കാലത്തിന്‍റെ എഴുത്തകങ്ങള്‍ – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

Facebook
Twitter
WhatsApp
Email

 

എഴുത്തിന്‍റെ സാംസ്കാരിക സാക്ഷ്യങ്ങള്‍

സാമൂഹ്യപരമായ മാനവിക സാംസ്കാരികബോധ്യം അതിന്‍റെ ഉദാത്തതയില്‍ ദര്‍ശിക്കാന്‍ കഴിയുന്നിടത്താണ് എഴുത്തുകാരന്‍റെ എക്കാലത്തെയും മികച്ച സാംസ്കാരിക സദസ്സ് രൂപം കൊള്ളുന്നതെന്ന് ഡി.എച്ച്. ലോറന്‍സ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ലോറന്‍സിന്‍റെ അഭിപ്രായത്തെ ശരിവച്ചും നിരാകരിച്ചും മുന്നേറുന്ന എഴുത്തു മാതൃകകള്‍ ഇന്ന് പാശ്ചാത്യ സാഹിത്യത്തിലും ലാറ്റിനമേരിക്കാന്‍ സാഹിത്യത്തിലും കാണാം. എന്നാല്‍ ലോറന്‍സിന്‍റെ അഭിപ്രായത്തെ തിരസ്ക്കരിച്ചുകൊണ്ട് തന്നെ, തന്‍റെ അഭിപ്രായത്തെ പുനര്‍ജ്ജീവിപ്പിക്കാനുള്ള ധൈര്യപ്പെടലാണ് ഓസ്ട്രിയന്‍ ജീവചരിത്രകാരനും കവിയും നോവലിസ്റ്റുമായ ഷ്ടെഫാന്‍റ്റ് സ്വൈക് (ടലേളമി ദംലശഴ) രേഖപ്പെടുത്തിയിട്ടുള്ളത്.  സ്വൈകിന്‍റെ അഭിപ്രായമനുസരിച്ച് സാമൂഹ്യപരമായ മാനവിക സാംസ്കാരിക ബോധ്യം എന്നത് തികച്ചും വ്യക്തി കേന്ദ്രീകൃതമായ ഒരവകാശസംരക്ഷണമാണ്. അതില്‍ ഏറിയും കുറഞ്ഞും ജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന വൈകാരിക സാക്ഷ്യപ്പെടലുകളുണ്ടാകും. എന്നാല്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ സംഭവ്യമായ ഒരു കൃതിയുടെ ഉള്‍പ്പിരിവുകളിലേക്ക്, അതായത് കൃതി ആവശ്യപ്പെടുന്ന ആഴങ്ങളിലേക്ക് സാംസ്കാരികബോധ്യങ്ങള്‍ക്ക് (നിര്‍വ ചനങ്ങള്‍ക്ക്)കടന്നു ചെല്ലാനാവില്ല. എന്നാലിത് ഒരു പരിമിതിയായി കാണാനാവുകയുമില്ല. പലപ്പോഴും നാമൊരു നല്ല കൃതി എന്ന പേരിലാകു ന്നത് ലക്ഷണമൊത്ത ഒരു ജീവിതത്തെ അടയാളപ്പെടുത്തുന്ന ഒന്നിനെയാകും.  എന്നാല്‍ അതു മാത്രമായി എടുത്ത് ഒന്നിനെ മഹത്തരം എന്നു വിശേഷിപ്പിക്കാനാവില്ല. ഒരു കൃതിയെ അതിന്‍റെ മൂല്യബോധത്തിന്‍റെ അടിസ്ഥാനത്തില്‍ ദാര്‍ശനികമായ ഒരനുഭവം കൊണ്ട് വിവരിക്കുമ്പോഴാണ് ഒരു കൃതി അതിന്‍റെ ലക്ഷ്യവേധിയായിത്തീരുന്നത്. അങ്ങനെ വരുമ്പോള്‍ ലോറന്‍സ് അഭിപ്രായപ്പെട്ട മാനവികമായ സാംസ്കാരിക വാദത്തിന് ചില അടിസ്ഥാന നിര്‍വചനങ്ങളുടെ ആവശ്യകത കൂടി ഉണ്ടെന്ന് വരുന്നു. ഇത്തരം പര്യാലോചനാ വിവരങ്ങള്‍ക്ക് കാലികമായൊരു അനുഭവതലം കൂടിയുണ്ട്.  അതിന്‍റെ പ്രാണഞരമ്പുകളെ നമുക്ക് ഒരേ കാലം സ്വീകരിക്കാനും നിരാകരിക്കാനും കഴിയുന്നതിന് പിന്നില്‍ ഇത്തരമൊരു കാലികമായ സ്വാതന്ത്ര്യം കൊണ്ടു കൂടിയാണ്.
മറ്റൊന്ന് സ്വൈക് പറഞ്ഞ അഭിപ്രായത്തെ നാമെങ്ങനെ സ്വീകരിക്കുന്നു എന്നുള്ളിടത്താണ്. സ്വൈക് പാരമ്പര്യനിഷ്ഠമായ എഴുത്തിന്‍റെ പ്രചാരകനായിരുന്നെങ്കിലും ആ എഴുത്തുകാരന്‍റെ കൈയില്‍ പാരമ്പര്യത്തിന്‍റെ മഹത്വം അന്തര്‍ധാരയായി വര്‍ത്തിച്ചിരുന്നു എന്ന് പറയാവുന്നതാണ്. എന്നാല്‍ സ്വൈക് ഒരിക്കലും അത്തരമൊരു നിഷേധ നിലപാടിനെ രേഖപ്പെടുത്തിയിട്ടില്ല. സ്വൈക് എന്നും എഴുത്തിന്‍റെ നീതിയുക്തമായ നിലപാടിന്‍റെ പതാകാവാഹകനായിരുന്നു. കൃതികളിലെ സാമൂഹികയാഥാര്‍ത്ഥ്യത്തെ ഒരു പരിധിവരെ അംഗീകരിക്കുകയും കഥാപാത്രങ്ങളുടെ വിചാരവികാരപരിണാമങ്ങളില്‍ കൃത്യതാ ബോധത്തോടെ അനുഭവപ്പെടുത്തുകയും ചെയ്തിരുന്നു.  എന്നാല്‍ ഈ ഇടപെടലുകളെ എഴുത്തിന്‍റെ മൂല്യബോധ സിദ്ധാന്തവുമായി ചേര്‍ത്തു വച്ച് വിശകലനം ചെയ്യുമ്പോഴാണ് സ്വൈക് മുന്നോട്ടു വയ്ക്കുന്ന നവീനവും കുലീനവുമായ ആശയദാര്‍ഢ്യം അതിന്‍റെ ഔന്ന്യത്യത്തില്‍ പ്രശോഭിക്കുന്നത് നാം കാണുന്നത്. ഒരര്‍ത്ഥത്തില്‍ മാനവികഗദ്യം എന്നതിനെ സംബന്ധിച്ച്  ഇത്തരമൊരു താത്ത്വികനിലപാട് ലോറന്‍സിന്‍റെ എഴുത്തു ജീവിതത്തില്‍ കണ്ടെത്താനാവില്ല.  ലോറന്‍സ് ആ അര്‍ത്ഥത്തില്‍ ഉയര്‍ന്ന ഒരു ഫ്ളാറ്റ്ഫോമില്‍ കയറി നിന്നുകൊണ്ട് വായനക്കാരോട് സംവദിക്കുകയാണ്.  അതുകൊണ്ടാണ് ആശയപരമായ പുനരൈക്യപ്പെടല്‍ ലോറന്‍സിന്‍റെ കൃതികളില്‍ കണ്ടെത്താന്‍ കഴിയാതെ പോയത്.  എന്നാല്‍ അദ്ദേഹത്തിനു നേരെ ഒരു കാലഘട്ടം നടത്തിയ വിചാരണ ഇതിന്‍റെ ഭാഗമായിരുന്നു.  അതിനു പിന്നില്‍ കൃത്യമായൊരു പദ്ധതി കൂടിയുണ്ടായിരുന്നു.  ലോറന്‍സ് ധൈഷണിക ജീവിതത്തിനു എതിരു നിന്നുകൊണ്ട് ശരീരത്തിന്‍റെ കാമനകളെക്കുറിച്ച് സന്ദേഹപ്പെട്ട എഴുത്തുകാരനായിരുന്നു. എന്നാല്‍ സ്വൈക് തന്‍റെ മുന്നിലെത്തുന്ന ജീവപ്രപഞ്ചത്തെ മാനസികാപഗ്രഥനത്തില്‍ ഉള്‍ച്ചേര്‍ത്തു കാണാന്‍ ആഗ്രഹിച്ച എഴുത്തുകാരനായിരുന്നു. ലോറന്‍സ് അതില്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ സ്വൈക് അതില്‍ വിശ്വസിക്കുന്നുണ്ടുതാനും.  ഇങ്ങനെ ഭിന്ന സാംസ്കാരിക – സാമൂഹ്യ എഴുത്തുകളില്‍ അനുഭവിച്ചു തീര്‍ക്കുന്ന രീതി ഏറെ ആലോചനാമൃതങ്ങളാണ്. ഇതെല്ലാം പാശ്ചാത്യ സാഹിത്യ സിദ്ധാന്തത്തില്‍ ഒതുക്കിപ്പറഞ്ഞ് നമുക്ക് മറികടക്കാനാവില്ല.  പ്രബലമായ ഈ സാഹിത്യധാരകള്‍ക്ക് ലോകത്തെ എല്ലാ ഭാഷാ സ്വരൂപങ്ങളോടും മുഖ്യധാരാ സാഹിത്യ നിലപാടുകളോടും ആഴത്തില്‍ വേരോട്ടമുള്ള സൗന്ദര്യബന്ധം കൂടിയുണ്ട്.  പ്രത്യക്ഷത്തില്‍ വായനക്കാരന്‍ ഇതറിയുന്നില്ല എന്നേ ഉള്ളൂ.
ഇവിടെ ആമുഖമായി ഇത്രയും ദീര്‍ഘമായി ഇത് വിവരിച്ചതിന് കാരണം. ചരിത്രാതീത കാലത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ നാം സാംശീകരിച്ചെടുക്കുക – ആപത്കരമായ സത്യസന്ധതയെ എപ്രകാരമാണ് നാം സ്വീകരിക്കേണ്ടത് എന്നതിനെകുറിച്ച് ആലോചിക്കാന്‍ കൂടിയാണ്. ഇന്ന് മലയാളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കൃതികളുടെയെല്ലാം, അത് ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയെ ആയിക്കോട്ടെ, അതിലെല്ലാം ഉള്‍ച്ചേര്‍ന്ന വൈകാരികതലം വെറുപ്പിന്‍റെയും അസഹിഷ്ണുതയുടെയും അസ്വസ്ഥതയുടെയുമാണ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല എന്നു വരുന്നു.  അതിനെ തലമുറകളുടെ അനന്തമായ വിടവ് എന്ന് പറഞ്ഞ് ഒരുക്കാവുന്ന ഒരു വാദഗതിയല്ല.  എല്ലാക്കാലവും ഈ തലമുറ ഇങ്ങനെ ഇതുവഴിയേ വന്നതേയില്ല. അപ്പോഴും അപരിഹാര്യമായ ജീവിത ദുരന്തവിധികളും എല്ലാം അക്കാലത്തുമുണ്ടായിരുന്നു. എന്നാല്‍ അതില്‍ മാത്രം ശ്രദ്ധകൊടത്തുകൊണ്ട് താന്‍ ജീവിച്ചിരിക്കുന്ന കാലത്തെ ഒരു വിചാരണക്കോടതിക്ക് മുന്‍പാകെ നിര്‍ത്തി കുറ്റമാരോപി ക്കാന്‍ തയ്യാറാവുക എന്നത് ആദ്യന്തം ഹീനമായ ഒരു പ്രവര്‍ത്തിയാണ്.
ഇന്ന് എഴുത്തുകാരനെ ചൂഴ്ന്നു നില്‍ക്കുന്നത് അധികാരം മാത്രമാണ്.  ഒരു കാലത്ത് അരാജകത്വവും ഭയവും ദയനീയമായ മനുഷ്യാസ്ഥ്യമായിരുന്നെങ്കില്‍ ഇന്നതിന്‍റെ അവസ്ഥ മാറി. ഇന്ന് അധികാരത്തിനു ചുറ്റുമായിട്ടാണ് എഴുത്തുകാരന്‍ തമ്പടിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഡി.എച്ച്. ലോറന്‍സിന്‍റെ അഭിപ്രായലോകവും സ്വൈകിന്‍റെ ആശയലോകവും പുതിയ എഴുത്തുകാരില്‍ നിന്ന് ആവുന്നത്ര അകന്നു നില്‍ക്കുന്നത് കാണാം. അത് എഴുത്തില്‍ സംഭവിച്ചിരിക്കുന്ന ഒരു ദുര്യോഗമാണ്.  എന്നാല്‍ ഈ ദുര്യോഗത്തെ അതിന്‍റെ ശക്തി സൗന്ദര്യങ്ങള്‍ക്കുകൊണ്ട് നിരന്തരം പുതുക്കിപ്പണിത എഴുത്തുകാരനാണ് കാരൂര്‍ സോമന്‍. കാരൂരിന്‍റെ രചനകളില്‍ നവീനമായൊരു ദര്‍ശനത്തിന്‍റെ അകംപൊരുളുണ്ട്. അത് നിരന്തരം പുതുക്കി വിളക്കിച്ചേര്‍ക്കേണ്ടതില്ല.  ഈ മൂല്യവത്തായ ആന്തരികപ്രഭയാണ് ലോറന്‍സിന്‍റെയും സ്വൈകിന്‍റെയും ഇരുത്തം വന്ന ആന്തരികപ്രത്യക്ഷങ്ങളുടെ സാക്ഷാത്കാരമുദ്രകള്‍. ആ അര്‍ത്ഥത്തില്‍ കാരൂരിന്‍റെ കൃതികളെയും വിലയിരുത്താം എന്നു                    വരുന്നു. അതിനെ എഴുത്തിലെ സ്വതന്ത്രലീലകള്‍ എന്ന് വിശേഷിപ്പിക്കാവുന്നതാണ്.
എന്താണ് കാരൂരിന്‍റെ രചനകള്‍ മുന്നോട്ടുവയ്ക്കുന്ന ആശയലോകം എന്നത് പര്യാലോചനയ്ക്കുതകുന്ന ഒരു വിഷയമാണ്.  കേവല സിദ്ധാന്ത നിര്‍വചനങ്ങള്‍ക്കപ്പുറത്തേക്ക് ഒഴുകിപ്പരക്കുന്ന ആന്തരിക പ്രഭ കാരൂരിന്‍റെ രചനകളിലെല്ലാമുണ്ട്. കാരൂരിന്‍റെ രചനകള്‍ വിവിധ സാഹിത്യമേഖലകളില്‍ ഒഴുകികിടക്കുന്ന ഒന്നാണ്. അതിനെയെല്ലാം കൂട്ടിക്കെട്ടി വിശകലനം ചെയ്യുക എന്നത് അസാദ്ധ്യമാണ്. അത്തരമൊരു വിശകലനരീതി സൗന്ദര്യശാസ്ത്ര നിര്‍വചനസിദ്ധാന്തത്തിന്‍റെ കെട്ടുറപ്പില്‍ വരുന്ന ഒന്നല്ല. പകരം കാരൂരിന്‍റെ കൃതികളില്‍ പരകായ പ്രവേശനം ചെയ്യുന്ന ആന്തരിക പ്രജ്ഞയെ, അതിന്‍റെ ആശയലോകത്തോട് ചേര്‍ത്തുവച്ചു കൊണ്ട് പഠനവിധേയമാക്കുക എന്നതാണ് പ്രധാനം. അതിനെ ലാവണ്യനിയമത്തിന്‍റെ അടിസ്ഥാനത്തില്‍ വിലയിരുത്താവുന്ന ഒന്നാണ്. പ്രത്യക്ഷത്തില്‍ കാരൂരിന്‍റെ രചനകള്‍ നമ്മുടെ ജീവിതവീക്ഷണത്തിന്‍റെ അടരുകളില്‍ അഭിനിവേശം കൊള്ളുന്നവയാണ്. അത് പരിപൂര്‍ണ്ണതയില്‍ അഭിനിവേശം കൊള്ളുന്ന ഒന്നല്ല. പകരം കഥയാകട്ടെ, നോവലാകട്ടെ, കാരൂര്‍ രചനാവേളയില്‍ പാലിക്കുന്നൊരു അപൂര്‍വ്വമായൊരു ശില്പഘടനാ ചാതുരിയാണ്. ഒരു പക്ഷേ അതിനെ തികച്ചും വ്യക്തിപരം എന്ന് വിശേഷിപ്പിക്കാമെങ്കിലും രചനകളുടെ സര്‍ഗ്ഗാത്മക സൗന്ദര്യാനുഭൂതി തേടുമ്പോള്‍ ഇത്തരമൊരനുഭവത്തിന്‍റെ വ്യതിരിക്തമായ ആന്തരികചോദന കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. ആ അര്‍ത്ഥത്തില്‍ ജീവിതമെന്നത് എഴുത്തുകാരന്‍റെ വളര്‍ച്ചയെകൂടി ലക്ഷ്യം വയ്ക്കുന്ന ഒന്നായി മാറുന്നു. ഇത് കാരൂരിന്‍റെ രചനകളില്‍ ഒരു നവചലനം സൃഷ്ടിക്കുന്നു. ഇതൊരു ലക്ഷ്യവേധിയായ സ്വാതന്ത്ര്യവാഞ്ചയും ബോധവുമുണ്ട്.  ആധുനിക മനുഷ്യനെ മാറിമാറി ഭരിക്കുന്ന ജീവിതവീക്ഷണത്തെ സമവായത്തിലാക്കാനും ക്രമപ്പെടുത്താനും കാരൂര്‍ നടത്തുന്ന ശ്രമങ്ങളെ അതിന്‍റെ ഉന്നത നിലയില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *