കാലത്തിന്‍റെ എഴുത്തകങ്ങള്‍ – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

Facebook
Twitter
WhatsApp
Email
മനസ്സിന്‍റെയും വാക്കിന്‍റെയും വില
കവിതയില്‍ കലാപരമായ സത്യത്തെ സംബന്ധിച്ച് വ്യത്യസ്തങ്ങളാണ് രണ്ട് അഭിപ്രായങ്ങള്‍ നിലവിലുണ്ട്. അതിന്‍റെ വിശദാംശങ്ങളിലേക്ക് തല്‍ക്കാലം കടക്കുന്നില്ല. എന്നാല്‍ കാവ്യകലയെ സംബന്ധിച്ച് അടിസ്ഥാനപരമായ തീരുമാനങ്ങള്‍ അരിസ്റ്റോട്ടില്‍ ഉള്‍പ്പെടെയുള്ള മഹാപണ്ഡിതന്മാര്‍ എടുത്തിട്ടുള്ളത് ഇത്തരമൊരു ചര്‍ച്ചയില്‍ സൂചിപ്പിക്കാതെ കടന്നു പോകുന്നതും ശരിയല്ല. എന്നാലതും ദീര്‍ഘമായ സംവാദത്തിന്‍റെ ഒരു വേദിയൊരുക്കും. എന്നതിനാല്‍ അതിനു മുതിരുന്നില്ല. എന്നാല്‍ കാവ്യകലയില്‍ മനസ്സിന്‍റെ വാക്കിന്‍റെയും (ജ്യെരവല മിറ ംീൃറ) പരസ്പരബന്ധത്തിന്‍റെ സാകല്യം കവിതയെ എത്രത്തോളം കരുത്താക്കുന്നു എന്നതിന്‍റെ അടയാള വാക്യങ്ങള്‍ ലളിതമായി തന്നെ ചര്‍ച്ചയ്ക്ക് കാരണം ഇവിടെ പ്രസക്തി കാരൂരിന്‍റെ കവിതകളാണ്. സര്‍ഗ്ഗശക്തിയുള്ള ഉള്‍ക്കാമ്പുള്ള എല്ലാ കവിതകളിലും ഇത്തരമൊരനുഭവത്തിന്‍റെ ഐക്യപ്പെടല്‍ കണ്ടെത്താനാകും. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചാലകശക്തി സത്യത്തിനോടും സൗന്ദര്യത്തിനോടുമുള്ള അദമ്യമായ സ്നേഹമാണ്. കാരൂരിന്‍റെ കവിതകളെ മാറിമാറി ഭരിക്കുന്ന സദ്വികാരങ്ങള്‍ സത്യവും സ്നേഹവുമാണ്. ഇതിന്‍റെ ഏറ്റക്കുറച്ചിലുകളില്‍ നിന്നാണ് കാരൂരിലെ കവി മറ്റു വികാരപ്രപഞ്ചങ്ങളിലേക്ക് കടക്കുന്നത്. കവിതയുടെ ധര്‍മ്മത്തെക്കുറിച്ചും നീതിയെക്കുറിച്ചും അനുഭൂതിയെക്കുറിച്ചും നീതിയെക്കുറിച്ചും അനുഭൂതിയെക്കുറിച്ചും സാമൂഹികപരിവര്‍ത്തനത്തിനുള്ള മാര്‍ഗ്ഗമായും മനുഷ്യബോധത്തില്‍, സംസ്കാരത്തില്‍ അതു ലക്ഷ്യം വയ്ക്കുന്ന സുമാര്‍ഗ്ഗങ്ങളെക്കുറിച്ചും ഈ കവി സദാ ജാഗരൂകനാണ്. ഈ ജാഗരൂകതയാണ് ഉടലിന്‍റെയും ആത്മാവിന്‍റെയും പ്രത്യാശഘടനകളെ ഉടച്ചുവാര്‍ത്തുകൊണ്ട് കവിതയെ നവീനതയെ അനുഭവകാവ്യങ്ങളാക്കിത്തീര്‍ക്കു              ന്നത്. ഇത്തരം സ്വാതന്ത്ര്യപ്രഖ്യാപനങ്ങള്‍ കാവ്യാസ്വാദനത്തിലും അനുഭവത്തിലും സംഭവിക്കുന്ന പരിണാമങ്ങളുടെ ഭാഗമാണ്.  ഇങ്ങനെ അനുഭവത്തിന്‍റെ അകത്തും പുറത്തും നടക്കുന്ന ഉപാധികളില്ലാത്ത ആസ്വാദനക്ഷമത കാരൂരിന്‍റെ കവിതകളിലെ പൊതുസവിശേഷതളിലൊന്നാണ്.  കടുത്ത ജീവിതപീഡകളുടെ ഇടയില്‍ നിന്ന് കവിതയെ സര്‍ഗാത്മക പ്രവൃത്തിയായി കാണണമെന്ന് ശഠിക്കുന്ന ഈ കവി നഷ്ടപ്പെട്ടുപോയ കാലത്തിന്‍റെ തോറ്റം പാട്ടുകാരന്‍ കൂടിയാണ്. പ്രത്യക്ഷത്തില്‍ ഒരു കവിതയില്‍ സംഭവിക്കുന്നത് ജീവിത സംഗ്രഹം തന്നെയാണ്. അനുഭവവുമായി ഇഴചേര്‍ന്നു കിടക്കുന്ന സ്വത്വത്തെ, ഒരു പ്രത്യേക വീക്ഷണ കോണില്‍ അവതരിപ്പിച്ചുകൊണ്ട് ലോകനീതിയുടെ പഴക്കങ്ങളെ നിശബ്ദതയുടെ വാക്കുകള്‍ കൊണ്ട് അളന്നെടുക്കുകയാണ് കാരൂര്‍ ചെയ്യുന്നത്. ‘പ്രതികരണം’ എന്ന കവിത ശ്രദ്ധിക്കുക.
“മറക്കുവാനാകാത്ത
ഒരു കഥയില്‍
തിരശ്ശീലയ്ക്കു പിന്നില്‍ നിങ്ങള്‍
ഏകാങ്ക നാടകത്തിനു ചരടുവലിക്കവേ
അജ്ഞാതന്‍റെ കുത്തേറ്റ് വീണാല്‍
നായകവിഷം ഛര്‍ദ്ദിച്ചു മരിച്ചാല്‍
നിങ്ങളീ കവിതയ്ക്ക് പേരെന്തു നല്‍കും?”
ഈ കവിതയിലെ ചോദ്യത്തിന്‍റെ പ്രകമ്പനങ്ങള്‍ കേവലം ഒരു വിഷയം മാത്രമല്ല, അതു സാഹചര്യത്തിലും സന്ദര്‍ഭത്തിലും പ്രശ്നബാധിതമായ ഒരു പ്രതികരണമാണ്. കവിതയിലൊരിടത്തും വിശദീകരിക്കാതെ വിശദീകരിക്കുംപോലെ “ഒരു ബോംബിന്‍റെ ഗര്‍ജ്ജനം” പോലെയാണ് കാലം ആവശ്യപ്പെടുന്ന പ്രതികരണം സംഭവിക്കുന്നത്.
ഈ പ്രതികരണം ഫ്രഞ്ച് കലാദാര്‍ശികനായ മാരിറ്റയിന്‍ രൂപപരമായ കാലത്തിന്‍റെ പ്രതികരണം എന്നാണ് വിശേഷിപ്പിക്കുന്നത്.  ഈ പ്രതികരണം സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്.  എന്നാല്‍ കവിയുടെ സ്വത്വത്തില്‍ അഭിരമിക്കുന്ന ആത്മവത്തയുടേതായ പ്രാധാന്യവും ആദര്‍ശപരമായ ഔന്നിത്യവും ഇത്തരം പ്രതികരണ കവിതകളുടെ മുഴക്കമാണ് ‘കത്രിക’ എന്ന കവിത ഇതിന്‍റെ തന്നെ തുടര്‍ച്ചയുടെ ഭാഗമാണ്. വെട്ടിക്കീറാനും വെട്ടിയൊരുക്കാനും കൂട്ടിപ്പിടിക്കാനുമാകാതെ കാലത്തെ വെട്ടിമുറിക്കുന്ന കത്രിക മാറുകയാണ്. കത്രികയുടെ ഗുണനചിഹ്നം പ്രമാണങ്ങളെയും സങ്കല്പങ്ങളെയും ആശയങ്ങളെയും നാലായി കീറുന്നു. മനസ്സിനെ നാലായി കീറുന്നു. ഇരുവാള്‍ മൂര്‍ച്ചയായി അനുഭവത്തിന്‍റെ ഉഷ്ണകാലങ്ങള്‍ ഇവിടെ മാറുന്നു.  ആശയലോകം ജീവിതത്തിന്‍റെയും കാലത്തിന്‍റെയും സ്ഥൂലയാഥാര്‍ത്ഥ്യങ്ങളെയാകെ സംസ്കരിച്ചെടുക്കാന്‍ ധൈര്യപ്പെടുന്നു. ഇത് രൂപാന്തരീകൃതമായ   പ്രകൃതിയുടെ തന്നെ മുറിവേറ്റ ഒരനുഭവമാണ്.  മനുഷ്യപ്രകൃതിയുടെ തന്നെ സുന്ദരമായ യാഥാര്‍ത്ഥ്യത്തെ വകവയ്ക്കാതെ വിപുലീകൃതമായ, ആസന്ന ഭാവിയുടെ പ്രതീകമായിത്തീരുന്നു.
