ന്യൂഡൽഹി ∙ പണം നൽകുന്ന ആർക്കും ‘നീല ടിക്’ (വെരിഫിക്കേഷൻ) നൽകാനുള്ള ഇലോൺ മസ്കിന്റെ പരിഷ്കാരം നിർത്തിവച്ചെങ്കിലും അതുകൊണ്ടുള്ള പൊല്ലാപ്പുകൾക്ക് അവസാനമില്ല.
പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ വെരിഫൈഡ് പ്രൊഫൈലുണ്ടാക്കി തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന രീതി തുടരുകയാണ്. വ്യാജ അക്കൗണ്ടുകൾ പലതും നീക്കിയെങ്കിലും ഇവ പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ കാട്ടുതീ പോലെ പ്രചരിക്കുന്നത് തുടരുകയാണ്.
ട്വിറ്ററിലെ പ്രശ്നങ്ങളെത്തുടർന്ന് പല കമ്പനികളും പരസ്യങ്ങൾ പിൻവലിച്ചു തുടങ്ങി. പെപ്സികോ, ആപ്പിൾ, മക്ഡൊണാൾഡ്സ് തുടങ്ങിയ വമ്പൻ ബ്രാൻഡുകൾ കൈകാര്യം ചെയ്യുന്ന രാജ്യാന്തര പരസ്യക്കമ്പനിയായ ഒംനികോം ട്വിറ്ററിൽ പരസ്യം ചെയ്യുന്നത് നിർത്തിവയ്ക്കാൻ കക്ഷികളോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
ട്വിറ്റർ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീമിലെ കൂട്ടപ്പിരിച്ചുവിടലും ഈ വിഭാഗത്തിന്റെ മേധാവിയായ യോയൽ റോത്തിന്റെ അപ്രതീക്ഷിത രാജിയും പരസ്യക്കമ്പനികളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ട്വിറ്ററിലെ അക്കൗണ്ടുകളുടെ സുരക്ഷ ഈ വിഭാഗമാണ് കൈകാര്യം ചെയ്തിരുന്നത്.
ട്വിറ്റർ പിടിച്ച പൊല്ലാപ്പുകളിൽ ചിലത്
∙ പ്രമുഖ മരുന്ന് നിർമാതാക്കളായ എലി ലില്ലി ആൻഡ് കമ്പനിയുടെ പേരിലുള്ള വ്യാജ വെരിഫൈഡ് ട്വിറ്റർ അക്കൗണ്ട് ഇൻസുലിൻ സൗജന്യമാക്കിയെന്ന് ട്വീറ്റ് ചെയ്തു. തുടർന്ന് യഥാർഥ കമ്പനിയുടെ വിപണി മൂല്യത്തിൽ കോടികളുടെ ഇടിവുണ്ടായി.
∙ ലോക‍്ഹീഡ് മാർട്ടിൻ എന്ന എയറോസ്പേസ് കമ്പനിയുടെ പേരിലുള്ള വ്യാജ വെരിഫൈഡ് പ്രൊഫൈൽ, യുഎസ്, സൗദി, ഇസ്രയേൽ എന്നീ രാജ്യങ്ങളുമായുള്ള ഇടപാടുകൾ അവസാനിപ്പിച്ചുവെന്ന് ട്വീറ്റ് ചെയ്തു. കമ്പനിയുടെ ഓഹരിമൂല്യം ഇടിഞ്ഞു.
∙ എല്ലാ ബഹിരാകാശ പദ്ധതികളും നിർത്തിവച്ചതായി ഇലോൺ മസ്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ വ്യാജ അക്കൗണ്ട് ട്വീറ്റ് ചെയ്തു.
∙ നിങ്ങളുടെ ജലം മോഷ്ടിച്ച് നിങ്ങൾക്ക് തന്നെ തിരിച്ചുവിൽക്കുകയാണെന്നാണ് നെസ്‍ലെ കമ്പനിയുടെ വ്യാജ ട്വിറ്റർ അക്കൗണ്ടിൽനിന്ന് ട്വീറ്റ്.
∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന് പൂർണ പിന്തുണ നൽകുന്നുവെന്ന മട്ടിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാജ അക്കൗണ്ട്.
∙ കോക്ക കോളയാണ് നല്ലത് എന്നായിരുന്നു എതിരാളിയായ പെപ്സിയുടെ വ്യാജ അക്കൗണ്ടിൽ നിന്നുള്ള ട്വീറ്റ്.
English Summary: Twitter blue tick
About The Author
No related posts.