വൈകിവന്ന വിവേകം { അദ്ധ്യായം 2 } – മേരി അലക്സ് ( മണിയ )

തുടർച്ച 


        കിട്ടിയ മുറിയും സീറ്റും അവൾക്കിഷ്ടപ്പെട്ടു. പുറകുവശത്തു ഒരു ജനൽ. ജനലിൽ കൂടി നോക്കി. ചില പട്ടാളക്കാർ എന്തൊക്കെയോ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു . അവർ എന്തു ജോലി ചെയ്യുന്നു എന്നു മനസ്സിലായില്ല. ആദ്യം കാണുന്ന കാഴ്ചയല്ലേ വഴിയേ മനസ്സിലാക്കുകയെ നിവർത്തി യുള്ളു.അവൾ ആശ്വസിച്ചു.
                  നല്ല ഒതുക്കമുള്ള സ്ഥലത്ത് ഇരിപ്പിടം ,മുന്നിൽ ഒരു ഡബിൾ ഡ്രോ മേശ. മേശയിൽ നല്ല വിരിയും, അതും മുന്തിയ വിലയുള്ളത്.എല്ലാ മേശക്കും ഒരേ പോലെ. അതു വന്നപ്പോൾ തന്നെ ശ്രദ്ധിച്ചിരുന്നു .മുറിയുടെ അങ്ങേ അറ്റത്ത് ഒരു വാതിൽ പുറത്തുള്ള കൊച്ചു വരാന്തയിലേക്ക് ഇറങ്ങാൻ. ഓഫീസിലേക്ക് കയറി വന്നത് ഒരു പൂമുഖത്തു കൂടി. മുന്നിലും പിന്നിലും കൊച്ചു പൂമുഖങ്ങൾ.കൊള്ളാം
കസേരകളും ഇട്ടിട്ടുണ്ട് .ഇരുന്നു സംസാരിക്കാനും കാറ്റുകൊള്ളാനും നന്ന്‌
ആരോ ചിന്തിച്ചു പണിതീർത്ത വീട്.
             വാതിലിനോട് ചേർന്ന് തന്റെ മേശയ്ക്ക് അഭിമുഖമായി ഒരു കസേരയും ഒരു മേശയും. മേശപ്പുറത്തു ഒരു ടൈപ്പ് റൈറ്റർ കവറിട്ട് മൂടി വച്ചിരിക്കുന്നു. രണ്ടു ദിവസം പിന്നിട്ടിട്ടും ആരും ആ സീറ്റിൽ വന്നു കണ്ടില്ല. എന്നാൽ പലരും വന്നിരുന്ന് പേപ്പർ തിരുകി എന്തൊക്കെയോ ടൈപ്പ് ചെയ്ത് എടുത്തു കൊണ്ടു പോകുന്നു. ഒരാൾ പറഞ്ഞു വെറുതെ ഇരിക്കുമ്പോൾ ഇതിൽ ടൈപ്പ് ചെയ്ത് പഠിക്കണം. അല്ലെങ്കിൽ സംഗതി പാളും. കാർബൺ വച്ച് എഴുതി എഴുതി മടുക്കും. ഒരു ടൈപ്പിസ്റ്റ് ഉള്ളത് എന്നും കുന്നും ലീവാ. പിള്ളാർക്ക് അസുഖം. ഒന്നിനു മാറുമ്പോ ഒന്നിനു. ബാലാരിഷ്ട മാറാത്ത മൂന്നെണ്ണമാ. അങ്ങേരും ഇവിടെ തന്നാ.രണ്ടു പേരും ലീവ്. അന്നാണറിഞ്ഞത് താൻ മാത്രമല്ല പെണ്ണായി ഉള്ളത് കൂട്ടിനു
ഒരാൾക്കൂടി. അല്പം സന്തോഷവും സമാധാനവും തോന്നി.
             രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ അവർ എത്തി. ധൃതിയിൽ മേശയുടെ വലിപ്പിൽ എന്തോ വച്ച് തന്റെ അടുത്തേക്ക് വന്നു സ്വയം പരിചയപ്പെടുത്തി.ഒപ്പം പുതുമുഖത്തെ കാണാൻ ഭർത്താവും.
 “ഞാൻ സൂസൻ,ഇത് എന്റെ കെട്ടിയോൻ. ജോൺസാർ.”
എഴുനേറ്റ് രണ്ടു പേരുടെയും നേർക്ക് കൈകൂപ്പി. അവർ തുടർന്നു
“പപ്പയുമൊത്തു വന്നപ്പോഴും ഞങ്ങൾ ഇല്ലായിരുന്നു. ജോയിൻ ചെയ്യാൻ വന്നപ്പോഴും. നോക്കി നോക്കി ഇരിക്കയായിരുന്നു. പക്ഷെ പിള്ളാർക്ക് വല്ലതും വന്നാൽ നമുക്കു വരാനൊക്കില്ലല്ലോ.എത്ര പറഞ്ഞാലും ആർക്കും ഇതൊന്നും മനസ്സിലാകയില്ല.
അനുഭവത്തിൽ വന്നാലേ പഠിക്കൂ.”
പാവം.
മനസ്സിൽ പറഞ്ഞു. ആളറിഞ്ഞിട്ടാട്ടെ ഒരു നിഗമനത്തിൽ എത്താൻ.
അധികം വൈകിയില്ല നിഗമനം ശരിയാണെന്നു തീരുമാനിക്കാൻ. അവർക്ക് തന്നെ നന്നായി ഇഷ്ടപ്പെട്ടു. ഒരു കൂടെപ്പിറപ്പിനെ
പോലെ അവർ തന്നെ കാണുകയും കരുതുകയും പെരുമാറുകയും ഒക്കെ ചെയ്തു തുടങ്ങി . വീട്ടിൽ നിന്നു കൊണ്ടു വരുന്ന ഭക്ഷണം ആ മേശയിൽ കൊണ്ടു വച്ചാണ് അവർ കഴിക്കാറ്.താൻ ഒരു ഹോസ്റ്റലിൽ താമസിക്കുന്നതുകൊണ്ട് അവിടെ നിന്നുള്ളതും. എല്ലാ ദിവസവും അവരുടെ ഭക്ഷണത്തിന്റെ പങ്കു തനിക്കു തരുന്നത് ഒരു പതിവായി മാറി. ഭർത്താവ് ഒരു റിസേർവ്ഡ് ടൈപ്പ് ആണെന്നു തോന്നി . മുണ്ടും ജുബ്ബയും വേഷം. ഒരു ദിവസം ആ ആൾ പറഞ്ഞു എന്തിന് ഇങ്ങനെ ഒരു അകൽച്ച. ഇങ്ങോട്ടു വന്നിരുന്നോളൂ ഇതിൽ നിന്നു കഴിക്കാമല്ലോ, എന്തിന് വീതോം കൊണ്ട് ഓടി നടക്കണം. അതു നല്ല ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു
                ഊണ് കഴിഞ്ഞാൽ എല്ലാവരും മേശപ്പുറത്തു തലചായ്ച്ചു വച്ച് ഒന്നു മയങ്ങും. ഒട്ടുമിക്കവരും ബസ് കയറി വരുന്നവർ. ഒന്നോ രണ്ടോ പേർ മാത്രം അടുത്തു നിന്ന്. നടന്നോ സൈക്കിളിലോ വരാനുള്ള ദൂരം. അവർ ഉച്ചക്കും വീട്ടിൽ പോയി ഊണു കഴിക്കും. ഊണു കഴിഞ്ഞാൽ സ്ത്രീകൾ രണ്ടുപേരും മാത്രം പുറത്തേക്കു ഇറങ്ങും ഓഫീസിന്റെ പുറകുവശത്തു അല്പം താഴെക്കിറങ്ങിയാണ് സ്ത്രീകൾ ക്കു മാത്രം ഉപയോഗിക്കാനുള്ള ടോയ്ലറ്റ്. ആവശ്യം കഴിഞ്ഞാൽ കുറച്ചു നേരം പുറത്തു ചുറ്റും. മുന്നോട്ടു അല്പം കൂടി ഒറ്റയടിപ്പാത, അതിലൂടെ കുറച്ചു നടന്നാൽ ഒരു നീരോഴുക്ക്. അവിടെപോയി നിന്ന് കുറച്ചു നേരം സൊറ പറച്ചിൽ. ഒപ്പം വാച്ചിലും നോക്കും,തിരിച്ചു് കൃത്യസമയത്ത് കയറണം. വളരെ പങ്ച്വവൽ ആണ് ഓഫീസർ. പട്ടാളചിട്ടയല്ലേ?
(തുടരും ….)

LEAVE A REPLY

Please enter your comment!
Please enter your name here