തുടരുന്നു
ആഴ്ചയിൽ ആഴ്ചയിൽ ഉള്ള വീട്ടിൽ പോക്ക് അല്പം കുറച്ചു. ആ പ്രദേശം ഒന്നു ചുറ്റികാണണം, അവിടത്തെ പള്ളിയിൽ ഒന്നു പോകണം. താമസിക്കുന്ന ഹോസ്റ്റലിലെ കുട്ടികളോടൊപ്പം ഒരു സിനിമ കാണണം . അവരുടെ കൂടെ പോകാൻ ആരുമില്ലാതെ അവരെ വിടുകയില്ലത്രേ . അവർ നോക്കിയപ്പോൾ കുഞ്ഞാന്റി അവർക്കു പറ്റിയ ആളാണെന്ന് അവർക്കു മനസ്സിലായി. അതു സത്യവും ആയിരുന്നു. ഏതു പ്രായക്കാരുടെയും ഒപ്പം കൂടാൻ പറ്റുന്ന ഒരു കഴിവ് തന്നിലുണ്ടെന്നു ആ ഹോസ്റ്റലിന്റെ വാർഡൻ പലപ്പോഴും പലരോടും പറഞ്ഞിരുന്നു. തന്നെ അവർക്കു ഇഷ്ടവും. നല്ല ഒരു സ്ത്രീ. വിവാഹിതയല്ല, അതിനു പറ്റിയ ഒരു കൂട്ടും, അടുക്കളക്ക്. അവരും വിവാഹിതയല്ല. വീട്ടുകാർക്ക് അവർ ഒരു വരുമാനമാർഗ്ഗം. മാസം മാസം കിട്ടുന്ന പണം, അതു നഷ്ടപ്പെടും. കഷ്ടം തോന്നി.
സ്ത്രീകളെ വീട്ടുകാർ കറവപ്പശുക്കളാക്കുന്നു . തന്റെ വീട്ടുകാർ എത്ര ഉത്തമർ.
ആദ്യശമ്പളം കൊണ്ടുചെന്ന് കയ്യിൽ കൊടുത്തു.അപ്പൻ അതു വാങ്ങി എണ്ണി നോക്കി. അക്കാലത്തെ ഗവണ്മെന്റ് ശമ്പളം അതെത്രയായാലും അതിനു വിലയുണ്ട്. ആ ജോലിക്കു ഒരു മതിപ്പുണ്ട്.
വിവാഹാലോചന വരുമ്പോൾ പെണ്ണിന്റെ മാതാപിതാക്കൾ ആദ്യം അന്വേഷിക്കുന്നത് പയ്യൻ ഗവണ്മെന്റ് ജോലിക്കാരനാണോ, നാലക്ക ശമ്പളം ഉണ്ടോ എന്നൊക്കെയാണ്.പഠിക്കാത്ത പെൺകുട്ടിയായാലും, സൗന്ദര്യം ഇല്ലാത്തതായാലും എല്ലാവർക്കും ഉദ്യോഗസ്ഥരായവർ മതി, അതും ഗവണ്മെന്റ് ജോലിക്കാർ.
അന്ന് അപ്പൻ തന്നെയും കൂട്ടിക്കൊണ്ട് ബാങ്കിൽ പോയി,തന്റെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി.
“ഇനി എന്നെ ഏൽപ്പിക്കണ്ട ചിലവിനുള്ളത് കയ്യിൽ വച്ചിട്ട് ബാക്കി മാസാമാസം ഇതിൽ ഇട്ടോ. വല്ലതുമൊക്കെ വാങ്ങിക്കണ്ടേ?ഇപ്പോഴേ സ്വരുപിച്ചാലേ വല്ലതും കല്യാണത്തിന് വാങ്ങാൻ പറ്റൂ.”
അപ്പന്റെ റിമാർക്ക്.
സ്വതേ വെളുത്തു തുടുത്ത കപോലങ്ങൾ ഒന്നുകൂടി ചുവന്നു. ഏതു പെണ്ണും നാണിക്കുന്ന ഒരു കാര്യം. വിവാഹം. അവൾ അപ്പനെ ഒന്നു നോക്കി,നാണിച്ചു തല താഴ്ത്തി.
ഓഫീസിലെ സൗഹൃദങ്ങൾ കുടുംബങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. തന്റെ വാക്കുകളിലൂടെ ഓരോരുത്തർ അവരുടെ മനസ്സിലേക്കും എത്തിപ്പെട്ടു. അവർ പല പ്രാവശ്യം തന്റെ വീട്ടിൽ വിരുന്നു വരികയും തന്നെ പലപ്രാവശ്യം
വീട്ടിൽ ക്ഷണിച്ച് ഊണു തരികയും അവരോടൊപ്പം സമയം ചെലവഴിക്കാൻ
നിർബന്ധിക്കുകയും ചെയ്തു തുടങ്ങി . ഇതിലൊക്കെ ഉപരിയായി വീട്ടിൽ വന്ന് അനുവാദം വാങ്ങി അവർ സ്വന്തം വീട്ടിലെ ചടങ്ങുകൾക്ക് തന്നെ ഭാഗഭാക്കാക്കാനും ഭർത്താവിന്റെ ദൂരെയുള്ള വീട്ടിലെ വിശേഷങ്ങളിൽ പങ്കെടുക്കാൻ നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോകാനും,താമസിപ്പിച്ചു പങ്കെടുപ്പിച്ചു തിരിച്ചു കൊണ്ടു വന്നാക്കാനും മടി കാട്ടിയില്ല.
എന്നു മാത്രമല്ല സൗഹൃദത്തിന് നിറപ്പകിട്ടേകാൻ എന്തു ചെയ്യാനും തയ്യാറായി തനിക്ക് ഒരു സംരക്ഷകരുമായി മാറി.
താൻ ആ ഓഫീസിനോടും അന്തരീക്ഷത്തോടും ഇഴുകി ചേർന്നു കഴിഞ്ഞിരുന്നു. ഓഫീസ് സമയം കഴിഞ്ഞാൽ ഉടൻ തന്നെ ഹോസ്റ്റലിൽ പോകേണ്ട ആവശ്യം ഇല്ല, ആറരമണിവരെ സമയം ഉണ്ട്.കൂട്ടുകാരി ചിലപ്പോൾ തന്നോടൊപ്പം ഇറങ്ങും. ബസ്സിൽ പോകാൻ. പുരുഷന്മാർ എല്ലാവരും തന്നെ ഏതെങ്കിലും ഗെയ്മിൽ, ബാഡ്മിന്റൺ, അല്ലെങ്കിൽ ഷട്ടിൽ. മഴക്കാലം ആണെങ്കിൽ ഇൻഡോർ ഗേയിംസ്. ടേബിൾ ടെന്നീസ്, കാർഡ്സ് അങ്ങനെ എന്തെങ്കിലും കളിച്ച് , അല്പം വിരസത അകറ്റിയൊക്കെയേ വീട്ടിലേക്കു പോകാറുള്ളു.
ഒരിക്കൽ കൂട്ടുകാരി ചോദിച്ചു “ഹോസ്റ്റലിൽ ആറരമണിക്കു കയറിയാൽ മതിയല്ലോ. നമുക്കും അൽപനേരം അവരോടൊത്ത് കളിച്ചിട്ടു പോയാലോ ഞാൻ എന്തിന് വെറുതെ ബസ് ഫെയർ കൊടുക്കണം. ഞങ്ങൾക്ക് ബൈക്കിൽ ഒരുമിച്ച് പോയാൽ പോരെ.”
“എന്ത് നമ്മളോ?”
“അതിനെന്താ എല്ലാരും നമ്മുടെ ആൾക്കാരല്ലേ”.
“പക്ഷെ എനിക്ക് അത്ര പരിചയം ഇല്ലല്ലോ.”
“ഇങ്ങനെയല്ലേ പഠിക്കുന്നത്.?”
” എങ്കിൽ നോക്കാം.”
അങ്ങനെ ജോലി സമയം കഴിഞ്ഞാൽ എല്ലാരും ഒത്തു അല്പസമയം ചിലവഴിച്ചു പോകുന്ന പതിവാക്കി. ഗെയിം ഏതായാലും പറഞ്ഞു തരാൻ അവർ തയ്യാർ ആയിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ കണ്ടു നിൽക്കുന്ന പതിവ് മാത്രം. ഇവിടെയും അതു തുടർന്നു. മിടുക്കർ ചാടിയും ചരിഞ്ഞും ബോൾ അടിച്ചു തെറിപ്പിക്കുന്നത്
കാണാൻ നല്ല രസമാണ്.
ദിവസങ്ങൾ കടന്നു പോയി.
“ഇങ്ങനെ കണ്ടു നിന്നാൽ പോരാ
കോർട്ടിൽ ഇറങ്ങി കളിക്കണം, സൂസൻ കളിക്കുന്നതു കണ്ടില്ലേ?
ഹെഡ് ക്ലർക്ക് ക്ഷണിച്ചു.
അങ്ങനെ ആദ്യമായി താനും അവരോടൊത്തു കോർട്ടിൽ കയറി. ചിലപ്പോൾ സിംഗിൾസ്.ചിലപ്പോൾ ഡബിൾസ്. ചുരുക്കം ചില അവസരങ്ങളിൽ മിക്സഡ് . നല്ല സൗഹൃദങ്ങൾ. പരസ്പരം ഗെയ്മിന്റെ രീതി പറഞ്ഞു തന്നും,കാണിച്ചു തന്നും ആ സൗഹൃദങ്ങൾ വളർന്നുകൊണ്ടി രുന്നു. .എല്ലാവരെയും അടുത്തറിയുവാൻ ആ നല്ല അവസരങ്ങൾ ഉപയുക്തമായി. ഓഫീസിലെ കസേരയിൽ ഇരിക്കുമ്പോൾ ആർക്കും ഒരു തുറന്ന സംസാരം ഇല്ല. എല്ലാവരും തികഞ്ഞ ഗൗരവക്കാർ. ജോലിയിൽ മാത്രം ശ്രദ്ധ. ജോലിയിലെ സംശയങ്ങൾക്ക് ചോദിക്കുന്നതിനുള്ള മറുപടി മാത്രം.തമാശകളില്ല,പൊട്ടിച്ചിരി
കൾ ഇല്ല. വൈകുന്നേരങ്ങളിലൊ? അകത്തിരുന്ന ആൾക്കാർ ആണെന്നു തോന്നുകയേയില്ല.
അത്ര മാത്രം മാറ്റം. ചിരിയും കളിയും തമാശയും.
ചില ദിവസങ്ങളിൽ വീട്ടിൽ നിന്നും ചെല്ലുന്ന അവസരങ്ങളിൽ നേരിട്ട്
ഓഫീസിൽ പോകാറാണ് പതിവ്. അതു അല്പം നേരത്തെ ആകും. കയ്യിൽ വീട്ടിൽ നിന്നുള്ള ഭക്ഷണവും. ഡ്രസ്സ് അടങ്ങിയ ബാഗ് വേറെയും. അങ്ങനെ ഒരു ദിവസം നേരിട്ട് നടന്നു ചെല്ലുമ്പോൾ എതിർ ദിശയിൽ നിന്ന് ഒരാൾ. കൈലി മുണ്ടും കയ്യുള്ള ബനിയനും വേഷം. മുഖം കണ്ടിട്ട് നല്ല പരിചയം. ഓഫീസിലെ ഒറ്റപ്പെട്ട മുറിയിൽ ഇരിക്കുന്ന ഒരാൾ. തന്നെ കണ്ടപ്പോൾ അല്പം ജാള്യത തോന്നി എന്നു തോന്നി യോ?ഓഫീസിൽ കാണുന്ന വേഷവും ഭാവവും.നല്ല യോഗ്യൻ. താൻ ഒന്നും അറിയാത്തതു പോലെ ഒന്നു പുഞ്ചിരിച്ചു.ആ ആൾ തിരിച്ചും. നടന്ന് തന്നെ കടന്നു പോവുകയും ചെയ്തു.
ഓഫീസ് സമയം ആയി വരുന്നതേ ഉള്ളു. കൊണ്ടു പോയ ബ്രേക്ക് ഫാസ്റ്റ് കഴിച്ച്,താൻ കാത്തിരുന്നു. കൂട്ടുകാരി എത്താൻ.
(തുടരും……)
About The Author
No related posts.