എന്റെ അനുഭവത്തിൽ ഒരു കഥ അല്ലെങ്കിൽ ഒരു നോവൽ വായിക്കുമ്പോൾ അതിന്റെ ആസ്വാദ്യതയെ ഒരുപാട് ഘടകങ്ങൾ സ്വാധീനിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രായം, വായിക്കുന്ന ചുറ്റുപാട് അങ്ങനെ പലതും. ചില എഴുത്തുകൾ എവിടെയോ നടന്ന ഒരു സംഭവം വിവരിക്കുന്നപോലെ നമുക്കനുഭവപ്പെടാം. മറ്റുചിലതാകട്ടെ വായനക്കാരൻതന്നെ ഒരു കഥാപാത്രമായി മാറുന്നപോലെയുള്ള അനുഭവങ്ങളും! ജീവിതത്തിന്റെ പല ദശകളിൽ ഒരേ കൃതി പലതരത്തിൽ മനസ്സിനെ തൊട്ടുണർത്തിയതായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്റെ ജീവിതത്തിൽ അത്തരം വായനയുടെ ഏറ്റവും നല്ല ഉദാഹരണമാണ് എസ്.കെ.പൊറ്റെക്കാട്ടിന്റെ “ഒരു ദേശത്തിന്റെ കഥ”.
എഴുത്തുകാരന്റെ ആത്മകഥാംശമുണ്ടെന്ന് തോന്നിപ്പിക്കുന്ന നോവലിൽ കഥാനായകനായ ശ്രീധരന്റെ ജീവിതം നാലുഭാഗങ്ങളായാണ് വായനക്കാരനിലെത്തുന്നത്. ഒരു ദേശത്തിന്റെ കഥയുടെ എന്റെ ആദ്യവായന സംഭവിക്കുന്നത് ഏഴാം ക്ലാസ്സിൽ (അതോ എട്ടിലോ?) പഠിക്കുമ്പോഴാണ്. അതിലെ ശ്രീധരന്റെ ബാല്യകാലവും ഇലഞ്ഞിപ്പൊയിലെ പാടവും കുന്നുകളും അന്ന് എന്റെ ജീവിതത്തിലുമുണ്ടായിരുന്നു. എന്റെ അച്ഛൻ ഒരദ്ധ്യാപകനായിരുന്നു, മാത്രമല്ല ശ്രീധരന്റെ കൂട്ടുകാരനായ അപ്പുവിനെപ്പോലെ ഒരു സുഹൃത്തും അന്നെനിക്കുണ്ടായിരുന്നു! ജനനം മുതൽ പ്രൈമറി വിദ്യാഭാസം വരെയുള്ള ആദ്യഭാഗം ആദ്യകാല വായനയിൽ എന്റെ ജീവിതവുമായി ഇഴചേർന്നു നിന്നു. ഒരു കുട്ടിയുടെ കണ്ണുകളിലൂടെ മലബാർ കലാപം സൃഷ്ടിച്ച ഭീകരാന്തരീക്ഷത്തെ എഴുത്തുകാരൻ നോക്കിക്കാണുന്നുണ്ട്. ചരിത്രകാരന്മാർ പലരീതിയിൽ വളച്ചൊടിച്ചാണ് ഈ സംഭവം അവതരിപ്പിച്ചിട്ടുള്ളത്. ഒരു ചരിത്രരേഖപോലെ നോവലിൽ മലബാർ കലാപത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.
നോവലിന്റെ രണ്ടാം ഭാഗം ശ്രീധരന്റെ ഹൈസ്കൂൾ ജീവിതകാലഘട്ടമാണ്. കൗമാരവും യൗവ്വനവും പരാമർശിക്കപ്പെടുന്ന മൂന്നാം ഭാഗം അവസാനിക്കുന്നത് ശ്രീധരൻ അതിരാണിപ്പാടത്തോട് വിടപറയുന്നതോടെയാണ്. കൗമാരത്തിന്റെ അവസാന കാലത്താണ് എന്റെ പ്രവാസജീവിതം ആരംഭിക്കുന്നത്. വീണ്ടും ഈ പുസ്തകം കൈയിൽ വന്നുചേരുന്നത് ആ സമയത്താണ്. യൗവ്വനാരംഭത്തിന്റെ ലോലഹൃദയത്തിൽ പ്രേമത്തിന്റെ സ്ഫുലിംഗങ്ങൾ വിരിയിച്ചത് രണ്ടും മൂന്നും ഭാഗങ്ങളാണ്. അതോടൊപ്പം ഒന്നാം ഭാഗം, കടുത്ത ഗൃഹാതുര സ്മരണകൾ ഉണർത്തുകയും ചെയ്തു.
മുപ്പത്തഞ്ചു കൊല്ലത്തെ പ്രവാസത്തിനുശേഷം അതിരാണിപ്പാടത്തെ പുത്തൻ ലോകത്തേക്ക് കടന്നുവരുന്ന ശ്രീധരനെയാണ് നാലാം ഭാഗമായ മർമ്മരങ്ങളിൽ നമ്മൾ കാണുന്നത്. ദേശത്തിന്റെ കഥയുടെ എന്റെ മൂന്നാം വായന നടക്കുന്നത് പ്രവാസത്തിന്റെ ഏതാണ്ട് മുപ്പത് വർഷങ്ങൾ പൂർത്തിയാവുമ്പോഴാണ്! എന്റെയും നോവലിസ്റ്റിന്റെയും മർമ്മരങ്ങളുടെ സമന്വയം വായനയെ അതിന്റെ പാരമ്യസുഖത്തിലെത്തിച്ച ആനന്ദം അനുഭവിച്ചത് ഈ വായനയിലാണ്. പ്രവാസത്തിന്റെ മൂന്ന് ദശാബ്ദങ്ങൾക്കുശേഷം നടന്ന വായനയിൽ, മർമ്മരങ്ങളിൽ എസ്.കെ കണ്ട അതിരാണിപ്പാടവും ഇന്നത്തെ എന്റെ ഗ്രാമവും ഏറെ വിഭിന്നമല്ലെന്ന സത്യവും ഞാൻ തിരിച്ചറിഞ്ഞു! !
ഒരു ദേശത്തിന്റെ കഥയുടെ വായനയിൽ ചിലപ്പോഴെങ്കിലും, ശ്രീധരന്റെ കഥയെക്കാളുപരി അയാളുടെ ജ്യേഷ്ടനായ കുഞ്ഞാപ്പു എന്ന പച്ച മനുഷ്യന്റെ ജീവചരിത്രമായി നോവൽ വായനക്കാരന് അനുഭവപ്പെടാം. വെറും കുഞ്ഞാപ്പുവിൽനിന്നും ബസ്ര കുഞ്ഞാപ്പു, പെയിന്റർ കുഞ്ഞാപ്പു, ഫിറ്റർ കുഞ്ഞാപ്പു, കോൺഗ്രസ് വളണ്ടിയർ കുഞ്ഞാപ്പു എന്നിങ്ങനെ പല അവതാരങ്ങളായി അദ്ദേഹം നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നു. തീർച്ചയായും ദേശത്തിന്റെ കഥ ഒരുപാട് പേരുടെ ജീവിതങ്ങളുടെ കഥ തന്നെയാണ്. കൃഷ്ണൻ മാസ്റ്റർ, ഞണ്ടു ഗോവിന്ദൻ, അപ്പു, കിട്ടൻ റൈറ്റർ, തുപ്രൻ, കുടക്കാൽ ബാലൻ, വേലുമൂപ്പൻ, കേളഞ്ചേരി കുഞ്ഞിക്കേളു മേലാൻ, ഹാഷിം മുൻഷി, അമ്മുക്കുട്ടി, പൊന്നമ്മ, വെടിവാസു അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജീവനുള്ള കഥാപാത്രങ്ങൾ കാലങ്ങളോളം വായനക്കാരന്റെ മനസ്സിൽ നിറഞ്ഞുനിൽക്കും. മാത്രമല്ല ഇതിലെ ഓരോ കഥാപാത്രങ്ങളെയും നമുക്ക് ചുറ്റിലും കണ്ടെത്താനും കഴിയും.
ചില വായനകളിൽ ഒരു ദേശത്തിന്റെ കഥ ഒരുപാട് കഥകളുടെ സമാഹാരമായും അനുഭവപ്പെടാം. നോവലിലെ ചില ചെറിയ ഭാഗങ്ങളെങ്കിലും നോവലിൽനിന്നു മാറ്റിയെടുത്താലും സ്വന്തം അസ്തിത്വത്തോടെ കഥകളായി നിലനിൽക്കാൻ കെൽപ്പുള്ളവയാണ്. അതുമാത്രമല്ല ഇത്രമേൽ കവിതാശകലങ്ങളുടെ മനോഹരമായ ഇഴചേർക്കലുകൾ നടത്തിയ മറ്റൊരു നോവൽ മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും ചിന്തനീയമാണ്.
യുവതയുടെ നന്മനിക്കോവിലിലാദ്യമായ്
ഭവതിയുടെ വിഗ്രഹം ദർശനം ചെയ്തു ഞാൻ
നവതയുടെ സൗരഭം തൂകിനിൽക്കുന്ന നിൻ
സുഭഗത നുകർന്നുകൊണ്ടെന്നെ മറന്നു ഞാൻ!
മുകുളമൊരു തെന്നലിൻ തുള്ളലിൽപ്പോലെ നിൻ
മുഖമിളകി-യെന്നെ നീയൊന്നു നോക്കി ദ്രുതം
കവിതയുടെ സന്ദേശമേന്തി നിൽക്കുന്നു നിൻ
കരിമിഴികളെന്നന്തരംഗത്തിലിപ്പൊഴും….
നായകൻ ആദ്യമായെഴുതുന്ന പ്രേമ കവിതയാണ്!
ഒരച്ഛനും മകനും തമ്മിലുള്ള അനുപമമായ സ്നേഹത്തിന്റെ കഥയായും വായനയിൽ പലസ്ഥലത്തും ഈ നോവൽ നമ്മുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു. ചെറുപ്രായം മുതൽ കൗമാരത്തിലുടനീളം പ്രകൃതിയുടെയും മനുഷ്യസ്നേഹത്തിന്റെയും മൂല്യാധിഷ്ഠിതമായ ചിന്തകൾ ഒരച്ഛൻ തന്റെ മകന് എങ്ങിനെ പകർന്നു കൊടുക്കാമെന്ന് കൃഷ്ണൻ മാസ്റ്ററിലൂടെ എഴുത്തുകാരൻ കാണിച്ചുതരുന്നു. അച്ഛൻ പെട്ടെന്ന് നഷ്ടപ്പെടുമ്പോൾ ഒരു മകന് മനസ്സിലുണ്ടാകുന്ന ശൂന്യത വായനക്കാരന്റെ മനസ്സിലേക്ക് നോവലിസ്റ്റ് കോറിയിടുന്നത് ഇങ്ങനെയാണ്: “ബാഹ്യനിയന്ത്രണ ഭീഷണിയോടു കൂടാത്ത സ്വേച്ഛാപരമായ ജീവിതകാര്യങ്ങൾക്കുവേണ്ടിയുള്ള ഒരാശ മുമ്പു ചിലപ്പോഴെല്ലാം മനസ്സിനെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. എന്നാൽ ഇച്ഛിച്ച സ്വാതന്ത്ര്യം പെട്ടെന്നു കൈവന്നപ്പോൾ പുതിയ ഒരു ഭീതിയാണ് ശ്രീധരന് അനുഭവപ്പെടുന്നത്. ഏകാന്തതയിലെ നിസ്സഹായബോധം. പുതിയ കർത്തവ്യാനുഷ്ഠാനങ്ങളേയും യൗവ്വനാഭിലാഷങ്ങളെയും പൊരുത്തപ്പെടുത്താൻ കഴിയാത്ത ഒരു വിമ്മിഷ്ടം. ആജ്ഞാപകനും അനുവർത്തകനും താൻതന്നെയെന്നു വരുമ്പോൾ അവലംബിക്കേണ്ടിവരുന്ന നിഷ്ക്രിയ മനോഭാവം…. ശാസിക്കാനും ഉപദേശിക്കാനും പ്രോത്സാഹിപ്പിക്കാനും വിലക്കാനും അധികാരവും അവകാശവുമുള്ള മഹദ് വ്യക്തിയുടെ അഭാവം……….”. ഓരോ മനുഷ്യനും ജീവിതത്തിലൊരിക്കൽ അഭിമുഖീകരിക്കേണ്ടിവരുന്ന മുഹൂർത്തത്തെ എത്ര വികാരവായ്പോടെയാണ് നോവലിസ്റ്റ് അക്ഷരങ്ങളിൽ പ്രതിഫലിപ്പിച്ചിരിക്കുന്നത്!
യഥാർത്ഥത്തിൽ മൂന്നാം ഭാഗത്തോടെ നോവൽ അവസാനിക്കുന്നെന്ന തോന്നൽ നമുക്ക് ഉണ്ടാവുന്നു, എങ്കിലും അതവസാനിക്കുമ്പോഴുണ്ടാകുന്ന ശൂന്യത മർമ്മരങ്ങൾ ഇല്ലാതാക്കുന്നു. അതിരാണിപ്പാടത്തിന്റെ അതിർ വരമ്പുകളിൽനിന്നും ഗംഗയുടെ തീരത്തെ ഹരിശ്ചന്ദ്രഘട്ടിലേക്കും രാജ്യതലസ്ഥാനത്തേക്കും മർമ്മരങ്ങൾ വായനക്കാരനെ നയിക്കുന്നു. അതുമാത്രമല്ല ആഫിക്കൻ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും കുറച്ചെങ്കിലും നേരത്തേക്ക് വായനക്കാരനെ അദ്ദേഹം മനോസഞ്ചാരം നടത്തിക്കുന്നുണ്ട്. സ്വിറ്റ്സർലന്റിലെ മഞ്ഞുമൂടിയ ആൽപ്സ് പർവ്വതനിരകളുടെ പശ്ചാത്തലത്തിൽ എമ്മ എന്ന ജർമ്മൻ യുവതിയെ കണ്ടുമുട്ടുന്ന ശ്രീധരന്റെ മനസ്സ് വിദേശസഞ്ചാരം നടത്തിയ ഏതൊരു ഏകാന്ത സഞ്ചാരിയുടെയും മനസ്സുതന്നെയാണ്. ആഫ്രിക്കയിൽ നമുക്കുമുന്നിൽ വരുന്ന ഡമാനിയും, സോമനെന്ന മലയാളിയും സേൽ എന്ന അയസ്ക്കാന്ത മനുഷ്യനും ഒരുപക്ഷേ പ്രവാസജീവിതത്തിന്റെ അല്ലെകിൽ ഏകാന്തനായ ഒരു സഞ്ചാരിയുടെ വിചിത്ര കണ്ടെത്തലുകളായിരിക്കാം.
ഒരു ദേശത്തിന്റെ കഥ മുന്നോട്ടുവയ്ക്കുന്ന ദാർശനിക കാഴ്ചപ്പാടുകൾ വായനയെ മറ്റൊരുതലത്തിലേക്ക് ഉയർത്തുന്നുണ്ട്. അവസരങ്ങളുടെ ഊടും മോഹങ്ങളുടെ പാവും കൊണ്ട് നെയ്‌തെടുക്കുന്ന ഒരു മൂടുപടമാണ് ജീവിതമെന്ന് നോവലിസ്റ്റ് പറയുന്നു. ഓരോ മനുഷ്യനും സ്വാർത്ഥിയാണെന്നും അദ്ദേഹം സമർത്ഥിക്കുന്നു. സ്വാർത്ഥവും ത്യാഗവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണത്രെ. ഒരാൾ സ്വീകരിക്കുന്ന ജീവിത വീക്ഷണമായിരിക്കില്ല മറ്റൊരാളുടേത്. എന്നാൽ, ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ എല്ലാ മനുഷ്യരും സ്വന്തം മനസ്സംതൃപ്തിയും സുഖവും ലക്ഷ്യമാക്കിക്കൊണ്ടു തന്നെയാണ് ജീവിതം നയിക്കുന്നത്. സ്വാർത്ഥികളെന്നും ലുബ്‌ധന്മാരെന്നും പറഞ്ഞു നാം പുച്ഛിച്ചു തള്ളുന്നവർ നമ്മെക്കാളും സംതൃപ്തിയും സുഖവും അനുഭവിക്കുന്ന വ്യക്തികളായിരിക്കും. തൃപ്തിയും ആനന്ദവും ആപേക്ഷികങ്ങളാണല്ലോ! ആഫ്രിക്കയിലെ ഡമാനിയുടെയും, മലയാളിയായ സോമന്റെയും ജീവിത ഉദാഹരണങ്ങൾ നിരത്തിയാണ് അദ്ദേഹം ഇത് പറയുന്നത്.
ലോകജനതയിൽ ഇന്ത്യക്കാരനെ വ്യത്യസ്തമാക്കുന്ന, ദാർശനികമെന്ന് വേണമെങ്കിൽ പറയാവുന്ന കാര്യവും എസ്.കെ നമ്മുടെ മുന്നിലേക്കിട്ടുതരുന്നുണ്ട്. യൂറോപ്യൻ, ചീനൻ, ആഫ്രിക്കൻ തുടങ്ങി പല വംശങ്ങളിലും പെട്ട മനുഷ്യജനതയെ തൊലിയുടെ നിറം നോക്കി ഒരാൾക്ക് ഒരുവിധം മനസിലാക്കാം. എന്നാൽ ഈ മാനദണ്ഡം വച്ച് ഒരിന്ത്യക്കാരനെ മനസ്സിലാക്കാൻ പ്രയാസമാണ്. യൂറോപ്യനെക്കാൾ തുടുത്ത ആപ്പിൾത്തൊലിനിറമുള്ള പഞ്ചാബികളുണ്ട്. ചീനക്കാരന്റെ മഞ്ഞനിറവും ചെറിയ കണ്ണുകളുമുള്ള ആസ്സാമികളും ബംഗാളികളുമുണ്ട്. കാപ്പിരികളെ തോൽപ്പിക്കുന്ന കൽക്കരിക്കറുപ്പന്മാരായ തമിഴന്മാരുണ്ട്. അദ്ദേഹം പറയുന്നു “മനുഷ്യരുടെ എല്ലാ നിറങ്ങളും നൽകി സൃഷ്ടികർത്താവ് അനുഗ്രഹിച്ചത് ഇന്ത്യക്കാരെ മാത്രമാണ്”! തൊലിനിറത്തിന്റെ കാര്യത്തിലെന്നപോലെ ദേഹപ്രകൃതിയിലും ആചാരവിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും ഭാഷയിലും ഭക്ഷണരീതിയിലും വേഷവിധാനത്തിലും പെരുമാറ്റത്തിലും പരസ്പ്പരം പൊരുത്തമില്ലാത്ത ഒരുകൂട്ടം ആളുകൾ ബംഗാൾ ഉൾക്കടലിന്റെയും അറബിക്കടലിന്റെയും ഹിമാലയ പർവ്വതത്തിന്റെയും കന്യാകുമാരി മുനമ്പിന്റെയും വലയത്തിൽ പാർക്കുന്നു. ജർമ്മനിക്കാരിയായ എമ്മയെ ഇൻഡ്യാക്കാരൻ ആരെന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന ശ്രീധരന്റെ വിചാരങ്ങളായിരുന്നു ഇത്. ഇതിനെ ചുരുക്കി തനി ഇന്ത്യക്കാരൻ പരബ്രഹ്മ്മം പോലെ ഒരു സങ്കല്പം മാത്രമാണെന്നും, ഇന്ത്യയിൽ തൊലിനിറത്തിനല്ല കാര്യം തൊലിക്കട്ടിക്കാണെന്നും അദ്ദേഹം മനസ്സിൽ പറയുന്നു!
ഒരു നാടൻ മലയാളി പല പ്രാവശ്യമില്ലെങ്കിലും ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും വായിച്ചിരിക്കേണ്ട കഥ തന്നെയാണ് ജ്ഞാനപീഠം, കേന്ദ്ര സാഹിത്യ അക്കാദമി തുടങ്ങി അനേകം പുരസ്‌ക്കാരങ്ങൾ നേടിയ ‘ഒരു ദേശത്തിന്റെ കഥ’. മലയാളഭാഷയും, കേരളവും അവിടുത്തെ തോടും പാടവും, കാടും, അരുവികളും ഉള്ളേടത്തോളം കാലം ദേശത്തിന്റെ കഥയും വായിച്ചവരുടെ മനസ്സിൽ നിശ്ശബ്ദ ഓളങ്ങളായി അലതല്ലിക്കൊണ്ടിരിക്കുമെന്ന കാര്യം ഉറപ്പ്.
കൊളംബിയൻ എഴുത്തുകാരനായGabriel García Márquez രചിച്ച സ്പാനിഷ് നോവലായ Cien años de soledad പുറത്തിറങ്ങുന്നത് 1967-ലാണ്. ഈ നോവലിന്റെ ഇംഗ്ലീഷ് വിവർത്തനമായ One Hundred Years of Solitude വായനക്കാരിലെത്തുന്നത് 1970-തിലും. മക്കോണ്ട എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ ബുവെണ്ടിയ കുടുംബത്തിന്റെ ഏഴു തലമുറകളുടെ കഥ മാജിക്കൽ റിയലിസത്തിന്റെ മകുടോദാഹരണമായി ലോകം മുഴുവൻ വാഴ്ത്തപ്പെട്ടു. എസ്.കെ.പൊറ്റെക്കാട്ടിന്റെ അതിരാണിപ്പാടം വായനക്കാരിലെത്തുന്നത് 1971-ലാണ്. അതായത് മക്കോണ്ടയും ശ്രീധരന്റെ അതിരാണിപ്പാടവും ഏതാണ്ട് സമകാലികമാണെന്നർത്ഥം. ഒരുപക്ഷേ നല്ല വിവർത്തനവും പരസ്യ പ്രചാരവുമുണ്ടായിരുന്നുവെങ്കിൽ മാർക്വിസ്സിനേക്കാൾ ഒരുപടിമുന്നിൽ ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട് വിശ്വസാഹിത്യത്തിൽ അറിയപ്പെടുമായിരുന്നിരിക്കാം.
-ശ്രീപ്രസാദ് വടക്കേപ്പാട്ട്
About The Author
No related posts.