🌻 മൺഡേ സപ്ലിമെന്റ് –146 🌻
ഭാഗ്യം എന്ന പ്രതിഭാസം ജീവിതത്തിൽ പ്രയോഗത്തിൽ ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. സാമർത്ഥ്യം ഉള്ളവൻ സമ്പന്നനായാൽ, വേഗമേറിയ ഓട്ടക്കാരൻ വിജയിച്ചാൽ, ശക്തമായ സൈന്യം യുദ്ധം ജയിച്ചാൽ അത് ഭാഗ്യം കൊണ്ടാണെങ്കിൽ,
ഭാഗ്യമെന്നത് ആത്മാർത്ഥതയുടെയും കഠിനാധ്വാനത്തിന്റെയും ഒരു ‘പ്രോഡക്റ്റാ’ണെന്നു വ്യക്തം.അതായത് ഭാഗ്യം സ്വയംസൃഷ്ടിക്കുന്നതാണ്
ഭാഗ്യം സ്വയം സൃഷ്ടിച്ച് വിജയിച്ചവരുടെ ചരിത്രമാണ് ലോക ചരിത്രം. ചെറുപ്പത്തിൽ ഭാഗ്യഹീനരായിരുന്നവർ
പിന്നീട് ഭാഗ്യം സ്വയം സൃഷ്ടിച്ച് മുന്നേറിയ എത്രയോഉദാഹരണങ്ങൾ ചരിത്രം നമുക്ക് പറഞ്ഞുതരുന്നു:
ഷേക്സ്പിയർ, എഡിസൺ, ചാൾസ് ഡിക്കൻസ്, മാക്സിം ഗോർക്കി, ഹിറ്റ്ലർ, ആദ്യത്തെ വിമാനം നിർമ്മിച്ച റൈറ്റ് സഹോദരന്മാർ, കേശവദേവ്,ബഷീർ ഇവരാരും ഭാവിയിൽ ഗുണം പിടിക്കുമെന്ന് ഇവരുടെ ഗുരുക്കന്മാരോ അച്ഛനമ്മമാരോ പറഞ്ഞിട്ടില്ല. ചിലർ പ്രൈമറി വിദ്യാഭ്യാസം പോലും മുഴുമിപ്പിച്ചില്ല.
അത്തരത്തിൽ ഇവർ ഭാഗ്യഹീനരായിരുന്നു.
ഭാഗ്യം തുണയ്ക്കാതിരുന്ന സുധാചന്ദ്രൻ കാൽ നഷ്ടപ്പെട്ടിട്ടും പൊയ്ക്കാലിൽ മനോഹരമായി നൃത്തം ചവിട്ടുന്നു. ഫ്രാൻസിലെ പ്രസിദ്ധ നടി
സാറാ ബോൺഹാർട്ടിന്റെ
ഒരു കാൽ മുറിച്ചു
മാറ്റിയെങ്കിലും അവർ മരണംവരെ അഭിനയജീവിതം തുടർന്നു. മഹാനായ സംഗീതജ്ഞനായ ബീഥോവന്‍ ബധിരനായിരുന്നു. സ്വരങ്ങളുടെ ഇന്ദ്രജാലം അദ്ദേഹം എങ്ങനെ മനസ്സിലാക്കി എന്നത് ഒരു പ്രഹേളിക തന്നെ.പ്രസിദ്ധ ഇംഗ്ലീഷ് കവി മിൽട്ടൺ അന്ധനായിരിക്കുമ്പോഴാണ് പ്രധാന കൃതികൾ രചിച്ചത്. ഗ്രീക്ക് കവി ഹോമർഅന്ധനായിരുന്നു. നാവിക യുദ്ധത്തിന്റെ ചരിത്രത്തിൽ ഏറ്റവും തിളക്കമുള്ള നായകനായിരുന്ന അഡ്മിറൽ നെൽസൺ ഒറ്റക്കണ്ണനായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ് വെൽറ്റിന്റെ രണ്ട് കാലുകളും 39 ആം വയസ്സിൽ പോളിയോ ബാധിച്ചു തളർന്നുപോയി. ഹെലൻ കെല്ലർ രണ്ടാം വയസ്സിൽ അന്ധയും ബധിരയും മൂകയും ഭാഗ്യഹീനയും ആയിരുന്നെങ്കിലും അതൊന്നും അവരുടെ കഠിനാധ്വാനത്തെയും തുടർന്നുണ്ടായ ജീവിത വിജയത്തെയുംയാതൊരുവിധത്തിലും ബാധിച്ചില്ല.
ചെയ്യുന്ന പണി നിർഭാഗ്യമായിരുന്നെങ്കിലും ഔന്നത്യത്തിലേക്ക് അത് തടസ്സമായില്ല. ഹിറ്റ്ലറുടെ ആദ്യത്തെ പണി പോസ്റ്ററുകൾ വരച്ചുണ്ടാക്കുകയായിരുന്നു. ഐൻസ്റ്റൈൻ ആദ്യം ഒരു ഓഫീസ് ഗുമസ്തനായിരുന്നു. പ്രസിദ്ധ എഴുത്തുകാരൻ വില്യം ഫോക്നറുടെ ആദ്യ തൊഴിൽ വീടുകൾക്ക് പെയിന്റടി ആയിരുന്നു. കൂനുമായി ജീവിച്ചയാളാണ് ചിന്തകനായ പ്ലേറ്റോ. മാദകറാണിയായിരുന്ന മർലിൻ മൺറോ ഒരു വെറും ഫാക്ടറി തൊഴിലാളിയായിരുന്നു. ഇവരെല്ലാംജീവിതത്തിന്റെ
ഭാഗ്യം സ്വയം സൃഷ്ടിച്ച് മറ്റുള്ളവർക്ക് മോഡൽ ആകുകയായിരുന്നു.
‘മോറിസ്മൈനർ’ എന്ന കാർ രൂപകൽപ്പന ചെയ്ത നെഫീൽഡ് പ്രഭു തന്റെ ബാല്യകാലത്ത് കൂലിവേല ചെയ്ത് ജീവിച്ചിരുന്ന ആളായിരുന്നു. ഒരു സൈക്കിൾ കടയിൽ രാവും പകലും ജോലിചെയ്ത് കഷ്ടപ്പെട്ട ഇദ്ദേഹം പിൽക്കാലത്ത് ലോകത്തിലെ മൂന്നാമത്തെ വലിയ ധനികരിൽ ഒരാളായി മിന്നിത്തിളങ്ങി ജീവിച്ചു. ലത്തീൻ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ നിരവധി കൃതികൾ രചിച്ച സാമുവൽ ജോൺസൺ പ്രസിദ്ധപ്പെടുത്തിയ ഇംഗ്ലീഷ് ഡിക്ഷണറി ഒരു പ്രാവശ്യമെങ്കിലും പ്രയോജനപ്പെടുത്താത്തവർ വളരെ ചുരുക്കമാണ്. ഇദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് ഒരിക്കൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ ഫീസ് കൊടുക്കാൻ നിവൃത്തിയില്ലാതെ പഠനം ഇടയ്ക്ക് വെച്ച് നിർത്തേണ്ടിവന്നു. തന്റെ സ്വന്തം പരിശ്രമം കൊണ്ട് മാത്രം ജീവിതത്തിൽ ഭാഗ്യം സൃഷ്ടിച്ചുകൊണ്ട് മുന്നേറി പ്രശസ്ത നിലയിൽ എത്തിയ ആളായിരുന്നു ഇദ്ദേഹം.
ഗുരുകുല വിദ്യാഭ്യാസകാലം. എല്ലാവരെയും ഗുരുകുലത്തിൽ ചേർക്കാറില്ല. പഠിച്ച് വലിയ ആളാകുമോ എന്ന് ഗുരു പരീക്ഷിക്കും. അതിലെ ഒരു പരീക്ഷണം കൈനോട്ടമാണ്. കയ്യിൽ വിദ്യാരേഖ തെളിഞ്ഞു കാണുന്നില്ലെങ്കിൽ കുട്ടിയെ ഗുരുകുലത്തിൽ ചേർക്കില്ല. ഒരിക്കൽ ഒരമ്മ തന്റെ മകനുമായി ഗുരുവിന്റെ ആശ്രമത്തിൽ എത്തി. പക്ഷേ കുട്ടിയുടെ കയ്യിൽ വിദ്യാരേഖ ഇല്ലാത്തതിനാൽ ഗുരു കുട്ടിയെ അവിടെ ചേർത്തില്ല. “വിദ്യാ രേഖയോ അതെന്താണ്” കുട്ടി അത്ഭുതത്തോടെ ചോദിച്ചു. ഗുരു തന്റെ കൈ കാട്ടിക്കൊണ്ടു പറഞ്ഞു, “ഇതാണ് വിദ്യാ രേഖ. ഇത് നിന്റെ കയ്യിൽ ഇല്ല”. എന്തോ ഉറച്ച തീരുമാനത്തോടെ അവൻ വീട്ടിലേക്ക് പോയി. വീട്ടിലെത്തി മൂർച്ചയുള്ള ഒരു കത്തിയെടുത്ത് കയ്യിൽ അമർത്തി ഒരു വര വരച്ചു. രക്തം ചീറ്റിയൊഴുകി. അലറി കരഞ്ഞു പോകുന്ന വേദന. പക്ഷേ അവൻ ക്ഷമയോടെ എല്ലാം സഹിച്ചു. ദിവസങ്ങൾ കഴിഞ്ഞ് മുറിവുണങ്ങി. അവൻ വീണ്ടും ഗുരുവിന്റെ അരികിൽ എത്തി കൈ കാണിച്ചു കൊടുത്തു. ഗുരുവിന്റെ കണ്ണുകൾ നിറഞ്ഞു. അദ്ദേഹം അവനെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു, “വിദ്യാരേഖയെക്കാൾ വലുതാണ് പഠിക്കുവാനുള്ള നിന്റെ ആഗ്രഹം. നീ മിടുക്കനാകും”. കൈയിലെ വിദ്യാരേഖ വരഞ്ഞ് ഭാഗ്യമുണ്ടാക്കിയ ആ കുട്ടിയാണ് ശാസ്ത്രീയമായി എഴുതപ്പെട്ട ലോകത്തെ ആദ്യത്തെ വ്യാകരണ ഗ്രന്ഥമായ ‘പാണിനീയ’ത്തിന്റെ കർത്താവായ പാണിനി. മനുഷ്യന്റെ ദൃഢനിശ്ചയം തീർക്കുന്ന ഭാഗ്യം ആർക്കും തടയാനാകില്ല.
ഭാഗ്യവാനാണ് എന്ന് പറഞ്ഞതുകൊണ്ട് മാത്രം ജീവിതത്തിൽ ആരും ഒന്നുംനേടാൻപോകുന്നില്ല. എന്നാൽ ഭാഗ്യമില്ല എന്ന് പറഞ്ഞ് തന്റസ്വപ്നങ്ങളെ
പിൻതുടരാതിരിക്കുന്നവർ വൻ തോൽവിയാണ് നേരിടേണ്ടിവരിക.
പ്രമുഖ ഗോൾഫർ
ആയ ഗാരിപ്ലെയർ ഭാഗ്യത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്,
” എത്രയും കഠിനമായി പരിശ്രമിക്കുന്നുവോ അത്രയും ഭാഗ്യവാനായി ഞാൻ മാറുന്നു”. നിരന്തരമായ തോൽവി
( ഉദാഹരണത്തിന് തോമസ് ആൽവ എഡിസൺ, എബ്രഹാം ലിങ്കൺ എന്നിവരുടെ അനുഭവം.) ഒരാളെ ഭാഗ്യവാൻ അല്ലാതാക്കുന്നു.എന്നാൽ ആ തോൽവിയെ അതിജീവിച്ച് കഠിനാധ്വാനം തുടർന്നാൽ അയാൾക്ക് ഭാഗ്യത്തെ സൃഷ്ടിക്കാനാവും എന്നാണ് മഹാന്മാരുടെ അനുഭവം നമ്മളെ പഠിപ്പിക്കുന്നത്. സ്വപ്നം കാണുന്നവർക്കും അത് നേടിയെടുക്കാൻ കഠിനാധ്വാനം
ചെയ്ത് ഭാഗ്യം സൃഷ്ടിക്കുന്നവർക്കും മികച്ചത് നൽകാനാണ് പ്രപഞ്ചം സദാ ഗൂഢാലോചന നടത്തുന്നത് എന്നാണ് പൗലോ കൊയിലോ എന്ന ബ്രസീലിയൻ എഴുത്തുകാരൻ അഭിപ്രായപ്പെട്ടിട്ടുള്ളത്.
25–11–2024.
🌹 🌹