വിശുദ്ധനാട് സന്ദർശനത്തിന്റെ അവസാനദിവസം. ഉച്ചവരെ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. സ്ലീബാ അച്ചൻ തിരുവനന്തപുരത്തുനിന്നുള്ളവരെ യാത്രയാക്കുന്ന തിരക്കിലായിരുന്നു. ഞങ്ങളുടെ യാത്ര ഉച്ചകഴിഞ്ഞായിരുന്നതുകൊണ്ട് ഞങ്ങളും അവരെ യാത്രയാക്കാൻ ലോഞ്ചിൽ ഒത്തുകൂടി. കുശലം പറഞ്ഞ് കൈകൾ വീശി അവരുടെ ബസ്സ് കണ്ണിൽ നിന്ന് മറയുന്നത് വരെ കാത്തു നിന്നു, പിന്നീട് ഡൈനിംഗ് ഹാളിലേക്കും. ബ്രേക്ക്ഫാസ്റ്റിന് ഒരു സവിശേഷത കണ്ടത് ആഹാരം കഴിക്കുന്നവരുടെ ആവശ്യാനുസരണം ഓംലെറ്റ് അപ്പപ്പോൾ പാകപ്പെടുത്തിക്കൊടുത്തിരുന്നു എന്നതാണ്. മുട്ട അടിച്ച് പതപ്പിക്കുന്നതും പച്ചക്കറികൾ നുറുക്കുന്നതും അത് കണ്ടുനിൽക്കാൻ മാത്രമല്ല കഴിക്കാനും നല്ലതായിരുന്നു. വെള്ള മാത്രം വേണ്ടവർക്ക് അങ്ങനെ. മൊത്തമായി വേണ്ടവർക്ക് അങ്ങനെ. ഒരു കൗണ്ടറിൽ കഞ്ഞിയും കൂട്ടുകറികളും വെച്ചിരുന്നത് കൗതുകമായി തോന്നി. പിന്നിട്ട ഏഴെട്ടു ദിവസങ്ങളിൽ അങ്ങനെയൊരു ഭക്ഷണം കണ്ടിരുന്നില്ല. അതുകൊണ്ടായിരിക്കാം കേരളത്തിൽ നിന്നെത്തിയവർക്ക് വേണ്ടി അങ്ങനെ ഒരു കരുതൽ അവിടെ ചെയ്തിരുന്നത്. പ്രത്യേകം പറഞ്ഞു വെയ്പിച്ചതാകാനും സാധ്യത തോന്നാതിരുന്നില്ല. കാരണം സ്ലീബാ അച്ചന്റെ പതിവായ ഹോട്ടൽ ആയിരുന്നു അത്. ബ്രേക്ക്ഫാസ്റ്റിന് ശേഷം എന്ത് ചെയ്യും എന്ന ചിന്തയിലായിരുന്നു പലരും. ടാക്‌സി പിടിച്ച് ഷോപ്പിംഗ് ആയാലോ എന്ന് ചിന്തിച്ചെങ്കിലും അന്യനാട്ടിലെ അപരിചിതത്വം മൂലം അതൊഴിവാക്കി എല്ലാവരും. ചിലർ നീന്തൽക്കുളത്തിലിറങ്ങി മുങ്ങിത്തുടിച്ച്, രസിച്ച് സമയം പോക്കി. ബാക്കിയുള്ളവർ ചുറ്റിനടന്ന് ഒരു നോക്ക് കണ്ടു റൂമുകളിൽ പോയി പാക്കിംഗിലേക്ക് കടന്നു.
പന്ത്രണ്ട് മണിയാണ് സമയം പറഞ്ഞിരുന്നത്. എല്ലാവരും ലഗേജ് മുറിക്ക് പുറത്ത് വെച്ച് കയ്യിലെടുക്കാനുള്ള ബാഗുകൾ മാത്രമെടുത്ത് മുറിപൂട്ടി കാർഡുകൾ റിസപ്ഷനിൽ ഏൽപ്പിച്ച് ലോഞ്ചിൽ കാത്തിരുന്നു. സ്ലീബാ അച്ചൻ എല്ലാവരുടെയും പാസ്‌പോർട്ടുകൾ ലിസ്റ്റിൽ നോക്കി പേര് വിളിച്ച് ഏൽപ്പിച്ചു. ഹോട്ടൽ ജോലിക്കാർ ഞങ്ങളുടെ ലഗേജുകൾ കൊണ്ടു വന്നുകൊണ്ടിരുന്നു. അവരവരുടെത് നോക്കി ബസ്സിലേക്ക് കയറ്റുന്നതായി പിന്നീടുള്ള ശ്രദ്ധ. അല്ലെങ്കിൽ ആർക്കും വേണ്ടാതെ ഈജിപ്റ്റിൽ കിടന്നു പോകുമെന്നു മാത്രമല്ല അവിടവിടെ നിന്ന് പെറുക്കിയും പറിച്ചും കരുതിയ ഒലിവിലകളും അത്തിക്കായ്കളും, വാങ്ങി സൂക്ഷിച്ച സാധനങ്ങളും, നാട്ടിലെത്തിച്ച് അവിടെയുള്ളവരെ കാണിക്കാനും അവർക്ക് കൊടുക്കാനും എങ്ങനെ സാധിക്കും?.
പോകുന്ന വഴിയിലായിരുന്നു ലഞ്ച്. അതിനുശേഷം മ്യൂസിയം. അങ്ങനെയായിരുന്നു സ്ലീബാ അച്ചന്റെ പ്ലാൻ. ലഞ്ച് കഴിച്ച് പുറത്തു കടന്നപ്പോൾ ചൂളയിൽ അപ്പം ചുട്ടെടുക്കുന്ന ഒരു സ്ത്രീയെ കാണാൻ കഴിഞ്ഞു. പലരും ആ കൗതുകക്കാഴ്ച ഫോട്ടോയിലാക്കി. വില ചോദിച്ചു വാങ്ങുമെന്ന് കരുതിയവർ ഫോട്ടോ എടുക്കുന്നത് കണ്ടപ്പോൾ അതിന് ചാർജ്ജ് വേണമെന്നായി അവർ. പാവം ജീവിത മാർഗ്ഗത്തിനു കണ്ടെത്തിയ രീതി. കുറച്ച് അപ്പം വാങ്ങി അവരെ സഹായിക്കുക മാത്രമല്ല വീട്ടിൽ കാത്തിരിക്കുന്നവർക്ക് ഒരു പുതുമയാവുമല്ലോ എന്ന് മനസ്സിൽ തോന്നിയെങ്കിലും മറ്റുള്ളവരോടുള്ള അവരുടെ സമീപനത്തിൽ കാർക്കശ്യം കണ്ടു തുടങ്ങിയപ്പോൾ അത് വേണ്ടെന്നുവച്ചു മുന്നോട്ടു നടന്നു.
ഈജിപ്റ്റിലെ മ്യൂസിയം കാണേണ്ട ഒരു കാഴ്ച തന്നെയായിരുന്നു.പുരാതന വസ്തുക്കളുടെ ശേഖരം ഒരിടത്ത്. രാജാക്കന്മാരുടേയും രാജ്ഞിമാരുടെയും വേഷഭൂഷാദികൾ മറ്റൊരിടത്ത്. അവർ ഉപയോഗിച്ചിരുന്ന സിംഹാസനങ്ങൾ, മഞ്ചലുകൾ, കുതിരവണ്ടികൾ അങ്ങനെ ഓരോന്നും ഓരോ വിഭാഗങ്ങളിലായി സൂക്ഷിക്കപ്പെട്ടിരുന്നു. ആയുധങ്ങളും, വാഹനങ്ങളും, പടക്കോപ്പുകളും, പാത്രങ്ങളും, വിവിധതരം മമ്മികളും സംസ്‌കരിച്ചവയും അല്ലാതെയും അങ്ങനെ പറഞ്ഞാൽ തീരാത്തവിധം വസ്തുക്കളുടെ ഒരു കലവറയായിരുന്നു ആ മ്യൂസിയം. നാണയങ്ങളുടെ ഒരു ശേഖരവും അവിടെ കണ്ടെത്താൻ കഴിഞ്ഞു. സമയക്കുറവു കൊണ്ട് ഒരു ഓട്ടപ്രദക്ഷിണമായി മാത്രമേ അത് കാണാൻ കഴിഞ്ഞുള്ളു എന്നത് ഒരു സത്യം തന്നെയായിരുന്നു. എന്തെന്നാൽ അലക്‌സാണ്ട്രിയ വിമാനത്താവളത്തിലെത്തി വേണം എല്ലാവർക്കും തിരികെയുള്ള വിമാനത്തിൽ കയറാൻ. അതനുസരിച്ച് യാത്ര ചെയ്തില്ലെങ്കിൽ ഫ്‌ളൈറ്റ് മിസ്സാവും. എല്ലാവരുടെയും യാത്ര മുടങ്ങും സ്ലീബാ അച്ചൻ ചാർട്ട് ചെയ്ത രീതിയിൽ മുന്നോട്ടു പോകണമെങ്കിൽ ഓട്ടപ്രദക്ഷിണമായി തന്നെ എല്ലാം നടക്കണം.
വൈകുന്നേരത്തെ ഭക്ഷണം തലേന്നത്തെ പോലെ ബോട്ടിലായിരുന്നില്ല. ബോട്ടിന്റെ ആകൃതിയിൽ നൈൽ നദിയിലേക്കിറക്കി പടുത്തുയർത്തിയ ഒരു ഹോട്ടലിലായിരുന്നു. എയർപോർട്ടിൽ എത്തി ചെക്കിൻ ചെയ്യേണ്ട സമയത്തെക്കുറിച്ച് ബോധവാന്മാരാക്കിയിരുന്നതുകൊണ്ട് എല്ലാവരും അതനുസരിച്ച് പെട്ടെന്ന് ഡിന്നർ കഴിച്ച് ബസ്സിൽ കയറി. പകൽ മ്യൂസിയം കാണാൻ തിടുക്കപ്പെട്ടു നടന്ന ക്ഷീണം കൊണ്ടോ ഭക്ഷണം കഴിച്ചതിന്റെ മികവു കൊണ്ടോ എല്ലാവരും പെട്ടെന്നുതന്നെ മയക്കത്തിലേക്ക് വഴുതി വീണു. അല്ലെങ്കിലും ഇരുട്ടു പരന്നു തുടങ്ങിക്കഴിഞ്ഞാൽ പുറത്ത് എന്ത് കാഴ്ച?.
ഇടയ്ക്ക് ബസ്സ് എവിടെയോ നിർത്തി ഗൈഡ് എന്തോ പറഞ്ഞു. കേട്ടവർ അത് ആവർത്തിച്ചപ്പോൾ മനസ്സിലായി ടോയ്‌ലറ്റ് സൗകര്യം ആവശ്യമുള്ളവർക്ക് ഇറങ്ങാം എന്നായിരുന്നു അയാൾ പറഞ്ഞത്. രാത്രിയുടെ അരണ്ടവെളിച്ചത്തിൽ ഒരു ഗേറ്റ് കടന്ന് അകത്തേക്ക് ചെന്നപ്പോഴാണ് അതൊരു കാഴ്ചബംഗ്ലാവോ, സൂവോ ആയിരുന്നെന്ന് മനസ്സിലായത്. പലവിധത്തിലുള്ള പക്ഷിമൃഗാദികൾ കൂട്ടിലടയ്ക്കപ്പെട്ടും അല്ലാതെയും അവിടെയുണ്ടായിരുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത ചില മൃഗങ്ങളും പക്ഷികളും അവിടെ കാണപ്പെട്ടു. സിംഹത്തോടൊപ്പം കളിക്കുന്ന കുട്ടികളും പാമ്പുകളോടൊപ്പം വിഹരിക്കുന്ന മറ്റു ജീവികളും കൗതുകം ജനിപ്പിച്ചു. കൃത്രിമമായി അരുവി നിർമ്മിച്ച് അവയിൽ മത്സ്യങ്ങളെ വളർത്തിയിരുന്നു. ചൂണ്ടിക്കാട്ടുന്ന മത്സ്യത്തെ ചൂണ്ടകൊണ്ട് പിടിച്ചോ വലയിൽ കോരിയെടുത്തോ പാചകം ചെയ്ത് വിൽപ്പന നടത്തുന്ന സ്ത്രീ പുരുഷന്മാരെയും അവിടെ കാണാൻ കഴിഞ്ഞു. സമയമില്ലാതിരുന്നിട്ടും എല്ലാവരും ചുറ്റി നടന്ന് എല്ലാം കണ്ട് ടോയ്‌ലറ്റ് സൗകര്യവും ഉപയുക്തമാക്കി തിരിച്ച് ബസ്സിനരികിലേക്ക് നടക്കുമ്പോൾ രണ്ടുമൂന്ന് സ്റ്റാളുകൾ തുറന്നു വച്ചിരിക്കുന്നതും നാട്ടിൽ കാണാത്തയിനം പലഹാരങ്ങൾ അവിടെ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതും കണ്ട് സന്തോഷത്തോടെ വാങ്ങാൻ ചെന്നു. വില പറയാനോ എടുത്തു തരാനോ ആരെയും കാണാതെ നിരാശരായി ബസ്സിൽ കയറേണ്ടി വന്നു എന്ന് മാത്രം.
ഈജിപ്റ്റിലെ അലക്‌സാണ്ട്രിയ വിമാനത്താവളത്തിൽ പറയത്തക്ക ചെക്കിംഗ് ഉണ്ടായിരുന്നില്ല. പല തവണകളിലായി ഈ വിധത്തിലുള്ള സന്ദർശകർ അവിടെ വന്നു പോകുന്നത് കൊണ്ടാവാം. ചുരുക്കം ചില ജോലിക്കാർ ഞങ്ങളോട് മലയാളത്തിൽ പെട്ടി തുറക്കാൻ പറയുന്നത് കേട്ടപ്പോൾ അത്ഭുതം തോന്നി. പലരിൽ നിന്നായി കേട്ടും ചോദിച്ചും മനസ്സിലാക്കിയെടുക്കുന്ന വാക്കുകൾ. മലയാളികളോടു മലയാളത്തിൽ, തമിഴരോട് തമിഴിൽ, മറ്റുഭാഷക്കാരാണെങ്കിൽ അവരുടെ ഭാഷയിൽ. അങ്ങനെ അവർക്ക് അത് ഹരവും കേട്ട് നിൽക്കുന്ന നമുക്ക് രസവുമായി തോന്നിക്കുന്ന പദപ്രയോഗങ്ങൾ. ഉഛാരണം കൊണ്ടാണ് നമുക്ക് അത് രസമായി തോന്നുന്നത്. ഔത്സുക്യവും ശുഷ്‌കാന്തിയുമുണ്ടെങ്കിൽ ആർക്കും എന്തും പഠിക്കാം എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു അവരുടെ നാവിൽ നിന്നടർന്നുവീണ വാക്കുകൾ. പാസ്‌പോർട്ട് ചെക്കിംഗും ലഗേജ് പരിശോധനയും ഭംഗിയായി കഴിഞ്ഞ് ഫ്‌ളൈറ്റിൽ ഷാർജയിലേക്കുള്ള യാത്ര.
