കിളിക്കൊഞ്ചല്‍ , (ബാലനോവല്‍) അദ്ധ്യായം 6 – കാരൂര്‍ സോമന്‍

Facebook
Twitter
WhatsApp
Email

പത്തിവിടര്‍ത്തി നിന്ന മൂര്‍ഖന്‍റെ മുകളില്‍ രണ്ട് തത്തകള്‍ തലങ്ങും വിലങ്ങും ശബ്ദമുണ്ടാക്കി പറന്നു. കുട്ടന്‍ ഓടിയെത്തി പാമ്പിന് മുന്നില്‍നിന്നു കുരച്ചപ്പോള്‍ പാമ്പിനെപ്പോലെ ചാര്‍ളിയും ഒന്ന് ഞെട്ടി. കുട്ടന്‍റെ ഓരോ മുന്നോട്ടുള്ള കുതിപ്പും പാമ്പിനെ കടിക്കാനാണ്. പാമ്പ് അപ്പോഴൊക്കെ തലയുയര്‍ത്തി കുട്ടനെ കൊത്താന്‍മുന്നോട്ട് വരും. കുട്ടന്‍ പിറകോട്ട് മാറും. കുട്ടന്‍ പാമ്പുകളെ കടിച്ച് കൊന്ന് പരിചയമുള്ളവനാണ്.

തത്തകള്‍ കുട്ടന്‍ വന്നതോടെ പറന്നകന്നു. കുട്ടന്‍ പാമ്പിനെ മടക്കി അയക്കാനുള്ള ഭാവമില്ല. ചാര്‍ളി നിശ്ചലനായി ആ കാഴ്ച കണ്ടു നില്ക്കയാണ്. പാമ്പ് മടങ്ങിപോകാന്‍ തിടുക്കം കാട്ടുമ്പോള്‍ കുട്ടന്‍ കടിക്കാനായി ആഞ്ഞടുക്കും. കുട്ടന്‍ പാമ്പിനെ കൊല്ലാനുള്ള ഭാവമാണ്.
ചാര്‍ളി പലവട്ടം വിളിച്ചെങ്കിലും കുട്ടന്‍ ഗൗനിച്ചില്ല. കോപിഷ്ഠനായ കുട്ടന്‍റെ അടുത്തേക്ക് ചെന്ന് അവന്‍റെ കഴുത്തില്‍ കിടന്ന വളയത്തില്‍ പിടിച്ചു. ‘കുട്ടാ…നീ…വാ… അതങ്ങ് പോട്ട്….’
അതോടെ കുട്ടന്‍ ഒന്ന് തണുത്തു. കുട്ടന്‍ എന്തോ ഒക്കെ മുറുമുറുത്തു. പാമ്പ് വളരെ ഭീതിയോടെ മുന്നോട്ട് ഇഴഞ്ഞ് ഒരു പച്ചിലക്കുറ്റിയുടെ അടിഭാഗത്ത് ഒളിച്ചു. പാമ്പ് അമ്പരപ്പോടെയാണ് ഒളിവില്‍ പോയത്. ഇനി ഒരിക്കലും ഈ ഭാഗത്തേക്ക് വരില്ലെന്നുള്ള ഉറച്ച തീരുമാനം എടുത്തു കാണും. ചാര്‍ളി പുല്ലു പറിച്ചു തുടങ്ങി. കുട്ടന്‍ അവന് കാവല്‍ നിന്നു. തത്തമ്മയും കൂട്ടുകാരനും തലക്ക് മുകളിലൂടെ പറന്ന് ‘ചാളി….ചാളി’ എന്ന് വിളിച്ചു. ചാര്‍ളി പുഞ്ചിരിയോടെ വലത് കരമുയര്‍ത്തി നന്ദി അറിയിച്ചു, കുട്ടന്‍ പതുക്കെ പാമ്പ് പോയ ഭാഗത്തേക്ക് നടന്നു.
പുല്ലു പറിക്കുമ്പോഴും ചാര്‍ളിയുടെ മനസ്സ് മുഴുവന്‍ തത്തമ്മയും കുട്ടനുമായിരുന്നു. എനിക്കൊരു ആപത്ത് വന്നപ്പോള്‍ എത്ര വേഗത്തിലാണ് അവര്‍ സഹായത്തിനെത്തിയത്. അതോടെ ഭയം മാറി.
ഉച്ചക്ക് പള്ളിയില്‍ നിന്ന് റീന മടങ്ങിവരുമ്പോള്‍ ചാര്‍ളി തള്ളക്കോഴിയെയും കുഞ്ഞുകോഴികളെയും കൊണ്ട് പറമ്പില്‍ നടക്കുന്നതാണ് കണ്ടത്. റീന മനസ്സില്‍ കണ്ടതുപോലെ അവന്‍ ചെയ്യുന്നുണ്ട്. ബോബി കാറില്‍ നിന്നുമിറങ്ങിയില്ല. തത്തമ്മ വേഗത്തില്‍ മുകളിലേക്ക് പറന്നു. തത്തമ്മ പറന്ന് വന്ന് ചാര്‍ളിയുടെ തോളിലിരുന്നു പറഞ്ഞു. ‘ക…ള്ള…ന്‍’. ഉടനടി ചാര്‍ളി പറഞ്ഞു. ‘അങ്ങനെ പറയാതെ തത്തമ്മേ’. തത്തമ്മ അങ്ങനെ വിളിക്കുന്നത് അവന് ഒട്ടും ഇഷ്ടമല്ലായിരുന്നു. എന്തുകൊണ്ടാണ് തത്തമ്മ വല്യപ്പനെ വെറുക്കുന്നതെന്ന് അവനറിയില്ല. തത്തമ്മ ചാര്‍ളിയോട് പറഞ്ഞു. ‘ചോര്‍….ചോര്‍’ അവന് മനസ്സിലായി. ചാര്‍ളി ഭക്ഷണം കഴിക്കുന്നത് വരാന്തയിലിരുന്നാണ്. കുഞ്ഞമ്മ ഭക്ഷണം കൊടുക്കുമ്പോള്‍ പാത്രത്തില്‍ നിന്ന് ഏതാനും ചോറ് തത്തമ്മക്ക് കൊടുക്കാറുണ്ട്. കുഞ്ഞമ്മ കാണാതെയാണ് തത്തമ്മക്കും കുട്ടനും അവന്‍റെ ഭക്ഷണത്തിന്‍റെ ഒരു വിഹിതം കൊടുക്കാറുള്ളത്. ഉടനടി അവന്‍ പറഞ്ഞു.
‘തത്തമ്മ പോയിട്ട് പിന്നീട് വാ. ഇനിയും എനിക്കു പശുവിനെ കുളിപ്പിക്കണം. വീടെല്ലാം അടിച്ചുവാരണം. എന്നിട്ടേ കുഞ്ഞമ്മ ഉച്ചക്കു വല്ലോം കഴിക്കാന്‍ തരൂ.’ വീണ്ടും തത്തമ്മ പറഞ്ഞു.
‘ചോര്‍….ചോര്‍…’
‘തത്തമ്മ പോയിട്ട് കുറച്ച് കഴിഞ്ഞ് വാ…’
അവന്‍ കോഴികളെയും കൊണ്ടു വീട്ടിലേക്ക് നടന്നു. മുറിക്കുള്ളിലെത്തി ചൂലെടുത്തപ്പോള്‍ കണ്ടത് കുഞ്ഞമ്മ അകത്തെ തീന്‍മേശയില്‍ കെവിനെ ഭക്ഷണം കഴിപ്പിക്കുന്നതാണ്. ആ സമയം വീട് തൂക്കുന്നത് കുഞ്ഞമ്മക്ക് ഇഷ്ടപ്പെടില്ലെന്ന് അവനറിയാം. ചൂലു വച്ചിട്ട് പശുവിനെ കുളിപ്പിക്കാനായി നടന്നു. വെള്ളം കോരി ചരുവത്തില്‍ നിറച്ചു. തെങ്ങില്‍ കെട്ടിയിരുന്ന പശുവിനെ കുളിപ്പിച്ചു. റീന പുറത്തേക്ക് വന്നു പറഞ്ഞു.’എടാ പേരിനുവേണ്ടി കുളിപ്പിക്കാതെ അതിന്‍റെ മേല് കുറെ വെള്ളം കോരി ഒഴിക്ക്’.
പെട്ടെന്ന് തത്തമ്മ റീനയുടെ മുകളിലൂടെ പറന്നു.

പെട്ടെന്നവര്‍ വീടിനുള്ളിലേക്ക് ഓടിക്കയറി. തത്തയോട് വല്ലാത്ത വെറുപ്പ് തോന്നി. ‘ ഇനിയും എന്താണ് ചെയ്യുക? ഈ തത്ത ഒരു തലവേദനയായല്ലോ. ഇതിനെ അങ്ങനെ വിടാന്‍ പാടില്ല. ദേഷ്യത്തോടെ അകത്തേക്ക് ചെന്ന് കതകിന്‍റെ പിറകിലിരുന്ന ഒരു വടിയെടുത്ത് മുറ്റത്തേക്കിറങ്ങി. എന്നിട്ട് ചാര്‍ളിയോട് പറഞ്ഞു.

വിളിക്കടാ നിന്‍റെ തത്തമ്മയെ. എന്‍റെ തലയീ കൊത്താന്‍ വരാന്‍ പറ.’ അവന്‍ സൂക്ഷിച്ചു നോക്കി. എനിക്കതില്‍ എന്ത് കാര്യമിരിക്കുന്നു? അടുത്ത മാവിന്‍കൊമ്പിലിരുന്ന് തത്തമ്മ ആ കാഴ്ച കണ്ടു. ഉടനടി വിളിച്ചു. ‘ക…കള്ളി’ റീന മരത്തിലേക്ക് നോക്കി. കണ്ണു തുറിച്ചു വന്നു. ഭീഷണിപ്പെടുത്തി പറഞ്ഞു.
‘നന്ദികെട്ട തത്ത! നിന്നെ ഞാന്‍ അടിച്ചുകൊല്ലും. നോക്കിക്കോ.’ തത്തമ്മ ഗൗരവത്തോടെ വിളിച്ചു. ‘കള്ളി….കള്ളി…’ റീനക്ക് ദേഷ്യമടക്കാനായില്ല. ഒന്നും പറയാനും തോന്നിയില്ല. മുഖം വല്ലാതെ വിളറി. ചുറ്റുപാടും നോക്കിയിട്ട് കുറേ കല്ലുകള്‍ കൈയിലെടുത്തു. മാവിലേക്കെറിഞ്ഞു. തത്ത വേഗത്തില്‍ പറന്നകന്നു. ചാര്‍ളിയുടെ മുഖത്ത് ഒരല്പം പരിഭ്രമം തോന്നി. തത്തമ്മക്ക് ഏറുകൊള്ളുമോ?
കുഞ്ഞമ്മയുടെ വാക്കുകള്‍ അവന്‍റെ മനസ്സിനെ സാരമായി സ്പര്‍ശിച്ചു. തത്തമ്മയെ അടിച്ചു കൊല്ലുമെന്നാണ് പറഞ്ഞിരിക്കുന്നത്. തത്തമ്മയെ കുഞ്ഞമ്മയുടെ കൈകളില്‍ നിന്നു രക്ഷപ്പെടുത്തണം. അതെങ്ങനെ? ഈ വീട്ടിലേക്ക വരരുതെന്ന് പറയണം.
വീടിനുള്ളിലെത്തി മുറികള്‍ എല്ലാം അടിച്ചുവാരി. കെവിന്‍ ഏതോ കളിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അവന്‍ വളരെ ബുദ്ധിമുട്ടിയാണ് കസേരയില്‍ നിന്നും എഴുന്നേറ്റ് മാറിയത്. മുറി വൃത്തിയാക്കാന്‍ വന്നതുകൊണ്ടാണ് ഒന്നും പറയാഞ്ഞത്.
ജോലിതീര്‍ത്ത് വാതില്‍ക്കല്‍ ഭക്ഷണത്തിനായി ചാര്‍ളി കാത്തു നിന്നു. റീന അവന് ഭക്ഷണം വിളമ്പി. വാരാന്തയില്‍ കഴിച്ചുകൊണ്ടിരിക്കെ ‘ചാളി’ എന്നുവിളിച്ച് തത്തമ്മ മുറ്റത്ത് വന്നു. അവന് സന്തോഷമായി. കുഞ്ഞമ്മയെ കാണാനില്ല. വേഗത്തിലവന്‍ ഏതാനും ചോറുകള്‍ തത്തമ്മയുടെ മുന്നില്‍ ഒരു പ്ലാവിലയില്‍ വെച്ചു കൊടുത്തു. തത്തമ്മയുടെ പവിഴച്ചുണ്ടുകള്‍ കൊണ്ട് അത് കൊത്തി തിന്നു. കുട്ടനും വാലാട്ടി നിന്നു. കുട്ടനും രണ്ട് ഉരുള ചോറും കറിയും കൊടുത്തു.
കുട്ടനും തത്തമ്മയും ചാര്‍ളിയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് തത്തയെ തല്ലി കൊല്ലാന്‍ ഒരു വടിയുമായി കുഞ്ഞമ്മ വന്നത്. പതുങ്ങി വന്ന കുഞ്ഞമ്മയെ ഉത്കണ്ഠയോടെ നോക്കി. അവന്‍റെ ഉള്ളം ഇളകി. തത്തമ്മ തലകുനിച്ച് ചോറ് കൊത്തി വിഴുങ്ങുകയായിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *