(ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഗ്രൂപ്പിൽ ശ്രീമിഥില വ്യാഴച്ചിമിഴിയിൽ പ്രണയം തോന്നിയ കഥാ പാത്രങ്ങളെക്കുറിച്ചെഴുതിയ ആസ്വാദനം)
ശ്രീ കാരൂർ സോമൻ എന്ന പ്രസിദ്ധനായ സാഹിത്യകാരന്റെ, ദീപികയിൽ വന്ന ഒരുകോടി രൂപ എന്ന കഥയിലെ ഫിജോ വർക്കി മണ്ടൻ എന്ന കഥാപാത്രം എന്നിൽ വളരെ താല്പര്യമുണ്ടാക്കിയ ഒരു കഥാപാത്രമാണ്. ബുദ്ധിജീവിയായ അദ്ദേഹം സാഹിത്യലോകത്തോടുള്ള ഒരു പ്രതിഷേധംപോലെ ‘മണ്ടൻ’ എന്ന തൂലികാനാമം സ്വീകരിച്ചത് നമ്മിൽ പലചോദ്യങ്ങളും ഉരുത്തിരിയാൻ കാരണമാകുന്നു. വലിയൊരു വിമർശനമാണ് ഇതിലൂടെ കഥാകാരൻ നമുക്ക് തരുന്നത്. വായനക്കാർക്കു ചിന്തിക്കാൻ പലതും സമ്മാനിക്കുന്ന, പ്രത്യേകതയുള്ള ഫിജോ സാഹിത്യരംഗത്തെ തട്ടിപ്പുകളും തകർച്ചകളും ചൂണ്ടിക്കാണിക്കുന്ന ഒരു ബുദ്ധിമാനായ മണ്ടനാണ്.
പണക്കാരായ എഴുത്തുകാരിൽനിന്നും പണം തട്ടിയെടുക്കുന്ന ഒരു മാഫിയതന്നെ ഈ ഫീൽഡിൽ ഇന്ന് നിലനിൽക്കുന്നു.
ഒരു കോടി രൂപ കൊടുത്തില്ലെങ്കിൽ നാണംകെടുത്തുമെന്നു പറഞ്ഞ് ഓലപ്പാമ്പ്കാട്ടി ഭീഷണിപ്പെടുത്തുന്ന ഇക്കൂട്ടർ അദ്ദേഹത്തിന്റെ മുന്നിൽ പരാജയപ്പെടുകയാണ്.
എത്രയോ ഉൾക്കാമ്പുള്ള എഴുത്തുക്കളെ പട്ടത്തിന്റെ ചരടറുക്കുംപോലെ നിസ്സാരമായി പറത്തിവിടാനും പ്രിയപ്പെട്ടവരുടെ എഴുത്തുകളെ ക്ലാവുപിടിച്ച ഓട്ടുകിണ്ടി വെളുപ്പിച്ചെടുക്കുംപോലെ വാക്കുകൾകൊണ്ട് തേച്ചുമിനുക്കാനും സാധിക്കുന്ന സാഹിത്യരംഗത്ത് പലതും കണ്ടില്ലെന്നുനടിക്കുന്ന സാധാരണ എഴുത്തുകാരനാവാൻ ഇദ്ദേഹത്തിന് കഴിയാതെ വരുന്നു. വെറും എഴുത്തുകുത്തുകളുമായി നിലംപതിക്കുന്ന എഴുത്തുകാരെ ഇവിടെ ഈ കഥാപാത്രത്തിലൂടെ കഥാകാരൻ നമുക്കു കാട്ടിത്തരുന്നു. കത്തിക്ക് പകരം വീഡിയോകൾ കാട്ടി ഭയപ്പെടുത്തുന്ന ഇക്കൂട്ടർ കുതന്ത്രങ്ങൾ മെനയുന്ന കുടിലബുദ്ധികളാണ്.
