അതു കണ്ടില്ലെന്നു നടിക്കുവാന്‍ ഒരു മനുഷ്യനുമാവുകയില്ല. ഒരു കൊച്ചു കുട്ടിയെപ്പോലെ വാശിപിടിച്ച് അതു പിടഞ്ഞു കൊണ്ടേയിരിക്കും, തനിക്ക് അര്‍ഹമായതു ലഭിക്കുന്നതു വരെ… ആ പിടച്ചിലിന്റെ അന്ത്യമാണ് ഇന്ന് നരേട്ടനില്‍ ഞാന്‍ കാണുന്നത്. തനിക്കര്‍ഹതപ്പെട്ട സ്‌നേഹം ലഭിച്ചതോടെ ആ മനസ്സ് ശാന്തമായി. ഒരു കൊച്ചുകുട്ടിയെപ്പോലെ ശാന്തനായി ഉറങ്ങുന്ന നരേട്ടന്റെ അടുത്ത് ഞാനിരുന്നു. ഈ ലോകത്തിലെ എല്ലാ നിഷ്‌ക്കളങ്കതയും ആ മുഖത്ത് സന്നിവേശിച്ചതു പോലെ എനിക്കു തോന്നി. ആ ശരീരത്തില്‍, മെല്ലെ ഒരു കുഞ്ഞിനെ എന്നപോലെ ഞാന്‍ തലോടിക്കൊണ്ടിരുന്നു. ഉണര്‍ന്നപ്പോള്‍ അടുത്തിരിക്കുന്ന എന്നെക്കണ്ട് അദ്ദേഹം പുഞ്ചിരിതൂകി ചോദിച്ചു.
”മീരാ… നീയിങ്ങനെ എന്റടുത്തു തന്നെയിരിക്കുമ്പോള്‍ എനിക്കെന്തു സന്തോഷമാണെന്നോ? ഇപ്പോഴാണ് നീയൊരു യഥാര്‍ത്ഥ ഭാര്യയായത്…’
അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്നും അടര്‍ന്നു വീണ വാക്കുകള്‍ ധന്യതയുടെ ഒരു നിമിഷം. കൈക്കുമ്പിളില്‍ വാര്‍ന്നു വീണ തീര്‍ത്ഥജലം പോലെ ആ വാക്കുകള്‍ കോരിയെടുത്തു കുടിക്കുമ്പോഴും അറിയാതെ മനസ്സൊന്നു പിടഞ്ഞുവോ?…
ഉള്ളിന്റെ ഉള്ളില്‍ എവിടെയോ ഒരു നീറ്റല്‍. ഹൃദയത്തില്‍ എവിടെയോ ഒരു കളങ്കം ഒളിഞ്ഞു കിടപ്പുണ്ടോ? നിലക്കണ്ണാടിയില്‍ പതിയുന്ന എന്റെ പ്രതിബിംബം എന്നെ നോക്കി ചിരിക്കുന്നുവോ?
മീരാ… നീ എത്രയൊക്കെ ശ്രമിച്ചാലും പരിപൂര്‍ണ്ണമായും ഒരു നല്ല ഭാര്യയാകുവാന്‍ ഈ ജന്മം നിനക്കു കഴിയുമോ? നിന്റെ മനസ്സിലെ കളങ്കത്തെ അദ്ദേഹത്തിന്റെ ഗംഗാജലം പോലെ പവിത്രമായ ഹൃദയത്തില്‍ നിന്നടര്‍ന്നു വീണ വാക്കുകള്‍ക്ക് കഴുകിക്കളയാനാകുമോ?
മനസ്സില്‍ നടക്കുന്ന സംഘട്ടനം അറിഞ്ഞിട്ടെന്ന പോലെ നരേട്ടന്‍ പറഞ്ഞു.
”മീരാ… നിന്നെ എനിക്കു മനസ്സിലാകും. നിന്റെ മനസ്സില്‍ നിന്ന് ഫഹദിനെ പൂര്‍ണ്ണമായും മായിച്ചു കളയാനാവില്ലെന്നും എനിക്കറിയാം. എങ്കിലും നീ എന്നെ ശുശ്രൂഷിച്ചു കൊണ്ട് എന്റെ അടുത്തിരിക്കുന്ന ഈ ധന്യ നിമിഷം. ഈ നിമിഷത്തില്‍ ഞാന്‍ മരിച്ചു പോയാലും ഞാന്‍ ഒരു ഭാഗ്യവാനാണ്. നിന്റെ പരിലാളനകള്‍ക്കായി എന്റെ മനസ്സ് അത്രയേറെ കൊതിച്ചിരുന്നു.”
ശരിയാണ്… കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ ഞാന്‍ നരേട്ടനോട് അസുഖമൊന്നും കാണിച്ചിരുന്നില്ലെങ്കിലും ഫഹദ്‌സാറിനു നല്‍കിയതു പോലെ പ്രേമം നിറഞ്ഞൊരു മനസ്സ് അദ്ദേഹത്തിനു നല്‍കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല.
രാഹുലിന്റേയും, കൃഷ്ണമോളുടേയും മുമ്പില്‍ നല്ലൊരു അമ്മയാകുവാന്‍ ശ്രമിച്ചപ്പോഴും നരേട്ടന്റെ മുമ്പില്‍ ഒരു നല്ല ഭാര്യയാകുവാന്‍ എനിക്കു കഴിഞ്ഞിരുന്നില്ലല്ലോ? അതിനു ശ്രമിക്കുമ്പോഴെല്ലാം ഫഹദ്‌സാര്‍ മുമ്പില്‍ വന്നു നിന്നു ചോദിക്കുന്നതു പോലെ തോന്നുമായിരുന്നു.
”എന്നെ മറന്നുവോ നീ…’
‘ഇല്ല ഫഹദ് സാര്‍… കല്പാന്ത കാലത്തോളം അങ്ങയെ മറക്കുവാന്‍ എനിക്കാവുകയില്ല.”
അങ്ങിനെ മനസ്സ് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഇന്നിപ്പോള്‍ നരേട്ടനോട് എന്റെ മനസ്സിലെ സഹതാപമാണ് സ്‌നേഹത്തെക്കാള്‍ മുമ്പില്‍ നില്‍ക്കുന്നത്. പിന്നെ ഒരു ഭാര്യയുടെ കടമ ഓര്‍മ്മിപ്പിക്കുന്ന മനസ്സ്. അതുപലപ്പോഴും എന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കുവാന്‍ എന്നെ പ്രേരിപ്പിക്കുന്നു.
പിന്നീടുള്ള ദിനങ്ങള്‍ ആ കര്‍ത്തവ്യ നിര്‍വ്വഹണത്തിനു മാത്രമായി എനിക്കു മാറ്റി വയ്‌ക്കേണ്ടി വന്നു.
കോളേജില്‍ നിന്ന് അവധിയെടുത്ത് നരേട്ടനൊടൊപ്പം കുറെ ദിനങ്ങള്‍ ഞാന്‍ കഴിച്ചു കൂട്ടി. ആ ദിനങ്ങളൊന്നില്‍.
”മീരാ നീയെവിടെയാണ്? ഒന്നിങ്ങോട്ടു വരുമോ?”
