ദേശം ഗ്രാമീണ സംസ്ക്കാരത്തിന്‍റെ ഹൃദയഭൂപടം – ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍

Facebook
Twitter
WhatsApp
Email

ഭൂമിയുടെ സൗന്ദര്യപൂര്‍ണ്ണിമ തേടിപ്പോയ കേരളീയ സഞ്ചാരിയൊട ് സ്വിറ്റ്സര്‍ലാന്‍ഡിലെ സ്നേഹിത പറഞ്ഞു:”നിന്‍റെ നാട് ഏത് വന്‍കരയിലും വെച്ച് ഏറെ മനോഹരിയാണ്.”
ആല്‍പ്സ് പര്‍വ്വതത്തിന്‍റെ താഴ്വാരങ്ങളില്‍ മഞ്ഞുവീഴുന്ന സായാഹ്നം വെള്ളയും റോസും നിറമുള്ള കുഞ്ഞുപൂക്കള്‍ ആ ആവരണത്തിനുള്ളില്‍ മറയുന്നു. ശീതക്കാറ്റ് അടിച്ചുകൊണ്ടിരിക്കുന്നു. ആകാശ വിളക്കുകള്‍ അണഞ്ഞ് കാഴ്ച മരവിക്കുന്നു.
പെട്ടന്നാണ് കാലപരിണാമം സംഭവിക്കുന്ന് വേനലിന്‍റെ ഭംഗികള്‍ മറച്ചുകളയുന്ന മഞ്ഞും മഴയും അതിന്‍റെ നിശബ്ദത.
ഋതുഭേദങ്ങളില്‍ എന്‍റെ നാട് എത്ര ചൈതന്യപൂര്‍ണ്ണമാണ്. ഹരിതകാന്തി നിറയുന്ന പ്രകൃതി, ഏതു കാലത്തും പൂ ചൂടി നില്‍ക്കുന്ന ചെടികള്‍, ചെറുമരങ്ങള്‍ ഗ്രാമഹൃദയത്തിലൂടെ നേര്‍ത്ത സംഗീതം പൊഴിച്ച് ഒഴുകുന്ന കൈത്തോട് തോട്ടിറമ്പില്‍ സുഗന്ധം പരത്തുന്ന കൈതക്കാടുകള്‍.
എന്‍റെ ഗ്രാമചിത്രം രചിക്കാന്‍ പ്രത്യേകം ചാലിച്ചെടുത്ത ചായക്കൂട്ടുകള്‍ വെണം. ചേതോഹരദൃശ്യങ്ങള്‍. ആ സുഗേതയാണ് ആദ്യം ഓര്‍മ്മിച്ചെടുക്കുന്നത്. മനുഷ്യാദ്ധ്വാനത്തിന്‍റെ ചൈതന്യം പ്രസരിപ്പിക്കുന്ന ഭൂമിക വിശാലമായ വയലോലകള്‍ എപ്പോഴും പണിയെടുക്കാന്‍ അണിനിരക്കുന്നവര്‍ക്ക് ആണ്‍ പെണ്‍ ഭേദമില്ല. നിലമൊരുക്കാനും വിത്തുവിതയ്ക്കാനും ഒരു കാലം കള പറിക്കാനും വളമിടാനും ഒരു കാലം കൊയ്ത്തു മെതികള്‍ക്ക് മറ്റൊരു കാലം. ഈ ചക്രം അനുക്രമം ചലിച്ചുകൊണ്ടിരിക്കുന്നു.
