വിരഹം നിറഞ്ഞ നിന്റെ കണ്ണുകളിലാണ് എന്റെ ആത്മാവ് പുനർജനിക്കുന്നത്…
അവിടെയാണ് എന്റെ സ്വപ്നങ്ങളുടെ തുടർച്ചയും (പാബ്ലോ നെരൂദ)
ലോക കാവ്യസാമ്രാജ്യത്തിലെ രാജകുമാരനും ഇരുപതാം ശതാബ്ദത്തെ തന്റെ മാന്ത്രിക വിരലുകളാല്‍ കവിതയുടെ മഞ്ഞപ്പട്ടുടുപ്പിച്ച
വിശ്വപ്രസിദ്ധ ചിലിയന്‍ കവിയുമായ പബ്ലോ നെരൂദയുടെ നൂറ്റിപത്തൊമ്പതാം ജന്മദിനമാണിന്ന്.
ചിലിയിലെ പാരാലിൽ 1904 ജൂലൈ 12നാണ് നെഫ്താലി റിക്കാർഡോ റെയസ് ബസോൽറ്റോ എന്ന പാബ്ലോ നെരൂദ ജനിച്ചത്. അമ്മയുടെ അകാലവിയോഗത്തെ തുടർന്ന് അച്ഛനും രണ്ടാനമ്മയ്ക്കും ഒപ്പമായിരുന്നു നെരൂദ തന്റെ കുട്ടിക്കാലം ചിലവഴിച്ചത്.പത്ത് വയസ്സ് മുതൽക്കു തന്നെ കവിതകൾ എഴുതി തുടങ്ങി.കവിതയെഴുത്തു വിനോദം അച്ഛനറിഞ്ഞു വഴക്കു പറയാതിരിക്കാനായി പതിനാറാം വയസ്സിൽ നെഫ്താലി സ്വീകരിച്ച തൂലികാനാമമായിരുന്നു പാബ്ലോ നെരൂദ.പ്രസിദ്ധ ചിലിയൻ കവി ഗബ്രിയേല മിസ്റ്റ്രലിന്റെ സാഹിത്യാഭിരുചികൾ ചെറുപ്പം മുതൽക്ക് തന്നെ നേരൂദയെ ആകർഷിച്ചിരുന്നു. ബര്‍മ്മ,ശ്രീലങ്ക,സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാനപതിയായി നെരൂദ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇക്കാലയളവിലും അദ്ദേഹം കവിതാരചന തുടര്‍ന്നിരുന്നു. പിന്നീട് രാജ്യത്തേക്ക് മടങ്ങി രാഷ്ട്രീയത്തില്‍ സജീവമായി.
1929-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊല്‍ക്കത്ത സമ്മേളനത്തില്‍ സൗഹൃദപ്രതിനിധിയായി അദ്ദേഹം പങ്കെടുത്തിരുന്നു.
ഭാവഗീതങ്ങളായിരുന്നു നെരൂദയുടെ കവിതകളിലേറെയും.ചിന്തകളെ സ്വതന്ത്രമായി വിഹരിക്കാനുളള ഉപാധിയോടൊപ്പം തന്റെ രാഷ്ട്രീയ ആശയത്തെ പിന്തുണക്കാനുളള ശക്തമായ ആയുധമായും നെരൂദ തന്റെ കവിതകളുടെ പിന്തുണ തേടി. ചിലിയൻ ജനതയുടെ പ്രശ്നങ്ങളും ഓരോ കാലഘട്ടത്തിന്റെ ചരിത്രവും നെരൂദയുടെ കവിതകളുടെ മുതൽകൂട്ടായിരുന്നു. കാൽപ്പനികയും ഉത്തരാധുനികതയും പ്രതിഫലിപ്പിക്കുന്നവ കൂടിയായിരുന്നു നെരൂദയുടെ കവിതകള്‍.ബുക്ക് ഓഫ് ട്വിലൈറ്റ്, ട്വന്റി ലവ് പോയംസ്, റെസിഡൻസ് ഓൺ എർത്ത്, ആർട്ട് ഓഫ് ബേർഡ്സ്, സ്റ്റോൺസ് ഓഫ് ചിലി, ദി ഹൗസ് ഇൻ ദി സാൻഡ് ,വിന്റർ ഗാർഡൻ എന്നിവ നെരൂദയുടെ പ്രശസ്തമായ കവിതകളാണ്.
ചിലിയിലെ സോഷ്യലിസ്റ്റ് പ്രസിഡന്റ് സാൽവദോർ അലെൻഡെയുടെ ഉറ്റസുഹൃത്ത് കൂടിയായിരുന്നു നെരൂദ. നോബൽ സമ്മാനം ലഭിച്ച് തിരിച്ചുവന്നപ്പോൾ അലെൻഡെ നെരൂദയെ ചിലിയിലെ ദേശീയ ഫുട്ബോൾ സ്റ്റേഡിയത്തിലേക്കു 70,000 ആളുകളുടെ മുന്നിൽ കവിത ചൊല്ലുവാനായി ക്ഷണിച്ചു. ലോകചരിത്രത്തിലെ തന്നെ ഏറ്റവുമധികം ആളുകൾ കേട്ട കവിതാ പാരായണമായി ഇത് വിശേഷിപ്പിക്കപ്പെട്ടു. 1973ൽ ചിലിയിലെ മൊണേഡാ കൊട്ടാരത്തിൽ പട്ടാളഅട്ടിമറിയുടെ ഭാഗമായി ബോംബ് സ്ഥോടനം നടക്കുകയും അലെൻഡെ കൊല്ലപ്പെടുകയും ചെയ്തു. അലെൻഡെയുടെ മരണം നെരൂദയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. മാതൃരാജ്യത്തിനേറ്റ ആഘാതത്തിൽ മനംനൊന്ത് 1973ൽ ആ കാവ്യജീവിതം അവസാനിച്ചു.
About The Author
No related posts.