അസമയത്തു നിദ്രയിലാണ്ടു പോയി
ചിന്തകളുടെ ഭാരമില്ലാതെ
ഉത്തരവാദിത്വങ്ങളുടെ
ഓർമ്മപ്പെടുത്തലുകളില്ലാതെ നിദ്രയിലാണ്ടു പോയി
എന്റെ ചിന്തകളേതു
നിശ്ശബ്ദതയിലൊളിച്ചുവെന്നറിയില് ല
ഓർമ്മകളുടെ സുന്ദരമായ ഗതി എവിടേയ്ക്കാണൊഴുകി പോയതെന്നുമറിയില്ല
ഏതോ പദചലനങ്ങളുടെ
ഒച്ചയിൽ നിദ്ര വിട്ടുണരുമ്പോൾ
രാത്രിയെന്നോ പകലെന്നോ
നിശ്ചയമില്ലാതെ
പ്രഭാതകർമ്മങ്ങളുടെ
ചിന്തയിൽ പിടഞ്ഞെണീറ്റു
സായം കാലമെന്നറിയാൻ
ചിന്തകൾ പുറകോട്ടു സഞ്ചരിച്ചു
സ്ഥലകാലബോധത്തിലെൻ
മനസ്സെത്തുമ്പോൾ
ചിന്തകൾക്കുത്തരമില്ല
എന്നിലെ ഞാനെവിടെയായി
രുന്നിത്രനേരവും
എന്റെ ഓർമ്മകൾ ചിന്തകൾ
എനിക്കൊപ്പം ഉറങ്ങിയതെന്തേ..
ഞാനുറങ്ങുമ്പോൾ
പൂവുകൾ
പരിമളം പടർത്തി
ഇലച്ചാർത്തുകളിൽ
മഞ്ഞുതിർന്നു
ചക്രവാളത്തിനുമപ്പുറം
സൂര്യൻ യാത്ര തിരിച്ചു
കരുത്താർന്ന മറ്റൊരു
ഉദയത്തിനായ്
എന്റെ ചലനവും
ഓർമ്മകളും
എന്റേതു മാത്രമാണ്
വസുധയുടെ ചലനങ്ങളിൽ
മാറ്റം വരുത്തുവാൻ
ഞാനാരാണ്!
പകച്ചു പോയെൻ നിസ്സാരതയോർത്ത്…..
About The Author
No related posts.
2 thoughts on “നിദ്ര – ( ശുഭ ബിജു കുമാർ )”
Nice👌
ലളിതം , സുന്ദരം