വിഷുദിന സ്മൃതികൾ – മിനി സുരേഷ്

Facebook
Twitter
WhatsApp
Email

കേരളത്തിലെ കാർഷികോത്സവമാണ് വിഷു.മലയാള മാസം മേടം ഒന്നിനാണ്
വിഷു ആഘോഷിച്ചു വരുന്നത്. രാത്രിയും,പകലും
തുല്യമായി വരുന്ന ദിനമാണ്
വിഷു.മുൻപ് പുതുവർഷാരംഭം മേടമാസമായിരുന്നു.ഓണംവിളവെടുപ്പുൽസവമായിട്ടാണ് ആഘോഷിക്കുന്നതെങ്കിൽ വിഷു കൃഷിയിറക്കൽ ഉൽസവമാണ്.
കടുത്ത വേനൽക്കാലത്തിലും മഞ്ഞപ്പട്ടുടുത്ത്
കൊന്നമരം വർണ്ണാഭമായി പൂത്തു നിൽക്കുന്നതോടെ വിഷു
ആഘോഷങ്ങൾക്ക് പ്രകൃതിയും തുടക്കം കുറിക്കുന്നു.സംസ്ഥാന വൃക്ഷമായ കണിക്കൊന്നയെക്കുറിച്ച് വർണ്ണിക്കാത്ത
കവികളില്ല.സംസ്കൃതത്തിൽ അരഗ്വദ:,നൃപേന്ദ്രം,
രാജവ്യക്ഷ,ശ്യാമാം,ദീർഘഫല,കർണ്ണികാരം
എന്നൊക്കെയാണ് പേര്.ഏഷ്യൻ രാജ്യങ്ങളിൽ
ധാരാളം കാണപ്പെടുന്ന കണിക്കൊന്ന തന്നെയാണ്
തായ്ലാൻഡിന്റെ ദേശീയ വ്യക്ഷവും,ദേശീയ പുഷ്പവും.
ഹൈന്ദവർക്കിടയിൽ ശ്രീകൃഷ്ണ ആരാധനയുമായി വിഷു ഏറെ ബന്ധപ്പെട്ടിരിക്കുന്നു.
വിഷുവുമായിബന്ധപ്പെട്ട ആചാരങ്ങളായ വിഷുക്കണി,വിഷുകൈനീട്ടം എന്നിവയ്ക്ക
ഹൈന്ദവർ വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നു.
ഓട്ടുരുളിയിൽ ഉണക്കലരി പകുതിയോളം നിറച്ച് അലക്കിയമുണ്ട്,പൊന്ന്,നാണയങ്ങൾ,വാൽക്കണ്ണാടി,കണിവെള്ളരി,നെൽക്കതിർ,ഫലങ്ങൾ,
കണ്മഷി,സിന്ദൂരം,കണിക്കൊന്ന പൂക്കൾ ,തുടങ്ങിയവ ശ്രീകൃഷ്ണഭഗവാൻറെ മുൻപിൽ വച്ച് ,കത്തിച്ച നിലവിളക്കും,നാളികേരപ്പാതിയും ഒരുക്കിയാണ് വിഷുക്കണിതയ്യാറാക്കുന്നത്.
നിലവിളക്കിന്റെ പ്രകാശത്തിൽ
ധനവും,ധാന്യവും,ഫലങ്ങളും ഒക്കെ കൺനിറയെ
കണ്ട് വിഷുകൈനീട്ടവും വാങ്ങുമ്പോൾ വർഷം
മുഴുവനും സമ്പൽസമുദ്ധി നിറയുന്നു എന്നാണ് വിശ്വാസം.
വിഷുവുമായി ബന്ധപ്പെട്ടു കിടക്കുന്ന പുരാണകഥകൾ നരകാസുരവധവും,രാവണ വധവുമാണ്.രാവണന്റെ കൊട്ടാരത്തിനുള്ളിൽ
വെയിൽ തട്ടിയത് ഇഷ്ടപ്പെടാഞ്ഞതിനാൽ
സൂര്യനെനേരെ ഉദിക്കുവാൻ രാവണൻ അനുവദിച്ചില്ലെന്നും രാവണവധത്തിനു ശേഷം
സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നുമാണ് കഥ.

ഭാരതത്തിലൊട്ടാകെ ഇതേ ദിവസം ആഘോഷങ്ങൾ ഉണ്ട്.അസമിലെ ബിഹു.,കാർഷി
കോത്സവവും,നവവത്സരവും,വസന്തോത്സവവും
എല്ലാമായി അവർ ആഘോഷിക്കുന്നു.വളർത്തുമൃഗങ്ങളെ കണികാണിക്കലും, കൈനീട്ടം നൽകലും അവിടെയും ഉണ്ട്.
ബീഹാറിലെ ആഘോഷം ബൈഹാഗ് എന്ന പേരിലാണ് അറിയപ്പെടുന്നത്.പഞ്ചാബിൽ ഇത്
വൈശാഖി എന്നും തമിഴ്നാട്ടിൽ പുത്താണ്ടുമായാണ്
ആഘോഷിക്കുന്നത്.കർണാടകയിലും ,ആന്ധ്രാപ്രദേശിലും ഇതേ സമയം ആണ്ടു പിറപ്പ് എന്ന അർത്ഥം വരുന്ന ഉഗാദി എന്ന പേരിലാണ് പുതുവർഷം കൊണ്ടാട്ടുന്നത്.
വിഷുസദ്യയിൽ പ്രധാനം ചക്കക്കും, മാങ്ങക്കും
തന്നെ. ചക്ക എരിശ്ശേരി,ചക്ക അവിയൽ,മാമ്പഴ
പുളിശ്ശേരി,പച്ചടി എന്നിവയ്ക്കായിരുന്നു പഴയകാലങ്ങളിൽ മുൻതുക്കം കൊടുത്തിരുന്നത്.
വിഷുക്കഞ്ഞിയും,വിഷുക്കട്ട എന്ന പ്രാതൽ വിഭവവുംചിലയിടങ്ങളിൽ കാണാറുണ്ട്.
വിഷു ദിനത്തിൽ പുലർച്ചേ അമ്മ വിളിച്ചുണർത്തി
കണ്ണു പൊത്തിപ്പിടിച്ച് കണി കാണിക്കുന്നതും,
അച്ഛൻ വിഷുകൈനീട്ടം നൽകുന്നതും .കൂട്ടുകാരുമൊത്ത് പടക്കം പൊട്ടിച്ചു,
പൂത്തിരി കത്തിച്ച് രസിച്ചതുമെല്ലാം ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളാണ്.ആദ്യകാലങ്ങളിൽ സ്വർണ്ണം,വെള്ളി
തുടങ്ങിയവയുടെ നാണയങ്ങളാണ് വിഷുകൈനീട്ടമായി നൽകിയിരുന്നത്.ഇപ്പോളത്
നോട്ടുകളായി മാറി.പ്രായം ചെന്നവർ ഇളം തലമുറക്കാർക്കാണ് വിഷുകൈ നീട്ടം നൽകുന്നത്.
സമ്പത്ത് തലമുറകളിലേക്ക് കൈമാറാനുള്ളതാണ്
എന്നൊരു സന്ദേശവും ഇതിലുൾക്കൊണ്ടിരിക്കുന്നു.ഇവയെല്ലാം വിഷുവിന്റെ ഐശ്വര്യ
ദായക സ്വഭാവത്തെയാണ് കാണിക്കുന്നത്..
വിഷു പക്ഷികളുടെ ഇണ ചേരൽകാലം
കൂടിയാണ് വിഷുക്കാലം.
“വിത്തും കൈക്കോട്ടും.. ചക്കക്കുപ്പുണ്ടോ..
വിഷുപക്ഷിയുടെ കൂജനം കേട്ടുണർന്നിരുന്ന
വിഷുക്കാലം പാടേ മാറിയിരിക്കുകയാണ്.
മനുഷ്യൻ പ്രകൃതിയെ അടുത്തറിയുന്ന കാലമാണ്
വിഷു.പക്ഷേ ഇന്ന് വയലുകളെല്ലാം നികത്തി,പ്രകൃതിയും,പുഴകളും ,മണ്ണുമെല്ലാം
വിഷമയമായിരിക്കുന്നു.കൊറോണയുടെ
ഭീതിയിലും ,അടച്ചുപൂട്ടലിലും ആഘോഷങ്ങൾക്ക്
വിലക്കുകൾ വന്നിരിക്കുന്നു. അസ്തമിക്കാനൊരുങ്ങുന്ന പ്രതീക്ഷകൾ കർഷകരെയും,സാധാരണക്കാരെയും വേട്ടയാടുകയാണ്.
അതിജീവനത്തിന്റെ പാതയിൽ ചലിക്കുന്ന
ഓരോ മലയാളിക്കും നൻമയുടെയും,സമൃദ്ധിയുടെയുംസ്നേഹത്തിൻറെയും സന്ദേശം
പകരുന്ന ആഘോഷങ്ങൾ എന്നും പ്രിയപ്പെട്ടവയാണ്.ആഘോഷങ്ങൾക്കായിന്ന്
നമ്മുടെ നാട് സജ്‌ജമല്ലെങ്കിലുംഎല്ലാവർക്കും ഐശ്വര്യപ്രദവും,സമ്പൽസമുദ്ധവുമായ വിഷു
ആശംസിക്കുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *