കെ. എസ്. എഫ്. ഡി. സി യും സ്ത്രീശാക്തീകരണ സിനിമാ പദ്ധതിയും
*** സാബു ശങ്കർ
==================
ഒരു കാര്യം ഉറപ്പിച്ചു പറയാം. നാളിതുവരെ സ്ത്രീശാക്തീകരണ സിനിമാ പദ്ധതി വഴി , ഓഡിറ്റിംഗിന് വിധേയമാകുന്ന സർക്കാർ ധനം ഉപയോഗിച്ച് , കെ. എസ്. എഫ്. ഡി. സി ( കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ) നിർമ്മിച്ച , വനിതകൾ സംവിധാനം ചെയ്ത , ഫീച്ചർ ഫിലിമുകൾ ജനകീയ തലത്തിൽ സാധാരണ വനിതാ പ്രേക്ഷകരിൽ യാതൊരുവിധ സ്വാധീനവും ഉണ്ടാക്കിയിട്ടില്ല .
പ്രാദേശികമായ സ്ത്രീശാക്തീകരണമാണ് ലക്ഷ്യമെങ്കിൽ , സാധാരണ സ്ത്രീകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ലാളിത്യവും രസഘടനയും ഈ വനിതാ സിനിമകൾക്കില്ല. കേരളത്തിലെ സാധാരണ സ്ത്രീകൾ ഇത്തരം സിനിമകളെ സ്വീകരിച്ചിട്ടുമില്ല.
ലാളിത്യം, രസഘടന എന്നിവയ്ക്ക് ” പഥേർ പാഞ്ജലി” തന്നെ ആദ്യ ഉദാഹരണം. പക്ഷേ സമകാലിക കേരളീയ ശരാശരി വനിതാ പ്രേക്ഷകരുടെ ” സാമൂഹിക മനഃശാസ്ത്രം” കൂടി കണക്കിലെടുക്കണം.
മികച്ച സിനിമയാണ് ഈ സ്ത്രീശാക്തീകരണ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നതെങ്കിൽ കെ. എസ്. എഫ്. ഡി. സി ഇത്തരത്തിൽ നിർമ്മിച്ച സിനിമകൾ ഒന്നും തന്നെ ദേശീയ തലത്തിൽ – അന്തർദേശീയ തലത്തിൽ ശ്രദ്ധേയമോ നിലനിൽക്കുന്നതോ അല്ല. അതിനുള്ള പ്രാഗൽഭ്യവും പക്വതയും അടൂർ ഗോപാലകൃഷ്ണനെ പോലെയോ ജി. അരവിന്ദനെ പോലെയോ ഷാജി. എൻ കരുണിനെ പോലെയോ ടി. വി.ചന്ദ്രനെ പോലെയോ പ്രസ്തുത വനിതാ സംവിധായകർക്കില്ല.
ഇത്തരം വനിതാ സിനിമകൾ തീയേറ്ററിൽ നിരവധി ദിവസങ്ങൾ പ്രദർശിപ്പിക്കുന്നതിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട്. കാരണം തീയേറ്റർ ലക്ഷ്യമാക്കിയുള്ള സിനിമ , ഒരു ഫിലിം സൊസൈറ്റി പ്രദർശിപ്പിക്കുന്ന സിനിമയിൽ നിന്ന് വ്യത്യസ്തമാണ്. സിനിമയുടെ കാര്യത്തിൽ മാത്രമല്ല , പ്രദർശനത്തിൻ്റെ സാമ്പത്തിക ഇടപാടിലും വ്യത്യാസമുണ്ട് .
തീയേറ്റർ എന്നത് വലിയൊരു വ്യാവസായിക സംരംഭമാണ്. ആ ശൃംഖല നിലനിൽക്കണമെങ്കിൽ ടിക്കറ്റ് കൗണ്ടറിൽ കളക്ഷൻ നല്ലപോലെ ഉണ്ടായേ പറ്റൂ. സിനിമ മികച്ചതാണോ ശരാശരിയാണോ എന്നതല്ല വിഷയം. സാധാരണക്കാരായ
കാണികൾ തീയേറ്ററിൽ എത്തിച്ചേരുക എന്നതാണ് പ്രധാന ലക്ഷ്യം.
മികച്ച സിനിമയ്ക്ക് അല്ലെങ്കിൽ സ്വതന്ത്ര സിനിമയ്ക്ക് സാധാരണക്കാരായ പ്രേക്ഷകരുടെ പങ്കാളിത്തം നന്നേ കുറവാ യിരിക്കും. അത് സ്വാഭാവികം.
മികച്ച സിനിമയ്ക്ക് തീയേറ്റർ പ്രദർശന ചെലവിനുള്ള വാടകയുമായി സന്തുലനം ചെയ്യാനാവില്ല . സാധാരണ പ്രേക്ഷകരുമായി സന്തുലനം ചെയ്യണമെങ്കിൽ സിനിമയുടെ ഉള്ളടക്കത്തിൽ, സിനിമ നൽകുന്ന അനുഭവശ്രേണി വിശ്വാസയോഗ്യവും ലളിതവും നാടകീയവും കൃത്രിമത്വവും ഭാവപ്പകർച്ചയും ഉള്ളതായിരിക്കണം . പാട്ടും നൃത്തവും സംഗീതവും മാനസിക സംഘർഷവും ഉല്ലാസവും ഇല്ലാത്ത സിനിമ പൊതുവെ തീയേറ്ററിന് യോജിക്കുകയില്ല . കാരണം സാധാരണ കാണികളുടെ ശീലാനുഭവ പരിമിതിയാണ് ; ചരിത്രപരമായ സംസ്കാരിക നിലവാര പ്രശ്നമാണ് ; ഭൗതിക സാഹചര്യമാണ്.
അപ്പോൾ , കെ. എസ്. എഫ്. ഡി. സി വനിതകൾക്കായി പണം മുടക്കി നിർമ്മിച്ച സിനിമകൾ തീയേറ്ററിൽ പ്രേക്ഷക സ്വീകാര്യത ഇല്ലാതെ പോകുന്നതിൻ്റെ കാരണങ്ങൾ വ്യക്തമാണ്. ഏറ്റവും ലാളിത്യമുള്ള ” പഥേർ പാഞ്ജലി” പോലും ബംഗാളി തീയേറ്ററുകളിൽ അക്കാലത്ത് ഓടിയില്ല എന്നതും നാം ഓർക്കണം. കാരണം മുമ്പ് സൂചിപ്പിച്ച ഘടകങ്ങൾ തന്നെ .
സാധാരണ പ്രേക്ഷകർക്കൊപ്പം നിന്നുകൊണ്ടു മാത്രമേ സ്ത്രീശാക്തീകരണ പ്രക്രിയ സാധ്യമാകൂ. കാരണം അതൊരു ജനകീയ പ്രവർത്തനമാണ് ; പരസ്പര പൂരകത്വം ഉള്ളതുമാണ്. അതിന് സിനിമ സ്വീകരിക്കേണ്ട രീതികൾ എന്തൊക്കെയാണെന്ന് വലിയ ഗവേഷണം ചെയ്യേണ്ട കാര്യമില്ല .
ഒട്ടേറെ മാതൃകകൾ മുന്നിലുണ്ട് .
ശങ്കരാഭരണം എന്ന തെലുങ്ക് സിനിമ , പഞ്ചവടിപ്പാലം , യവനിക , മിഥുനം, വെള്ളാനകളുടെ നാട് തുടങ്ങിയ സിനിമകൾ സാധാരണ പ്രേക്ഷകരുടെ പങ്കാളിത്തം വിജയകരമായി ലഭിച്ചവയാണ്. ഈ നിർമ്മാണ ശൈലിക്ക് മികച്ച സിനിമയ്ക്കുള്ള അവാർഡുകളൊന്നും പ്രതീക്ഷിക്കുകയുമരുത് .
കെ. എസ്. എഫ്. ഡി. സി ഇതിനകം നിർമ്മിച്ച വനിതാ സംവിധാന സിനിമകൾ തീയേറ്ററിൽ നഷ്ടമുണ്ടാക്കുന്നവയാണ്. അവ തീയേറ്ററിൽ പ്രദർശിപ്പിക്കുക എന്നത് അധിക ബാധ്യതയുമാണ്.
സർക്കാർ ധനം എന്നത് പബ്ളിക് ധനം കൂടിയാണ് . പൊതുസമൂഹം നൽകുന്ന നികുതിപ്പണം ആണത്. ഇത് സമൂഹത്തിൻ്റെ പ്രയോജനത്തിന് തിരികെ ഉപയോഗപ്പെടുത്തേണ്ടതുമാണ്. പാർട്ടി താൽപ്പര്യങ്ങൾക്കോ വ്യക്തിഗത താൽപ്പര്യങ്ങൾക്കോ ഉപയോഗിക്കാനുള്ളതല്ല .
കെ. എസ്. എഫ്. ഡി. സി നിർമ്മാണത്തിന്
ചെലവിടുന്ന തുക കർശനമായ ഓഡിറ്റിങ്ങിന് വിധേയമായതിനാൽ നിർമ്മാണത്തിൻ്റെ ഓരോ ഘട്ടവും സ്വാഭാവികമായും നിയന്ത്രണ വിധേയമായിരിക്കും. അതിൽ വനിതാ സംവിധായകർ പരിതപിക്കേണ്ടതില്ല .കെ. എസ്. എഫ്. ഡി. സിയുടെ ചെയർമാനെയും മാനേജിങ് ഡയറക്ടറെയും കുറ്റപ്പെടുത്തേണ്ടതുമില്ല . പണ്ട് എൻ. എഫ്. ഡി. സി യും ഇങ്ങനെയായിരുന്നു.
ഇനി , തീയേറ്റർ ലക്ഷ്യമാക്കിയുള്ള സിനിമയല്ല, മികച്ച സിനിമയാണ് കെ. എസ്. എഫ്. ഡി. സി ഉദ്ദേശിക്കുന്നതെങ്കിൽ അത് ദേശീയ – അന്തർദേശീയ നിലവാരം ഉള്ളതുമാവണം.
സംവിധാന രംഗത്തേക്ക് കടന്നുവരുന്ന വനിതകൾക്ക് പൊതുവേ ലോക സിനിമയെ കുറിച്ച് ദീർഘകാല പരിജ്ഞാനമില്ല എന്നതും മികച്ച പ്രവർത്തി പരിചയം ഇല്ല എന്നതും ഒരു പ്രധാന പ്രശ്നം തന്നെയാണ്.
വിവിധങ്ങളായ ഒട്ടേറെ സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചുള്ള അല്ലെങ്കിൽ സഹകരിച്ചുള്ള സാങ്കേതിക പരിചയം ഉണ്ടായേ തീരൂ. പെട്ടെന്ന് ഏതൊരാൾക്കും സംവിധാനം ചെയ്യാമെന്നൊരു കാഴ്‌പ്പാട് അപക്വമാണ്. പോസ്റ്റൽ ട്യൂഷനിലൂടെ നീന്തൽ പഠിക്കുന്നത് പോലെയാവും ഇത്.
മികച്ച ചലച്ചിത്രസൃഷ്ടി എന്നത് ഒരു തരം ശിൽപ്പവേലയാണ് . സ്ക്രിപ്റ്റ് എന്ന ആശയം കൊണ്ടുമാത്രം ആ ശിൽപ്പവേല ചെയ്യാനാവില്ല. ഷൂട്ടിംഗ് സ്ക്രിപ്റ്റ് , ചലച്ചിത്രശില്പത്തെ കുറിച്ച് ഏകദേശം ഒരു മുൻ ധാരണ ഉണ്ടാക്കും. ഇതൊരു ധ്യാനാത്മക യത്നമാണ്. ചിത്രീകരണം , എഡിറ്റിംഗ് , ശബ്ദമിശ്രണം തുടങ്ങിയ ഘട്ടങ്ങൾ സർഗാത്മക – മനോധർമ്മ പ്രവർത്തിപരിചയം കൊണ്ടുമാത്രം പൂർണത കൈവരിക്കുന്ന ഒരു പ്രക്രിയയാണ്.
ദീർഘകാല പരിചയമില്ലാതെ സംവിധാന രംഗത്തേക്ക് വരുന്ന വനിതകൾ തുടക്കത്തിൽ ഫീച്ചർ ഫിലിം ചെയ്യാതിരിക്കുന്നതാവും നല്ലത്. ഹ്രസ്വചിത്രങ്ങളിൽ നിന്ന് അവരത് തുടങ്ങട്ടെ .
ഒരു ഫീച്ചർ സിനിമയ്ക്ക് കെ. എസ്. എഫ്. ഡി. സി മുടക്കുന്ന നിർമ്മാണ തുക കൊണ്ട് കുറഞ്ഞത് 25 ഹ്രസ്വചിത്രങ്ങളെങ്കിലും നിർമ്മിക്കാൻ കെ. എസ്. എഫ്. ഡി. സി യ്ക്ക് സാധിക്കും. സ്ത്രീശാക്തീകരണ സിനിമാ പദ്ധതിയിൽ ഒട്ടേറെ വനിതകൾക്ക് ഇത് പരിശീലനത്തിനുള്ള അവസരവുമാവും .
ബൗദ്ധികവും സാങ്കേതികവുമായ ഇടപെടലിലൂടെ സൃഷ്ടിക്കപ്പെടുന്ന മികച്ച ഹ്രസ്വചിത്രങ്ങൾക്ക് ഇന്ന് രാജ്യാന്തര വേദികളുണ്ട് . പുരസ്കാരങ്ങളുമുണ്ട്. തന്നെയുമല്ല , ഓരോ രാജ്യത്തുമുള്ള പ്രാദേശിക ചലച്ചിത്രമേളകളിൽ അംഗീകാരവും ഉണ്ട്. കേരളത്തിലും വിവിധങ്ങളായ പ്രദർശനവേദികളുണ്ട്. ഒരാളുടെ പ്രതിഭ തെളിയിക്കാൻ ഫീച്ചർ സിനിമ തന്നെ വേണമെന്നില്ല.
കെ. എസ്. എഫ്. ഡി. സി യുടെ സി – സ്പേസ് എന്ന ഒ. ടി. ടി ഡിജിറ്റൽ പ്ലാറ്റ്ഫോം ഒട്ടേറെ പ്രതീക്ഷകൾ നൽകുന്നു. തീയേറ്റർ സിനിമകൾക്കും മികച്ച സിനിമകൾക്കും പ്രത്യേകം ജാലകങ്ങൾ ഏർപ്പെടുത്തിയാൽ സാവകാശമുള്ള പ്രേക്ഷക സാന്നിധ്യം ഉണ്ടാകും. മികച്ച സിനിമകൾ രാജ്യാന്തര പ്രേക്ഷകരെ കൂടി പ്രതീക്ഷിക്കുന്നതിനാൽ ഇംഗ്ലിഷ്, ഫ്രഞ്ച് , ജർമ്മൻ, സ്പാനിഷ് , റഷ്യൻ ഭാഷകളിലുള്ള സബ്ടൈറ്റിലുകൾ കൂടി വേണം.
കെ. എസ്. എഫ്. ഡി. സി പൂർണ്ണമായും മുതൽമുടക്കുന്ന രീതിയോടൊപ്പം തന്നെ പങ്കാളിത്ത നിർമ്മാണവും ആരംഭിക്കണം. ഇതിൽ സ്ത്രീ- പുരുഷ ഭേദമൊന്നും വേണ്ട. സാങ്കേതിക – സ്ഥല സൗകര്യങ്ങൾ സഹനിർമ്മാതാവ് എന്ന നിലയിൽ കെ. എസ്. എഫ്. ഡി. സി യ്ക്ക് ഒരു നിർമ്മാതാവിന് നൽകാനാവും. അതിൻ്റെ നിരക്ക് മുതൽമുടക്കിൽ പരിഗണിച്ചുകൊണ്ട് കെ. എസ്. എഫ്. ഡി. സി യ്ക്ക് മികച്ച സിനിമാ പദ്ധതിയിൽ നിർമ്മാണ പങ്കാളിയാവാം .
അതുപോലെ സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്നതിന് രണ്ട് കമ്മറ്റികൾ ആവശ്യമാണ്. ഒന്ന്, മികച്ച സിനിമകൾക്കുള്ളത് . ദേശീയ തലത്തിൽ വിവിധ ഭാഷകളിൽ മികച്ച സിനിമകൾ സംവിധാനം ചെയ്തവർ തന്നെയാവണം കമ്മറ്റി അംഗങ്ങൾ. രണ്ട്, തീയേറ്റർ ലക്ഷ്യമാക്കിയുള്ള സിനിമകൾക്കുളളത് . ഇതിനുള്ള കമ്മറ്റിയിൽ , തീയേറ്ററിൽ വിജയം വരിച്ച, കുടുംബ പ്രേക്ഷകർക്ക് സ്വീകാര്യമായ സിനിമകളുടെ സംവിധായകർ തന്നെയാവണം ഉണ്ടാവേണ്ടത്.
മറ്റൊരു കാര്യം കെ. എസ്. എഫ്. ഡി. സി യിലെ യൂണിയനുകളുടെയും ജീവനക്കാരുടെയും മനോഭാവം എത്രമാത്രം സുതാര്യമാവുന്നോ അത്രമാത്രം വിജയസാധ്യതയും കൂടും എന്നതാണ് . കെ. എസ്. എഫ്. ഡി. സി യിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാർക്ക് വേണ്ടി ഇന്ത്യയിലെ പ്രമുഖ ഫിലിം സ്റ്റുഡിയോകളിലേക്ക് ഒരു സ്റ്റഡി ടൂർ സംഘടിപ്പിക്കുന്നതും നന്നായിരിക്കും. സ്വകാര്യ മേഖലയിലുള്ള ഫിലിം സ്റ്റുഡിയോ ഉടമകളും ജീവനക്കാരും എങ്ങനെയാണ് അവരുടെ സ്റ്റുഡിയോ ഉപയോഗിക്കാൻ എത്തുന്ന പ്രതിഭകളോട് പെരുമാറുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും. വളരെ അത്യാവശ്യമായ കാര്യം തന്നെയാണിത്.
കെ. എസ്. എഫ്. ഡി. സി യുടെ സ്ത്രീശാക്തീരണ വനിതാ സംവിധാന സിനിമാ പദ്ധതിയിൽ കാലോചിത നവീകരണം ആവശ്യമാണ്. അതിന് പുതിയൊരു സാംസ്കാരിക നയം രൂപപ്പെടുത്തേണ്ടതുണ്ട്.
***************
About The Author
No related posts.