അടുക്കളയില്‍ പാചകത്തിലേര്‍പ്പെട്ടിരുന്ന ഞാന്‍ നരേട്ടന്റെ ശബ്ദം കേട്ടപ്പോഴാണ് ശ്രദ്ധിച്ചത്. വേഗം സ്റ്റൗ ഓഫാക്കി അദ്ദേഹത്തിന്റെ അടുത്ത് നടന്നെത്തി.
”വരൂ മീരാ… നീയെന്റെ കൂടെ ഒന്നു വരൂ… നമുക്ക് അല്‍പനേരം പുറത്തെ കാറ്റേറ്റ് മുറ്റത്തു കൂടി നടക്കാം.”
ആ കൈകളില്‍ പിടിച്ച് പുറത്തേയ്ക്കു നയിക്കുമ്പോള്‍ നരേട്ടന്‍ പറഞ്ഞു.
”വേണ്ട മീരാ… ഞാന്‍ കൈപിടിയ്ക്കാതെ നടന്നോളം ഒറ്റയ്ക്കിരുന്ന് വല്ലാതെ ബോറടിയ്ക്കുന്നു. നീയുമായി കൊച്ചു വര്‍ത്തമാനം പറഞ്ഞ് അല്‍പനേരം നടക്കുമ്പോള്‍ മനസ്സിന്റെ വൈക്ലബ്യമെല്ലാം മാറും. അത്രമാത്രമേ ഞാനാഗ്രഹിച്ചുള്ളൂ”
പക്ഷേ ഒന്നുമറിയാത്ത പോലെ ആ കൈകളില്‍ കൈകോര്‍ത്ത് മുറ്റത്തേയ്ക്കു നടക്കുമ്പോള്‍ മറ്റൊരു മീരയാവാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. കളിതമാശകള്‍ പറഞ്ഞ് നരേട്ടനെ പൊട്ടിച്ചിരിപ്പിക്കുന്ന മീര. ഒരു നല്ല ഭാര്യയായി നരേട്ടന്റെ മുന്നില്‍ ജീവിയ്ക്കുവാന്‍, കഴിഞ്ഞതെല്ലാം മറക്കുവാന്‍ ഒരിയ്ക്കല്‍ കൂടി ഞാന്‍ തയ്യാറെടുത്തു.
മുറ്റത്തിന്റെ അതിരിലേയ്ക്ക് എന്റെ കൈപിടിച്ചു നടന്നു കൊണ്ട് നരേട്ടന്‍ പറഞ്ഞു.
”നോക്കൂ മീരാ… ആ ലൗ ബേഡ്‌സ് എത്ര ആഹ്ലാദത്തോടു കൂടി ആകാശത്തില്‍ അവ പറന്നു നടക്കാറുണ്ട്. ഇപ്പോള്‍ നോക്കൂ അവയുടെ മുഖത്ത് തങ്ങി നില്‍ക്കുന്നത് ഒരു ദുഃഖഭാവമല്ലേ? ഇണക്കിളി അടുത്തുണ്ടെങ്കിലും അവയ്ക്കു നിഷേധിക്കപ്പെട്ട സ്വാതന്ത്യ്രം അവയെ ദുഃഖിപ്പിക്കുന്നില്ലേ? ഞാനിപ്പോള്‍ അവയെ തുറന്നു വിടാന്‍ പോവുകയാണ്. അവ ഇഷ്ടമുള്ള ഇണക്കിളിയോടൊത്ത് ആകാശത്തില്‍ യഥേഷ്ടം പറന്നു നടക്കട്ടെ. മരക്കൊമ്പില്‍ കൂടുകൂട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കട്ടെ… അതല്ലേ… ശരി മീരാ…’ അങ്ങനെ പറഞ്ഞു കൊണ്ട് നരേട്ടന്‍ ആ കിളികളെ കൂട്ടില്‍ നിന്നും തുറന്നു വിട്ടു. തടവില്‍ നിന്നും സ്വാതന്ത്യ്രത്തിലേയ്ക്കുള്ള ആ പ്രയാണത്തില്‍ ആഹ്ലാദരവങ്ങളോടെ അവ പറന്നു പൊങ്ങി.
ആകാശത്തില്‍ ഒരു പൊട്ടു പോലെ അപ്രത്യക്ഷമാകുന്നതു നോക്കി ഞാനും, നരേട്ടനും നിന്നു. അവ കണ്മുന്നില്‍ നിന്നും മറഞ്ഞു കഴിഞ്ഞപ്പോള്‍ നരേട്ടന്‍ പറഞ്ഞു.
”ഇനിയും ഇതുപോലെ കൂട്ടിലിട്ടിരിക്കുന്നവയെയെല്ലാം തുറന്നു വിടണം. മരിയ്ക്കുന്നതിനു മുമ്പ് എനിക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യമായിരിക്കും അത്. പരിശുദ്ധമായ മനസ്സോടെയും, ശുദ്ധമായ കൈകളോടെയുമായിരിക്കും ഞാന്‍ സ്വര്‍ഗ്ഗത്തിലേയ്ക്കു പോകുന്നത്. എന്റെ ഹൃദയത്തിലും കരങ്ങളിലുമുള്ള എല്ലാ പാപക്കറകളും ഞാന്‍ ഇവിടെത്തന്നെ കഴുകിക്കളയട്ടെ അതല്ലേ മീര… അതിന്റെ ശരി…’ അങ്ങനെ പറഞ്ഞു കൊണ്ട് അദ്ദേഹം മുയല്‍ക്കൂട്ടിനരികിലെത്തി അതിലുള്ള ഒരു ജോഡി മുയലുകളേയും തുറന്നു വിട്ടു.
”പൊയ്‌ക്കോ… പോയി സ്വതന്ത്യ്രമായി ജീവിയ്ക്ക്…’ അദ്ദേഹം അരുമയായി അവയെ തലോടി. എന്നാലാ മുയലുകളാകട്ടെ ലോണില്‍ അവിടെവിടെയായി ചെന്നിരിയ്ക്കുകയും തുള്ളിക്കളിയ്ക്കുകയും ചെയ്തു കൊണ്ടിരുന്നു. അവ നരേട്ടനെ നന്ദിയോടെ നോക്കി. പിന്നെ അദ്ദേഹത്തെ പിരിയാനാവാത്തതു പോലെ സമീപം വന്നിരുന്നു.
”അസുഖത്തിന്റെ തടവറയില്‍ കിടക്കുമ്പോഴാണ് കൂട്ടിലടച്ച എല്ലാ ജീവജാലങ്ങളുടേയും അസ്വാതന്ത്യ്രത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചത്. അതില്‍ മനുഷ്യനും ഉള്‍പ്പെടും കേട്ടോ” അങ്ങനെ പറഞ്ഞു കൊണ്ട് ഒരു ഗൂഢസ്മിതത്തോടെ അദ്ദേഹം എന്നെ നോക്കി. ഒരു പക്ഷേ എന്നെ ഉദ്ദേശിച്ചാണോ അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് സംശയം തോന്നുകയും ചെയ്തു.
ഇണക്കിളിയില്‍ നിന്ന് വേര്‍പ്പെടുത്തി അദ്ദേഹം മെരുക്കി കൂട്ടിലടച്ച ഒരു കിളിയാണല്ലോ ഞാനും എന്ന് ഓര്‍ത്തു പോയി. സ്വാതന്ത്യ്രത്തിന്റെ ഉഛ്വാസ വായുവിനായുള്ള ആത്മപീഡ എന്റെ ഉള്ളിലും പലപ്പോഴും ഉടലെടുക്കാറുള്ളതിനെക്കുറിച്ചും ചിന്തിച്ചു. ഉപബോധ മനസ്സിന്റെ ഗതിവിഗതികള്‍ നമുക്ക് പലപ്പോഴും ആജ്ഞാതമാണല്ലോ എന്നും.
ഒരാഴ്ച കൂടി പിന്നിട്ടപ്പോള്‍ നരേട്ടന്റെ ബൈപ്പാസ് ഓപ്പറേഷന്‍ നടന്നു. ഓപ്പറേഷനു ശേഷം അദ്ദേഹത്തിന് ഓര്‍മ്മ തിരിച്ചു കിട്ടാന്‍ ഏതാണ്ട് ഒന്നര ദിവസമെടുത്തു. അത്രയും സമയം ഞാനൊറ്റയ്ക്ക് ഹോസ്പിറ്റലില്‍ നിരാശ്രയയായിരുന്നു. കൃഷ്ണമോളെ വിവരമറിച്ചിരുന്നുവെങ്കിലും അവള്‍ക്ക് എത്തിച്ചേരുവാന്‍ കഴിയില്ല എന്നറിയിച്ചിരുന്നു. അപ്പോഴേയ്ക്കും അവള്‍ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു കഴിഞ്ഞിരുന്നു.
പ്രസവത്തിന് ഇനി ഏതാണ്ട് രണ്ടുമാസം കൂടി മാത്രം. അവളുടെ ഭര്‍ത്താവ് ദേവാനന്ദിനാകട്ടെ അവളെ ഞങ്ങളുടെ അടുത്തേയ്ക്ക് പറഞ്ഞു വിടുന്നതില്‍ അത്ര താല്‍പര്യമുണ്ടായിരുന്നില്ല. ഗര്‍ഭിണിയായിരിക്കുന്ന ഈ സമയത്ത് ഹോസ്പിറ്റലില്‍ വന്നു നിന്ന് അവള്‍ കഷ്ടപ്പെടുന്നതിനോട് അയാള്‍ക്ക് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. മാത്രമല്ല, അവരുടെ വിവാഹത്തിന് ആദ്യം ഞങ്ങള്‍ക്കുണ്ടായിരുന്ന എതിര്‍പ്പ് കൃഷ്ണമോള്‍ പറഞ്ഞ് അയാളറിഞ്ഞിരുന്നു. ഒരു നോര്‍ത്ത് ഇന്ത്യന്‍ ആണെന്നതിന്റെ പേരില്‍ തന്നെ സ്വീകരിക്കാന്‍ മടിച്ചവരോട് അയാളെപ്പോഴും ഒരു അകല്‍ച്ച സൂക്ഷിച്ചിരുന്നു. വിവാഹശേഷം ഒരിയ്ക്കല്‍ പോലും അവരൊരുമിച്ച് വീട്ടില്‍ വന്നു നില്‍ക്കുകയുണ്ടായില്ല. ഏകമകളുടെ ആ അകല്‍ച്ചയും നരേട്ടനെ വേദനിപ്പിച്ചിരുന്നു.
ഒടുവില്‍ നരേട്ടന് ബോധം തിരിച്ചു കിട്ടി. അദ്ദേഹം ആദ്യം തിരിച്ചറിഞ്ഞത് എന്നെയാണ്. ചുണ്ടില്‍ വിരിഞ്ഞ ഒരു വിജയ സ്മിതത്തോടെ അദ്ദേഹം പറഞ്ഞു.
”ഞാന്‍ തിരിച്ചെത്തി മീരാ… നിനക്കു വേണ്ടി ഞാന്‍ തിരിച്ചെത്തി.”
”നരേട്ടന് ഒന്നും സംഭവിക്കുകയില്ല” ഞാനാ കൈകവര്‍ന്നു കൊണ്ടു പറഞ്ഞു.
ബോധം വന്ന ശേഷം അദ്ദേഹത്തെ ഐസിയുവില്‍ ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തില്‍ കിടത്തി. അപ്പോഴെല്ലാം ഞാന്‍ ഐസിയുവിനു മുമ്പില്‍ അദ്ദേഹത്തിനു വേണ്ടി കാവലിരുന്നു. എല്ലാ ദിവസവും വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും അദ്ദേഹത്തെ അന്വേഷിച്ചെത്തി. ആരുമില്ലാതെ ഒറ്റയ്ക്കിരിയ്ക്കുന്ന എന്നെ ക്കണ്ട് അവരില്‍ ചിലര്‍ സഹായിക്കാനെത്തി.
”മാഡം… ആപ് കുഛ് ഖായാ ക്യാ? മൈം ആപ് കേലിയേ കുഛ് ഖരീദ് കര്‍ലാവും കൈ്യ?” കോളേജില്‍ എന്റേയും നരേട്ടന്റെയും ശിഷ്യരിലൊരാളായ അനൂപ് എന്ന വിദ്യാര്‍ത്ഥി അന്വേഷിച്ചു. അവന്‍ എന്റെ വാടിയ മുഖം കണ്ട് ഞാന്‍ ആഹാരമൊന്നും കഴിക്കാതെയാണിരിക്കുന്നതെന്ന് മനസ്സിലാക്കി. അവന്റെ ചോദ്യം കേട്ട് ഞാന്‍ വെറുതെ ചിരിച്ചതേയുള്ളൂ. അല്‍പം കഴിഞ്ഞ് അവന്‍ കാന്റീനില്‍ നിന്നും ചപ്പാത്തിയും കറികളും വാങ്ങിക്കൊണ്ടു വന്നു.
”മാഡം… ആപ് ഖാനാ ഖായിയേ…’ അഗര്‍ നഹിം തോ ആപ് ബഹുത് ധക് ജാ യേം ഗേ…’
മക്കളെപ്പോലെ എന്റെ കാര്യങ്ങള്‍ അന്വേഷിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളെക്കണ്ട് മനം നിറഞ്ഞു. രാഹുല്‍മോന്റെ അഭാവം അവര്‍ നികത്തുകയായിരുന്നു. പിന്നീടുള്ള ദിനങ്ങളില്‍ ചില അദ്ധ്യാപകരും അദ്ദേഹത്തെ കാണാനെത്തി. ഇന്‍ഫെക്ഷന്‍ പേടിച്ച് ആരേയും അകത്തേയ്ക്ക് കടത്തിവിട്ടില്ല. എല്ലാവരും എന്നെ കണ്ട് വിവരങ്ങള്‍ അന്വേഷിച്ച് മടങ്ങി. ദിനങ്ങള്‍ ഒച്ചിഴയുന്ന വേഗത്തില്‍ അകന്നു നീങ്ങി. നരേട്ടനെ വാര്‍ഡിലേയ്ക്കു കൊണ്ടു വന്നു. വാര്‍ഡിലെത്തുമ്പോള്‍ അദ്ദേഹം ആഹ്ലാദവാനായിരുന്നു.
”മരണത്തില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടെത്തി മീരാ… ഇനി ഞാന്‍ മരണമില്ലാത്തവനായി നിന്റെ കൂടെ ജീവിയ്ക്കും.” അദ്ദേഹം എന്നോടു പറഞ്ഞു.
”ഈ പ്രപഞ്ചത്തിലെ മരങ്ങളും പൂക്കളും, പുല്‍ക്കൊടികളും എല്ലാം കണ്ട് ഇനിയും നമുക്ക് ആഹ്ലാദത്തോടെ ജീവിയ്ക്കാം. ഓപ്പറേഷന്‍ തീയേറ്ററിലേയ്ക്കു പോകുമ്പോള്‍ ഞാന്‍ വിചാരിച്ചത് ഞാനിനി തിരിച്ചു വരില്ലെന്നാണ്. ഈ ഭൂമിയിലെ ജീവിതം എനിക്കു നഷ്ടപ്പെട്ടുവെന്നും. എന്നാല്‍ ഈശ്വരന്‍ എനിക്ക് പുനര്‍ ജന്മമേകിയിരിക്കുന്നു. എന്റെ മീരയോടൊത്ത് ഈ ജന്മം മുഴുവന്‍ പങ്കിടാന്‍.”
അദ്ദേഹം സ്വയം മറന്ന് സന്തോഷിച്ചു കൊണ്ട് പറഞ്ഞു. എന്റെ സ്‌നേഹം തിരികെ ലഭിച്ചപ്പോള്‍ മകന്റെ വേര്‍പാടിന്റെ വേദന അദ്ദേഹത്തില്‍ നിന്ന് അകന്നു പോയിരിക്കുന്നു. പതുക്കെ പതുക്കെ അദ്ദേഹം സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിക്കൊണ്ടിരുന്നു. ഒടുവില്‍ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ്ജായി വീട്ടിലെത്തി.
അന്നൊരിയ്ക്കല്‍ കോളിംഗ് ബെല്‍ തുടരെ അടിക്കുന്ന ശബ്ദം കേട്ട് ഞാന്‍ ചെന്നു നോക്കുമ്പോള്‍ കൃഷ്ണമോളായിരുന്നു. അവള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
”മമ്മിയെന്താ അദ്ഭുതത്തോടെ മിഴിച്ചു നോക്കുന്നത്.ഞാന്‍ മമ്മിയുടെ മോളാ മമ്മീ കൃഷ്ണ… മമ്മിയെന്താ വിചാരിച്ചത്. ഞാന്‍ ഇനി ഇങ്ങോട്ട് വരില്ലെന്നോ. ദേവേട്ടനോട് ഞാന്‍ നിര്‍ബന്ധം പറഞ്ഞപ്പോള്‍ ദേവേട്ടന്‍ സമ്മതിച്ചു മമ്മീ. എവിടെ പപ്പ? എനിക്ക് പപ്പയെ കാണണം.”
അവള്‍ തുടരെ സംസാരിച്ചു കൊണ്ട് ചുറുചുറുക്കോടെ അകത്തേയ്ക്കു കയറി വന്നു. സത്യത്തില്‍ ഞാനല്‍പം അമ്പരന്നു പോയി. കഴിഞ്ഞ ദിവസവും നരേട്ടന്‍ എന്നോടു പറഞ്ഞതേ ഉള്ളൂ.
”ഒരു മാസം കഴിഞ്ഞ് കൃഷ്ണമോളെ നമുക്കു പോയി വിളിച്ചു കൊണ്ടു വരണം ഓപ്പറേഷനും കാര്യങ്ങളുമായി നമ്മളവളെ മറന്നുവല്ലോ എന്ന്…’ ആദ്യത്തെ പ്രസവം പെണ്‍വീട്ടുകാരുടെ അവകാശമാണല്ലോ…’ എന്നും പറഞ്ഞു. ”നരേട്ടന്റെ ക്ഷീണമൊക്കെ മാറട്ടെ… എന്നിട്ടു നമുക്കു പോയി അവളെ വിളിച്ചു കൊണ്ടു വരാമെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ നരേട്ടന്‍ ആകുലതയോടെ പറയുകയും ചെയ്തു.
”എനിക്കവളെ കാണാന്‍ ധൃതിയായി മീരാ… എത്ര നാളായി ഞാനെന്റെ മോളെ കണ്ടിട്ട് എന്ന്. രാഹുല്‍ മോന്‍ പോയശേഷം നരേട്ടന് കൃഷ്ണമോളോടുള്ള സ്‌നേഹം കൂടി കൂടി വരികയാണ്.”
”ആരാ മീരാ… കൃഷ്ണമോളാണോ… അവളെവിടെ… അവളോടിങ്ങോട്ട് വേഗം വരാന്‍ പറയൂ”
കൃഷ്ണമോളുടെ ശബ്ദം കേട്ട് നരേട്ടന്‍ അകത്തു നിന്നും വിളിച്ചു ചോദിച്ചു.
ഒരച്ഛന്റെ ആഹ്ലാദവും, ഉല്‍ക്കണ്ഠയും ആ വാക്കുകളില്‍ നിറഞ്ഞു നിന്നു. അതെ പപ്പാ… പപ്പായുടെ കൃഷ്ണമോളാണ്.
”പപ്പായെ ഹോസ്പിറ്റലില്‍ വന്നു കാണാന്‍ എനിക്കു പറ്റിയില്ല. ദേവേട്ടന് ഈ സ്ഥിതിയില്‍ എന്നെ വിടാന്‍ മടിയായിരുന്നു. പിന്നെ പപ്പയ്ക്കും എന്നെ ഓര്‍ക്കാന്‍ സമയമില്ലായിരുന്നുവല്ലോ…’
പരിഭവം നിറഞ്ഞ അവളുടെ വാക്കുകള്‍ കേട്ടപ്പോഴാണ് താനാവയറ്റിലേയ്ക്കു സൂക്ഷിച്ചു നോക്കിയത്. അവള്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണെന്ന കാര്യം തന്നെ ഞാന്‍ ഏതാനും നാള്‍ മറന്നു പോയിരുന്നു. നരേട്ടന്റെ ഹോസ്പിറ്റല്‍ പ്രവേശനവും, അതിനെ തുടര്‍ന്നുള്ള കാര്യങ്ങളും എന്റെ ഓര്‍മ്മശക്തിയെപ്പോലും ബാധിച്ചിരുന്നു. അതിനുമുമ്പ് ഞാനും നരേട്ടനും എട്ടാം മാസത്തില്‍ അവളെ കൂട്ടിക്കൊണ്ടു വരുന്ന കാര്യവും മറ്റും ഗൗരവമായി ആലോചിച്ചിരുന്നുവെങ്കിലും അത്തരം ചടങ്ങുകളെക്കുറിച്ചൊന്നും പിന്നീട് ചിന്തിക്കാന്‍ പോലും സമയം കിട്ടിയില്ല.
നരേട്ടന്റെ ഓപ്പറേഷനായിരുന്നുവല്ലോ അതിനെക്കാളൊക്കെ ഞാന്‍ പ്രാധാന്യം കല്‍പ്പിച്ചത്. വീര്‍ത്തവയറുമായി അവള്‍ പപ്പയുടെ അടുത്ത് നടന്നെത്തി. ആ തോളില്‍ കൈവച്ച് ആഹ്ലാദം നടിച്ച് പറഞ്ഞു.
”എന്റെ പപ്പായൊരു സുന്ദരക്കുട്ടനായല്ലോ. ബൈപ്പാസ് ഓപ്പറേഷനൊക്കെ കഴിഞ്ഞപ്പോ പപ്പ ഒന്നു കൂടി ചെറുപ്പമായതു പോലെ… മമ്മിയെന്താ പപ്പയ്ക്കു വല്ല മൃതസഞ്ജീവനിയും നല്‍കുന്നുണ്ടോ?”
അവളുടെ ചോദ്യം കേട്ട് ഞാനും നരേട്ടനും, അവള്‍ തികച്ചും ആഹ്ലാദവതിയായ കൊച്ചു കുട്ടിയെപ്പോലെ ആണല്ലോ പെരുമാറുന്നത് എന്നോര്‍ത്തു പോയി.
”കൃഷ്ണമോളെ നീ വന്നുവല്ലോ. പപ്പയ്ക്കു സന്തോഷമായി. നിന്നെക്കാണാതെ പപ്പ വിഷമിച്ചിരിക്കുകയായിരുന്നു.”
”ഇപ്പോള്‍ കണ്ടില്ലേ പപ്പയുടെ പൊന്നുമോള്‍ പപ്പയെ അന്വേഷിച്ച് വന്നത്” ഇന്നിപ്പോള്‍ ഞാന്‍ മാത്രമല്ല എന്റെ കൂടെ മറ്റൊരാളും കൂടി എത്തിയിട്ടുണ്ടെന്നു മാത്രം.
”ആരാ കൃഷ്ണമോളെ അത്, ദേവാനന്ദാണോ?”
ഞാനും നരേട്ടനും ഒന്നിച്ചു ചോദിച്ചു പോയി.
”അല്ല… ദേവേട്ടനല്ല. പപ്പായുടെ പേരക്കുട്ടി. ജൂനിയര്‍ ദേവാനന്ദ് അവന്‍ ചോദിക്കുന്നു. മുത്തച്ഛനു സുഖമാണോ എന്ന്.”
”ഓഹോ… അതാണോ അപ്പോള്‍ നീ തീരുമാനിച്ചു കഴിഞ്ഞോ അതൊരാണ്‍ കുട്ടിയായിരിക്കുമെന്ന്.”
നരേട്ടന്‍ ചിരിച്ചു കൊണ്ടു ചോദിച്ചു.
”അതെ പപ്പാ. അവന്റെ ചവിട്ടും തൊഴിയുമൊക്കെ ഏല്‍ക്കുമ്പോള്‍ അറിയില്ലെ അതൊരാണ്‍കുട്ടിയാണെന്ന്. പപ്പ നോക്കിക്കോളൂ. അവന്‍ വന്നാല്‍ പപ്പായുടെ അടുത്ത് നിന്ന് മാറുകയില്ല. മുത്തച്ഛാ… മുത്തച്ഛാ എന്ന് വിളിച്ച് എപ്പോഴും അടുത്തുണ്ടാകും.”
അവളുടെ കളിതമാശകള്‍ നരേട്ടന് ഒരു എനര്‍ജി ടാബ്‌ലെറ്റ് തന്നെയായിരുന്നു. അദ്ദേഹം തന്റെ ശാരീരികവും മാനസികവുമായ എല്ലാ വിഷമതകളും മറന്ന് പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു. ഒരു പുതു ജീവിതത്തിലേയ്ക്കുള്ള കാല്‍ വയ്പുകളോടെ.
കൃഷ്ണമോളങ്ങിനെയാണ്. ഒരു പ്രത്യേക സ്വഭാവക്കാരി. പെട്ടെന്ന് ആള്‍ക്കാരെ കൈയ്യിലെടുക്കാനും അതുപോലെ കൈയ്യൊഴിയാനും അവള്‍ക്കു കഴിയും. രാഹുല്‍ മോനെപ്പോലെയല്ല കൃഷ്ണ. സ്വാര്‍ത്ഥയാണ് തന്‍കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവള്‍.
ഏതായാലും അവളുടെ കളിതമാശകള്‍ക്കിടയ്ക്ക് അല്‍പം ദിവസത്തേയ്ക്ക് ഞാനും, നരേട്ടനും വിഷമതകളെല്ലാം മറന്നു. ഞങ്ങളോടുള്ള കളിതമാശകള്‍ ഇത്തവണ അവളുടെ അഭിനയമാണോ എന്നും എനിക്കല്‍പം സംശയം തോന്നാതിരുന്നില്ല. കാരണം സ്ത്രീധനപണം കിട്ടാത്തതില്‍ അവള്‍ക്ക് ഞങ്ങളോട് നീരസമുണ്ടായിരുന്നുവല്ലോ. എന്നാല്‍ നരേട്ടന്‍ മകള്‍ കാരണം വളരെ വേഗം സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു കൊണ്ടിരുന്നു. അല്‍പം ക്ഷീണം മാത്രം ബാക്കിയായി. പക്ഷേ എല്ലാക്കാര്യങ്ങള്‍ക്കും ഞാനടുത്തു വേണമെന്ന സ്ഥിതിയായിരുന്നു. മരുന്നു സമയത്തിനു നല്‍കാനും, സമയത്തിന് ആഹാരം നല്‍കാനുമൊക്കെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഓപ്പറേഷനു ശേഷം ദിനകൃത്യങ്ങള്‍ നടത്താനും അദ്ദേഹത്തിന് എന്റെ സഹായം ആവശ്യമായിരുന്നു.
എന്നാല്‍ അതിനെക്കാളൊക്കെ എന്നെ വിഷമിപ്പിച്ചത് കോളേജിലെ ലീവിന്റെ പ്രശ്‌നമായിരുന്നു.
ലീവ് വളരെ വേഗം തീര്‍ന്നു കൊണ്ടിരുന്നു. എക്‌സാം ടൈം ആയതിനാല്‍ ഡിഗ്രി വിദ്യാര്‍ത്ഥികളുടെ പോര്‍ഷന്‍സ് വളരെ വേഗം തീരക്കേണ്ടതുണ്ടായിരുന്നു. അതിനിടയില്‍ ഇടയ്‌ക്കൊക്കെ കൃഷ്ണമോളുടെ പരാതികളും ഞാന്‍ കേള്‍ക്കേണ്ടി വന്നിരുന്നു.
”മമ്മിയ്ക്ക് എന്റെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല. ഞാന്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണെന്ന കാര്യം തന്നെ മമ്മി പലപ്പോഴും മറന്നു പോകുന്നു.”
സ്വാര്‍ത്ഥമതിയായ അവള്‍ എന്നെ അലട്ടിക്കൊണ്ടിരുന്നു. അവള്‍ക്ക് നരേട്ടന്റെ കാര്യങ്ങള്‍ക്ക് ഞാന്‍ കൂടുതല്‍ സമയം ചെലവിടുന്നതില്‍ അതൃപ്തിയുണ്ടായിരുന്നു. അത് തന്റെ പ്രിയപ്പെട്ട സ്വന്തം അച്ഛനാണെങ്കില്‍ പോലും. അവളുടെ സ്വന്തം കാര്യങ്ങളായിരുന്നു അവള്‍ക്കു വലുത്. അതുകൊണ്ട് അവളുടെ എല്ലാ കാര്യങ്ങളും കൂടി പലപ്പോഴും ഞാന്‍ ശ്രദ്ധിക്കേണ്ടി വന്നു.
അവള്‍ക്കിഷ്ടപ്പെട്ട ആഹാരം ഉണ്ടാക്കുക. അവളുടെ നല്ല ഡ്രസ്സുകള്‍ നനച്ച് കൊടുക്കുക. അവളേയും കൊണ്ട് പുറത്തു പോവുക. ഇതെല്ലാം മറ്റു ജോലികള്‍ക്കു പുറമേ ഞാന്‍ തന്നെ ചെയ്യേണ്ടി വന്നു. അതെല്ലാം മകളെന്ന നിലയില്‍ സന്തോഷപൂര്‍വ്വം ഞാന്‍ ചെയ്തു കൊടുത്തു. അങ്ങിനെ ഒരു മാസത്തോളം കടന്നു പോയി. ഡേറ്റ് അടുത്തതു കൊണ്ട് കൃഷ്ണ ഇനി പ്രസവശേഷമേ മടങ്ങി പോകുന്നുള്ളൂ എന്നു ഞാന്‍ കരുതി. ആദ്യത്തെ പ്രസവം പെണ്‍വീട്ടുകാരുടെ അവകാശമാണല്ലോ എന്നും. എന്നാല്‍ ഇതിനിടയില്‍ ഒരിയ്ക്കല്‍ പോലും ദേവാനന്ദ് അവളെ കാണാനെത്തിയില്ല എന്നത് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അതുകൊണ്ട് എന്റെ മനസ്സില്‍ ചില സംശയങ്ങള്‍ രൂപം കൊണ്ടു. മനസ്സില്‍ രൂപം കൊണ്ട സംശയം അറിയാതെ ചില ചോദ്യശരങ്ങളായി പുറത്തു വന്നു. ഒരു സ്വകാര്യ സല്ലാപത്തിനിടയില്‍ ഞാന്‍ ചോദിച്ചു.
”ദേവാനന്ദിനെ ഇതുവരെ കണ്ടില്ലല്ലോ മോളെ… ഇവിടേയ്ക്കു വരാത്തത് ഞങ്ങളോടുള്ള പിണക്കം മൂലമാണെന്ന് വിചാരിയ്ക്കാം. എന്നാല്‍ നീ ഇവിടെ വന്നശേഷം ദേവാനന്ദിന്റെ ഒരു ഫോണ്‍ കോള്‍ പോലും വന്നിട്ടില്ല. നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും കലഹങ്ങളുണ്ടായോ?
അതാണോ നീയിങ്ങോട്ട് തനിയെ വന്നത്?
എന്റെ ചോദ്യങ്ങളും സംശയങ്ങളും കേട്ട് കൃഷ്ണ വല്ലാതെ പൊട്ടിത്തെറിച്ചു.
”മമ്മീ… മമ്മീയെന്താണ് കരുതിയത്? മമ്മീയേയും പപ്പയേയും പോലെ ഞങ്ങള്‍ തമ്മിലും വഴക്കുണ്ടാക്കുമെന്നോ? ഞങ്ങള്‍ അത്തരക്കാരല്ല മമ്മീ… ദേവേട്ടന്‍ ആവശ്യമില്ലാതെ എന്നോട് വഴക്കടിക്കാറില്ല. പിന്നെ മറ്റൊരാളെ മനസ്സിലിട്ട് നിങ്ങള്‍, പപ്പയോട് വഴക്കടിക്കുന്നതു പോലെ ഞാന്‍ ദേവേട്ടനോട് വഴക്കടിക്കാറുമില്ല.”
അവള്‍ ക്രുദ്ധയായി പറഞ്ഞു നിര്‍ത്തി. അവളുടെ വാക്കുകളില്‍ വല്ലാത്ത പരിഹാസ്യത നിറഞ്ഞു നിന്നു. അവള്‍ ചെറുപ്പത്തില്‍ അനുഭവിച്ചതിനെല്ലാം എന്നോട് പകരം വീട്ടുകയാണെന്നു തോന്നി. അവളുടെ ചാട്ടവാറടിയേറ്റ് ഞാന്‍ വല്ലാതെ പുളഞ്ഞു പോയി. പണ്ടേ അവള്‍ക്ക് അക്കാര്യത്തില്‍ എന്നോട് വെറുപ്പുണ്ട്. ഓര്‍മ്മവച്ച നാള്‍ മുതല്‍ അവള്‍ കേള്‍ക്കാറുണ്ടായിരുന്ന ഞാനും, നരേട്ടനും തമ്മിലുണ്ടായിട്ടുള്ള ഏതാനും നാളത്തെ വഴക്ക് എന്തിന്റെ പേരിലായിരുന്നെന്നും അവള്‍ക്കറിയാം. എന്നാല്‍ പിന്നീട് ഞങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയപ്പോള്‍ അവളും രാഹുലും അതെല്ലാം മറക്കുകയായിരുന്നു. എന്നാലിന് മനസ്സിന്റെ അടിത്തട്ടില്‍ അവള്‍ ഇത്രകാലം ഒളിപ്പിച്ചു വച്ച എന്നോടുള്ള വിദ്വേഷം പുറത്തു ചാടുകയായിരുന്നു.
അവള്‍ക്ക് എല്ലായ്‌പ്പോഴും നരേട്ടനോടായിരുന്നു കൂടുതല്‍ അടുപ്പം. എന്നാല്‍ രാഹുലിന് അച്ഛനുമമ്മയും ഒരുപോലെയായിരുന്നു. മറ്റുള്ളവരുടെ വിഷമതകള്‍ മുതിര്‍ന്നപ്പോള്‍ അവനേയും വേദനിപ്പിക്കുമായിരുന്നു. അതുകൊണ്ടു തന്നെ എന്റെ ധര്‍മ്മ സങ്കടം അവനു മനസ്സിലാകുമായിരുന്നു. എന്നാല്‍ കൃഷ്ണയുടെ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ എവിടെയൊക്കെയോ തട്ടി പരിക്കേല്‍പ്പിച്ചു. കൂര്‍ത്തു മൂര്‍ത്ത വാള്‍മുന കൊണ്ടെന്ന പോലെ ഞാന്‍ പിടഞ്ഞു. അതിനിടയില്‍ അവളെ മറ്റു ചിലതു ബോദ്ധ്യപ്പെടുത്തുവാന്‍ മനസ്സു ദാഹിച്ചു.
