഗോഥിക്ക് ബറോക്ക് ശില്പഭംഗിയില്‍ കണ്ണുകള്‍ക്ക് മധുരിമ പകരുന്ന അത്ഭുതകരമാ യൊരു നിര്‍മ്മിതി.സ്പാനിഷ് ജനതയുടെ അഭിമാന കത്തീഡ്രല്‍. ലോകത്തെ പ്രധാന ക്രിസ്തീയ തീര്‍ ത്ഥാടന കേന്ദ്രങ്ങളായ ജറുസലേം, വത്തിക്കാന്‍ കഴിഞ്ഞാല്‍ മൂന്നാം സ്ഥാനമാണ് സാന്‍റിയാഗോ കത്തീഡ്ര ലിനുള്ളത്. എ.ഡി.1189-ല്‍ അലക്സാണ്ടര്‍ മൂന്നാമനാണ് ഈ സ്ഥലം ഒരു വിശുദ്ധ നഗരമായി പ്രഖ്യാ പിച്ചത്.ആകാശത്തു ഒരു ഗോപുരത്തിനുള്ളില്‍ നിറപുഞ്ചിരിയുമായി തേജസ്സോടെ വിശുദ്ധ ജെയിംസിന്‍റെ കമനീയ ശില്പി കയ്യിലൊരു വടിയുമായി നില്‍ക്കുന്നു. അതിന് ചുറ്റും മരതകശോഭവരുത്തി കാവല്‍ ക്കാരെപ്പോലെ പ്രാവുകള്‍ പറക്കുന്നു. അതിന് താഴെയായി മാര്‍ബിളില്‍ തീര്‍ത്ത വലിയൊരു കുരിശ്. മനുഷ്യ മനസ്സിന്‍റെ മനോരഥങ്ങളെ പൂര്‍ത്തീകരിക്കാന്‍ സ്വര്‍ഗ്ഗത്തിലിരുന്ന് ദര്‍ശനം നല്കുന്നതുപോലെ അംബരചുംബിയായ ദേവാലയ മട്ടുപ്പാവിലിരുന്ന് തീര്‍ത്ഥാടകരെ നോക്കുന്ന വിശുദ്ധരുടെ പ്രതിമകള്‍ ശിലാസ്തംഭങ്ങള്‍ പോലെ നിലകൊള്ളുന്നു. അന്യാദൃശ്യമായ പ്രതിമകളുടെ അലങ്കാരശോഭ ആരെയും അത്യന്തം ആകര്‍ഷിക്കുന്നതാണ്. സൂര്യകിരണങ്ങള്‍ പ്രസരിക്കുന്ന ശില്പങ്ങളിലേക്ക് വിശ്വാസികളും സഞ്ചാരികളും ഇമവെട്ടാതെ വിടര്‍ന്ന മിഴികളോടെ നോക്കി നില്‍ക്കുന്നു. ചിലര്‍ ഫോട്ടോകള്‍ എടുക്കുന്നു.
ഹൃദയം നുറുങ്ങി വരുന്നവരുടെ മനസ്സിന്‍റെ മടിത്തട്ടില്‍ ഈ വിശുദ്ധന്‍ ശാന്തി സമാധാനം ചൊരി യുന്നു. അടുത്ത് നിന്ന മധ്യവയസ്ക കയ്യിലുള്ള ജപമാല കയ്യിലുരുട്ടി പതുങ്ങിയ ശബ്ദത്തില്‍ മനസ്സിനെ ഏകാഗ്രമാക്കി ‘സര്‍വ്വം ബ്രഹ്മം’ എന്ന ഭാവത്തില്‍ കണ്ണുകളടച്ചു് ദൈവീക വചനങ്ങള്‍ ഉരുവിടുന്നു. ദേവാലയാങ്കണത്തിലേക്ക് തീര്‍ത്ഥാടകര്‍ എത്തിക്കൊണ്ടിരിന്നു. ദേവാലയ ചത്വരം ലോകത്തെ മികച്ച ചത്വരങ്ങളിലൊന്നാണ്. മധ്യ കാലഘട്ടത്തില്‍ യൂറോപ്പിന്‍റെ നാനാ രാജ്യങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരായി ഇവിടെയെത്തിയത് അര മില്യനിലധികമാണ്. 2019-ലെ കണക്കെടുപ്പില്‍ കാണുന്നത് നാല് ലക്ഷത്തിനടു ത്താണ്. ചൂടുകാലങ്ങളില്‍ 07 മുതല്‍ രാത്രി 8.30 വരെയും ദേവാലയ മ്യൂസിയം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ രാവിലെ 09 മുതല്‍ രാത്രി 8 വരെയും തണുപ്പ് കാലം നവംബര്‍ മുതല്‍ മാര്‍ച്ച് വരെ രാവിലെ 10 മുതല്‍ രാത്രി 8 വരെയുമാണ് സന്ദര്‍ശന സമയം. ദേവാലയത്തില്‍ പ്രവേശിക്കാന്‍ പണം കൊടുക്കേണ്ടതില്ല. ദേവാലയ വാതിലിലൂടെ ദേവാലയത്തിനുള്ളിലേക്ക് പ്രവേശിച്ചു. എണ്ണൂറ്റി പന്ത്രണ്ട് വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ വാതില്‍ അറിയപ്പെടുന്നത് വിശുദ്ധ വാതില്‍ അല്ലെങ്കില്‍ മഹത്വത്തിന്‍റെ വാതില്‍ എന്നാണ്. ഈ അത്ഭുത വാതില്‍ നിര്‍മ്മിച്ചത് മാസ്റ്റര്‍ മാറ്റിയോ എന്ന കലാകാരനാണ്.
ദേവാലയത്തിനുള്ളില്‍ ദീപങ്ങള്‍ എരിയുന്നു. എങ്ങും വര്‍ണ്ണ മനോഹരങ്ങളായ യേശുക്രിസ്തു, കന്യാമറിയം, ശിഷ്യന്മാര്‍, മാലാഖമാര്‍ തുടങ്ങി ധാരാളം ശില്പ ചിത്രങ്ങള്‍ നക്ഷത്രപ്രഭ പരത്തുന്നു. മധ്യത്തി ലായി ഒരു ഇരട്ട ബലിപീഠം. ഇതിനുള്ളില്‍ ആരാധന നടക്കാറുണ്ട്. എങ്ങും അലങ്കരിച്ച ശിലാഫലകങ്ങള്‍. രോഗികളെ പരിപാലിക്കാന്‍ സേവകരുണ്ട്. ഒരാള്‍ ഒരു പ്രായമുള്ള സ്ത്രീയെ ചക്ര കസേരയിലിരുത്തി എല്ലാം കാണിക്കുന്നു. രോഗികളായ തീര്‍ത്ഥാടകരെ സേവിക്കാന്‍ സേവകര്‍ മാത്രമല്ല അവര്‍ക്ക് ആശുപത്രിയും താമസിക്കാന്‍ സത്രങ്ങളുമുണ്ട്. പ്രധാന അള്‍ത്താരയില്‍ കണ്ടത് ഉദിച്ചുയര്‍ന്ന സൂര്യനെ പോലെ വിശുദ്ധ ജെയിംസിന്‍റെ പതിമൂന്നാം നൂറ്റാണ്ടിലെ പോളിക്രോമില്‍ തീര്‍ത്ത ഒരു പ്രതിമ. അതിന് മുന്നില്‍ ഫ്ലോറെന്‍ സിലെ ഡേവിഡിന്‍റെ ശില്പത്തിന് മുന്നില്‍ നില്‍ക്കുന്നതുപോലെയല്ല സഞ്ചാരികള്‍ നില്‍ക്കുന്നത്. വിടര്‍ന്ന കണ്ണുകളേക്കാള്‍ അടഞ്ഞ കണ്ണുകളാണ്.പ്രശ്നസങ്കീര്‍ണ്ണമായ ഏത് വിഷയത്തിലും വിശുദ്ധന്‍ പരിഹാരം കാണുമെന്ന് ക്രിസ്തു ഭക്തര്‍ വിശ്വസിക്കുന്നു. സ്ത്രീകളുടെ കൈകളിലെ ജപമാല ചരടുകള്‍ മന്ത്രങ്ങള്‍ ഉരുവിടുന്നു. എങ്ങും എരിയുന്ന ദീപങ്ങള്‍. എന്‍റെ പിറകില്‍ സഞ്ചാരികള്‍ വരുന്നത് കണ്ട് ഒരു ഭാഗത്തേക്ക് മാറി നിന്നു. അത്യാകര്‍ഷകമായ ആ പുഞ്ചിരിക്കുന്ന മുഖത്തു് എന്‍റെ കണ്ണുകളുടക്കി. ഇമവെട്ടാതെ നോക്കി. ദേവാലയ ശില്പ ചിത്ര സൗന്ദര്യത്തില്‍ കുരുങ്ങിപ്പോയ എന്‍റെ മനസ്സ് വിശുദ്ധ ജെയിംസിലേക്ക് കടന്നു വന്നു. അത് പ്രകാശബിന്ദുവായി കെടാവിളക്കുപോലെ എന്നില്‍ പ്രകാശിച്ചു.മനസ്സ് പിടയുന്ന അനുഭവങ്ങളിലൂടെ കടന്നുപോയ വാളിന് മുന്നില്‍ ശിരസ്സ് കുനിക്കാത്ത റോമന്‍ ഭരണകൂടത്തിന്‍റെ അടിത്തറയിളക്കിയ ശക്തിശാലിയിലൂടെ ഞാന്‍ സഞ്ചരിച്ചു.
റോമന്‍ ചക്രവര്‍ത്തിയും യഹൂദ്യയിലെ ഭരണാധിപനുമായിരുന്ന ഹെറോസ് അഗ്രിപ്പേ എ.ഡി.നാല്പത്തിനാലിലാണ് ജറുസലേമില്‍ വെച്ച് സ്വന്തം കൈകളാല്‍ വിശുദ്ധ ജെയിംസിനെ ശിരച്ഛേദം ചെയ്തത്. യൂറോപ്പിലും പാശ്ചാത്യ രാജ്യങ്ങളിലും യേശുവിന്‍റെ ദിവ്യ സന്ദേശങ്ങള്‍ ആലംബഹീനരായ മനുഷ്യര്‍ക്ക് പ്രത്യാശ നല്‍കുകയും രോഗികളെ സൗഖ്യമാക്കുകയും ചെയ്തത് സര്‍വ്വാധിപതിയായ ചക്രവര്‍ത്തിയില്‍ പകയും പ്രതികാരവും തിളപ്പിച്ചു. ക്രിസ്തു ശിഷ്യന്മാരിലെ ആദ്യത്തെ രക്തസാക്ഷിയും യേശുക്രിസ്തുവിന്‍റെ സഹോദരനുമാണ് വിശുദ്ധ ജെയിംസ്. യേശുക്രിസ്തുവിന് നാല് സഹോദരങ്ങളും രണ്ട് സഹോദരികളുമാണ്. ജെയിംസ്, ജോസഫ്, സൈമണ്‍, ജൂദ. സഹോദരികള്‍ സലോമി, മേരി. ചക്രവര്‍ത്തി ഇറക്കുമതി ചെയ്ത ജുപിറ്റര്‍, അപ്പോളോ, ഡയാന, സീയൂസ് തുടങ്ങി ധാരാളം ദേവീദേവന്മാരുടെ പേരില്‍ നടത്തുന്ന മനുഷ്യ മൃഗങ്ങളുടെ ചുടുരക്തം കൊണ്ടുള്ള ആരാധന ബലികള്‍ക്കെതിരെ അദ്ദേഹത്തിന്‍റെ ശബ്ദമുയര്‍ന്നു. ഇത് മണ്ണിലെ ദൈവങ്ങളുടെ രക്ഷകര്‍ത്താക്കളായിരുന്ന ചക്രവര്‍ത്തിക്കും പുരോഹിതര്‍ക്കും തിരിച്ചടിയായി. മനുഷ്യരുടെ ബുദ്ധി വികസിച്ചു തുടങ്ങി. അത് ആത്മീയതയും ഭൗതികതയും തമ്മിലുള്ള ഒരു ഏറ്റുമുട്ടലായിരിന്നു.
റോമന്‍ ഭരണകൂടം ക്രിസ്തീയ വിശ്വാസികളോട് ബുദ്ധിപൂര്‍വ്വമായ സമീപനങ്ങളേക്കാള്‍ നീചവും ക്രൂരവുമായ സമീപനങ്ങളാണ് കൈക്കൊണ്ടത്. സ്പെയിനിലെ മാത്രമല്ല പോര്‍ച്ചുഗലിലെ സര്‍വ്വജനങ്ങളും വിശുദ്ധ ജെയിംസിനെ ഹൃദയത്തില്‍ ആരാധിക്കുന്നവരാണ്. അന്ന് സ്പെയിനും പോര്‍ച്ചുഗലും ഹിസ്പാനീയ എന്ന പേരിലാണ് അറിയപ്പെട്ടത്. വിശുദ്ധ ജെയിംസ് ജനങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടുന്നത് ചക്രവര്‍ത്തി അറിഞ്ഞുകൊണ്ടിരിന്നു.ദൈവത്തിന്‍റെ അസാധാരണമായ ശക്തി രോഗികളിലൂടെ വിശുദ്ധന്‍ വെളിപ്പെടുത്തികൊണ്ടിരിന്നു. റോമന്‍ ചക്രവര്‍ത്തിയേക്കാള്‍ ജനപ്രീതി വിശുദ്ധ ജെയിംസ് നേടിയെടുത്തു. അധികാരത്തിന്‍റെ സുഖഭോഗങ്ങളില്‍ കഴിഞ്ഞിരുന്ന, കൊട്ടാര സുന്ദരിമാരുടെ ആട്ടിലും പാട്ടിലും മദ്യലഹരിയിലും കഴിഞ്ഞിരുന്ന ചക്രവര്‍ത്തിയുടെ ഭരണയന്ത്രം ആടിയുലയാന്‍ ആരംഭിച്ചു. നിത്യവും ദുഃസ്വപ്നങ്ങള്‍ കണ്ടു ണരുന്ന ചക്രവര്‍ത്തിയുടെ നിശ്ശബ്ദതക്ക് ഭംഗം വരുത്തിയത് വിശുദ്ധ ജെയിംസ് ജന്മനാട്ടിലെത്തിയ വിവരമാണ്. യഹൂദ്യയിലെത്തിയ വിശുദ്ധ ജെയിംസിനെ പട്ടാളക്കാര്‍ ചക്രവര്‍ത്തിയുടെ മുന്നില്‍ ഹാജരാക്കി. തനിക്കെ തിരെ യുദ്ധം ചെയ്യുന്നവനെ പകയുള്ള വന്യമൃഗത്തെപോലെ ചക്രവര്‍ത്തി കാണുകയും കഴുത്തറുത്തു് കൊല്ലുകയും ചെയ്തു. പാശ്ചാത്യ രാജ്യങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന എല്ലാ ക്രിസ്തു ശിഷ്യര്‍ക്കെതിരെയും ജറുസലേമില്‍ പടയൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ദുഃഖവും കോപവും കടിച്ചമര്‍ത്തിയ സ്പെയിനിലെ വിശ്വാസികള്‍ അവരുടെ കൂടെപ്പിറപ്പായിരുന്ന വിശുദ്ധന്‍റെ ശരീരാവശിഷ്ടങ്ങള്‍ ഒരു ചരക്ക് ബോട്ടില്‍ ഐബീരിയയിലേക്ക് കൊണ്ടുവന്ന് ഗലീസ്യയുടെ തലസ്ഥാനമായിരുന്ന സാന്‍റിയാഗോ ഡി കമ്പോസ്റ്റലയില്‍ അടക്കം ചെയ്തു.
ഇതൊരു വിശുദ്ധ ഭൂമിയായി മാറാന്‍ കാരണം എ.ഡി. 814-ല്‍ പെലാജിയസ് ദി ഹെര്‍മിറ്റ് എന്ന സന്യാസി സായംസന്ധ്യകളിലും രാത്രിയിലും ആകാശത്തു് തുടര്‍ച്ചായി മഴവില്ലുപോലുള്ള നിറങ്ങള്‍ കാണുന്നത് ഗലേഷ്യയിലെ ബിഷപ്പായ തിയോഡോറിമിനെ അറിയിച്ചു. അദ്ദേഹം അവിടേക്ക് വന്ന് ആ അത്ഭുത പ്രതിഭാസം നേരില്‍ കണ്ട് ഉറപ്പ് വരുത്തി. ബിഷപ്പ് ആ വിവരം ഓസ്തുറിയസ് ഗലീഷ്യ രാജാവായ അല്‍ഫോന്‍സോ രണ്ടാമനെ(791-842 )അറിയിച്ചതിന്‍റെ ഫലമായി അന്വേഷണത്തിന് ഉത്തരവിടുന്നു. പലവിധത്തില്‍ പരിശോധനകള്‍ നടന്നെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.ഒടുവിലവര്‍ ഭൂമി കീറിമുറിച്ചു് കണ്ടെത്തിയത് വിശുദ്ധ ജയിംസിന്‍റെ അസ്ഥികൂടങ്ങളാണ്. അതിനെ തുടര്‍ന്ന് അവിടെ ഒരു ചാപ്പലുണ്ടാക്കി പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. വിശുദ്ധന്‍റെ നാമത്തില്‍ പലര്‍ക്കും രോഗസൗഖ്യം ലഭിച്ചു. ആദ്യം ഒരു പ്രാര്‍ത്ഥാനാലയമായി തുടങ്ങിയ സ്ഥലം പിന്നീട് കത്തീഡ്രലും ലോകത്തെ പ്രമുഖ ക്രിസ്തീയ തീര്‍ത്ഥാടന കേന്ദ്രവുമായി മാറി. സ്പെയിനിന്‍റെ രക്ഷകനായ വിശുദ്ധന്‍റെ ഓര്‍മ്മ ദിനം സ്പെയിനില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റ് സഭകളും അനുസ്മരിക്കുന്നത് ജൂലൈ 22 ആണെങ്കില്‍ ഈ സ്ഥലത്തുള്ളവര്‍ അനുസ്മരിക്കുന്നത് ജൂലൈ 25 ആണ്. ബ്രിട്ടനിലും ജൂലൈ 25 ആണ്.
എന്‍റെ മുന്നില്‍ പരമ്പരാഗതമായ വേഷങ്ങള്‍ അണിഞ്ഞ കുറച്ചുപേര്‍ വിശുദ്ധനെ വണങ്ങി സ്പാനിഷ് ഭാഷയില്‍ ഭാവതീവൃതയോടെ ആത്മാവിലെരിയുന്ന പ്രാര്‍ത്ഥനകള്‍ ഉരുവിടുന്നു. മറ്റൊരു സ്ത്രീ ഒപ്പമുള്ള രണ്ട് കുട്ടികള്‍ക്ക് വിവരിച്ചുകൊടുക്കുന്നത് വിശുദ്ധ ജെയിംസിന്‍റെ അത്ഭുത സിദ്ധികളെപ്പറ്റിയാണ്. ഒരു മകന്‍ മാം എന്ന് വിളിക്കുന്നത് കേട്ടപ്പോള്‍ അമ്മയും മക്കളുമെന്ന് മനസ്സിലായി. ദേവാലയത്തിനുള്ളില്‍ നിന്ന് മുകളിലേക്ക് പോകാന്‍ ഗോവണിയുണ്ട്. പടവുകള്‍ ചവുട്ടി മുകളിലേക്ക് കയറി.അവിടെയും അത്ഭുത കാഴ്ചകള്‍ തന്നെ. മുകളില്‍ നിന്ന അര്‍ദ്ധനഗ്നരായ യുവമിഥുനങ്ങള്‍ക്ക് ഇതൊരു ഉല്ലാസ കേന്ദ്രമായി തോന്നി. അവിടെയൊരാള്‍ ജപമാല കറക്കി പ്രാര്‍ത്ഥിക്കുന്നു. ദേവാലയ കാഴ്ചകള്‍ കണ്ട് പുറത്തിറങ്ങി. സൂര്യ താപം കുറഞ്ഞു വന്നു. തലക്ക് മീതെ പ്രാവുകള്‍ പറക്കുന്നു. കത്തീഡ്രലിലെ മ്യൂസിയം കാണണമെന്നുണ്ടായിരുന്നു. മക്കള്‍ ഓഫീസില്‍ തിരക്കിയപ്പോള്‍ ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് അനുവാദമില്ലെന്നറിയിച്ചു.അതിനുള്ളിലെ പുരാതന സ്വര്‍ണ്ണ നാണയങ്ങള്‍, ചിത്ര ശില്പങ്ങള്‍, പുരാവസ്തുക്കള്‍, ആഭരണങ്ങള്‍, ലൈബ്രറിയിലെ പുസ്തകങ്ങള്‍ കാണണമെന്നുണ്ടായിരുന്നു. ദേവാലയത്തോടെ ചേര്‍ന്നുള്ള ക്ലോക്ക് ടവര്‍ മേഘങ്ങളില്‍ മിന്നി തിളങ്ങി ദിവ്യത്വം പ്രകടമാക്കികൊണ്ടിരിന്നു. ഞങ്ങളുടെ മുന്നിലൂടെ ഒരു സ്ത്രീയും പുരുഷനും കറുപ്പും വെളുപ്പുമുള്ള രണ്ട് ശ്വാനനന്മാരെ തുടലില്‍ കെട്ടി മുന്നോട്ട് നടത്തുന്നു. സഞ്ചാരികളെ ആകര്‍ഷിക്കുന്ന ധാരാളം കടകള്‍ റോഡിന്‍റെ ഇരുഭാഗങ്ങളിലുമുണ്ട്. റോഡുകളിലും കടകളിലും തീര്‍ത്ഥാടകരുടെ തിരക്കാണ്. ഞങ്ങള്‍ അടുത്തുകണ്ട ഒരു റസ്റ്ററന്‍റിലേക്ക് കയറി. അവിടെ ഒരു ഗായകന്‍ മാധുര്യമേറിയ സംഗീതനാദം ഒഴുക്കിക്കൊണ്ടിരിന്നു. ഭക്ഷണം കഴിച്ചിട്ട് പുറത്തിറങ്ങി അല്പം നടന്നു. എങ്ങും സൗന്ദര്യപ്പൊലിമകള്‍ നിറഞ്ഞ പ്രകൃതി കാഴ്ച്ചകളും ശീതളക്കാറ്റും മാത്രമല്ല ആത്മീയ സമൃദ്ധിയുടെ പ്രകാശകിരണങ്ങള്‍ പ്രസരിക്കുന്നുണ്ടായിരുന്നു. യുനെസ്കോയുടെ പൈതൃക കേന്ദ്രമായ സാന്‍റിയാഗോ യുടെ പ്രൗഢ മനോഹര അനുഭവ കാഴ്ചകള്‍ മനസ്സില്‍ നിന്ന് മായാതെ നിന്നു.
About The Author
No related posts.
One thought on “ആകാശ താഴ്വരയിലെ വിശുദ്ധ ദേവാലയം (കാരൂര്‍ സോമന്‍റെ ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍’ സ്പെയിന്‍ യാത്രാ വിവരണത്തില്‍ നിന്ന്) കാരൂര്‍ സോമന്‍, ലണ്ടന്‍”
ആകാശ താഴ്വരയിലെ വിശുദ്ധ ദേവാലയം…. തുടങ്ങിയ സാറിന്റെ യാത്രവിവരണം വായിച്ചു പോയി കണ്ടതുപോലെ തോന്നി,…. സാന്റിയാഗോയിലെ സ്പെയിനിലെ കത്തീഡ്രൽ അതിന്റെ ചരിത്രം അതിഗംഭീരം ആയിരുന്നു നന്നായി ആസ്വദിച്ചു….. സാറിന്റെ യാത്രാ വിവരണം നന്നായി മനസ്സിലായി 💕അഭിനന്ദനങ്ങൾ 🥰… Stay blessed 🙏🏻