മോക്ഷം പൂക്കുന്ന താഴ് വര – മോഹൻദാസ്, മുട്ടമ്പലം

Facebook
Twitter
WhatsApp
Email

 

മനുഷ്യമനസ്സുകളിലൂടെയുള്ള സഞ്ചാരമാണ് ലാലി രംഗനാഥിൻ്റെ മോക്ഷംപൂക്കുന്ന താഴ്‌വര. ഈ നോവലിലെ എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഒരു സംഗമബിന്ദു വേർപാടുകളുടെ അനിർവ്വചനീയമായ വിഷാദമാണ്.

സന്ധ്യയെ വാരിയണിഞ്ഞു നിൽക്കുന്ന ഹിമകൂടത്തിന്‍റെ ദൃശ്യം പോലെ അത്രമേൽ ഏകാന്തതയും ആനന്ദകരമായ വേദനയും ഈ നോവലിലെ മനുഷ്യകഥ നൽകുന്നുണ്ട്. മലയാളത്തെ കവർന്നുനിൽക്കുന്ന ഒരു ഭാരതീയ ഭാവം ഈ രചനയ്ക്കുണ്ട്. മഞ്ഞുപാളികൾക്കിടയിൽ മറഞ്ഞിരിക്കുന്ന സമുദ്രത്തിന്‍റെ മുഴക്കം കേൾക്കുന്നതുപോലെ ഒരനുഭവം മോക്ഷംപൂക്കുന്ന താഴ് വരയുടെ വായന നൽകുന്നുണ്ട്.

മനസ്സിൽ കുരുക്കുന്ന കഥാപാത്രങ്ങളുടെ സൃഷ്ടിയിലേക്ക് മാനുഷിക ചിന്തകൾക്കതീതമായി സംഭവിക്കപ്പെടുന്ന കാൽപ്പനികഭാവങ്ങളെ യുക്തിഭദ്രമായി കൂട്ടി യോജിപ്പിച്ചെടുക്കുമ്പോൾ സൃഷ്ടിയുടെ മൂല്യം ഉയരണമെങ്കിൽ അതിന് ആ സൃഷ്ടികർത്താവിൻ്റെ കൈയടക്കവും ചാരുതയുമുള്ള ശൈലിയും അത്യന്താപേക്ഷിതമാണ്.

അനാഥത്വത്തിൻ്റെ മാനസിക വ്യവഹാരങ്ങൾ അനുവാചക സമക്ഷം യുക്തിഭദ്രമായി അവതരിപ്പിക്കുന്നതിനായി ‘ അമാല്‍ എന്ന കഥാപാത്രത്തിലൂടെ സൃഷ്ടികർത്താവിനു കഴിഞ്ഞു. ” ദീപു ഡോക്ടർ’ എന്ന കഥാപാത്രത്തിലൂടെ തൻ്റേതല്ലാത്ത കാരണങ്ങളാൽ ജീവിതവൈകല്യങ്ങളുടെ ബലിയാടാകേണ്ടി വരുന്ന ദുരവസ്ഥയെ മികവുറ്റ രീതിയിലെഴുതി ഫലിപ്പിക്കുന്നതിനും കഥാകാരിയ്ക്ക് കഴിഞ്ഞു. കരൾ പറിച്ചെടുത്തുകാട്ടുന്ന ആത്മാർത്ഥതയോടെയും തീവ്രതയോടെയും കഥാകാരിയായ ലാലി രംഗനാഥ് കഥയുടെ ആത്മാവിലേക്കു നേരെ കടന്നുചെല്ലുകയും വായനക്കാരെ കൂടെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു.

“മോക്ഷം പൂക്കുന്ന താഴ് വര’ എന്ന നോവലിന്‍റെ വായനാനുഭവം ഇത്തരത്തിലുള്ള ഒരു അനുഭവവേദ്യത അനുവാചകരിലെത്തിക്കുന്നുണ്ടെന്നത് കഥാകാരിയുടെ വിജയം തന്നെയാണ്. കൈവിരൽത്തുമ്പിലുതിരുന്ന അക്ഷരങ്ങളിലൂടെ തൻ്റെ മനസ്സി ലൊഴുകുന്ന ഭാവനയെ ചടുല ഭാഷയിൽ വായനയുടെ ഇമ്പ മേറ്റിക്കൊണ്ട് ഏഴുതിപ്പോകുന്ന ഒരു ശൈലിയാണ് ലാലി രംഗനാഥിൻ്റേത്.

മുൻവിധികളില്ലാതെ താനേ വാർന്നു വീഴുന്നുവെന്ന പ്രതീതി ജനിപ്പിക്കും വിധത്തിലുള്ളതാണ് ലാലി രംഗനാഥിൻ്റെ കഥയും കഥാപാത്രങ്ങളും. അമാൽ
ഡോ. ദീപു , നവാസ് എന്ന നവി എന്നീ മൂന്നു കഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

സത്യസന്ധത അതിന്‍റെ മുഖമുദ്രയായി നമുക്കനുഭവപ്പെടുന്നു. തിരഞ്ഞെടുക്കുന്ന പ്രമേയങ്ങളുടെ അസാധാരണത്വം, മൊത്തത്തിൽ പാലിക്കുന്ന മിതത്വം, കഥപറയുന്നതിൽ തെളിയുന്ന നിസ്സംഗത എന്നിവ ഈ കഥാകാരിയുടെ നോവലിന് കൂടുതൽ കരുത്തു നൽകുന്നു. പ്രത്യേക രീതിയിലുള്ള മാനസികാവസ്ഥകളാണ് ഓരോ കഥാപാത്രവും നമ്മെ അനുഭവിപ്പിക്കുന്നത്. നായകനായ ദീപുവിന്‍റെ ജീവിതവഴികളിലെല്ലാം ഒരു ഭീതിജനകവും അസാധാരണവുമായ മാനസികാവസ്ഥ കാണാന്‍ കഴിയും, നോവലിന്‍റെ ആറാം ഭാഗത്തിലെ ഇരട്ടമുഖം അക്ഷരാര്‍ത്ഥത്തില്‍ അനുവാചകനെ ഭീതിയുടെ താഴ് വരയിലേക്ക് വലിച്ചെറിയും. വായനയിലൂടെ മാത്രം അറിഞ്ഞിരുന്ന ശവഭോഗം എന്ന ഹീനകര്‍മ്മം തന്‍റെ മുന്‍കാമുകിയായ കൃഷ്ണയുടെ ജീവനറ്റശരീരത്തില്‍ ചെയ്യുന്ന ദീപു അനുവാചകമനസ്സില്‍ ഒരു നടുക്കമാവുന്നുണ്ട്. ഈ സംഭവം നോവലില്‍ ഉപയോഗിച്ചതിനെക്കുറിച്ച് നോവലിസ്റ്റിന്‍റെ വിശദീകരണം –

മൂന്ന് വർഷം മുൻപ് ഒരു സുഹൃത്ത്‌ എന്നോട് പറഞ്ഞ ഒരു കാര്യമാണ് ശവഭോഗം എന്നൊരു നീച പ്രവർത്തിയെക്കുറിച്ച്. അവന്‍റെ കസിൻ ഒരു ഡോക്ടർ മദ്യം കഴിച്ചിരുന്നപ്പോൾ പറഞ്ഞത്രേ അയാൾ അതനുഭവിച്ചിട്ടുണ്ടെന്നും അതി സുന്ദരിയായ ഒരു പെൺകുട്ടിയായിരുന്നു അതെന്നും മറ്റും.. എനിക്ക് കേട്ടറിവ് പോലുമില്ലാതിരുന്ന ഇക്കാര്യം ഫ്രണ്ട് ഉറപ്പിച്ചു പറഞ്ഞപ്പോൾ മനസ്സിൽ തോന്നിയതാണ് ഈ നോവൽ.

പക്ഷേ സ്വബോധത്തോടെ ഒരാൾ ഇത് ചെയ്യില്ല എന്ന വിശ്വാസത്തിൽ നിന്നാണ് ദീപു രൂപം കൊണ്ടത്. ഒരിക്കലും എന്റെ കഥാപാത്രം ഒരു നീചനായി കാണാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല.. ആ ചിന്തകളാണ് മോക്ഷം പൂക്കുന്ന താഴ്‌വര

പ്രസാധകർ : ഐവറി ബുക്സ് തൃശ്ശൂർ

വില: 150 രൂപ

About The Author

Leave a Reply

Your email address will not be published. Required fields are marked *