കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിലാണ് നഴ്സറി
മുതൽ ഞാൻ പഠിച്ചത്.
കേരളത്തിലെ ആദ്യത്തെ പെൺപള്ളിക്കൂടമാണ്.
അമേലിയ ബേക്കർ എന്ന വിദേശ വനിതയാണ് സ്കൂൾ സ്ഥാപിച്ചത്.ബേക്കർ ഹിൽസ് എന്നറിയപ്പെടുന്ന ആപ്രദേശത്തിന് അന്ന് ഊട്ടിയുടെ മനോഹാരിതയായിരുന്നു.കുറഞ്ഞത് 5.6 ഏക്കറെങ്കിലും കാണണം സ്കൂൾ കാമ്പസ്.ചൂള മരങ്ങൾ തണൽ വിരിച്ചു കിടക്കുന്ന
വീഥികളിലും ,പച്ചപ്പു നിറഞ്ഞ പുൽമേടുകളിലുമെല്ലാം പ്രകൃതി ചന്തം വാരി ക്കോരിവിതറിയിരിക്കുന്നു. ചൂള മരങ്ങളെ തഴുകി വരുന്നകുഞ്ഞിക്കാറ്റും.”എന്റെ സാറേ “അതനുഭവിച്ചുതന്നെയറിയണം.
പുൽമേടുകൾക്കിടക്ക് കുറുന്തോട്ടിയെന്ന് തോന്നിപ്പിച്ച ഏതോ ഔഷധസസ്യം തേയിലത്തോട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന
വിധം വളർത്തിയിരുന്നു. ബ്രിട്ടീഷ് മാതൃകയിൽ
മരത്തിൽ കരവിരുതിൽ മെനഞ്ഞെടുത്ത ഭംഗിയാണ്
സ്കൂളിന്റെ പ്രധാന കെട്ടിടത്തിനും ,ബോർഡിംഗ് സ്കൂളിനുമുള്ളത്..റോസപ്പൂക്കളും,ആഫ്രിക്കൻ സാലിയകളുമെല്ലാം പുഞ്ചിരിച്ചു നിൽക്കുന്ന
നല്ലൊരു ഉദ്യാനവും ബോർഡിംഗ് കെട്ടിടത്തിന് മുന്നിലുണ്ട്.തോട്ടക്കാരൻ കാണാതെ പൂക്കൾ
മോഷ്ടിച്ച് ചോറ്റുപാത്രത്തിൽ കടത്തിയിരുന്ന
മിടുക്കികളുമുണ്ടായിരുന്നു.
മരഗോവണിയും ,വലിയ തൂണുകളുള്ള വരാന്തകളും ,മൾബറി ചെടികളും,പൂക്കൂട തലയിലേന്തുന്നചെമ്പകമരങ്ങൾക്കരികിലുള്ള ചാപ്പലുമെല്ലാം ഇന്നുംമനസ്സിൽ നിറഞ്ഞു നിൽപ്പുണ്ട്.
എന്റെ വർണ്ണന കേട്ടിട്ട് ആരെങ്കിലും ഇപ്പോൾ
അവിടെപ്പോയി ഒന്ന് നോക്കിയാൽ കാണുന്നത്
കുറെ കോൺഗ്രീറ്റ് കാടുകളായിരിക്കും. 83ൽ കാമ്പസിനുള്ളിലായി പുതിയൊരു കെട്ടിടം
പണിത് ഹൈസ്കൂൾ അവിടേക്ക് മാറ്റിയിരുന്നു.ഞങ്ങളന്ന് ഒൻപതാം ക്ലാസ്സിലായിരുന്നു.ഹൈസ്കൂളിന് തൊട്ടടുത്തായിപ്പോൾ ഹയർ സെക്കണ്ടറി സ്കൂളും വന്നിട്ടുണ്ട്.
പുൽമേടുകളെല്ലാം പാർക്കിംഗ് സ്ഥലങ്ങളായി
ചളിയിൽ പുതഞ്ഞു കിടക്കുന്നു..C.S.I complex
എന്ന കോൺഗ്രീറ്റ്പത്മവ്യൂഹത്തിന് നടുവിൽ വീർപ്പുമുട്ടി പഴയ
സ്കൂൾകെട്ടിടമിന്നും ജീവിക്കുന്നുണ്ട്.മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ആദ്യം പ്രവർത്തനമാരംഭിച്ച തവിടെയാണ്. പിന്നീടതൊരു വൃദ്ധ സദനമാക്കി.
ഇപ്പോഴവിടെ വനിതകൾ നടത്തുന്ന ഒരു ഭക്ഷണശാലയാണുള്ളത്.’രുചികരമായ ഭക്ഷണം
ലഭിക്കുന്ന ഇടം ‘എന്നൊക്കെ വിളമ്പുന്ന വീഡിയോകളും മറ്റും കാണുമ്പോൾ ഉറക്കെ
വിളിച്ചു പറയുവാൻ തോന്നും “അത് ഞങ്ങളുടെ
പഴയ സ്കൂളിലെ സ്റ്റാഫ് റൂമായിരുന്നെന്ന്.ഗതകാലസ്മരണകൾ നെഞ്ചിലേറ്റുന്ന ഒരു നൂറ്റാണ്ടിലധികം
പഴക്കമുള്ള ചാപ്പലിൽ ഞങ്ങളന്ന് പരീക്ഷകൾക്ക്
മുൻപായി ജാതിമത ഭേദമെന്യേ ഒത്തൊരുമയോടെ പോയി പ്രാർത്ഥിച്ചിരുന്നെന്ന്.’
നഴ്സറി മുതൽ നാലാംക്ലാസ്സു വരെയുള്ള L.P സെക്ഷൻ കൊച്ചുസ്കൂളെന്നാണ്
അറിയപ്പെട്ടിരുന്നത്. നീലയും,വെള്ളയും കുപ്പായമിട്ട
കുസൃതികളെ നയിക്കുന്ന അദ്ധ്യാപികമാരെ ‘കൊച്ചമ്മ’മാരെന്നാണ് കൊച്ചു വിദ്യാർത്ഥികൾ
സംബോധന ചെയ്തിരുന്നത്.വലിയ സ്കൂളിൽ
അതായത് 5 മുതൽ 10 വരെയുള്ള കുട്ടികൾക്ക്
വെള്ള നിറമുള്ള ഷർട്ടും ,പച്ചപ്പാവാടയുമായിരുന്നു വേഷം.തലമുടി രണ്ടായി മെടഞ്ഞ് മഞ്ഞ റിബ്ബൺ കെട്ടണം.ഹൈസ്കൂളിലെത്തുമ്പോഴാണ് നീളമുള്ള
പാവാട ധരിക്കേണ്ടത്. അമ്പേ..പെൺപിള്ളേരുടെ
ഗമയൊന്ന് കാണണമപ്പോൾ. ആഭരണങ്ങളോ
മറ്റ് അലങ്കാരങ്ങളോ ഒന്നും അനുവദിച്ചിരുന്നില്ല.
ക്യൂട്ടക്സിടുവാനും ,ആഭരണങ്ങളണിയുവാനും
കുട്ടികൾക്കെല്ലാമന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു.
പഠനത്തിൽ നിന്ന് ശ്രദ്ധ വ്യതിചലിക്കരുതെന്ന ലക്ഷ്യത്തോടെ
പിന്നെയും ധാരാളം കർക്കശ നിയമങ്ങൾ ഉണ്ടായിരുന്നു.ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ജീവിതത്തിന് അച്ചടക്കവും ,ചിട്ടയും നൽകിയതിൽ
അവിടുത്തെ നിയമങ്ങൾക്ക് സുപ്രധാന പങ്കുണ്ടെന്ന്
മനസ്സിലാക്കുന്നു.
കൊച്ചു സ്കൂളിനിപ്പുറം കാടുപിടിച്ചു കിടക്കുന്ന
വലിയൊരു കുഴിയാണുള്ളത്.അതിനു മുകളിൽ ശാസ്ത്രിറോഡാണ്. വാകമരങ്ങൾ പൂത്തു നിന്നിരുന്ന ശാസ്ത്രിറോഡിൽ ഇന്നത്തെപ്പോലെ കടകളും തിരക്കുമൊന്നുമില്ല.കുഴിയായി കിടക്കുന്ന
പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്നു.
കൗമാരക്കാരിക്കാരികളായ പെൺകുട്ടികളെ
വസ്ത്രം മാറ്റിക്കാണിക്കുക.രാത്രി കാലങ്ങളിൽ വന്ന് അശ്ലീല ചിത്രങ്ങളും ,അസഭ്യങ്ങളും ഭിത്തിയിൽ എഴുതിയിടുക ,ടോയ്ലറ്റിനു പുറകിൽ
പാത്തു നിന്ന് ഭയപ്പെടുത്തുക തുടങ്ങിയ പല
ബുദ്ധിമുട്ടുകളും അദ്ധ്യാപകർക്കും ,കുട്ടികൾക്കും
സാമൂഹ്യവിരുദ്ധർ വരുത്തിയിരുന്നു.പൊതുഇടങ്ങളിലും ഇത്തരക്കാരുടെ വിളയാട്ടങ്ങൾ ധാരാളം കാണാം. പെൺകുട്ടികൾക്ക് സുരക്ഷിതമായി തനിയെ യാത്ര ചെയ്യാവുന്ന
സാഹചര്യമൊന്നും ഇന്ത്യയിലിന്നുംവന്നിട്ടില്ല.
ട്രെയിനുകളിലെ ടോയ്ലറ്റുകളിലും ,സീറ്റുകളിലും മറ്റും അശ്ലീലം
എഴുതിയിടാറുള്ള ഇക്കൂട്ടരൊക്കെ യഥാർത്ഥത്തിൽ
മനോനില തകരാറിലായവരാണ്.
കാലങ്ങൾ കഴിഞ്ഞപ്പോൾ നഗര മദ്ധ്യത്തിലെ സ്ഥലം അധികൃതർ വ്യാപാരക്കണ്ണുകളിലൂടെ വീക്ഷിച്ചു.
കുഴിയായിരുന്ന പ്രദേശത്ത് ഇന്ന് ആധുനിക സൗകര്യമെല്ലാമുള്ള
CBSC സ്കൂളാണുള്ളത്.നേരത്തെ സൂചിപ്പിച്ചതു
പോലെ ചുറ്റിനും കോൺഗ്രീറ്റ് സൗധങ്ങളും.
ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടമെന്ന് നിർവചിച്ചിരിക്കുന്നത് വിദ്യാഭ്യാസ
കാലഘട്ടത്തെയാണല്ലോ.എണ്ണിയാലും , വർണ്ണിച്ചാലുമൊതുങ്ങാത്ത ഓർമ്മക്കിണ്ണം തട്ടി മറിച്ചിട്ട് നിങ്ങളെ ഓരോരുത്തരെയും ഞാൻ ബാല്യകാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ്.
കടന്നു പോയ വഴികൾ പിന്നിട്ട് മധുരിക്കുന്ന
ബാല്യകാല സ്മരണകളുടെ നാരങ്ങ മിഠായി നുണയുവാൻ.മാനം കാണാതെ മയിൽപ്പീലികൾ
പുസ്തകത്താളുകൾക്കിടയിൽ വച്ച് മയിൽപ്പീലിക്കുഞ്ഞുങ്ങളെ സ്വപ്നം കാണുവാൻ.
About The Author
No related posts.