വസന്തവും വേനലും – സ്വപ്ന ജേക്കബ് (ഗൾഫ്)

Facebook
Twitter
WhatsApp
Email

വിറയ്ക്കുന്ന തണുപ്പ് മാറി, രാവിലെ സുഖമുള്ള തണുപ്പും ഉച്ചസമയം വല്യ ചൂടില്ലാത്ത നല്ല വെയിലുമുള്ള മാര്‍ച്ച് മാസം മരുഭൂമിയില്‍ വസന്തമൊന്നുമില്ലെങ്കിലും നല്ലൊരു മാസമാണ്. എങ്കിലും ഏതൊക്കെയോ വിദേശരാജ്യങ്ങളില്‍ നിന്നും കൊണ്ടുവന്ന് വളര്‍ത്തുന്ന പൂച്ചെടികളില്‍ പൂക്കള്‍ നിറഞ്ഞു കുവൈറ്റിലെ റോഡിനിരുവശവും പല ആകൃതികളിലും വര്‍ണ്ണങ്ങളിലും കാണാം. മകന്‍ കുട്ടിയായിരുന്നപ്പോള്‍ ‘ദാ, ഓണപ്പൂക്കളം’ എന്നു പറഞ്ഞത് ഓര്‍ക്കുന്നു.
വസന്തമായ് ശലഭവഴികളില്‍
മഞ്ഞുപെയ്യുന്നു
ഓര്‍മ്മകളില്‍ പൂക്കള്‍ വിടരുന്നു.
എന്നു കുവൈറ്റിലെ വിഭീഷ് എന്ന സുഹൃത്ത് ഫേസ്ബുക്കില്‍ കുറിച്ചു. കോറോണക്കാലമായതോടെ കുറച്ചുകൂടി സമയം കിട്ടിയത് കൊണ്ടാവണം ആളുകള്‍ ഋതുക്കളെക്കുറിച്ച് ചിന്തിക്കാനും എഴുതാനും തുടങ്ങിയത്. ഇത്തവണ കോറോണയും ഇലക്ഷനും എല്ലാം കൂടിയായപ്പോള്‍ മറ്റൊരു സുഹൃത്ത് എഴുതിയതിങ്ങനെ ‘വസന്തത്തിന്റെ ഇടിമുഴക്കമൊക്കെ നല്ലതായിരുന്നു, അതിലും നല്ലത് അടുപ്പില്‍ അരി തിളയ്ക്കുന്നതിന്റെ ശബ്ദമായിരുന്നു.’
വസന്തം എന്നു പറഞ്ഞാല്‍ എനിക്കു നിറയെ പൂക്കളുള്ള ഒരാകാശമാണ്. വലിയ മരങ്ങള്‍, ഒരുപാട് വര്‍ഷങ്ങള്‍ പഴക്കമുള്ളവ. ഒരു വശത്ത് വയലറ്റ് പൂക്കള്‍, മറുവശത്ത് മഞ്ഞ പൂക്കളും. വേനലവധിക്ക് സ്‌കൂള്‍ അടക്കുന്നതിന് മുന്‍പുള്ള ആകാശമായിരുന്നു. സ്‌കൂളിനു ചുറ്റും മരങ്ങള്‍ എന്നു പറയുന്നതിനെക്കാള്‍ ഒരു കുന്നിന്റെ ചരുവില്‍ പൂമരങ്ങള്‍ക്കിടയില്‍ ഒരു സ്‌കൂള്‍ എന്നു പറയുന്നതാവും നല്ലത്, സ്‌കൂള്‍ രണ്ടായിരുന്നു. നഴ്‌സറിയും എല്‍. പി. സ്‌കൂളും ചേര്‍ന്ന കൊച്ചുസ്‌കൂളും പിന്നെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രമുള്ള ഹൈസ്‌കൂളും. ഇന്‍ഡ്യയിലെ തന്നെ ആദ്യത്തെ പെണ്‍കുട്ടികളുടെ ഹൈസ്‌കൂള്‍. ഹൈസ്‌കൂളില്‍ നിന്നു പോകുന്ന പത്താം ക്ലാസ്സിലെ മാര്‍ച്ച് മാസത്തില്‍ മാത്രമേ ഓട്ടോഗ്രാഫ് എഴുതാന്‍ അവകാശമുണ്ടായിരുന്നുള്ളൂ. ഒരുപാട് പേര് എനിക്കു ഓട്ടോഗ്രാഫില് എഴുതിത്തന്നത് ‘ആഷാഢമാസം അവസാനമാസം നമ്മള്‍ പിരിയുന്നമാസം മാര്‍ച്ചുമാസം’ എന്ന വരികളായിരുന്നു. ‘ആഷാഢമാസം, ആത്മാവില്‍ മോഹം’ എന്ന പാട്ടിന്റെ പാരഡി പോലെ. അത്ഭുതം പോലെ ജീവിതത്തിലെ വേര്‍പ്പിരിയലുകള്‍ എല്ലാം സംഭവിച്ചതും മാര്‍ച്ച് മാസത്തില്‍ തന്നെ.
