ഒരു വീഴ്ച. അതായിരുന്നു കാരണം. രണ്ടു മൂന്നു ദിവസങ്ങൾ എന്നു പറഞ്ഞു സൗദാമിനിയുടെ വീട്ടിൽ നിന്നിറങ്ങിയെങ്കിലും ആഴ്ചകൾ ഒന്നു രണ്ടു കടന്നുപോയി. പ്രഭാകരൻ ഇടയ്ക്ക് വീട്ടിൽ പോയി കാര്യങ്ങൾ അന്വേഷിച്ച് വിവരം ധരിപ്പിച്ചിരുന്നു. ഉണ്ടായിരുന്ന ദിവസങ്ങളിൽ അത്രയും കുട്ടൻ നായർ വളരെ സന്തോഷവാനും പ്രസന്നവദനനുമായിരുന്നു. കുഞ്ഞിന്റെ കളിയും ചിരിയും, സമപ്രായക്കാരൻ അല്ലെങ്കിലും സമാനചിന്താഗതിക്കാരനൊപ്പ
മുള്ള നാടുചുറ്റലും, വീട്ടുകാരുടെ പെരുമാറ്റവും കുട്ടികളുടെ തമാശകളും ഒപ്പം ഇരുന്നുള്ള കളികളും അവരുടെ സ്നേഹ ബഹുമാനാദരങ്ങളും സമയക്രമ മനുസരിച്ചുള്ള ,രുചികരമായ ഭക്ഷണവും, പകൽ ഗീതയുടെ അച്ഛന്റെ വീതം സൽക്കാരം അത്താഴത്തിനു മുൻപ്, മകൻ കൊണ്ടു വന്നു അച്ഛനു സമ്മാനിക്കുന്ന ഐറ്റംസ് വേറെ,അങ്ങനെ ആഘോഷവും ആനന്ദ പൂർണ്ണവുമായ ദിവസങ്ങൾ. അച്ഛന്റെയും മകന്റെയും ഹൃദയം തുറക്കലും പതം പറച്ചിലുകളും ഗീതയുടെ അച്ഛന്റെ സമയോചിത തമാശ കലർന്ന ഇടപെടലുകളും എല്ലാമായി കഴിഞ്ഞുകൂടിയ ദിവസങ്ങൾ, മരണം ഒരു വീഴ്ചയുടെ രൂപത്തിലാണ് കടന്നു വന്നത്. രാത്രിയിൽ മൂത്രശങ്ക തോന്നി എഴുന്നേറ്റ് മുറിയിൽ നിന്നു പുറത്തേക്കിറങ്ങിയതാണ്, കല്ലിൽ തട്ടിയതോ വീണതോ കാലുറക്കാഞ്ഞോ എന്തായാലും നല്ല വീഴ്ച തന്നെ.രണ്ടു മൂന്നു ദിവസം അവിടെ അടുത്തു തന്നെയുള്ള ആശുപത്രിയിൽ കിടന്നു, അവിടെത്തന്നെ മരണവും.
കാലായിൽക്കാർ അപ്പപ്പോൾ വിവരങ്ങൾ അറിഞ്ഞിരുന്നു.അവരാണ് കീച്ചേരിയിൽ എന്താണ് ചെയ്യേണ്ടതെന്നു നോക്കി
നടത്തിക്കൊണ്ടിരുന്നത്.
ഒപ്പം സൗദാമിനിയുടെ ഭർത്താവും നാട്ടുകാരും കൂടി. സൗദാമിനി ദിവസവും പകൽ ആശുപത്രിയും രാത്രി സ്വന്തം വീടുമായി കഴിഞ്ഞു കൂടുകയായിരുന്നു.
കുട്ടൻനായരുടെ ജഡം ആശുപത്രിയിൽ നിന്നു കൊണ്ടു വരാനും ബാക്കി ചടങ്ങുകൾക്കും കോരച്ചനും ബേവച്ചനും മുൻകൈ എടുത്തു. ഗീത അമ്മയേയും കൂട്ടി കുഞ്ഞുമായി കീച്ചേരിൽ നേരത്തെ എത്തി. എല്ലാം നോക്കിക്കണ്ടു കാര്യങ്ങൾ നടത്തേണ്ടതും നാണിയമ്മക്ക് തുണയാകേണ്ടതും അവരും കൂടിയാണല്ലോ.
ചാക്കോച്ചനും ശോശാമ്മയും മേരിമ്മയും മോനും ഇടക്കിടയ്ക്കു കാലായിലേക്ക് വന്നും പോയും കാര്യങ്ങൾ നടത്തുകയും കീച്ചേരിയിൽ ചടങ്ങുകൾക്ക് സംബന്ധിക്കയും ചെയ്തു. കീച്ചേരിയിലേക്കുള്ള ഭക്ഷണം വെപ്പ് തൊട്ടയൽവക്ക മായ കാലായിലായിരുന്നു.
അമ്പലഭാരവാഹികളുടെയും നാട്ടുകാരുടെയും വീട്ടുകാരുടെയും സഹകരണത്തോടെ.ചടങ്ങുകൾ
എല്ലാം കഴിയുമ്പോൾ കുളിച്ച് ശുദ്ധമായി കയറിവരുന്നവർക്ക് ഭക്ഷണം കൊടുക്കണമല്ലോ.
നാട്ടുകാരുടെ ആരുടെയും പരിചയത്തിൽ ഇല്ലാതിരുന്ന ചിലർ ആ വീട്ടിൽ സംസ്ക്കാരകർമ്മങ്ങൾക്ക് എത്തിയിരുന്നു. അത് പ്രഭാകരന്റെയും ഗീതയുടെയും പഴയതും പുതിയതുമായ ഓഫീസുകളിലെ ആൾക്കാരായി
രുന്നു. ബേവച്ചന് കൂട്ടുകാരന്റെ പഴയ ഓഫീസിലെ ഒട്ടുമിക്ക
ആളുകളെ പരിചയമുണ്ട്. എന്നാൽ പുതിയ ഓഫീസിലെ അത്ര പോരാ. എങ്കിലും ബേവ ച്ചൻ ഏവരെയും വേണ്ടവിധ ത്തിൽ സ്വീകരിച്ചു് ഇരിപ്പിടങ്ങൾ കൊടുത്ത് ബഹുമാനിച്ചു. ഗീതയുടെ കൂട്ടുകാരെയും.
മേരിമ്മ അവരിൽ ഒരാളെ മാത്രമേ ശ്രദ്ധിച്ചുള്ളു . ഗീതയുടെ കുഞ്ഞിനേയും എടുത്ത് പിന്നാമ്പുറത്തു കൊഞ്ചിച്ചും ലാളിച്ചും കൊണ്ടു നടക്കയും പാലോ കുറുക്കോ എന്തായാലും അതാതു സമയങ്ങളിൽ അടുക്കളയിൽ കയറി കൂട്ടിയെടുത്തു കൊടുക്കുകയും ചെയ്ത് ഗീതയെ വീട്ടിലെ മറ്റുള്ള കാര്യങ്ങൾക്കായി വിട്ട്, ഒറ്റപ്പെട്ട് ആൾക്കൂട്ടത്തിലേക്കു കടന്നു വരാതെ മുറിയിലും അടുക്കള ഭാഗത്തുമായി നടന്ന ഒരേ ഒരാൾ. അനുജത്തിമാർ പോലും ഇത്ര കാര്യമായി ഒരു കുഞ്ഞിനെ നോക്കുമോ എന്നു സംശയിക്കേണ്ടതുണ്ട് ഇടയ്ക്കു സൗകര്യം കിട്ടിയപ്പോൾ മേരിമ്മ ഗീതയോടു തന്നെ ചോദിച്ചു, ആരാണതെന്ന്. അറിഞ്ഞപ്പോൾ ഉള്ളം തുടി കൊട്ടി. ഇത്രയും ഭംഗിയായി ഒരു കുഞ്ഞിനെ നോക്കാൻ കഴിവുള്ളവൾ,ഒരു വീട്ടിലെ സാഹചര്യം അറിഞ്ഞു പെരുമാറാൻ തോന്നിയവൾ,
അവൾ തീർച്ചയായും ഒരു സ്നേഹത്തിടമ്പു തന്നെ തീർച്ച മേരിമ്മ ഉറപ്പിച്ചു.എല്ലാ വഴികളും തുറന്നു കിടക്കുന്നു. അമ്മയുടെ പിടിവാശിയുടെ ഫലം അനുഭവിച്ച അനുജൻ. ഇനി അവരെ തമ്മിൽ കൂട്ടിയിണക്കുകയെ വേണ്ടു.ആ സ്നേഹനിധിയായ ചെടത്തിയമ്മ മനസ്സിൽ കണക്കുകൂട്ടലുകൾ നെയ്തുകൂട്ടി.
അമ്മയും പഴയ പിടിവാശിക്കാരി അമ്മയല്ലിന്ന്. തികച്ചും മാറിയിരിക്കുന്നു. സോളിയുടെയും ബേവച്ചന്റെയും ജീവിതരീതി കണ്ടു മനം മടുത്തു പോയിരുന്നു ആ പാവം.അമ്മ മാത്രമല്ല ആ വീട്ടിലെ ഓരോരുത്തരും. എന്തിന് സോജുമോൻ പോലും. കുഞ്ഞമ്മേ എന്നു വിളിച്ചു കൊണ്ട് സ്നേഹത്തോടെ അടുത്ത് ചെല്ലുന്ന അവനെ കുഞ്ഞമ്മയോ കുഞ്ഞാന്റീന്ന് വിളിയെടാ എന്നു പറഞ്ഞ് യാതൊരു പരിചയവും ഇല്ലാത്തതുപോലെ നിർദാക്ഷിണ്യം അകറ്റി നിർത്തുമായിരുന്നു സോളി അവനെ .എല്ലാം കണ്ടിട്ടും അറിഞ്ഞിട്ടും താനൊന്നും അറിയാത്തതുപോലെ ആ വീട്ടിൽ കഴിച്ചു കൂട്ടി.മാറിത്താമസിച്ചാലോ എന്നുപോലും ചിന്തിച്ചുപോയ അവസരങ്ങൾ.കോരച്ചനോട് പോലും ഒന്നും മിണ്ടാതെ. ഒന്നു രണ്ടു തവണ അടുത്തുചെന്ന് പറഞ്ഞതിന്റെ ഫലം താൻ അനുഭവിച്ചവളാണ് . അന്ന് കേട്ട വാക്കുകൾ ഇന്നും ചെവിയിൽ മുഴങ്ങുന്നു. അല്ലെങ്കിലും പണ്ടാരാണ്ടു പറഞ്ഞ പോലെ രണ്ടു തല തമ്മിൽ ചേരും നാലു…………… അമ്മയുടെ വായിൽ നിന്നും കേട്ടു മറ്റൊരിക്കൽ. അതില്പിന്നെ ഒരു കാര്യവും അമ്മയോടോ ഭർത്താവിനോടോ പറയാൻ പോയിട്ടില്ല. വല്ലതും പറഞ്ഞിട്ടുള്ളത് കീച്ചേരിയിലെ ഗീതയോടാണ്. അതും നിവർത്തിയില്ലാതായി ഗീത പ്രസവത്തിനു പോയതോടെ. അതിനു ശേഷം ഗീത കുഞ്ഞുമായി അവിടെ താമസിച്ചതോടെ എല്ലാം തീർന്നു. മനസ്സിനിണങ്ങിയവരോടല്ലേ ഹൃദയം തുറക്കാനാവു. ഇടയ് ക്കൊന്നു പോയിരുന്നു.
അന്ന് സംസാരിച്ച് മനസ്സിനു
അല്പസ്വല്പം ലാഘവത്വം വരുത്തിയിരുന്നു പിന്നെ ഇപ്പോഴാണല്ലോ വരുന്നതു തന്നെ.ഈ അവസ്ഥ സംസാരിച്ച് ഇരിക്കാവുന്നതല്ലല്ലോ. കുശുമ്പും കുന്നായ്മേം ഉള്ളിലൊതുക്കി ചിലപ്പോൾ പുറത്തു കാട്ടിയും നടക്കുന്ന ഒരമ്മയുടെയും നാത്തൂന്റെയും ഇടയിൽ എങ്ങനെ വിശ്വസിച്ച് കാര്യങ്ങൾ നടത്താൻ.
സംസാരം ആയാലും, ആലോചനയായാലും.
എന്തായാലും ഇനി ഒന്നും ചിന്തിക്കാനില്ല. കുട്ടൻ നായരുടെ കർമ്മങ്ങൾ ഒക്കെ കഴിഞ്ഞിട്ട് എത്രയും വേഗം പ്രഭാകരനേം ഗീതയേം കൂട്ടി ലിസായുടെ വീടുവരെ പോകണം.ഒരു തീരുമാനത്തിലെത്തണം. നാട്ടുകാരെ ബോധിപ്പിക്കാൻ വേണമെങ്കിൽ സോളിയുടെ ആണ്ട് തികയ്ക്കാൻ താമസിപ്പി ക്കാം അത്രമാത്രം. ഇനിയെങ്കിലും അനുജന്റെ ജീവിതത്തിനു ഒരർത്ഥവും വ്യാപ്തിയും ഉണ്ടാക്കി കൊടുക്കണം. താൻ തന്നെ മുൻകൈ എടുത്തു വേണം മുന്നോട്ടു പോകാൻ .ആ സ്നേഹ മയിയായ ജേഷ്ഠത്തി ഒരു ഉറച്ച തീരുമാനം കൈക്കൊണ്ടു.
……….ശുഭം……..