ഫിജോ വെല്ലുവിളികൾ ഏറ്റെടുത്തു ധൈര്യത്തോടെ മുൻപോട്ടുപോകുമ്പോൾ അയാളോട് വായനക്കാരന് ആരാധന ഉണ്ടാവുന്നു.
നല്ല വായനക്കാർ നല്ലത് കൈനീട്ടി വാങ്ങുമെന്നിരിക്കെ ഫിജോ എന്ന ധീരനെ ആർക്കും തോൽപ്പിക്കാൻ സാധിക്കുന്നില്ല. ആത്മവിശ്വാസത്തോടെ മുൻപോട്ടു പോകുന്ന ഫിജോ സാഹിത്യ രംഗത്തെ ജയന്മാർക്ക് ഒരു ഭീഷണി തന്നെയാണ്. ഫലമുള്ള മരത്തിനു ഏറുകിട്ടും തീർച്ച. തളരരുത് . അതാണ് ഫിജോയിലൂടെ നമുക്ക് ലഭ്യമാകുന്നത്.
ഫിജോ അടിപൊളി അല്ലേ കൂട്ടുകാരെ
ഇതുപോലെ എന്തും തുറന്നെഴുതുന്ന സാഹിത്യ പ്രതിഭകൾ സാഹിത്യത്തിനു മുതൽ കൂട്ടാവട്ടെ.
ശ്രീ കാരൂർ സോമൻ ജി യുടെ കഥ ഒപ്പം ചേർക്കുന്നു
കഥ……ഒരു കോടി രൂപ
(കാരൂർ സോമൻ, ചാരുംമൂട്)
രാത്രി നന്നേ കനത്തു. ലണ്ടൻ നഗരം മഞ്ഞിൽ കുളിരുപടർത്തി ഒഴുകിക്കൊണ്ടേയിരുന്നു. ബാറുകളിൽ തിരക്ക് വർദ്ധിച്ചു വരുന്നു. സ്വദേശത്തും വിദേശത്തും അറിയപ്പെടുന്ന ഒരു സാഹിത്യകാരനാണ് ‘ഫിജൊ വർക്കി മണ്ടൻ’. ഒരിക്കല്‍ ഒരു സാംസ്കാരിക പരിപാടിയില്‍ പങ്കെടുത്ത് വരുന്ന വഴിക്ക് ഒരാള്‍ ചോദിച്ചു :
“ബുദ്ധിജീവിയായ താങ്കൾ എന്തിനാണ് മണ്ടൻ എന്ന തൂലികാ നാമം സ്വീകരിച്ചത്?
ആദ്യം രൂക്ഷമായി നോക്കിയെങ്കിലും ആ മുഖത്തെ നിഷ്കളങ്ക ഭാവം കണ്ട് കുസൃതിച്ചിരിയോടെ പറഞ്ഞു.
“എവിടെ നോക്കിയാലും കുറെ മന്ദബുദ്ധികളായ എഴുത്തുകാർ. ആ കുട്ടത്തിൽ ഒരു ‘മണ്ടൻ’ ഇരിക്കട്ടെ”, എന്ന് കരുതി!
സത്യത്തിൽ ഫിജൊ അതൊരു ബഹുമതിയായിട്ടാണ് കൊണ്ടുനടക്കുന്നത്. സാഹിത്യ ലോകത്ത് ഉന്നതങ്ങളിലെത്താൻ വളരെ ദീര്‍ഘവീക്ഷണത്തോടെ താൻ കണ്ടെത്തിയ പേരാണത്.
ജനൽപ്പാളികളിൽ കാറ്റിനോടൊപ്പം തണുപ്പും അരിച്ചരിച്ചിറങ്ങുന്നുണ്ടായിരുന്നു . ഫിജൊ, ഒരു തട്ടിപ്പിന്റ കഥ കംപ്യൂട്ടറിൽ തയ്യാറാക്കിക്കൊണ്ടിരിക്കെ സുഹൃത്തായ വിപിൻ ഫോണിൽ വിളിച്ചു പറഞ്ഞു.
“അച്ചായനെ സംബന്ധിച്ച ഒരു വീഡിയോ ഞാൻ ഇ-മെയിലിൽ അയച്ചിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ.
വിപിന്റെ ശബ്ദത്തിന് നല്ല പതർച്ച തോന്നി. വീഡിയോ ഉണ്ടാക്കിയ ജയൻ എന്നയാളുടെ ഫോൺ നമ്പർ തന്നിട്ട് സംസാരിക്കാൻ പറഞ്ഞു. ഞാൻ ഇ-മെയിൽ തുറന്നു. അത്ഭുതംകൂറുന്ന മിഴികളോടെ ഏകദേശം മൂന്നര മിനിറ്റ് ദൈർഘ്യമുളള വീഡിയോ മുഴുവൻ കണ്ടു. ഫിജൊന് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. അയാളുടെ ഓരോ രോമവും എഴുന്നുനിന്നു.
വീഡിയോയിൽ ജയൻ എന്നയാൾ ആരോപിക്കുന്നത് അയാളുടെ ഇന്റര്‍നെറ്റ് ബ്ലോഗില്‍ നിന്നും നാലര പേജ് യാത്രാ വിവരണം എന്റെ ലേഖനത്തില്‍ വന്നിട്ടുണ്ടത്രേ. ഫിജൊ കുറേ നിമിഷങ്ങൾ
ആലോചനാനിമഗ്നനായി. മനസ്സ് ആശങ്കപ്പെട്ടിരിക്കെ വിപിൻ തന്ന നമ്പറിൽ ജയനെ വിളിച്ചു.
മറുതലക്കൽ നിന്ന് കേട്ടു – ഹലോ, ജയനാണ് സംസാരിക്കുന്നത്…..
ഞാൻ, ഫിജൊ. നിങ്ങളുടെ വീഡിയോ കണ്ടിരുന്നു. നിങ്ങളുടെ ആരോപണങ്ങളും കേട്ടു. ഞാൻ കുറച്ച് ഗൗരവത്തോടെ, എന്നാൽ ശാന്തനായി ചോദിച്ചു:
“താങ്കളുടെ ഉദ്ദേശമെന്താണ്?”
ഫോണിന്റെ മറുതലക്കൽ നിന്ന് അയാൾ തീവ്രമായ ശബ്ദത്തിലറിയിച്ചു (ആക്രോശിക്കുകയായിരുന്നോ, എന്ന് സംശയം)
“എനിക്ക് ഒരു കോടി രൂപ വേണം. ഇല്ലെങ്കിൽ നിങ്ങളുടെ എഴുത്തു് ഞാനവസാനിപ്പിക്കും”
അപ്പോഴതാണ് കാര്യം. ഇതിലൂടെ അയാളുടെ മനസ്സിലിരിപ്പ് പിടികിട്ടി.
കേരളത്തിൽ ഒരു മാഫിയ സംഘം വിദേശ എഴുത്തുകാരെ ‘ബ്ലോഗ്’ എന്ന ഓല പാമ്പിനെ കാട്ടി പണം പിടുങ്ങുന്നുണ്ടെന്ന് കേട്ടിട്ടുണ്ട്.
ഉളളിൽ ദേഷ്യം നുരഞ്ഞ് പൊന്തുന്നുണ്ടായിരുന്നെങ്കിലും, അയാൾ പറഞ്ഞതെല്ലാം നിശ്ശബ്ദനായി കേട്ടിരുന്നു. ഞാൻ ഗൗരവത്തോടെ പറഞ്ഞു:
“ഞാനെഴുതിയത് സർഗ്ഗ സാഹിത്യമല്ല മറിച്ച് വൈജ്ഞാനിക-വിവരങ്ങളുടെ പുസ്തകം മാത്രമാണ്. ഈ ശ്രേണിയിലുളള പുസ്തകങ്ങൾ എഴുതാൻ ഈ കംമ്പ്യൂട്ടർയുഗത്തിൽ എല്ലാവരും ഇന്റര്‍നെറ്റിനെ (ഗൂഗിളും വിക്കിപീഡിയയും) അവലംബിക്കാറ് പതിവാണ്. അത് ഒരു കുറ്റകരമായ പ്രവര്‍ത്തിയായി നിയമം അനുശാസിക്കുന്നില്ല. പിന്നെന്താ?”
തണുത്തതൊന്നും കഴിക്കരുതെന്ന ഡോക്ടറുടെ നിർദ്ദേശത്തെ പാടെ അവഗണിച്ചുകൊണ്ട് ഞാൻ ഫ്രിഡ്ജ് തുറന്ന് കുറച്ച് തണുത്ത വെളളം എടുത്തു മടമടാന്ന് കുടിച്ച്, കുറച്ചുകൂടി ശാന്തത കൈവരുത്തി.
ആദ്യം വീഡിയോ അത്ഭുതപ്പെടുത്തി, ഇപ്പോൾ നാലര പേജുവരുന്ന ഒരു ‘വിവരണ കുറിപ്പിന്’ അഥവാ ‘വിവരണ ലേഖനത്തിന്’ ഒരു കോടി ചോദിച്ചപ്പോഴാണ് കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ!! പ്രഷറിനുളള ഗുളിക സമയാസമയങ്ങളിൽ കഴിക്കുന്നത് നന്നായി എന്ന് ഫിജൊന് തോന്നി.
ഗുണ്ടകൾ കത്തി, തോക്ക് മുതലായ മാരകായുധങ്ങൾ കാട്ടി ഭയപ്പെടുത്തുമ്പോൾ, കടലാസ് പുലികൾ വീഡിയോകളിറക്കി കൊളളയടിക്കാൻ ശ്രമിക്കുന്നു. അന്യരുടെ പണം തട്ടിയെടുക്കാൻ എന്തെല്ലാം കുതന്ത്രങ്ങളാണ് ഈ കലിയുഗത്തിൽ മനുഷ്യർ മെനയുന്നത് ദൈവമേ! ഫിജൊ തെല്ല് പരിഹാസത്തോടെ മനസ്സിലോർത്തു. മലയാള ഭാഷയിലെ ആധുനിക കണ്ടുപിടുത്തമെന്ന് തോന്നി.
വിദേശത്തുള്ള ചില അഭിനവ എഴുത്തുകാർ ഈ ഗുണ്ടകളുടെ കളിപ്പാവകളായി മാറി കേരളത്തിൽ കൊളളയടിയും / പിടിച്ചുപറിയും ഒരു വ്യവസായമാക്കി മാറ്റിയിരിക്കുന്നു. ഇതൊന്നും ഇപ്പോഴും സാഹിത്യലോകത്തെ പല പ്രമുഖരുടേയും ശ്രദ്ധയിൽ പെട്ടിട്ടില്ല.
ഒരു കോടി വാങ്ങി ആനന്ദോത്സവം നടത്താനിരുന്ന ജയൻ നിരാശനായതോടെ സമൂഹ മാധ്യമങ്ങളിൽ കൂട്ടം ചേർന്ന് ഫിജൊനെ കൊട്ടാനും പാടാനും തുടങ്ങി. പല, പല കിംവദന്തികൾ പരന്നു. നാലര പേജ് നാല്പതായി. പല, പല കഥകൾ മെനഞ്ഞു. കൊട്ടുന്ന താളത്തിന് തുള്ളാൻ സമൂഹ മാധ്യമങ്ങളില്‍ ആസ്വാദകർ ഏറെ ആണല്ലോ? കഥയറിയാതെ ആട്ടം കാണുന്നവർ!!
ഫിജൊനെ വ്യക്തിഹത്യ നടത്തുന്നത് ചില പ്രമുഖ എഴുത്തുകാരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അവർ ഫോണിൽ വിളിച്ചു സാന്ത്വനമേകി. ഫിജൊന് മുന്നിൽ ശത്രുക്കളുണ്ടെങ്കിലും പിന്നിൽ എഴുത്തുകാരനെ സ്‌നേഹിക്കുന്ന ധാരാളം മനുഷ്യസ്നേഹികളും ഉണ്ടായിരുന്നു. അവരിലൊരാൾ പറഞ്ഞു:
“എഴുത്തുകാർ വെല്ലുവിളികൾ ഏറ്റെടുക്കുന്നവരാണ്. ‘മാങ്ങയുള്ള മാവിലാണ് ഏറ് കിട്ടുന്നത്.’ എന്നിരുന്നാലും ആരെയും ഇങ്ങനെ ആക്രമിച്ചതായി കേട്ടിട്ടില്ല. അഞ്ചു് വർഷങ്ങൾ പിന്നിട്ടിട്ടും, വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ പിന്നിൽ ഗുഢലക്ഷ്യങ്ങളാണെന്ന് ആർക്കാണ് മനസ്സിലാകാത്തത്?”
മറ്റുള്ളവരുടെ മനസ്സമാധാനം നഷ്ടപ്പെടുത്താനാണോ, ഗുഡാലോചനയുടെ ഭാഗമായാണോ, പണത്തിനാണോ, അതൊ പ്രമുഖരുടെ പേരിൽ കീർത്തി നേടാനായാണോ, എന്താണെന്നറിയില്ല ജയൻ പ്രതീക്ഷിക്കാത്ത വിധം, ‘എഴുത്തു് അവസാനിപ്പിക്കും’ എന്ന വെല്ലുവിളി ഏറ്റെടുത്ത ഫിജൊന്റെ സാഹിത്യ സൃഷ്ടികൾ അനവരതം വായനാലോകത്തിന്, പ്രത്യേകിച്ച് നല്ലവരായ മലയാളി സമൂഹത്തിന്, ഒരു തടസ്സവും ഇല്ലാതെ ലഭ്യമായിക്കൊണ്ടിരുന്നു. സാഹിത്യ ലോകം രണ്ട് കൈയ്യും നീട്ടി ഫിജൊന്റെ സൃഷ്ടികൾ സ്വീകരിക്കുന്നത് കണ്ട ജയനെന്ന കപട സാഹിത്യകാരന്റെ ഹൃദയത്തിൽ അത് വലിയ ആഘാതങ്ങൾ സൃഷ്ടിച്ച് കൊണ്ടേയിരുന്നു. എന്നാലും അയാൾ വെറുപ്പിന്റെ, ഈർഷ്യയുടെ തിരി സമൂഹ മാധ്യമങ്ങളില്‍ കത്തിച്ചുകൊണ്ടിരിക്കാൻ മറന്നില്ല.
സമൂഹ മാധ്യമങ്ങളിൽ, കടിഞ്ഞാണില്ലാത്ത കുതിരപ്പുറത്തു് പാഞ്ഞു നടക്കുന്ന, ഹൃദയത്തിൽ തെല്ലും നനവില്ലാത്ത ചില ജയൻമാരെ ഓർത്ത് ഫിജൊ നിമിഷങ്ങളിരിന്നു.
എങ്ങും നിശ്ശബ്ധത പരന്നു. മഞ്ഞിൽ മങ്ങിയ നിലാവിൽ മനസ്സിനെ ദുർബലപ്പെടുത്താതെ, തയ്യാറാക്കിക്കൊണ്ടിരുന്ന തട്ടിപ്പിന്റെ കഥ ഫിജൊ കമ്പ്യൂട്ടറിൽ തുടർന്നു.
About The Author
No related posts.