”മോളെ ഒരുപക്ഷേ മോഹിച്ചത് കൈയ്യില്‍ കിട്ടിയില്ലായിരുന്നുവെങ്കില്‍ നീയും എന്നെപ്പോലെയാകുമായിരുന്നു. നിനക്ക് ദേവാനന്ദിനെ വിവാഹം കഴിച്ചു തരാന്‍ ഞാനാണ് നിന്റെ പപ്പയോട് യാചിച്ചത്.” ഞാന്‍ അവളെ ബോദ്ധ്യപ്പെടുത്തുവാന്‍ ശ്രമിച്ചു. എന്നാല്‍ അതിനും അവള്‍ തക്ക മറുപടി പറഞ്ഞു.
”എങ്കില്‍ ഞാന്‍ പപ്പയേയും മമ്മിയേയുമുപേക്ഷിച്ച് ദേവേട്ടന്റെ കൂടെപ്പോയെനേ. ഞാന്‍ സ്‌നേഹിച്ചത് അദ്ദേഹത്തെയാണ്. അദ്ദേഹത്തെ മാത്രമേ ഞാന്‍ വിവാഹം കഴിക്കുമായിരുന്നുള്ളൂ. അല്ലാതെ മമ്മിയെപ്പോലെ ഒരാളെ മനസ്സിലിട്ട് വേറൊരാളെ വിവാഹം കഴിക്കുമായിരുന്നില്ല.”
കൂര്‍ത്ത മൂര്‍ത്ത കല്ലുകള്‍ പോലെ എന്റെ നേരെ എറിയപ്പെട്ട വാക്കുകളായിരുന്നു അവയും. മുല്ലശേരി മാധവമേനോന്‍ എന്ന എന്റെ അച്ഛന്‍ എന്നെ തടവിലിട്ടതും ഫഹദ്‌സാറിനെ വിവാഹം കഴിച്ച എന്നെ നിര്‍ബന്ധപൂര്‍വ്വം അദ്ദേഹത്തില്‍ നിന്നും അകറ്റി നരേട്ടന് വിവാഹം കഴിച്ചു കൊടുത്തതുമായ കഥകളൊന്നും അവള്‍ക്കറിയില്ലല്ലോ എന്ന് ഞാനോര്‍ത്തു.
ഒരിയ്ക്കല്‍ കൂടി അതെല്ലാം പൊടി തട്ടിയെടുത്ത് എന്റെ ശവക്കുഴി തോണ്ടുവാന്‍ ഞാനപ്പോള്‍ ആഗ്രഹിച്ചില്ല. അതെല്ലാം മനസ്സിനുള്ളിലെ ശവക്കല്ലറയില്‍ മൂടപ്പെട്ടു കിടക്കട്ടെ. പപ്പയെ വഞ്ചിച്ച അപരാധിയായ ഭാര്യയായി ഞാനെന്നും അവളുടെ മനസ്സിലുണ്ടാകും സാരമില്ല. എന്റെ നരേട്ടന് എന്നെ അറിയാമല്ലോ. അങ്ങിനെയാണ് ഞാനപ്പോള്‍ കരുതിയത്. എന്റെ നിശബ്ദത പണ്ടേ അവള്‍ മനസ്സില്‍ സൂക്ഷിച്ചിരുന്ന എന്നോടുള്ള വെറുപ്പിനെ കൂടുതല്‍ ആഴമുള്ളതാക്കി.
”മമ്മിയ്ക്കിപ്പോള്‍ എന്താണ് വേണ്ടത്? ഞാന്‍ തിരിച്ചു പോകണമെന്നാണോ? അതോ ദേവേട്ടന്‍ ഇങ്ങോട്ടു വരണമെന്നാണോ? അദ്ദേഹം വരില്ല മമ്മി. അദ്ദേഹമൊരു ട്രെയിനിംഗിന് ജബല്‍പൂരില്‍ പോയിരിക്കയാണ്. ഞാനീ അവസ്ഥയില്‍ ബാംഗ്ലൂരിലെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്കു നില്‍ക്കേണ്ട എന്നു കരുതി ഞാനാണ് പറഞ്ഞത് ഇങ്ങോട്ടു പോരാമെന്ന്. അങ്ങിനെ കമ്പനിയില്‍ നിന്നും ലീവെടുത്തു പോന്നതാണ്. ഏഴാം മാസത്തില്‍ ചടങ്ങനുസരിച്ച് എന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരേണ്ടതാണ്. അതിനു നിങ്ങള്‍ക്ക് കഴിഞ്ഞില്ല. അതിന്റെ പേരില്‍ ദേവേട്ടന്റെ വീട്ടുകാരുടെ പഴിയും ഞാന്‍ കേട്ടു. എങ്കില്‍പ്പിന്നെ അവരെ തൃപ്തിപ്പെടുത്താന്‍ പപ്പയുടേയും മമ്മിയുടേയും അടുത്തു വന്ന് അല്‍പ ദിവസം സന്തോഷമായി കഴിയാമെന്നു കരുതി ഞാനിങ്ങോട്ടു വന്നതാണ്. അല്‍പ നേരത്തെ ഇടവേളയ്ക്കു ശേഷം അവള്‍ തുടര്‍ന്നു.
”സോറി മമ്മി… മമ്മിയുടെ മനസ്സിലിരുപ്പ് ഇതായിരുന്നു എന്നറിഞ്ഞിരുന്നെങ്കില്‍ ഞാനിങ്ങോട്ടു വരുമായിരുന്നില്ല. ഞാന്‍ വന്നത് മമ്മിയ്ക്ക് ബുദ്ധിമുട്ടായിക്കാണും. ഞാന്‍ നാളെത്തന്നെ മടങ്ങിക്കോളാം.”
കൃഷ്ണമോള്‍ പിണങ്ങിക്കഴഞ്ഞു. ഇനി ദേവേന്ദ്രന്‍ വിചാരിച്ചാല്‍ പോലും അവളെ ഇണക്കാനാവുകയില്ലെന്ന് എനിക്കറിയാമായിരുന്നു. അവളോടങ്ങിനെ ചോദിച്ചത് അവള്‍ ഇവിടെ കൂടുതല്‍ ദിവസം നില്‍ക്കുന്നത് എനിക്ക് ഇഷ്ടമല്ലാഞ്ഞിട്ടാണെന്നവള്‍ കരുതി. അവളുടെ തെറ്റിദ്ധാരണ മാറ്റാനായി ഞാന്‍ പറഞ്ഞു.
”ഞാന്‍ നിന്നോടങ്ങിനെ ചോദിച്ചത് ദേവാനന്ദ് ഒറ്റയ്ക്കാണവിടെയെങ്കില്‍ ഇങ്ങോട്ട് വരാന്‍ പറയാന്‍ വേണ്ടിയായിരുന്നു. വിവാഹശേം ഇതുവരെ ദേവാനന്ദ് ഇങ്ങോട്ട് വന്നിട്ടേയില്ല. ശരിയ്ക്കു പറഞ്ഞാല്‍ ഞങ്ങളവനെ ശരിയ്ക്കു കണ്ടതു കൂടിയില്ല. പിന്നെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ അവരുടെ ചടങ്ങുകള്‍ എന്തൊക്കെയാണെന്നും ഞങ്ങള്‍ക്കറിയില്ല.” എന്റെ വാക്കുകള്‍ അവളെ കൂടുതല്‍ ചൊടിപ്പിച്ചതേയുള്ളൂ.”
