നൃത്തമാടുക നിങ്ങൾ : ആൻസി സാജൻ

Facebook
Twitter
WhatsApp
Email

സ്ക്കൂൾതലം കഴിഞ്ഞ് പഠിക്കാൻ പോകുന്നത് കലാശാലകളിലേക്കാണ്. ഉണർവും ഉൽസാഹവും നിറഞ്ഞ യുവതയുടെ പ്രതീകമാണ് കലാലയ ജീവിതം.സ്നേഹ സൗഹാർദ്ദങ്ങളുടെ പൂത്തു നിൽക്കുന്ന പൂമരക്കാലം. കാരണങ്ങളില്ലാതെ ചിരികളിൽ നിറയാനും സ്നേഹിതരുടെ കണ്ണുകളിൽ തങ്ങളെത്തന്നെ കാണാനും ആനന്ദത്തിന്റെ വഴികളിൽ മാത്രം ഓടിനടക്കാനും കഴിയുന്ന പ്രിയതരമായ വിദ്യാർത്ഥിക്കാലമാണത്. കടന്നുപോയത് എത്ര വിലയേറിയതെന്നറിയാൻ പിന്നീട് ഒന്ന് ഓർത്തുനിന്നാൽ മതിയാവും.ഹൃദയം കവിഞ്ഞ് കണ്ണുനിറഞ്ഞ് പുതിയകാല ചിത്രങ്ങൾ മാഞ്ഞു പോകും. സമ്പത്തിന്റെ ഭാരമില്ലാതെ
മൽസരങ്ങളുടെ ഭാരമില്ലാതെ എടുത്താൽ പൊങ്ങാത്ത ഉത്തരവാദിത്വങ്ങളുടെ കനങ്ങളില്ലാതെ കടന്നുപോയ നല്ല കാലം. അന്നത്തേതുപോലെ നടക്കാൻ പിന്നീടൊരിക്കലും നമുക്ക് കഴിഞ്ഞെന്നുവരില്ല.
ഒരു ജാനകിയും നവീനും ചേർന്ന് നൃത്തച്ചുവടുകൾ വച്ചത് കാഴ്ചക്കാരുടെ ഹൃദയങ്ങളിലാണ്. അവരോടൊപ്പം നമ്മളും താളം ചവിട്ടിയില്ലേ ഉള്ളിൽ. ഒരു നിമിഷം അവരായി മാറിയിരുന്നെങ്കിൽ എന്ന് ആശിച്ചുമില്ലേ..?
പുതിയ കാലത്തിന്റെ അടയാളങ്ങളാണവർ. ശാസ്ത്രീയച്ചുവടുകളും എടുത്താൽ പൊന്താത്തയത്ര ആടയാഭരണങ്ങളും ഒന്നുമില്ലാതെ ഓടിവന്ന് മിന്നൽച്ചുവടുകൾ വച്ചവർ. 30 സെക്കൻഡിനുള്ളിൽ അവർ പകർന്നത് ചങ്ങാത്തത്തിന്റെ താളപ്പകർച്ചയാണ്. കൂടെ കൂടാൻ തോന്നുന്നത്ര വാൽസല്യക്കാഴ്ചയായിരുന്നു അത്.
ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊന്നും ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ല. ബുദ്ധിശക്തിയും അതിന്റെ അവതരണവും എങ്ങനെ വേണമെന്ന് അവർക്കറിയാം. പഠനത്തിലായാലും കലാപ്രവർത്തനങ്ങളിലായാലും. നവകാല കലാ വേദികളിലെല്ലാം ഈ മാറ്റം കാണുവാൻ കഴിയും. പുതിയ സിനിമകൾ ശ്രദ്ധിക്കൂ . സ്വാഭാവിക സംഭവങ്ങൾക്കു നടുവിലേക്ക് ക്യാമറ വച്ചതു പോലെയല്ലേ പുതിയ സിനിമകൾ. കോവിഡ് കാലത്തെ പരിമിത സാഹചര്യങ്ങൾക്ക് അനുസൃതമായിട്ട് ഒരുക്കിയ ചിത്രങ്ങൾ വീട്ടിലിരുന്ന് കണ്ട് നമ്മൾ അത്ഭുതപ്പെടുന്നില്ലേ ? മസ്തിഷ്കം ഉണർന്നു പ്രവർത്തിക്കുന്ന പ്രതിഭകൾ ഒരുക്കിയ ചിത്രങ്ങളിൽ ജോജി വരെയെത്തി ലോകത്തി ൽ എവിടെയുമിരുന്ന് ആസ്വദിക്കാവുന്ന തലത്തിലേക്ക് നമ്മുടെ സിനിമ വളരുന്നത് കണ്ടില്ലേ ? ഇതാണ് എല്ലാ രംഗങ്ങളിലും നടക്കുന്നത്.
മെഡിക്കൽ വിദ്യാർത്ഥികളായതു കൊണ്ടാണോ ജാനകിയും നവീനും വിമർശിക്കപ്പെടുന്നത്?
അതോ ആണും പെണ്ണുമായതുകൊണ്ടോ?
ഇതൊന്നുമല്ല; കാപട്യവും ദുഷ്ടലാക്കുകളുമാണ് ഈ ചെറുപ്പക്കാരെ തളർത്താൻ നോക്കുന്നവർ ഉന്നം വയ്ക്കുന്നത്. എന്തിലും വിപരീതങ്ങൾ ചേർത്തു വയ്ക്കാൻ ആഗ്രഹിക്കുന്നവർ ഓർക്കുക. ഇന്നത്തെ ചെറുപ്പക്കാരെ നിങ്ങളുടെ ഉദ്ദേശ്യങ്ങളിൽ കെട്ടിയിടുന്നതിനുള്ള ശ്രമം ഫലം കാണുകയില്ല. ജാനകിയും നവീനും ഒരാൺകുട്ടിയും പെൺകുട്ടിയുമല്ല ; വർണ വർഗ്ഗ വ്യത്യാസങ്ങൾക്കുപരി സ്വതന്ത്രമായും സത്യസന്ധമായും നിലനിൽക്കുന്ന പുതിയ ലോക സൃഷ്ടാക്കളുടെ പ്രതിനിധികളാണ്. നൃത്തമാടുക കൂട്ടുകാരെ …
കൂടെക്കൂടാം ഞങ്ങളും.

About The Author

Leave a Reply

Your email address will not be published. Required fields are marked *