ഷാർജയിൽ സ്ലീബാ അച്ചൻ ഞങ്ങൾക്കൊരു സർപ്രൈസ് ഒരുക്കിയിരുന്നു എയർപോർട്ടിലെ ബോംബെ റസ്റ്റോറന്റായിരുന്നു അത്. മസാലദോശയും ഉഴുന്നുവടയും ചേർന്നൊരു കാപ്പി സൽക്കാരം. ഷാർജ എയർപോർട്ടിൽ നിന്ന് അങ്ങനെ ഒരു കാപ്പി കുടിക്കാനായത് ഏവർക്കും ആഹ്ലാദകരമായ ഒരു കാര്യം തന്നെയായിരുന്നു. ലോകത്തെവിടെയും ചന്ദ്രനിൽ പോലും ഒരു ഇന്ത്യക്കാരൻ ഉണ്ടാവുമെന്നും അതൊരു മലയാളി ആയിരിക്കുമെന്നും അയാൾ ഒരു ഹോട്ടൽ നടത്തിപ്പുകാരൻ ആയിരിക്കുമെന്നും ആരോ തൊടുത്തുവിട്ട തമാശ കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
റസ്റ്റോറന്റിൽ നിന്നിറങ്ങിയവർ നേരത്തെ കണ്ടുവച്ചിരുന്ന ഷോപ്പിംഗ് മാളുകൾ തിരക്കി നീങ്ങി. അങ്ങോട്ട് പോയപ്പോൾ ഒന്നും വാങ്ങിക്കരുതാൻ പറ്റിയില്ലല്ലോ വാങ്ങിയാലും അത് ഭാരമായി കൊണ്ടു നടക്കണം. തിരിച്ചു വരുമ്പോഴാകട്ടെ എന്ന് കരുതിയവർ അവർ ഉദ്ദേശിച്ച സാധനങ്ങൾ വാങ്ങാനായി തിരക്കിട്ടു നടന്നു. ഷോപ്പിംഗ് മാളുകളിലെ തിക്കുംതിരക്കും ഒന്നുവേറെ തന്നെയായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്ന് കടന്നുവരുന്നവർ, മാളുകളിലെ ജോലിക്കാരും അങ്ങനെതന്നെ. വേഷത്തിലും ഭാവത്തിലും ഭാഷയിലുമുള്ള വ്യത്യാസങ്ങൾ. അടുത്ത ഫ്‌ളൈറ്റിന് രണ്ടുമണിക്കൂർ താമസമുണ്ടായിരുന്നതുകൊണ്ട് എല്ലാവരും അവരവർക്ക് വേണ്ട സാധനങ്ങൾ വാങ്ങാൻ തിരക്കുകൂട്ടി. ചിലർ മിഠായികളും ബിസ്‌ക്കറ്റുകളും, ചിലർ ലിക്കർ, നാട്ടിലെ വീട്ടുകാർക്കും കൂട്ടുകാർക്കും നൽകാനായി. അങ്ങോട്ടുള്ള യാത്ര വിശുദ്ധനാട്ടിലേയ്ക്കുള്ള ഒരു തീർത്ഥയാത്രയായിരുന്നെങ്കിൽ തിരിച്ചുള്ളത് അതിന്റെ ഘടകവിരുദ്ധമായിരുന്നു ഒരു തകർപ്പൻ യാത്ര.
അടുത്ത വിമാനത്തിൽ കയറുന്നതിന് മുൻപ് സ്ലീബാ അച്ചൻ ഞങ്ങളോടെല്ലാം യാത്ര പറഞ്ഞു. നാട്ടിൽ നിന്ന് വരുന്ന അടുത്ത ഗ്രൂപ്പിനെ സ്വീകരിക്കാൻ അവിടെ കാത്തു നിൽക്കുകയാണദ്ദേഹം. റോയൽ ഒമാനിയായുടെ പാക്കേജ് സിസ്റ്റത്തിന്റെ രീതി അതായിരുന്നു. സീസൺ അനുസരിച്ച് യാത്ര പ്ലാൻ ചെയ്യുക നെടുമ്പാശ്ശേരിയിൽ നിന്ന് കയറ്റിവിടാനും അതിന്റെ ആൾക്കാരുണ്ടാവും ഏത് എയർപോർട്ട് വഴിയാണോ അവിടെയും ലാൻഡ് ചെയ്യുന്നിടത്തും അങ്ങനെ ഓരോ പോയിന്റിലും അവരുടെ സർവ്വീസ് ഉണ്ടായിരിക്കും എന്നത് ആ ടൂർ പാക്കേജിന്റെ പ്രത്യേകതയും സംഘാടകരുടെ മികവുമാണ്. വീണ്ടും അദ്ദേഹം അവരോടൊപ്പം യിസ്രായേലിലേക്ക് പോവുകയോ അടുത്തയാളെ ഭരമേല്പിച്ച് കൂടെ അയക്കുകയോ ചെയ്യും.
ഞങ്ങളിൽ കുറച്ചുപേർ ദുബായ് വഴി വരാനാണ് വിസ എടുത്തിരുന്നത്. ട്രാൻസിറ്റ് വിസ എന്നാണതിന്റെ പേര്. ദുബായിലുള്ള മക്കളോടൊപ്പം അല്ലെങ്കിൽ മറ്റു ബന്ധുക്കളോടൊപ്പം രണ്ടു ദിവസം താമസിച്ച് മൂന്നാം ദിവസം ദുബായ് വിടണം. നേരത്തെ ആവശ്യപ്പെട്ട് എഴുത്തുകുത്തുകൾ നടത്തിയിരുന്നത് കൊണ്ട് അവരെ മറ്റൊരു കൗണ്ടറിൽ നിർത്തിയാണ് ചെക്കിൻ ചെയ്യിച്ചതും ആ ഫ്‌ളൈറ്റിലക്ക് കൊണ്ടുപോയതും. ദുബായിൽ വേണ്ടപ്പെട്ടവർ ഉണ്ടായിരുന്നെങ്കിലും ഈ വിധത്തിൽ ഒരു ക്രമീകരണം നടത്താമെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. അതുകൊണ്ട് ഞങ്ങൾ നെടുമ്പാശ്ശേരിക്കുള്ള ഫ്‌ളൈറ്റിൽ കയറി. സ്ലീബാ അച്ചൻ ഞങ്ങളെ ആ ഫ്‌ളൈറ്റിന്റെ ഗേറ്റ് വരെ എത്തിച്ച് ഒരിക്കൽക്കൂടി യാത്ര പറഞ്ഞു. അദ്ദേഹത്തോടൊപ്പം ചിലവഴിച്ച കഴിഞ്ഞ ഏഴെട്ടു ദിവസങ്ങൾ മനസ്സിലൂടെ ഓടിയെത്തിയപ്പോൾ അല്പം ദുഃഖം തോന്നി പ്രാർത്ഥനയിലൂടെയും പരിഹാസത്തിലൂടെയും കുസൃതി ഒളിപ്പിച്ച ചോദ്യശരങ്ങളിലൂടെയും ഞങ്ങളുടെ മനസ്സ് പിടിച്ചെടുത്ത ആ അല്പശരീരനായ വലിയ മനസ്സിന്റെ ഉടമയോട് അനല്പമായ ആദരവാണ് തോന്നിയത്. പ്രാർത്ഥനയിൽ ഓർക്കണം എന്ന അപേക്ഷയും പ്രാർത്ഥനയിൽ ഓർക്കാം എന്ന് വാഗ്ദാനവും ഞങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്തതായിരുന്നു. വിശുദ്ധനാട് കാണാനെത്തുന്ന അടുത്ത ബാച്ചിനെ സ്വീകരിക്കുവാനും അവർക്കുള്ള അടുത്ത ഫ്‌ളൈറ്റ് ക്രമീകരിക്കുവാനും അച്ചൻ അവരുടെ അടുത്തേക്ക് നീങ്ങിയപ്പോൾ വിശുദ്ധനാട് കണ്ട് സായൂജ്യമടഞ്ഞ് തിരികെ വരുന്ന ഞങ്ങൾ അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു
ടൂറിസ്റ്റ് വിസയായിരുന്നതുകൊണ്ട് നെടുമ്പാശ്ശേരിയിൽ ഞങ്ങൾക്ക് താമസം കൂടാതെ പുറത്തുകടക്കാൻ സാധിച്ചു. ബാഗേജ്ജുകൾ ലഭിക്കാനോ കസ്റ്റംസ് ക്ലിയറൻസിനോ ഒന്നും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അവിടെയും ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കയറി അത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങുവാൻ ചിലരെങ്കിലും സമയമെടുത്തു. റോയൽ ഒമാനിയായുടെ ബസ്സ് എയർപോർട്ടിന് വെളിയിൽ ഞങ്ങളെ കാത്തു കിടപ്പുണ്ടായിരുന്നു. എല്ലാം വളരെ സിസ്റ്റമാറ്റിക്കായി മുന്നോട്ടുകൊണ്ടുപോകുന്ന റോയൽ ഒമാനിയ കുടുംബത്തെ ശ്ലാഘിക്കുന്നു. എല്ലാവരും ലഗേജ്ജുകൾ കയറ്റി ബസ്സിൽ കയറി. ഇടയ്‌ക്കൊരിടത്ത് ബസ്സ് നിർത്തി അത്താഴം കഴിക്കാൻ അവസരം ഉണ്ടാക്കിയെങ്കിലും ഭൂരിഭാഗം പേരും വീട്ടിലെത്തിയെ കഴിക്കൂ എന്ന തീരുമാനത്തിലായി രുന്നു. ഞങ്ങളുടെ ഭവനം ബസ്സ് പോകുന്ന റൂട്ടിൽ തന്നെയായതുകൊണ്ട് എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ വീടിന്റെ വാതിലിൽ തന്നെ ഇറങ്ങി. ഞങ്ങളുടെ പ്രായം മാനിച്ച് ചിരവത്തറ അച്ചൻ ഞങ്ങളെ അതിനനുവദിച്ചു. അച്ചന്റെയും ഞങ്ങളുടെ കൂടെയുണ്ടായിരുന്ന മരുമക്കളുടെയും വീടുകൾ അവിടെത്തന്നെയായിരുന്നെങ്കിലും പുറപ്പെട്ട സ്ഥാനത്ത് ചെന്ന് പ്രാർത്ഥിച്ച് പിരിഞ്ഞു പോവുക എന്നായിരുന്നു അച്ചന്റെ തീരുമാനം. ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തായിരിക്കുന്ന ഒരാൾ ചെയ്യേണ്ട ഉത്തമ തീരുമാനം അനുസരിച്ച് അവർ മുന്നോട്ടു നീങ്ങി.
പുറപ്പെട്ട് ഒൻപതാം ദിവസം ഞങ്ങൾ ഏവരും യാതൊരു ആപത്തനർത്ഥങ്ങളും കൂടാതെ സ്വഭവനങ്ങളിൽ എത്തിച്ചേർന്നു. ആയതിന് ദൈവത്തെ സ്തുതിക്കുന്നു. ഒപ്പം നന്ദിയും. തിരുവനന്തപുരത്തു നിന്ന് വന്ന ഗ്രൂപ്പിലെ ഒരു സ്ത്രീയുടെ മരണം ഞങ്ങൾക്ക് ഒരാഘാതമായിരുന്നു. പല അവസരങ്ങളിലും പലർക്കും അസുഖങ്ങളോ അത്യാഹിതങ്ങളോ സംഭവിച്ചിട്ടുണ്ടെന്ന് സ്ലീബാ അച്ചൻ പലപ്പോഴായി വെളിപ്പെടുത്തിയിരുന്നു. ഞങ്ങളുടെ യാത്രയിൽ ആർക്കും തന്നെ ഒരനർത്ഥവും സംഭവിക്കാതെ അങ്ങോട്ടും തിരിച്ചും എത്തിച്ചേരാൻ ഇടയാക്കിയതിന് നന്ദിയും മഹത്വവും കരേറ്റിക്കൊണ്ട് ഇങ്ങനെയൊരു യാത്രയ്ക്ക് സംഗതി വരുത്തിയ ദൈവത്തെ നന്ദിയോടെ ഓർത്തുകൊണ്ട് ഞാനീ യാത്രാവിവരണത്തിന് വിരാമമിടുന്നു.
യാത്രയിൽ ഒപ്പമുണ്ടായിരുന്ന പലരുടെയും മുഖങ്ങൾ ഓർമ്മയിൽ തങ്ങി നിൽക്കുന്നു. അവരുടെ മാത്രമല്ല അന്ന് പോയ എല്ലാവരുടെയും അഡ്രസ്സും ഫോൺ നമ്പറുകളും റോയൽ ഒമാനിയ എത്തിച്ചു തരികയും ചെയ്തിട്ടുണ്ട്. മിക്കവരേയും ഫോണിൽ വിളിക്കാനും ചിലരെയെങ്കിലും നേരിൽ കാണാനും സാധിക്കുന്നു. യാത്രയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഒരു ആന്റിയുടെ ഭർത്താവിന്റെ ദേഹവിയോഗവും ഇതിനിടയിൽ ഞങ്ങൾക്ക് ഒരു നൊമ്പരമായി അനുഭവപ്പെട്ടു. ആ ആന്റിയോടും ബന്ധുമിത്രാദികളോടുമുള്ള അനുശോചനമായിക്കൂടി ഞാനീ അവസരം ഉപയോഗിക്കുന്നു. ഇതിനു ശേഷവും ഒപ്പമുണ്ടായിരുന്ന പ്രായമേറിയ ദമ്പതികൾ മരിച്ചു പോയി എന്നറിയാനിടയായി. പലരുടേയും കാര്യം അറിയാതെയും വന്നേക്കാം. മൺമറഞ്ഞു പോയ ഓരോ വ്യക്തിക്കും പ്രണാമം അർപ്പിച്ച് നിത്യശാന്തി നേരുകയാണ്. അതിനായി, ജീവനോടെയിരിക്കാൻ അനുവാദം തന്നനുഗ്രഹിച്ച ദൈവത്തെ മഹത്വപ്പെടുത്തുന്നു.
വിശുദ്ധിയോടെ വിശുദ്ധനാട് സന്ദർശിക്കുവാനും മടങ്ങിയെത്തി ദൈവത്തെ സ്തുതിക്കുവാനും സാധിച്ചതിൽ അന്നെന്നപോലെ ഇന്നും സന്തോഷിക്കുന്നു അതിനിടയാക്കിയ സ്ലീബാ കാട്ടുമങ്ങാട്ടച്ചനോടും അദ്ദേഹത്തിന്റെ റോയൽ ഒമാനിയ ഗ്രൂപ്പിനോടും ഞങ്ങളുടെ ഗ്രൂപ്പിന്റെ ലീഡറായിരുന്ന ചിരവത്തറ ആൻഡ്രൂസ് അച്ചനോടും മറ്റ് സ്ഥലങ്ങളിൽ നിന്ന് വന്ന അച്ചന്മാരോടും സഹയാത്രികരോടും ഞാനീ യാത്രാ വിവരണത്തിലൂടെ നന്ദിയും സ്‌നേഹവും കരേറ്റുന്നു. വിശുദ്ധനാട് സന്ദർശിച്ച ഓരോരുത്തരും ഇത് വായിക്കുമ്പോൾ അവർ കടന്നു പോയ വഴികളിലൂടെ അവരുടെ മനസ്സ് എത്തിച്ച് ഓർമ്മയിൽ വരുത്താൻ ഇടയാക്കുമെങ്കിൽ ഈ യാത്രാവിവരണം ഒരു വിജയമായി എന്ന് എനിക്ക് അഭിമാനിക്കാം. ദൈവം അതിനിടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവത്തിനു സ്‌തോത്രം.
About The Author
No related posts.