നെല്പാടങ്ങളുടെ അരികുപറ്റിയാണ് ഗ്രാമഹൃദയത്തിന് നനവുപകരുന്ന നീര്‍പ്രവാഹം അതിനപ്പുറം കരഭൂമി അവിടെയാണ് വീട്. ഓട് മേഞ്ഞ വീടുകളായിരുന്നു എന്‍റെ കുട്ടിക്കാലത്ത് ഏറയും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒറ്റ നിലയില്‍ പണിതുയര്‍ത്ത ഭവനങ്ങള്‍ ഓരം ചേര്‍ന്ന് കലപ്പ, നുകം തുടങ്ങിയ പണിയായുധങ്ങള്‍ അടുക്കിവെച്ചിരിക്കും. കാലികള്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന തൊഴുത്തും സമീപത്താണ്. തുറു എന്നു വിളിച്ചിരുന്ന വയ്ക്കോല്‍ക്കൂനകള്‍. ഇവയുടെ വലിപ്പം നോക്കിയാണ് മറ്റുള്ളവര്‍ കുടുംബവരുമാനം നിര്‍ണയിച്ചിരുന്നത്.
വീടിന് പിന്നില്‍ ഉയര്‍ന്നുയര്‍ന്ന് പോകുന്ന മലക്കാടുകള്‍, അവിടെ പലതരം വൃക്ഷങ്ങള്‍, മാവ്,പ്ലാവ് തുടങ്ങിയ ഫലദായനികള്‍, കുഞ്ഞിലകള്‍ വീശി നില്‍ക്കുന്ന പുളിമരം. ആണും പെണ്ണുമായി ജാതിവൃക്ഷം. അതില്‍ കളിപന്ത് പോലെ കായ്കള്‍. (ഈ ജാതിവൃക്ഷമല്ലാതെ മറ്റൊരു ജാതിഭേദവും എന്‍റെ ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ല) നെല്ലിയും, നാരകവും പൂവിട്ടും കായണിഞ്ഞും നിന്നിരുന്നു.
മലമുകളില്‍ കാട്ടുചെടികള്‍ക്കൊപ്പം തേക്ക്, ആഞ്ഞിലി തുടങ്ങിയ വന്‍മരങ്ങള്‍. മനോഹരമായ കശുമാവിന്‍ തോട്ടം.
മഴക്കാലത്ത് മലയോരത്തുകൂടി നീര്‍ച്ചാലുകള്‍ ഒഴുകി വന്ന് വീടിനെ വട്ടമിട്ട് തോടുനിറയും അത് ഹൃദയംഗമായ കാഴ്ച തന്നെ ആയിരുന്നു. തോട്ടില്‍ ചെറുമീനുകള്‍ നീന്തിത്തുടിക്കും. ഞങ്ങള്‍ കുട്ടികള്‍ തോര്‍ത്തു മുണ്ടില്‍ അവയെ കോരിയെടുക്കാന്‍ നോക്കും: വെറുതെ, ആകാശവാതിലുകള്‍ അടഞ്ഞ് മഴയുടെ ഗതി നിലക്കുമ്പോള്‍ കഴുകി തുടച്ചതുപോലെ ആകാശവും ഭൂമിയും മനോഹരമാകും. ജീവന്‍റെ തുടിപ്പുകള്‍ ഹരിതസുന്ദരം.”നിന്‍റെ നാട് ഏത് വന്‍കരയിലും വെച്ച് ഏറെ മനോഹരിയാണ്.”കേരളത്തിന്‍റെ ഗ്രാമഭംഗികളില്‍ ഹരം കൊണ്ട് സ്വിറ്റ്സര്‍ലാന്‍ഡുകാരി സ്നേഹിതയുടെ സ്വരം മാനസഭിത്തിയില്‍ തട്ടി മാറ്റൊലി കൊള്ളുന്നു.
എന്‍റെ നാടിന്‍റെ അനുപമമഹിമകള്‍ക്ക് മുഖ്യനിദാനം തീര്‍ച്ചയായും പ്രകൃതിയുടെ അനുഗ്രഹവര്‍ഷം തന്നെ. മണ്ണില്‍ വേര്‍പ്പൊഴിക്കിയ അധ്വാനശീലരായ കര്‍ഷക ജനതയുടെ ഹൃദയസംസ്ക്കാരവും ഞാന്‍ അതോടു ചേര്‍ത്തു വയ്ക്കുന്നു. അഭിമാനകരമായ സ്വാശ്രയത്വം: അത് കര്‍ഷക ജനതയുടെ ആനന്ദം,ഓണവും, വിഷുവും,തിരുപ്പിറവിയുമെല്ലാം എന്‍റെ നാട്ടില്‍ എല്ലാവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടത്. പൂക്കളമിട്ടും പറകമഴ്ത്തിയും കൈനീട്ടം നല്‍കിയും ക്രിസ്മസ്സ് വിളക്കുകള്‍ തൂക്കിയും ഗ്രാമം മുഴുവന്‍ ആ ഉത്സവത്തിമര്‍പ്പില്‍ അമര്‍ന്നു.
പിന്തിരിഞ്ഞു നോക്കുമ്പോള്‍ പരിമിത ജീവിത സാഹചര്യങ്ങളെ എന്‍റെ ഗ്രാമത്തില്‍ ഉണ്ടായിരുന്നുള്ളു. അധികവും ചെമ്മണ്‍ പാറകള്‍, ടാറിട്ട റോഡുകളില്ല. പ്രധാന വീഥി മാത്രം മെറ്റലിട്ട് സഞ്ചാരയോഗ്യമായത്. വാഹനങ്ങള്‍ കുറവ് സ്വന്തമായി കാറുള്ളവര്‍ ആരും തന്നെയില്ല സൈക്കിളാണ് നിത്യോപയോഗത്തിന് രണ്ടോ മൂന്നോ സ്വകാര്യ ബസ്സുകള്‍ ഏതാനും ഭാരവണ്ടികള്‍ അത്രമാത്രം.
ഇന്നിപ്പോള്‍ പുതിയകാലപ്പിറവി ഇടുക്കി-എറണാകുളം റോഡ് ഗ്രാമഹൃദയത്തിലൂടെ കടന്നു പോകുന്നു. കാറുകളുടെ തിരക്ക്, ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍. നഗരത്തിന്‍റെ പ്രൗഢിയും പ്രതാപവും പ്രകാശപൂരിതമാക്കിയ അന്തരീക്ഷം കോണ്‍ക്രീറ്റ് സൗധങ്ങള്‍ അവിടവിടെ ഉയരുന്നുണ്ട്.
ഞാനോര്‍ക്കുകയാണ്., കര്‍ഷക സങ്കേതം എന്നതുപോലെ തന്നെ കാവുകളുടെ ഗ്രാമവുമായിരുന്നു എന്‍റേത്. ശുദ്ധിയും, വൃത്തിയും കാത്ത് സൂക്ഷിക്കുന്നതിന് പരിസ്ഥിതി താളപ്പിഴകള്‍ കൂടാതെ സംരക്ഷിക്കുന്നതിന് ഈ സവിശേഷത പ്രയോജനപ്പെട്ടു. കാവുകള്‍ പില്‍ക്കാലത്ത് ദേവീക്ഷേത്രങ്ങളായി പരിണമിച്ചു ക്ഷേത്രത്തിന് മതില്‍ക്കെട്ടുകള്‍ ഉണ്ടായിരുന്നില്ല. തൊട്ടരികില്‍ കന്യകമറിയത്തിന്‍റെ നാമത്തില്‍ ദേവാലയം. ഇരുവരും സഹോദരിമാരായി സഹവര്‍ത്തിച്ച സംസ്ക്കാരമഹിമയാണ് എന്‍റെ ബാല്യം അടയാളപ്പെടുത്തുന്നത്.
ജീവിതം എനിക്ക് നല്‍കിയത് വിപുലമായ യാത്രാനുഭവങ്ങള്‍, ഭൂമിയുടെ ഭിന്നമുഖങ്ങള്‍ കണ്ടു. പക്ഷേ എന്‍റെ ഗ്രാമവിശുദ്ധി അനന്യമെന്ന് ഞാന്‍ അഭിമാനിക്കുന്നു. എറണാകുളം പട്ടണത്തിന്‍റെ കിഴക്കന്‍ മേഖല പെരുമ്പടപ്പ് സ്വരൂപത്തിന്‍റെ തലസ്ഥാനമായ തൃപ്പൂണിത്തുറ. ഓണത്തിന് മുന്നോടിയായി അത്തച്ചമയത്തിന്‍റെ ചരിത്രാകര്‍ഷണം പിന്നെയും കിഴക്കോട്ട് നീങ്ങുമ്പോള്‍ ചോറ്റാനിക്കര അമ്മയുടെ സന്നിധിയായി. പ്രാക്തനമായ ആ ആരാധന കേന്ദ്രത്തില്‍ വന്നണയുന്ന ഭക്തജനങ്ങളുടെ നാവില്‍ ഒരേ മന്ത്രം”അമ്മേ നാരായണ.”
ചോറ്റാനിക്കര പിന്നിട്ടാല്‍ പ്രസിദ്ധമായ പാഴൂര്‍ പടിപ്പുരയില്‍ ചെന്ന് ചേരാം. ജ്യോതിശാസ്ത്രത്തിന്‍റെ വിദ്യുല്‍പ്രകാശം നിറഞ്ഞ സംസ്കൃത ഭൂമിയാണ് അത്. മഹാ പണ്ഡിതന്‍മാരായ ഗണകന്മാര്‍ അവിടെ ജാതകവിധികള്‍ നിര്‍ണയിച്ചു. തിരുവതാംകൂര്‍ രാജാവിന്‍റെ കിരീടധാരണത്തിന് മുഹൂര്‍ത്തം നിശ്ചയിച്ചിരുന്നത് ഇവിടെയാണ്. പിറവം പുഴയ്ക്ക് ഇക്കരെ പെരുംതൃക്കോവില്‍ ഇടത്തേക്ക് തിരിയുമ്പോള്‍ മേല്‍പ്പാഴൂര്‍ മന, ആദിശങ്കരന്‍റെ അമ്മാത്ത്, ആര്യാംബാള്‍ അന്തര്‍ജനത്തിന്‍റെ ഇല്ലം.
എന്‍റെ അയല്‍ ഗ്രാമമായ വെളിയനാട്ട് മെല്‍പ്പാഴൂര്‍ ഇല്ലത്താണ് അദ്വൈതദര്‍ശനത്തിന്‍റെ ചൈതന്യരൂപനായ ആദിശങ്കരന്‍ പിറന്നത് എന്നത് ഞങ്ങള്‍, ഗ്രാമവാസികളെ മുഴുവന്‍ ആനന്ദഭരിതരാക്കുന്നു. ആ ജഗദ്ഗുരുവിന്‍റെ പിതൃഇല്ലം കാലടിയില്‍ സ്ഥിതിചെയ്യുക നിമിത്തം ജന്മഗൃഹം അതെന്ന് ചരിത്രം തെറ്റായി രേഖപ്പെടുത്തി. കാലം അതേറ്റു പാടുകയും ചെയ്തു.
ശങ്കരാചാര്യരോട് ബന്ധപ്പട്ട സ്ഥാനങ്ങളും സങ്കല്‍പ്പങ്ങളും എന്‍റെ ഗ്രാമസംസ്കൃതിയില്‍ നിറഞ്ഞു നില്‍ക്കുന്നു. മൂകാംബിക ദേവീക്ഷേത്രത്തിലെ ചൈത്യസ്വരൂപിണിയെ ചോറ്റാനിക്കരയിലേക്ക് ആനയിച്ചത് ശ്രീശങ്കരാചാര്യര്‍ ആണത്രേ. ചോറ്റാനിക്കര അമ്മയുടെ ദേവാത്മാവാണ്
ഓണക്കൂര്‍ ക്ഷേത്രത്തില്‍ കുടികൊള്ളുന്നത്. ഉത്സവത്തോടനുബന്ധിച്ച് കഥകളി, തുള്ളല്‍, പാഠകം കൂത്ത് തുടങ്ങിയ ക്ഷേത്രകലകള്‍ ഒരാഴ്ചക്കാലം അരങ്ങ് തകര്‍ത്തിരുന്നു.
ഓണക്കൂര്‍ ദേവീക്ഷേത്രത്തോടൊപ്പം കലയുടെ അന്തരീക്ഷം നിലനിറുത്തിയ സന്നിധികളാണ് കാക്കൂര്‍ ആമ്പശ്ശേരിക്കാവും പാണ്ടിയന്‍പാറ ഭദ്രകാളിക്ഷേത്രവും. ഉത്സവത്തിന് എഴുന്നുള്ളിക്കാറുള്ള ആനകള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ തന്നെ ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി മനയിലെ നീലക്ഠന്‍ ഇപ്പോഴും ഓര്‍മ്മകളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. അവന്‍റെ വാല് സ്വര്‍ണ്ണം കെട്ടി ഉണ്ടാക്കിയ വളയും മോതിരവും ധരിച്ചു നടന്നവനാണ് എന്‍റെ ബാല്യകൗമാരങ്ങള്‍.
പാണ്ഡിയന്‍പാറ ക്ഷേത്രമുറ്റത്ത് ഏതാനും ചെമ്പകമരങ്ങള്‍ വളര്‍ന്നിരുന്നത് ഓര്‍ക്കുന്നു.അതിലൊരു കാട്ടുചെമ്പക ശിഖരത്തിന് ആനയുടെ തുമ്പിക്കൈയുടെ ഭാവമുണ്ടായിരുന്നു. ആ തടിച്ച ശിഖിരം വളഞ്ഞുപിരിഞ്ഞ് മണ്ണില്‍ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ പൂത്തുലഞ്ഞു നിന്നിരുന്നത് സുരഭില സ്മരണ, നാല് പതിറ്റാണ്ട് മുന്‍മ്പ് ഞാന്‍ സംവിധാനം ചെയ്ത ഒരു നാടകം മീനപ്പൂര മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രമൈതാനിയില്‍ അരങ്ങേറിയതും മറക്കാനാവില്ല. മാനവികതയെ വിലക്കുന്ന മതവികാരങ്ങളും വിരോധങ്ങളും ഫണമുയര്‍ത്താത്ത പുണ്യഭൂമിയായി എന്‍റെ ഗ്രാമം.
മഹാ പണ്ഡിതനായിരുന്ന കാക്കശ്ശേരി ഭട്ടതിരിയോട് ബന്ധപ്പട്ടും ഓണക്കൂര്‍ ഗ്രാമത്തിന് പെരുമയുണ്ട്. കോതമംഗലത്തിനടുത്ത് തൃക്കാരിയൂരിലെ മഹാക്ഷേത്രത്തില്‍ നിന്ന് ഓണക്കൂര്‍ ദേവീക്ഷേത്രത്തില്‍ കാക്കശ്ശേരി വന്ന് പാര്‍ത്തതായി പഴമക്കാരുടെ സാക്ഷ്യം. അദ്ദേഹത്തിന്‍റെ വാസഗൃഹം ഓണക്കൂറിന്‍റെ അയല്‍ഗ്രാമമായ മേമ്മൂറിയില്‍ ആയിരുന്നുവെന്ന് മറ്റൊരു പുരാണം. അവിടെ “കാക്കശ്ശേരി പറമ്പ്” ഇപ്പോഴും ഉണ്ട്. സ്വാതിതിരുന്നാള്‍ മഹാരാജാവിന്‍റെ സദസ്യനായിരുന്ന സംഗീതജ്ഞന്‍ ഷഡ്കാലഗോവിന്ദമാരാര്‍ ജന്മംകൊണ്ട രാമമംഗലം ദേശവും കൈയെത്തും ദൂരത്തുതന്നെ.
അദ്ധ്യാത്മികതയുടെ പരമശാന്തിയും പ്രകൃതിഭംഗികളുടെ പൂര്‍ണതയും മനുഷ്യാദ്ധ്വാനത്തിന്‍റെ ഫലസിദ്ധികളും എന്‍റെ ഗ്രാമത്തില്‍ ഒത്തുചേര്‍ന്നു. മതാതീതമായി ആദരിക്കപ്പെടുന്ന പരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെ (മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത) കൗമാരകാലവും പഠനവും ഇതേ ഭൂമികയുടെ വിശുദ്ധിയിലാണ് സംഭവിച്ചത്.
ജാതിമത ചിന്തകളും സാമ്പത്തിക ഉച്ചനീചത്വങ്ങളും സ്പര്‍ശിക്കാതെ ഒരു ജനസംസ്കൃതി ഗ്രാമീണതയെ സംശുദ്ധമാക്കിയതിന് എന്‍റെ ഗ്രാമം സാക്ഷി. പില്‍ക്കാലത്ത് ദേശീയ സ്വാതന്ത്ര്യസമരത്തിന്‍റെ കാറ്റും കമ്മ്യുണിസത്തിന്‍റെ കൊടുങ്കാറ്റും അന്തരീക്ഷമാകെ പ്രകമ്പനം കൊള്ളിച്ചിട്ടുണ്ട്. സര്‍.സി.പി.രാമസ്വാമി അയ്യരുടെ ദുര്‍ഭരമണത്തിനെതിരെ നാടുണര്‍ന്നപ്പോള്‍ കൂത്താട്ടുകുളം കേന്ദ്രമായി പ്രെക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ധീരദേശാഭിമാനികള്‍ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് ഇരയായി. സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം തിരുവതാംകൂര്‍-കൊച്ചി നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ച് രൂപം കൊണ്ട സംസ്ഥാനത്തും ഭരണകൂട ഭീകരതകള്‍ അരങ്ങേറി. അതില്‍ പിടഞ്ഞു വീണ പാമ്പാക്കുട അയ്യപ്പനും തിരുമാറാടി രാമകൃഷ്ണനും മണ്ണത്തൂര്‍ വര്‍ഗീസും അയല്‍വാസികള്‍. ഇതില്‍ പാമ്പാക്കുട അയ്യപ്പന്‍ കേവലം സ്കൂള്‍ വിദ്യാര്‍ഥി. ബാല്യദശ പിന്നിട്ടതേ ഉണ്ടായിരുന്നുള്ളു. ആ സമയം ഞങ്ങള്‍ ഒരേ സ്കൂളില്‍ രണ്ട് ക്ലാസ്സുകളില്‍ പഠനം നടത്തുകയായിരുന്നു.
അയ്യപ്പന്‍റെ ചോരയില്‍ തൊട്ട് എഴുതിയതാണ് എന്‍റെ ആദ്യ കഥ, കാരാഗൃഹത്തില്‍. അന്ന് കൗമുദി ആഴ്ചപ്പതിപ്പിന്‍റെ ബാലപംക്തിയില്‍ അത് പ്രകാശിതമായി. ഇല്ലം എന്ന നോവലായി വികസിച്ചത് ആ കൊച്ചുകഥയാണ്. എന്‍റെ സര്‍ഗ്ഗാത്മക ജീവിതത്തെ പുരസ്കാര ധന്യമാക്കിയതും അതേ സൃഎഷ്ടി.
എഴുത്തിന്‍റെ വഴികളില്‍ ശ്രദ്ധേയമായിത്തീര്‍ന്ന ആദ്യ അടയാളം’അകലെ ആകാശം’എന്ന നോവലാണ്. എന്‍റെ ഗ്രാമത്തനിമയും അതിന്‍റെ സൗന്ദര്യവും മാലതി എന്ന പെണ്‍കിടാവിലൂടെ ആവിഷ്ക്കരിക്കപ്പെട്ടു. ആ നോവലാണ് ചലച്ചിത്ര രൂപം പ്രാപിച്ച് സര്‍ഗ്ഗാത്മകതയുടെ പുതുവഴികള്‍ തുറന്നത്. മാലതിയെ അഭ്രപാളികളില്‍ അനശ്വരിയാക്കിയ ശോഭ ഏറ്റവും മികച്ച നടിക്കുള്ള അവാര്‍ഡ് നേടി ആഹ്ലാദം പകര്‍ന്നു. പില്‍ക്കാലത്ത് ഉള്‍ക്കടല്‍ സിനിമയാക്കിയപ്പോഴും കേന്ദ്ര കഥാപാത്രം റീനയുടെ റോളില്‍ ശോഭ തിളങ്ങി. അകലെ ആകാശം എന്നപോലെ ഉള്‍ക്കടലിലെ രാഹുലന്‍ ശൈശവ ബാല്യങ്ങള്‍ പിന്നിട്ടു വളരുന്നതും എന്‍റെ ഗ്രാമഭൂമികയില്‍ തന്നെ.
ഗ്രാമീണമായ സാംസ്ക്കാരിക ഭൂപടത്തിന്‍റെ സൗന്ദര്യങ്ങള്‍ ഏറ്റു വാങ്ങാന്‍ എനിക്ക് ഭാഗ്യമുണ്ടായി. അത് ഏതോ അജ്ഞാത ശക്തിയുടെ കരസ്പര്‍ശം ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍, മലയോരങ്ങളും, താഴ്വാരങ്ങളും, പുഴയും, വിശാലമായ നെല്പാടവുമൊക്കെ ഒരപൂര്‍വ ലോകം തീര്‍ത്തു. ഏത് കാലാവസ്ഥയും ഒരുപോലെ ഹൃദയംഗം കാലുഷ്യങ്ങള്‍ തൊട്ടു തീണ്ടാത്ത മാവേലിനാട്. പഴയകാലത്ത് ഭരണാധികാരികളായ രാജാക്കന്മാരും നാടുവാഴികളും പ്രഭുക്കന്മാരും പാഴൂര്‍ പെരുംതൃക്കോവിലിലെ നിത്യസന്ദര്‍ശകര്‍. അവരുടെ ആരാധനാ കേന്ദ്രമായി ഓണക്കൂര്‍ ദേവീക്ഷേത്രം. മതങ്ങളല്ല, മനുഷ്യനാണ് വലുത് എന്ന ചിന്ത ആ മഹത്തുക്കളുടെ ഹൃദയാകാശങ്ങള്‍ ശുഭ്രമനോഹരമാക്കി.
അഭിമാന പൂര്‍വം എന്‍റെ ജന്മനാടിനെ ദേശചരിത്രമഹിമകളില്‍ ചേര്‍ത്തെഴുതുന്നു. ഇത് വേദസംസ്കൃതിയുടെ പുണ്യക്ഷേത്രം. മനുഷ്യാദ്ധ്വാനത്തിന്‍റെ ശക്തിഗാഥകള്‍ ഏറ്റു പാടുന്ന വിപ്ലവ ഭൂമിക. ഗ്രാമത്തിന്‍റെ പേര് ഇന്നിപ്പോള്‍ എന്‍റെ ശിരോലിഖിതം. ആ നേരെഴുത്തുമായി എന്‍റെ സര്‍ഗ്ഗസഞ്ചാരം. കാലുകള്‍ ഇടറാതെ നോക്കണം, മനസ്സിന്‍റെ സ്നേഹതാളം നിലനിറുത്തണം, ആ പ്രാര്‍ത്ഥനയാണ് എന്‍റെ വാക്ക്, എഴുത്ത്, എളിയ ജീവിതം.

About The Author

Leave a Reply

Your email address will not be published. Required fields are marked *