വസന്തവും വേനലും ഒരുമിച്ചാണല്ലോ നമ്മുടെ നാട്ടില്‍. മാര്‍ച്ചും ഏപ്രിലും കുട്ടികള്‍ക്ക് പരീക്ഷയും, പിന്നെ കളികളുമായി കടന്നു പോകും. എന്റെ വീട് ടൌണില്‍ തന്നെ ആയിരുന്നതിനാല്‍ പൂമരങ്ങളൊന്നും വീട്ടിലുണ്ടായിരുന്നില്ല. കളിക്കാന്‍ സ്ഥലങ്ങളും ഉണ്ടായിരുന്നില്ല. അവധിക്കാലമായാല്‍ രാവിലെ എണീറ്റ് വരുമ്പോഴേ മുറ്റത്തെ കുടമുല്ല ചെടികള് നിറയെ പൂക്കള്‍ കാണാം. ചിലപ്പോഴൊക്കെ മാല കെട്ടും. ലില്ലിചെടികള്‍ നിറയെ പലനിറത്തിലുള്ള പൂക്കളും ഉണ്ടായിരുന്നു. ഈസ്റ്ററിന് മാത്രം വിരിയുന്ന വലിയ ഓറഞ്ച് പൂവുള്ള ലില്ലി അവധിക്കാല കൌതുകങ്ങളില്‍ ഒന്നായിരുന്നു. പിന്നെ ലില്ലി ചെടികള്‍ക്കിടയിലെ ലില്ലിപ്പുഴുക്കള്‍ ചിത്രശലഭങ്ങളായി മാറുന്നതും. വീട്ടില്‍ പൂമരങ്ങളൊന്നും ഇല്ലാതിരുന്നത് കൊണ്ടാവും പൂക്കാലം എന്നു പറഞ്ഞാല്‍ സ്‌കൂള്‍ തന്നെയാണ് ഓര്‍മ്മയിലെത്തുന്നത്. കോളേജിലെ ഏപ്രില്‍ മെയ് മാസങ്ങളിലെ പരീക്ഷകളും, വാകപ്പൂക്കളും, വേര്‍പ്പാടുകളും പോലും സ്‌കൂളിലെ പൂക്കാലത്തിന്റെ അത്രയും മനസ്സിനെ സ്പര്‍ശിച്ചിട്ടില്ല.
സ്‌കൂളിന്റെ ഗെയ്റ്റ് കടന്നു വന്നവര്‍ക്കല്ലാതെ, ഒരു പക്ഷേ, ആര്‍ക്കുമറിയില്ലായിരിക്കും കോട്ടയം പട്ടണത്തിന്റെ തിരക്കുകള്‍ക്കു നടുവില്‍ മരങ്ങള്‍ നിറഞ്ഞൊരു അത്ഭുതലോകം ഉണ്ടെന്ന്. ഓര്‍മ്മകളുടെ ആരംഭം പോലും എനിക്കു നഴ്‌സറിക്ലാസ്സിന്റെ ജനലില്‍ കൂടി നോക്കുമ്പോള്‍ കാണുന്ന പുല്‍മൈതാനമാണ്. ബ്രിട്ടീഷ് മിഷനറി മദാമ്മമാര്‍ സ്ഥാപിച്ച സ്‌കൂള്‍ ആയതുകൊണ്ടാവും സാധാരണ കണ്ടുവരാറുള്ള ശൈലിയില്‍ ആയിരുന്നില്ല പുല്‍മേടുകളും മൈതാനങ്ങളും പോലും ഉണ്ടായിരുന്നത്. എല്ലാ പൊരുത്തക്കേടുകള്‍ക്കുമിടയില്‍ സ്വന്തമായൊരു ലോകം ഉണ്ടായതും സ്‌കൂളില്‍ നിന്നു തന്നെ. കൊന്നപ്പൂക്കളുടെ മഞ്ഞ ജ്വാലകളാളുന്ന വേനലില്‍ അവസാനിച്ച് വാകപ്പൂക്കളുടെ ചുവപ്പ് പരവതാനിയിലെ വെള്ളത്തുള്ളികളിലേക്ക് തുറക്കുന്ന വര്‍ഷങ്ങള്‍. ഇലഞ്ഞിപ്പൂമരത്തിന്റെയും. ചെമ്പകപ്പൂമരത്തിന്റെയും സുഗന്ധത്തണലില്‍ വിരിഞ്ഞ സൌഹൃദങ്ങള്‍. പുല്‍മേടുകളിലൂടെ നടന്ന് ചൂളമരത്തിന്റെ കണ്ണെത്താദൂരങ്ങളിലേക്ക് പോയ സ്വപ്നങ്ങള്‍. ബേക്കര്‍ സ്‌കൂളിലെ കുട്ടികളുടെ മാത്രം സ്വകാര്യ അഹങ്കാരങ്ങള്‍. പ്രായമെത്ര കടന്നു പോയാലും സ്വപ്നങ്ങളുടെ ചുവട് പുല്‍മേടുകളിലും ലക്ഷ്യങ്ങള്‍ ചൂളമരങ്ങള്‍ക്കപ്പുറത്തെ ആകാശത്തിലുമാകാതെ വയ്യ. കൊച്ചുസ്‌കൂളിലെ അവിവാഹിതരും ഭക്തരുമായ ടീച്ചേര്‍സിന്റെ സ്വാധീനം ആയിരിക്കാമത്. സ്‌കൂളിന്റെ ബോര്‍ഡിങ് നടത്തിക്കൊണ്ടിരുന്നതും കൊച്ചമ്മമാരായിരുന്നു. അങ്ങനെയായിരുന്നു ഞങ്ങള്‍ വിളിച്ചിരുന്നത്. സന്ധ്യയാകുമ്പോള്‍ ഒരു ടോര്‍ച്ചുമെടുത്തു പ്രദേശമെല്ലാം നോക്കി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നു എന്നു അടുത്തിടെ ഒരു കൊച്ചമ്മ പറഞ്ഞിരുന്നു.
പീന്നീട് കുവൈറ്റ് യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുമ്പോഴും ചൂളമരങ്ങളവിടെയുള്ളത് ഒരാശ്വാസമായിരുന്നു. പരിചിതമായ ഒരു സ്ഥലത്തെത്തിയത് പോലെ.
വസന്തത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെടുന്ന വരികള്‍ വസന്തം ചെറിമരത്തോട് ചെയ്തത് എന്നു തുടങ്ങുന്നതും, നിങ്ങള്‍ക്ക് എല്ലാ പൂക്കളും മുറിച്ചു മാറ്റാന്‍ കഴിയും പക്ഷേ വസന്തം വരുന്നത് തടയാന്‍ നിങ്ങള്‍ക്ക് കഴിയില്ല തുടങ്ങിയതുമായ നെരൂദയുടെ വരികളാണ്.
എന്നാല്‍ ഗള്‍ഫിലെ കാലാവസ്ഥ വച്ച് നോക്കിയാല്‍ പലസ്തീന്‍ കവി മഹമൂദ് ദര്‍വീഷിന്റെ ‘മഞ്ഞും വേനലും’ എന്ന കവിതയാണ് എനിക്കേറ്റവും ഇഷ്ടമുള്ളത്.
ഋതുക്കളിവിടെ രണ്ടേയുള്ളു
വിദൂരമിനാരം പോലെ ദീര്‍ഘിച്ച ഒരു
വേനല്‍ക്കാലം..
മുട്ടു കുത്തി പ്രാര്‍ത്ഥിക്കുന്ന
കന്യാസ്ത്രീയെപ്പോലെ ഒരു
മഞ്ഞുകാലവും
വസന്തമാണെങ്കില്‍
ഉയിര്‍പ്പുനാളിന്റെ വരവറിയിച്ചും
കൊണ്ടതൊടിപ്പോകുന്നു
ശരത്കാലമാകട്ടെ
മടക്കയാത്രയില്‍ എത്ര ജീവിതം
നമുക്കു നഷ്ടപ്പെട്ടു
എന്നൊറ്റക്കിരുന്നോര്‍ക്കാനൊരിടം
മാത്രം.
മഹമൂദ് ദര്‍വീഷ് മരിച്ചതിന്റെ പിറ്റേന്ന് രാവിലെ, യൂണിവേഴ്‌സിറ്റിയില്‍ എന്റെ തൊട്ടപ്പുറത്തിരുന്നു ജോലി ചെയ്തിരുന്ന മദ്ധ്യവയസ്‌കയും അവിവാഹിതയുമായ ഖാദ എന്ന പാലസ്തീനി സ്ത്രീയോട്, ‘നിങ്ങളുടെ ഒരു ദേശീയ കവി മരിച്ചു അല്ലേ?’ എന്നൂ ഞാന്‍ ചെന്നപ്പോഴേ ചോദിച്ചു. അത്ര രസിക്കാത്ത ഭാവത്തില്‍ അവള്‍ തല കുലുക്കി. കുറച്ചു കഴിഞ്ഞ് ഒരു ഈജിപ്ഷ്യന്‍ വന്നു അതേ ചോദ്യം അവളോടു ചോദിച്ചു. വല്ലാത്തൊരു പൊട്ടിത്തെറി ആയിരുന്നു അതിന് മറുപടി.
‘കവിയോ, ആയാള്‍ക്കെന്താണ് പ്രത്യേകത? ഞങ്ങളെപ്പോലെ ആയിരക്കണക്കിന് പലസ്തീനികള്‍ ലോകത്തിന്റെ പല ഭാഗത്ത് ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. ആരെങ്കിലും ഞങ്ങളുടെ സുഖവിവരം അന്വേഷിക്കുന്നുണ്ടോ? കവി പോലും.’
മുറിയിലുണ്ടായിരുന്ന കുവൈറ്റിസ്ത്രീകള്‍ നോക്കാന്‍ തുടങ്ങിയതോടെ അയാള്‍ പെട്ടെന്നവിടെ നിന്നും പോയി. ചുവന്ന മുഖവുമായി അല്പം കഴിഞ്ഞപ്പോള്‍ ഖാദയും ബാഗുമെടുത്തു പുറത്തേക്ക് പോയി. സ്വന്തമായി രാജ്യമില്ലാത്ത അവസ്ഥ പ്രവാസത്തേക്കാള്‍ ഭീകരമാണ് എന്ന് നമ്മളും മനസ്സിലാക്കേണ്ടതാണ്. എല്ലാമുണ്ടെങ്കിലും അനാഥരായി പോകുന്നവരെ പോലെ,
ഞങ്ങളുടെ ഹൈസ്‌കൂള്‍ പീന്നീട് കുന്നിന്‍മുകളില്‍ പുതിയതായി പണിത ഇരുനിലക്കെട്ടിടത്തിലേക്ക് മാറ്റി. അവിടുത്തെ കുന്നിന്‍ചെരുവുകളിലെ കുറ്റിക്കാടുകള്‍ വെട്ടി നിരത്തി റബ്ബര്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചു. എങ്കിലും പഴയ മരങ്ങളും പുല്‍മൈതാനങ്ങളും ഇപ്പോഴുമവിടെയുണ്ട്. കാലത്തിനൊത്തവണ്ണം വരുത്തിയ മാറ്റങ്ങള്‍ക്കു പോലും സ്‌കൂളിന്റെ പ്രത്യേകഭംഗിയെ തകര്‍ക്കാനായില്ല. പഴയ ഹൈസ്‌കൂളിന്റെ ഒരുഭാഗം പ്രായമായവര്‍ക്കുള്ള ഒരു വീടാക്കി. വിവാഹിതരും, അവിവാഹിതരുമായ ഒരുപാടാളുകള്‍ അവിടെ ജീവിച്ചു മരിച്ചു. പല അധ്യാപകരും അവിടയുണ്ടായിരുന്നു, കൂടാതെ പരിചയക്കാരും.
പലസ്തീന്‍ കവി മഹമൂദ് ദര്‍വീഷ് ‘മഞ്ഞും വേനലും’ എന്ന തന്റെ കവിത അവസാനിപ്പിച്ചതിങ്ങനെ.
‘നാം നമ്മുടെ ജീവിതത്തെ എവിടെ
വിട്ടുപോന്നു?’
വിളക്ക് ചുറ്റിപ്പറക്കുന്ന പൂമ്പാറ്റയോടു
ഞാന്‍ ചോദിച്ചു.
സ്വന്തം കണ്ണീരിലതെരിഞ്ഞുതീര്‍ന്നു.

സ്വപ്ന ജേക്കബ്
ചിത്രങ്ങള്‍ – ലേഖ ജേക്കബ്

About The Author

Leave a Reply

Your email address will not be published. Required fields are marked *