മാവേലിയെ കാണാൻ കാത്തിരുന്ന നാളുകൾ… – ഉല്ലാസ് ശ്രീധർ

Facebook
Twitter
WhatsApp
Email

എന്റെ വീടിന്റെ മുറ്റത്തുള്ള വലിയ പ്ലാവിൻ ചുവട്ടിൽ
മൂന്നാഴ്ചയോളമുള്ള അദ്ധ്വാനത്തിലാണ് അത്തപ്പൂക്കളം തയ്യാറാകുന്നത്…

ഞാനും
അജ്മാൻ അനിയും ദുബായ് അനിയും
കാട്ടിലെ ഗോപനും ഷാജുവും ജോയിയുമൊക്കെ
ചേരുന്ന വലിയൊരു സംഘമാണ് അത്തപ്പൂക്കളത്തിന്റെ സംഘാടകർ…

ആദ്യം ചതുരത്തിൽ അത്തത്തട്ട് തയ്യാറാക്കും…

പിന്നീട് അതിനെ ഇടിച്ച് നക്ഷത്ര രൂപത്തിലാക്കും…

വീണ്ടും അതിനെ ഇടിച്ചിട്ട് വൃത്താകൃതിയിലാക്കും…

അങ്ങനെ ഇടിച്ചും കെട്ടിയും വീണ്ടും ഇടിച്ചും കെട്ടിയും എങ്ങനയെങ്കിലും അവസാനം അത്തത്തട്ട് തയ്യാറാകും…

നാട്ടിലുള്ള എല്ലാ കുട്ടികളും ഗ്രൂപ്പുകളായി ചേർന്നു കൊണ്ട് അത്തപ്പൂക്കളം ഇടുന്നത് അന്നൊരു പതിവായിരുന്നു…

ഒരു ആവേശത്തിൽ
ഞാനാണ് ഞങ്ങളുടെ അത്തപ്പൂക്കളത്തിന്റെ പൂജാരിയാകുന്നത്…

നേരം വെളുത്താൽ ശത്രു ഗ്രൂപ്പുകാർ ഞങ്ങളുടെ അത്തപ്പൂക്കളവും
ഞങ്ങൾ മറ്റുള്ളവരുടെ അത്തപ്പൂക്കളവും കാണാൻ അങ്ങോട്ടുമിങ്ങോട്ടും പോകുന്നതു കൊണ്ട് സൂര്യൻ ഉദിക്കുന്നതിന് മുമ്പ് മനോഹരമായി പൂവിടണം…

പൂജാരിയായ ഞാൻ കുളിച്ച് വിളക്ക് കത്തിച്ച് ആദ്യത്തെ പൂവിട്ടാലേ മറ്റുള്ളവർക്ക് പൂവിടാൻ പറ്റൂ…

ചാറ്റൽ മഴ,
പുലർകാലം,
തണുത്ത കാറ്റ്,
പുതപ്പിനടിയിൽ അമ്മയെ കെട്ടിപ്പിടിച്ചുള്ള ഉറക്കം…

ആരു വിളിച്ചാലും
എത്ര വിളിച്ചാലും
ഞാൻ ഉണരില്ല…

അത്തം തുടങ്ങിയാൽ ഞങ്ങളുടെ ചേച്ചിമാർക്ക് ഭക്തി കൂടുന്നതോടെ അവരും ഞങ്ങളെ സഹായിക്കാനെത്തും…

ദുബായ് അനിയുടേയും ഷാജുവിന്റേയുമൊക്കെ വീടുകൾ ലേശം ദൂരെയായതിനാൽ അവർ നേരം വെളുത്തിട്ടേ വരൂ…

എന്റെ വീടിന്റെ തൊട്ടടുത്തുള്ള അജ്മാൻ അനിയും അവന്റെചേച്ചിയും
കാട്ടിലെ ഗോപനും അവന്റെ ചേച്ചിയും
വന്ന് വിളിച്ചാലും ഞാൻ ഉണരില്ല…

ഒടുവിൽ…,

എന്റെ ചേച്ചിയും അവരുടെ ചേച്ചിമാരും കൂടി രണ്ടു കൈയിലും രണ്ടു കാലിലും പിടിച്ച് തൂക്കിയെടുത്ത എന്നെ കിണറിന്റെ കരയിൽ കൊണ്ടു നിർത്തും…

ഞാൻ നിന്നു കൊണ്ട് ഉറങ്ങും…

എന്റെ ചേച്ചി പല്ല് തേച്ചു തരും,
പല്ല് തേക്കുമ്പോഴും നിന്നുകൊണ്ട് ഉറങ്ങുന്ന എന്റെ വായിൽ അജ്മാൻ അനിയുടെ ചേച്ചി വെള്ളം ഒഴിച്ചു തരും…

കണ്ണുകളടച്ചു കൊണ്ട് യാന്ത്രികമായി ഞാൻ വെള്ളം തുപ്പിക്കളയും…

ചിലപ്പോൾ നല്ല മഴ പെയ്യുമ്പോഴും ആ പുലർകാലത്ത് എല്ലാവരും കൂടി എന്റെ തലയിലൂടെ വെള്ളം കോരിയൊഴിക്കും…

ആ തണുപ്പത്ത് എന്റെ പല്ലുകൾ വിറയലോടെ കൂട്ടിയിടിക്കുമ്പോൾ അവർക്ക് ചിരിയാണ്…

അത്തത്തട്ടിലെ വിളക്ക് കത്തിച്ച് ആദ്യത്തെ പൂവും ഇട്ടിട്ട് ഞാനോടി അമ്മയുടെ അടുത്തെത്തി പരാതി പറയും-“അടുത്ത വർഷം മുതൽ ഞാൻ പൂജാരിയാകില്ല. മഴയത്ത് എല്ലാരും കൂടി എന്നെ കുളിപ്പിച്ചു… ”

പതിവ് പോലെ ചിരിച്ചു കൊണ്ട് അമ്മ പറയും-“മക്കളേ…,
ഭക്തിയോടെ അത്തപ്പൂവിട്ടാലേ
ഉത്രാട രാത്രിയിൽ മാവേലിയെ കാണാൻ പറ്റൂ.മാവേലി അനുഗ്രഹിച്ചാൽ മോന് ബുദ്ധി കൂടും.എല്ലാ പരീക്ഷയിലും ജയിക്കാൻ പറ്റും…”

പത്താം ക്ലാസിൽ പഠിക്കുന്നതു വരേയും മാവേലിയെ കാണാൻ വേണ്ടി ഞങ്ങൾ അത്തപ്പൂക്കളം ഇട്ടുകൊണ്ടേയിരുന്നു…

എനിക്കും ദുബായ് അനിക്കും ഷാജുവിനുമായിരുന്നു പൂക്കൾ ശേഖരിക്കാനുള്ള ഉത്തരവാദിത്വം…

ഓണപരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ ആഹാരം പോലും കഴിക്കാതെ പൂക്കൾ പറിക്കാനിറങ്ങും…

ചില വീടുകളിലെ പട്ടികൾ കുരച്ചു കൊണ്ട് ഞങ്ങളെ ഓടിക്കും….

ഒരു കയ്യിൽ ബട്ടൻസ് പൊട്ടിയ നിക്കറും മറുകൈയിൽ കിട്ടിയ പൂക്കളുമായി ഓടും…

നിക്കർ പോയാലും പൂക്കൾ കളയില്ല…

ഒരിക്കലും തിരിച്ചു വരാത്ത നല്ല ബാല്യമേ…,
നിന്നെയോർമ്മിക്കാൻ മാത്രമേ
ഈ പ്രായത്തിൽ കഴിയൂ……………………………………………

About The Author

Leave a Reply

Your email address will not be published. Required fields are marked *