പത്തു രാജ്യങ്ങള്‍ പങ്കിട്ടെടുക്കുന്ന ഒരു നദി, അതാണ് ഡാന്യൂബ്. വോള്‍ഗ നദി കഴിഞ്ഞാല്‍ യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി. ഈ നദിയുടെ രണ്ടു കരകള്‍ക്കും രണ്ടു സംസ്ക്കാരമാണ്. രണ്ടു ജീവിതമാണ്. രണ്ടു സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളുമാണ്. അതിനു നടുവില്‍ ഒരു നേര്‍രേഖ പോലെ വിശ്വാസങ്ങളുടെ ജലരേഖയായി ഡാന്യൂബ്. ഡാന്യൂബിനെ എവിടെ നിന്നു നോക്കുമ്പോഴാണ് കൂടുതല്‍ ഭംഗി എന്നറിയില്ല. എങ്കിലും ഓരോ രാജ്യത്തു നിന്നു നോക്കുമ്പോഴും ഓരോ ഭാവമാണ് ഇതിന്. സര്‍പ്പസൗന്ദര്യമാണ് റൊമേനിയയിലെങ്കില്‍ വശ്യസൗന്ദര്യമാണ് വിയന്നയില്‍ . കരിങ്കടലില്‍ പതിക്കുമ്പോള്‍ ദുര്‍വാസാവിനെ പോലെയും. മഞ്ഞുകാലത്ത് മൂടിപുതച്ചു കിടക്കുന്ന വാതരോഗി, വേനല്‍കാലത്ത് മദാലസയുടെ മദഭാവം.
ജര്‍മനിയിലെ ബ്ലാക്ക് ഫോറസ്റ്റിലെ കറുത്ത മലമടക്കുകളില്‍ നിന്ന് മെല്ലെ തുടങ്ങി പിന്നീട് രൗദ്രഭാവത്തോടെ വിവിധ രാജ്യങ്ങളെ വെട്ടിമുറിച്ച് മുന്നേറുകയാണ് ഡാന്യൂബ്. ജര്‍മനിയിലെന്നല്ല, ഒരിടത്തും ഇതിനെ ഡാന്യൂബ് എന്നു വിളിക്കുന്നില്ല എന്ന വിരോധാഭാസത്തില്‍ തുടങ്ങുന്നു ഈ നദിയുടെ കഥയും. പഞ്ചപാണ്ഡവന്മാര്‍ പാഞ്ചാലിയെ പങ്കിട്ടെടുത്തതു പോലെയായിരുന്നു യൂറോപ്യന്‍ രാജ്യങ്ങള്‍ ഡാന്യൂബിനെ അനുഭവിച്ചത്. ജര്‍മനിയിലെ ബ്രിഗാച്, ബ്രെഗ് എന്നീ ഇരട്ട നദികളാണ് പിന്നീട് ഡാന്യൂബായി വളരുന്നത്. കിഴക്കുദിശയിലാണ് സഞ്ചാരം, അത് ഒന്നും രണ്ടുമല്ല, കൃത്യമായി പറഞ്ഞാല്‍ 2850 കിലോമീറ്റര്‍ (1771 മൈല്‍) സഞ്ചരിച്ച് ഉക്രെെനിലും റൊമേനിയയിലുമായി സ്ഥിതിചെയ്യുന്ന ഡാന്യൂബ് ഡെല്‍റ്റ വഴി ഒടുവില്‍ കരിങ്കടലിലേക്കു പതിക്കുന്നു. ഇതാണ് ഡാന്യൂബിന്‍റെ നിയോഗം.
റൊമേനിയയിലൂടെയാണ് ഡാന്യൂബ് ഏറ്റവും കൂടുതല്‍ ദൂരം ഒഴുകുന്നത്. നദിയുടെ 28.9 ശതമാനവും ഇവിടെ തന്നെ. എന്നാല്‍ ഓസ്ട്രിയയാണ് ഏറ്റവും ഭാഗ്യവതി എന്നു പറയാം. ലോകത്തിലെ തന്നെ സുന്ദരനഗരങ്ങളിലൊന്നായ വിയന്ന ഡാന്യൂബിന്‍റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. കാണാന്‍ ഓസ്ട്രിയ ഏറെ സുന്ദരമാണെങ്കിലും ഇവിടുത്തെ മറ്റ് ഒമ്പത് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിയന്നയ്ക്ക് പൊട്ടുകുത്തുന്നത് ഡാന്യൂബാണ്. വിയന്നയുടെ ഇപ്പോഴത്തെ ജനസംഖ്യ 17 ലക്ഷത്തിന്‍റെ പകുതിയോളം ഇന്നും ഡാന്യൂബിനെ ആശ്രയിക്കുന്നു, ഒരു സ്വകാര്യത പോലെ അനുഭവിക്കുന്നു. സാംസ്കാരികവും, സാമ്പത്തികവും, രാഷ്ട്രീയ കേന്ദ്രവുമായി വിയന്ന ലോകത്തിന്‍റെ നെറുയിലേക്ക് ഉയരുമ്പോള്‍ ഇവിടെ ഡാന്യൂബ് സ്വച്ഛന്ദമായി ഒഴുകുകയാണ്. ഇതൊന്നും തന്നെ ബാധിക്കുകയേയില്ലെന്ന രീതിയില്‍. ജനസംഖ്യയുടെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ പത്താമത്തെ നഗരമാണ് വിയന്ന എന്നു കൂടി അറിഞ്ഞാലോ ഡാന്യൂബിന്‍റെ പ്രാധാന്യം മനസ്സിലാകു. താജ്മഹലിനെ പ്രണയാര്‍ദ്രമായി ചുറ്റിപ്പിണഞ്ഞ് ഗംഗയൊഴുകുന്നതു പോലെയാണ് ഡാന്യൂബ് വിയന്നയെ മാറോടു ചേര്‍ത്തു നിര്‍ത്തുന്നത്. മെര്‍സര്‍ ഹ്യൂമന്‍ റിസോഴ്സ് കണ്‍സള്‍ടിങ് എന്ന സംഘടനയുടെ ഏറ്റവും ഉയര്‍ന്ന ജീവിതനിലവാരമുള്ള പ്രദേശങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തായി വിയന്നയെ ഉയര്‍ത്തിയതിനു പിന്നിലെ ഡാന്യൂബിന് വിലമതിക്കാനാവാത് സ്ഥാനമുണ്ട്. അമൂല്യമായ ഈ ജലസമ്പത്തിന്‍റെ പിന്നണിയിലാണ് ഇവിടെ കലയും ജീവിതവും നിഴലിക്കുന്നതും.
ഡാന്യൂബിനു ജന്മം നല്‍കുന്നത് ജര്‍മനിയാണെങ്കിലും ഇവിടെ ഇതിന്‍റെ പേര് പോലും വ്യത്യസ്തമാണ്. ഡാന്യൂബ് ജര്‍മനിക്കാര്‍ക്ക് ഡോനോയാണ്, വിയന്നയിലും അങ്ങനെ തന്നെ. നദിയുടെ വെറും 7.5 ശതമാനം മാത്രമാണ് ജര്‍മനയിലൂടെ കടന്നു പോവുന്നതും. ജര്‍മനിയിലെ വനനിബിഡമായ പൊക്കം കുറഞ്ഞ മലനിരകള്‍ക്കിടയിലൂടെയൊഴുകുന്ന ഡാന്യൂബിന് ബാലഭാവമാണ്. കുസൃതിയും പിണക്കവും പൊട്ടിക്കരച്ചിലും വാശിയുമുള്ള ഒരു കൊച്ചു കുട്ടിയുടെ വൈകാരികത ഇവിടെ പ്രകടം. കിഴക്ക്വടക്ക് ദിശയിലൊഴുകുന്ന ഡാന്യൂബ് സ്വാബിയന്‍ ജൂറാ മുറിച്ചു കടന്ന് ബവേറിയ സമതലത്തിലേക്കു പ്രവേശിച്ച് ഓസ്ട്രിയ കടന്ന് സ്ലൊവാക്യയിലെത്തുമ്പോള്‍ കഥ മാറുന്നു. റീജന്‍സ്ബര്‍ഗില്‍ വച്ച് കിഴക്ക്തെക്കുകിഴക്ക് ദിശ സ്വീകരിക്കുന്ന ഡാന്യൂബ് പസോയില്‍ വച്ചാണ് ഓസ്ട്രിയയിലേക്ക് ടിക്കറ്റെടുക്കുന്നത്. തുടര്‍ന്ന് ബൊഹിമിയന്‍ മലനിരകള്‍ക്കും (വടക്ക്) ആല്‍പ്സിന്‍റെ വടക്കേയറ്റത്തുള്ള മലനിരകള്‍ക്കും (തെക്ക്) ഇടയിലൂടെ കടന്നൊഴുകുകയാണ് ഈ ജലറാണി. ഇവിടെ നിന്ന് ഹംഗറി (11.7%), ക്രോയേഷ്യ (4.5%), സെര്‍ബിയ (10.3%), റോമേനിയ (28.9%), ബള്‍ഗേറിയ (5.2%), മൊളൊഡോവ (1.7%), ഉക്രെയിന്‍ (3.8%) എന്നിങ്ങനെ പത്തുരാജ്യങ്ങള്‍ പങ്കിട്ടെടുക്കുന്ന ഡാന്യൂബ് കരിങ്കടലില്‍ പതിക്കുമ്പോള്‍ തള്ളപ്പെടുന്നത് ടണ്‍ കണക്കിനു ജലമാലിന്യങ്ങള്‍ കൂടിയാണ്. ലോകത്തില്‍ മുപ്പതാം സ്ഥാനത്താണ് ഡാന്യൂബിനു സ്ഥാനമെങ്കിലും ഇത്രയധികം രാജ്യങ്ങളെ സേവിക്കുന്നുവെന്നതില്‍ ലോകത്തിലെ മൂന്നാമത്തെ നദിയാണിത്. ആ ക്രെഡിറ്റിന്‍റെ തലയെടുപ്പും ഡാന്യൂബില്‍ പ്രകടം. ലോകത്തിലെ ഏറ്റവും വലിയ നദിയായ നൈലിനും കോംഗോ നദിക്കും പിന്നില്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഡാന്യൂബ്. നീളത്തിന്‍റെ കാര്യത്തില്‍ ഡാന്യൂബിനെക്കാള്‍ തൊട്ടു മുന്നിലുള്ളത് നമ്മുടെ ബ്രഹ്മപുത്രയാണെന്നത് ഇന്ത്യക്കാര്‍ക്ക് എന്നും അഭിമാനിക്കാം.
വനനിബിഡമായ ഭൂപ്രകൃതിയും ചരിത്രാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന കുന്നിന്‍പുറങ്ങളും കടന്നാണ് പലേടത്തും ഡാന്യൂബിന്‍റെ സഞ്ചാരം. ബൊഹീമിയന്‍ മലനിരകള്‍ കടന്നാല്‍ ഡാന്യൂബിനെ സ്വീകരിക്കുന്നത് ചതുപ്പു സമതലങ്ങളാണ്. ഇവിടെ പ്രണയാവേശയായ യൗവനമാണ് ഡാന്യൂബിന്. അത്രമേല്‍ സ്വച്ഛന്ദവും മൃദലവുമായാണ് ഡാന്യൂബ് ഇവിടെ മന്ദം മുന്നേറുന്നത്. താഴ്വാരങ്ങളുടെ വീതി കൂടുകയും ചതുപ്പ് പ്രദേശം വ്യാപൃതമാവുകയും ചെയ്യുന്നിടത്ത് ഡാന്യൂബ് നിരവധി നദികളെന്ന പോലെ വിഭജിക്കപ്പെടുന്നു. വീണ്ടും, വീടു വിട്ടു പോയ മക്കള്‍ വീട്ടിലേക്ക് തിരിച്ചെത്തുന്നതു പോലെ ഒരു നദിയായി രൂപാന്തരപ്പെട്ടു തെക്കോട്ടൊഴുകി ഹംഗേറിയന്‍ മഹാസമതലത്തില്‍ പ്രവേശിക്കുന്നു. ഇങ്ങനെ വ്യത്യസ്തങ്ങളായ ഭാവങ്ങളെയും സംസ്ക്കാരങ്ങളെയും തൊട്ടുതലോടി കടന്നു പോകുന്ന ഡാന്യൂബിന് പക്ഷേ ഒരിടത്തും സ്വന്തം പേരു നിലനിര്‍ത്താനാവുന്നില്ലെന്നത് വലിയൊരു വെല്ലുവിളിയാണെന്നു പറയേണ്ടി വരും. ഇംഗ്ലീഷിലെ ഡാന്യൂബ് എന്ന പേര്‍ ഒരു രാജ്യത്തും ഉപയോഗിക്കുന്നില്ല. ജര്‍മനിയിലും ഓസ്ട്രിയയിലും ‘ഡോനോ’, സ്ലോവാക്യയില്‍ ‘ഡ്യൂനജ്’, യുഗോസ്ലേവിയാ ബല്‍ഗേറിയ എന്നിവിടങ്ങളില്‍ ‘ഡ്യൂനോ’, റൂമേനിയയില്‍ ‘ഡൂനറിയ’ തുടങ്ങിയ ഇരട്ട പേരുകളിലാണ് ഡാന്യൂബ് പ്രശസ്തം. പത്തു രാജ്യങ്ങള്‍ പകുത്തെടുത്തെങ്കിലും ഡാന്യൂബ് മറ്റ് പല രാജ്യങ്ങളെയും ജലസമൃദ്ധമാക്കുന്നുണ്ട്. ഡാന്യൂബിന്‍റെ നീര്‍ത്തടങ്ങള്‍ മറ്റ് ഒമ്പത് രാജ്യങ്ങളിലേക്കും വിസ്തൃതപ്പെട്ടിട്ടുണ്ട്. ഒരു നദി എന്ന നിലയില്‍ തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടാണ് ഡാന്യൂബ് കരിങ്കടലിലേക്ക് വീഴുന്നത്. ഇറ്റലി, പോളണ്ട് , സ്വിറ്റ്സെര്‍ലാന്‍റ്, ചെക്ക് റിപ്പബ്ലിക്ക്, സ്ലൊവേനിയ, ബോസ്നിയ ആന്‍റ് ഹെര്‍സെഗൊവിനിയ , മോണ്ടിനാഗ്രോ, റിപ്പബ്ലിക് ഓഫ് മാസിഡോണിയ, അല്‍ബേനിയ എന്നീ രാജ്യങ്ങള്‍ ഡാന്യൂബിന്‍റെ ജലസമൃദ്ധിയുടെ പങ്ക് പറ്റുന്നുണ്ട്.
യുഗോസ്ലേവിയന്‍ സമതലത്തില്‍ ടിസോ, ഡ്രാവ, സാവ, മൊറാവ തുടങ്ങിയ പ്രധാന പോഷകനദികള്‍ ഡാന്യൂബില്‍ സംഗമിക്കുന്നുണ്ട്. ഇവയുടെ സംഗമസ്ഥലം തന്നെ ഒരു കാഴ്ചയാണ്. ഹംഗേറിയന്‍ താഴ്വരയ്ക്കു മുന്നിലായുള്ള കാര്‍പാത്തിയന്‍- ബാള്‍ക്കന്‍ മലനിരകളെയും ഡാന്യൂബ് മുറിച്ചു കടക്കുന്നുണ്ട്. സെര്‍ബിയയുടെയും റൊമേനിയയുടെയും അതിര്‍ത്തിയാണിത്. കാര്‍പാത്തിയന്‍ മലനിരകളുടെ നീണ്ട ഭീകരത ഒരു പരിധി വരെ ഡാന്യൂബിനെയും ഇവിടെ ആവേശിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ രൗദ്ര ഭാവത്തോടെയുള്ള ക്ഷിപ്രകോപിയാണെങ്കില്‍ മറ്റിടങ്ങളില്‍ ക്ഷിപ്രപ്രസാദിയാണെന്നു തോന്നും. ഇടുങ്ങിയ ചെങ്കുത്തായ താഴ്വാരം ‘അയണ്‍ ഗേറ്റ്’ എന്ന പേരിലാണ് പ്രസിദ്ധം.
ബള്‍ഗേറിയയിലെത്തുമ്പോള്‍ ഡാന്യൂബിന് ഒരു നാണംകുണുങ്ങിയുടെ ഭാവമാണ്. ആരുടെയും മുഖത്തു നോക്കാതെ തലതാഴ്ത്തിയൊഴുകുന്ന ഒരു കള്ളഭാവം. സിലിസ്റ്റ്രയ്ക്കടുത്തുവച്ച് വടക്കോട്ട് ദിശമാറി വീണ്ടും കിഴക്കോട്ടു തിരിഞ്ഞ് ഡെല്‍റ്റ പ്രദേശത്ത് എത്തുന്നതോടെ കഥ മാറി. ഇവിടെ നിന്ന് ഡാന്യൂബ് ഉഗ്രപ്രതാപിയാവുകയാണ്. റുമേനിയയുടെയും ഉക്രെയ്നിന്‍റെയും അതിര്‍ത്തി കടക്കുന്നതോടെ ഡാന്യൂബിന്‍റെ ശരിക്കുള്ള ഭാവം കാണാം. അണയാന്‍ പോകുന്നതിനു മുന്‍പുള്ള ആര്‍ത്തലയ്ക്കല്‍ ഇവിടെ ശക്തമാവുന്നു.
മഞ്ഞുകാലത്തും വേനല്‍കാലത്തും ഡാന്യൂബ് കരകവിയും. ആല്‍പ്സ് നദികളില്‍ നിന്നും കാര്‍പാത്തിയന്‍ മലനിരകളില്‍ നിന്നുമുള്ള ജലപാതങ്ങളെ ഡാന്യൂബ് സ്വീകരിക്കുന്നതോടെ ഈ നദിയൊഴുകുന്ന രാജ്യങ്ങളുടെ തീരങ്ങളെല്ലാം വെള്ളത്തിനടിയിലാവും. ഈ രണ്ടു കാലങ്ങള്‍ കഴിഞ്ഞാല്‍ ഡാന്യൂബില്‍ പലേടത്തും പല നിലയിലാണ് വെള്ളത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍. അതു കൊണ്ട് തന്നെ പൂര്‍ണതോതിലുള്ള ഒരു ജലപാതയായി ഡാന്യൂബിനെ ആരും ഉപയോഗിക്കുന്നില്ല. മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ഇതിന്‍റെ പല തീരങ്ങളും. എന്നാല്‍, രാജ്യാന്തര അതിര്‍ത്തിയായതിനാല്‍ പലതിനും ഇവിടെ വിലക്കുണ്ട്. നദീതീരത്തെ വിവിധ രാജ്യങ്ങള്‍ തമ്മിള്‍ ഇപ്പോഴുമുണ്ട് ശീതസമരം. ഡാന്യൂബിനെ മറ്റു യൂറോപ്യന്‍ നദികളുമായി ബന്ധിപ്പിക്കുന്ന രണ്ടു പ്രധാന പദ്ധതികള്‍ നിലവിലുണ്ട്. ഡാന്യൂബിനെ റൈനുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഇതിലൊന്ന്. രണ്ടാമത്തേത് ഒരു കനാല്‍ മാര്‍ഗം നദിയെ പോളണ്ടിലെ ഓഡര്‍ താഴ്വരയുമായി ബന്ധിപ്പിക്കുന്നതുമാണ്. ഒരു രാജ്യത്തിനു ഡാന്യൂബിനു മേല്‍ അവകാശമില്ലാത്തതു കൊണ്ട ഇന്‍റര്‍നാഷണല്‍ മാരിടൈം ഏജന്‍സിക്കാണ് ഡാന്യൂബിന്‍റെ മേല്‍നോട്ടം. എന്നാല്‍ ഒന്നാം ലോക മഹായുദ്ധ സമയത്ത് ജര്‍മനി ഇതു പിടിച്ചെടുത്തു. 1949ല്‍ ഡാന്യൂബ് കമ്മീഷന്‍ രൂപീകരിച്ചതോടെ വീണ്ടും പഴയപടിയായി. ഇതിനോടനുബന്ധിച്ച് ‘അയണ്‍ ഗേറ്റിനും’, ‘മാരിറ്റൈം’ ഭാഗങ്ങള്‍ക്കുമായി പ്രത്യേക ഭരണ സംവിധാനങ്ങള്‍ നിലവില്‍വന്നു. ഓസ്ട്രിയ, ബള്‍ഗേറിയ, ഹംഗറി, റുമേനിയ, റഷ്യ, സ്ലോവാക്യ, ഉക്രെയ്ന്‍ സെര്‍ബിയ ,ബോസ്നിയ ഹെര്‍സെഗോവിന ,ക്രൊയേഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് കമ്മീഷന്‍. ഇവരാണ് ഡാന്യൂബിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് ഏകീകൃത സ്വഭാവം നല്‍കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ ഒരു വിദേശപര്യടനം പോലെയാണ് ഡാന്യൂബ് ഒഴുകുന്നതെങ്കിലും ഈ നദിയുടെ ഒരു കരയില്‍ നിന്നാലും ഇതൊരു പുഴയാണെന്നു തോന്നുകയേയില്ല. യൂറോപ്പിന്‍റെ സമസ്ത സൗന്ദര്യവും നിറയുന്ന ജലസാമ്രാജ്യമാണ് ഡാന്യൂബ്. ഒരു രാജ്യത്തിനും സ്വന്തമല്ലാത്ത, എന്നാല്‍ എല്ലാവര്‍ക്കും അവകാശപ്പെട്ട ഡാന്യൂബ്. അതാണ് ഈ നദിയുടെ കഥയും സംസ്ക്കാരവും.
About The Author
No related posts.
One thought on “പങ്കിട്ടെടുക്കുന്ന ഡാന്യൂബ് – കാരൂര്‍ സോമന്‍”
നമുക്കും ഇല്ലേ ഈ ഭാവങ്ങളെല്ലാം