‘സമയം’ എന്ന കവിതയില്‍ സംഭവിക്കുന്നതും ഇതേ അനുഭവമാണ്.
“ഒരു മുഴം മുമ്പേ എറിഞ്ഞ കയറ്
കൈവിട്ട പോയ ആയുധം
തിരിഞ്ഞുവരുന്ന വാക്ക്
എന്നിട്ടും നീ എന്‍റെ
ഹൃദയത്തെയും
ധമനികളെയും
പുല്ലുവില കല്പിച്ചു
ആളിപ്പടര്‍ന്നു മരീചിക പോല്‍.”
ഇവിടെയും, ‘ഭൂമിക്കുവേണ്ടി ഒരു വിലാപം’ എന്ന കവിതയില്‍
“നഷ്ടപ്പെട്ടവന്
ഒന്നും നോക്കാനില്ല
യാതൊന്നും-
പ്രണയംപോലും!
നടക്കാനുള്ള അവകാശമില്ലാത്തവന്
കാലെന്തിന്?
കാല്‍പ്പാദമെന്തിന്?
സൗഹൃദത്തിന്
കൈകൊടുക്കാന്‍ സൗഹൃദയമില്ലെങ്കില്‍
പിന്നെ നിന്‍റെ
ഹൃദയത്തിന് എന്തുവില?
പ്രണയത്തിന് എന്തുവില?”
ഇവിടെയെല്ലാം അര്‍ദ്ധോക്തിയില്‍ നില്‍ക്കുന്ന ഒരു സമസ്യയുണ്ട്.  അതൊരിക്കലും കവി പൂരിപ്പിക്കുന്നില്ല.  ജീവിതത്തിലെ ഏറ്റവും വലിയ സമസ്യയെക്കുറിച്ച് കാരൂര്‍ “ഒറ്റയും പെട്ടയും” എന്ന കവിതയില്‍ പറയു ന്നുണ്ട്. അതൊരു തരം കളിയാണ്. ആഗോള വ്യാപകമായി കളിക്കാവുന്ന കളിയെന്ന് കവി തന്നെ പരിഹാസരൂപേണ പറയുന്നുണ്ട്. ഇത്തരം ‘കളി’ കള്‍ കാലത്തിന്‍റേതുകൂടിയാണ്. കവി അവിടെ മാപ്പുസാക്ഷിയായി നില്‍ക്കുന്നു. ഈ കളിയില്‍ നിയമമറിയണമെന്നില്ല.  പ്രാവീണ്യമുണ്ടാകണമെന്നില്ല. എന്തിനു താല്പര്യം വേണമെന്നുപോലുമില്ല. കാണികള്‍ ഇല്ലാതാകുകയും എല്ലാവരും കളിക്കാരാവുകയും ചെയ്യുന്ന കെട്ട കാലത്തിന്‍റെ നെഞ്ചത്ത് കയറി നിന്നുകൊണ്ടാണ് “ഒറ്റയും പെട്ടയും” എന്ന കവിത കാരൂര്‍ എഴുതുന്നത്. ഇത് സ്പന്ദമാപിനിയില്‍ ഒരു ബോംബ് പിടിപ്പിക്കുന്നതുപോലെയാണ്. അല്ലെങ്കില്‍ കൊത്താന്‍ വാളോങ്ങി നില്‍ക്കുന്ന പാമ്പിന്‍റെ മനസ്സ് നന്നായി അറിയാവുന്നതുപോലെയാണ്.  ഇങ്ങനെയെല്ലാം നളമറിയാതെ, വിലപേശാതെ നമ്മെത്തഴഞ്ഞ് മുന്നേറുന്ന കഥ മാറിയ കാലത്തെ, അതിന്‍റെ ഉദ്ദേശശുദ്ധിയോടെ കവി കണ്ടെടുക്കുന്നു.  ഈ തിരിച്ചറിവാണ് കവിതയെ ലക്ഷ്യത്തിലേക്ക് നയിക്കുന്നത്. ‘ഷൂസ്’ എന്ന കവിതയില്‍ പറയുംപോലെ രണ്ടു രീതിയിലാണ് അതിന്‍റെ മുന്നേറ്റം. താത്വികമായ മുന്നേറ്റം, മറ്റൊന്ന് ആശയപരമായ മുന്നേറ്റം. ഇവ രണ്ടും കവിത അഭിസംബോധന ചെയ്യുന്ന കാലത്തിന്‍റെ കൂടി മുന്നേറ്റമാണ്.  ഈ മുന്നേറ്റമാണ് കവിതയെ ചരിത്രത്തില്‍ ധിക്കാരപരമായി കയറി നില്‍ക്കാനും കഴുവേറാനും പ്രേരിപ്പിക്കുന്ന അടിസ്ഥാന ഘടകങ്ങള്‍.
മേല്‍പ്പറഞ്ഞതെല്ലാം കാരൂര്‍ കവിതകളുടെ അടിസ്ഥാന സ്വഭാവ സവിശേഷതകളും അസ്വസ്ഥതകളുമാണ്. ഇഷ്ടങ്ങള്‍ക്ക് ശിഷ്ടങ്ങളുടെ വിലക്കായും കഷ്ടങ്ങള്‍ക്ക് കാലത്തിന്‍റെ കടങ്കഥയായും കാരൂരിന്‍റെ കവിതകള്‍ വഴിമാറുന്നു. ഇത് കവിതയുടെ ഒറ്റനോട്ടത്തിനും ഒറ്റചോദ്യത്തിനും കാഴ്ചകളും ഉത്തരങ്ങളും നിറഞ്ഞ കവിതകളുടെ സംവാദങ്ങളുടെ ആകെ ത്തുകയാണ് കാരൂരിന്‍റെ കവിതകള്‍. ഇത് നഷ്ടകാലത്തിന്‍റെ വീണ്ടെടുപ്പാണ്. ഇത് മനുഷ്യബോധത്തിന്‍റെ സാകല്യമാണ്. ഇത് വ്യക്തി            നിഷ്ഠമായ കാലത്തിന്‍റെ സത്താപരമായ ഉണര്‍വ്വാണ്. ഇങ്ങനെയെല്ലാം കാലത്തിലൂടെ മുന്നേറുന്ന മനുഷ്യാവസ്ഥയുടെ ഭിന്നാവസ്ഥകളെ തികഞ്ഞ സിവിക് സെന്‍സോടെ കാരൂരിലെ കവി വരഞ്ഞിടുന്നു. കവിത ഇവിടെ പ്രതീകാത്മസാക്ഷ്യങ്ങളുടെ ഒരു ജ്വാലാമുഖമായി മാറുന്നു.  ഇതെല്ലാം ഒറ്റവാക്കില്‍ പറഞ്ഞാല്‍ കാലത്തിന്‍റെ കലികാലത്തോറ്റങ്ങളാണ്.  ഇതില്‍ പാതിവെന്ത ഇന്ത്യന്‍ ജീവിതാവസ്ഥകളെയും മറുനാടുകളിലേക്ക് പറിച്ചുനടപ്പെട്ട കുറെയേറെ ജീവിതങ്ങളുടെ നെരിപ്പോടുകളും കാണാം. ഇടയ്ക്കെങ്ങോ ജീവിതയാത്രയില്‍ നഷ്ടപ്പെട്ടുപോയ, നമ്മുടെ തന്നെ സ്വത്വത്തിന്‍റെ കണ്ടെത്തല്‍ കൂടിയാകാം.  അതുമല്ലെങ്കില്‍ വിഷാദത്തിലേക്ക് കൂപ്പുകുത്തും മുന്‍പ് ഒരു ജനതതി നേരിട്ട അസ്വസ്ഥതകളുടെ സങ്കീര്‍ത്തനങ്ങളുമാകാം. ഇങ്ങനെ ഭിന്നചാരുതയാര്‍ന്ന അസ്വസ്ഥതയുടെയും സ്വസ്ഥതയുടെയും വരികളായി ത്തന്നെ ഈ കവിതകള്‍ക്ക് ഒറ്റയ്ക്ക് നില്‍ക്കുവാനുമാകും. കാലങ്ങള്‍ക്ക് മുന്‍പ് സഹോദരന്‍ എഴുതിയിട്ടുള്ളതുപോലെ
“യുക്തിയേന്തിയ മനുഷ്യന്‍റെ
ബുദ്ധിശക്തി ഖനിച്ചതില്‍
വിളഞ്ഞതല്ലാതില്ലൊന്നും
മര്‍ത്ത്യവിജ്ഞാനരാശിയില്‍”
ഇതേ കാവ്യപ്രമാണവും കാലപ്രമാണവുമാണ് കാരൂര്‍ സോമന്‍റെ കവിതകളുടെ പ്രമാണവും. അതുകൊണ്ടാണ് സമകാലിക ജീവിതത്തിന്‍റെ ഭിന്നമുഖസംസ്കാരങ്ങളെ സംബോധന ചെയ്തുകൊണ്ട് ചലനാത്മകമായൊരു സരണിയിലേക്ക് ഈ കവിതകള്‍ക്ക് കടക്കാനാകുന്നത്.  ഇത് ബാഷ്പാര്‍ദ്രങ്ങളല്ലല്ലോ എന്നു സന്ദേഹിക്കുന്നുവരുണ്ടാകാം. അവരെ കൂട്ടി സഹൃദയപക്ഷത്ത് നിര്‍ത്തേണ്ടതുണ്ട്.  അവര്‍ ഈ കവിത കള്‍ക്ക് നേരെ അഭിനന്ദനവൈമുഖ്യത കാട്ടിയേക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ സങ്കടമല്ല, സമരമാണ് കവിതയില്‍ മുഴങ്ങിനില്‍ക്കേണ്ടത് എന്ന എല്ലാക്കാലത്തിന്‍റെയും പോരാട്ടവഴിയിലാണ് ഈ കവി നിലയുറപ്പിച്ചിരിക്കുന്നത്. അത്തരമൊരു ധൈര്യപ്പെടലിനു പിന്നില്‍ കവിക്ക് കൃത്യമായൊരു ലക്ഷ്യബോധമുണ്ട്. അത് രാഗദ്വേഷങ്ങളെ മറികടന്നു നില്‍ക്കുന്ന മൗലികതയുടെയും പൗരുഷത്തിന്‍റെയും തീരുമാനമാണ്. സമചിത്തരായ മനുഷ്യര്‍ എല്ലാക്കാലത്തും ശ്രമിച്ചിട്ടുള്ളത് സാമ്പ്രദായകമായൊരു ജീവിതം പടുത്തുയര്‍ത്താനാണ്. എന്നാല്‍ അവര്‍ ക്കിടയില്‍ ജീവിക്കുന്ന ഭഗ്നചിത്തനായ കവി അപകടകരമായ ഒരു ജീവിതം തകര്‍ത്തുകളയാനാണ്. അങ്ങനെ തകര്‍ക്കപ്പെടുന്നതിലെ സൗന്ദര്യമാണ് തകര്‍ക്കാത്ത സൗന്ദര്യത്തേക്കാള്‍ മൂല്യവത്തായത്.  കവി ഇന്നെന്നപോലെ ഇന്നലെയും നാളെയും ചെയ്യുന്നത് അങ്ങനെയാണ്. ഇത് കപടലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതുകൊണ്ടല്ല. പറഞ്ഞതില്‍ പൊരുളും പൊരുളില്‍ അമരത്വമേറിയ സത്യവിശുദ്ധി ഉള്ളതുകൊണ്ടും കൂടിയാണ്. കാരൂരിന്‍റെ കവിത വഴിയും വെളിച്ചവുമായി മാറുന്നത് അത് സത്യത്തിന്‍റെ പ്രകാശവര്‍ഷങ്ങളെ അകമേ എന്നപോലെ പുറമേയും അനുഭവപ്പെടുത്തുന്നത്കൊണ്ടു കൂടിയാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *