ജനീവ ∙ ലോകസിനിമയെ ഉടച്ചുവാർത്ത നവതരംഗ കലാപനക്ഷത്രം അസ്തമിച്ചു. ഫ്രഞ്ച് ചലച്ചിത്രപ്രതിഭ ജോൻ ലൂക് ഗൊദാർദ് (91) വിട പറഞ്ഞു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമുള്ള ദയാവധം സ്വിറ്റ്സർലൻഡിലെ വീട്ടിലായിരുന്നു. ‘ബ്രെത്ത്‌ലെസ്’ തൊട്ട് ‘ഗുഡ്ബൈ ടു ലാംഗ്വേജ്’ വരെ, ശമിക്കാത്ത നിഷേധത്തിന്റെ ചലച്ചിത്രയുഗത്തിനാണു തിരശീല വീണത്. ലോകസിനിമയിലെ ആധുനിക വിപ്ലവത്തിന്റെ അമരക്കാരിൽ ശേഷിക്കുന്ന ഇതിഹാസമായിരുന്നു ജോൻ ലൂക് ഗൊദാർദ്. (ഷോങ് ലൂക് ഗൊദാ എന്ന് ഫ്രഞ്ച് ഉച്ചാരണം).
പാരിസിലെ ഫ്രഞ്ച്–സ്വിസ് കുടുംബത്തിൽ 1930 ഡിസംബർ 3നാണു ജനനം. സ്വിറ്റ്സർലൻഡിലെ ബാല്യകൗമാരങ്ങൾക്കു ശേഷം പാരിസിൽ തിരിച്ചെത്തി നരവംശശാസ്ത്രം പഠിച്ചു. 1950 കളിൽ ‘കയിയെ ദു സിനെമ’ മാഗസിനിലെ ചലച്ചിത്രനിരൂപകനായി തിളങ്ങി, 1960 ൽ ബ്രെത്ത്‍ലെസ് എന്ന സിനിമയിലൂടെ ഫ്രാൻസിലും ലോകത്തും ഇടിമുഴക്കം സൃഷ്ടിച്ചു. ചലച്ചിത്രഭാഷയുടെ പരമ്പരാഗത ശൈലി പാടേ ഉപേക്ഷിച്ച് ഘടനയിലും ചിന്തയിലും പുതുമ നിറച്ച് നവതരംഗ വഴിത്താര വെട്ടിത്തുറന്നവരിൽ പ്രധാനിയായി.
ധീരമായ രാഷ്ട്രീയ വീക്ഷണങ്ങളും ഭരണകൂട വിമർശനവും ഉൾപ്പെടുത്തിയ സൃഷ്ടികൾ വിവാദവും നിരോധനവും വരെ ക്ഷണിച്ചുവരുത്തി. മൈ ലൈഫ് ടു ലിവ്, കൺടെംപ്റ്റ്, വീക്കെൻഡ്, ഹെയ്ൽ മേരി, ഉൻ ഫെം മാരിയെ, പിയെറൊ ലെ ഫു, സോഷ്യലിസം തുടങ്ങിയവയാണു മറ്റു ശ്രദ്ധേയ ചിത്രങ്ങൾ.
അന്ന കരിന, ആൻ വിയസെംസ്കി, ആൻ മാരി മിവിൽ തുടങ്ങിയ ചലച്ചിത്ര പ്രതിഭകളുമായി അനുരാഗത്തിലായി സിനിമ പോലെ പ്രണയസംഘർഷഭരിതമായിരുന്നു വ്യക്തിജീവിതവും. 1980 കൾ തൊട്ട് മിവിലിനൊപ്പം സ്വിറ്റ്സർലൻഡിലായിരുന്നു താമസം.
English Summary: French filmmaker, world cinema legend Jean-Luc Godard passes away
About The Author
No related posts.