”ദേവേട്ടന്‍ ഇങ്ങോട്ടൊന്നും വരികയില്ല മമ്മീ. നോര്‍ത്തിന്ത്യനായ ദേവേട്ടനെ വിവാഹം കഴിയ്ക്കുന്നതില്‍ ആദ്യം നിങ്ങള്‍ക്കുണ്ടായിരുന്ന എതിര്‍പ്പ് ദേവേട്ടനറിയാം. അതുകൊണ്ടു തന്നെ ദേവേട്ടനും നിങ്ങളെയൊന്നും അംഗീകരിക്കാന്‍ കഴിയുകയില്ല. എന്നോട് വേഗം മടങ്ങിചെല്ലാന്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ജബല്‍പൂരില്‍ നിന്ന് ദേവേട്ടന്റെ മെസ്സേജ് എനിക്കു കിട്ടിയിരുന്നു. ദേവേട്ടന്‍ അടുത്തു തന്നെ മടങ്ങി വരുമെന്നറിയിച്ച്.”
ഞങ്ങള്‍ക്കവനെ ഇഷ്ടമല്ലായിരുന്നുവെന്ന് നീ തന്നെ അവനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയതല്ലെ മകളെ എന്ന് ചോദിക്കണമെന്നെനിക്കു തോന്നി. എങ്കിലും അവളോട് ഈ അവസ്ഥയില്‍ ഞാനങ്ങനെയൊന്നും ചോദിക്കരുതെന്ന് മനസ്സു ശാസിച്ചു. ഒടുവില്‍ മാപ്പപേക്ഷിക്കുന്ന മട്ടില്‍ നയപൂര്‍വ്വം അവളോടു പറഞ്ഞു.
”ഈ അമ്മ തെറ്റായിട്ടന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മോളു ക്ഷമിക്കണം. എന്റേയും ലീവ് തീരാറായി. ഒരാഴ്ച കഴിയുമ്പോള്‍ എനിക്കു കോളേജില്‍ പോയി തുടങ്ങണം. അപ്പോള്‍ നരേട്ടനിവിടെ ഒറ്റയ്ക്കാവുമല്ലോ എന്നു കരുതി വിഷമിച്ചിരിയ്ക്കുയായിരുന്നു ഞാന്‍. ഏതായാലും നീയുള്ളതു കൊണ്ട് എനിക്ക് മനഃസമാധാനമായിട്ട് കോളേജില്‍ പോയി വരാമല്ലോ, മോളൂ… കുറച്ചു ദിവസം കൂടി നീയിവിടെ താമസിയ്ക്ക്. ഇനി പ്രസവം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷം തിരിച്ചു പോയാല്‍ മതി.” അവളുടെ മുന്നില്‍ ചെന്ന് ആ താടിയില്‍ പിടിച്ച് വാത്സല്യപൂര്‍വ്വം പറയുമ്പോള്‍ അവള്‍ അല്‍പം ശാന്തയായതു പോലെ തോന്നി. എങ്കിലും അവള്‍ പിടിവാശിയിലായിരുന്നു.
”ഞാന്‍ നാളെത്തന്നെ മടങ്ങുകയാണ്. ദേവേട്ടന്‍ ഇപ്പോള്‍ ഫ്‌ളാറ്റില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഞാനിപ്പോള്‍ ചെന്നില്ലെങ്കില്‍ ദേവേട്ടനതു വലിയ വിഷമമാകും.”
എന്റെ വാക്കുകളും, അവളെ പ്രസവത്തിനു വിളിച്ചു കൊണ്ടു വരാത്തതുമെല്ലാം കൂടിച്ചേര്‍ത്ത് അവള്‍ പരിഭവത്തിലാണെന്നു മനസ്സിലായി. പെട്ടെന്ന് കലഹിക്കുന്ന പ്രകൃതമാണ് കൃഷ്ണയുടേത്. നിസ്സാര കാര്യങ്ങള്‍ മതി അവള്‍ക്ക് ഇണങ്ങാനും പിണങ്ങാനും. അവളുടെ കാര്യങ്ങള്‍ക്ക് എന്തെങ്കിലും കോട്ടം തട്ടുമെന്ന് കണ്ടാല്‍ പിന്നെ അവള്‍ പിണങ്ങിയതു തന്നെ.
കൃഷ്ണ പിറ്റേന്നു തന്നെ പെട്ടിയുമായി പടിയിറങ്ങി. കൃഷ്ണമോള്‍ പിണങ്ങിപ്പോയതില്‍ മനസ്സ് ഏറെ വേദനിച്ചു. തന്നെക്കാളേറെ നരേട്ടനായിരുന്നു വേദന കൂടുതല്‍. അവളോട് അങ്ങിനെയൊക്കെ ചോദിച്ചതില്‍ നരേട്ടന്‍ എന്നെ ശാസിക്കുകയും ചെയ്തു.
ആവശ്യമില്ലാതെ കുട്ടികളോട് അതുമിതും ചോദിക്കുകയും പറയുകയും ചെയ്യരുതെന്ന് ഞാന്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ഇന്നത്തെ കുട്ടികളാണ്. അവര്‍ നമ്മെക്കാള്‍ എല്ലാക്കാര്യത്തിലും വ്യത്യസ്തരാണ്. പെട്ടെന്നു പൊട്ടിത്തെറിക്കുന്ന പ്രകൃതക്കാരും.”
”സോറി… നരേട്ടാ… ദേവാനന്ദിനെ ഇതുവരെ ഇങ്ങോട്ടു കാണാതിരുന്നപ്പോള്‍ ഞാന്‍ അറിയാതെ ചോദിച്ചു പോയതാണ്.”
നരേട്ടനോട് ഞാന്‍ ക്ഷമ യാചിച്ചു. വീണ്ടും വീണ്ടും ക്ഷമ യാചിച്ചു കൊണ്ട് ഞാന്‍ കൃഷ്ണമോള്‍ക്ക് മെസ്സേജുകളയച്ചു. പക്ഷേ അവളുടെ മറുപടി ഉണ്ടായില്ല. ഞാന്‍ ഫോണ്‍ വിളിച്ചാല്‍ അവള്‍ എടുക്കുമായിരുന്നില്ല. അതുകൊണ്ടാണ് മെസ്സേജ് അയച്ചത്. എന്നാല്‍ ഒന്നിനു പോലും മറുപടി ഇല്ലാതെ വന്നപ്പോള്‍ നരേട്ടന്‍ എന്നെ സമാധാനിപ്പിക്കാനായി പറഞ്ഞു.
”സാരമില്ല… നമുക്ക് നേരിട്ട് ചെന്ന് അവളുടെ പിണക്കം മാറ്റിക്കളയാം. ഏതെങ്കിലും ഒഴിവു ദിനം നമുക്ക് ചെന്ന് അവളെ കൂട്ടിക്കൊണ്ടിങ്ങു പോരാം.”
അങ്ങനെ പ്ലാന്‍ ചെയ്ത് ഞങ്ങള്‍ സ്വയം സമാധാനിച്ചു.
(തുടരും)







