LIMA WORLD LIBRARY

കുടിപ്പക – ( അഡ്വ:അനൂപ് കുറ്റൂർ )

കൂടെപ്പിറപ്പായിയൊരേകൂരയിലായി
കളിച്ചും ചിരിച്ചുമൊന്നായിവളർന്നോർ
കൂരയ്ക്കുള്ളിലെ കലമ്പലിലായി
കെട്ടുപോകുന്നരുതായ്മകളിലായി.
കരുപ്പിടിപ്പിക്കാനുള്ളോട്ടപ്പാച്ചിലിൽ
കണ്ണുംമൂക്കുമില്ലാത്തകർമ്മത്തി
കടന്നകൈകളധികമായീടുമ്പോൾ
കൂടെപ്പിറപ്പാണെന്നതുമറന്നുപോയി.
കണ്ണറിയാറാക്കിയോരേം മറന്നങ്ങു
കണ്ണല്ലാത്തത് പൊന്നാക്കണമെന്ന്
കല്പിച്ചു കൂട്ടിയുള്ള പോക്കിലായി
കിട്ടുന്നതെല്ലാം വെട്ടിപ്പിടിക്കാനായി.
കൂടെപ്പിറന്നോരുടെ കണ്ണീരൊപ്പില്ല
കുഴിയിൽ ചാടിക്കാനാണധികമിഷ്ടം
കിറുകിറുപ്പുകളുമധികമായിട്ടിതാ
കുടിപ്പകയായീടുന്നതന്ത്യത്തിൽ .
കീരിയുംപാമ്പും പോലെയവരിതാ
കലമ്പൽ കൂട്ടുന്ന ശബ്ദങ്ങൾ
കണ്ടാൽ മിണ്ടില്ല; കൈപ്പിടിക്കില്ല
കൊടുമ്പിരികൊള്ളുന്നഹങ്കാരങ്ങൾ.
കൊള്ളി വാക്കുരച്ചിതാ പരസ്പരം
കോലം കെട്ടുന്ന പടയണി തുള്ളി
കൊല്ലാനാണേലും മടിയില്ലാതെ
കോടാലി വയ്ക്കുന്നു തമ്മിലായി.
കൊലകൊമ്പന്മാരേറ്റുമുട്ടുന്നു
കോപ്പുകൂട്ടുന്നജയ്യരാകാനായിതാ
കൊട്ടിഘോഷിക്കും കേമത്തരത്തിൽ
കൈക്കൊട്ടിച്ചിരിക്കുന്ന കാഴ്ചകൾ .
കൈയടക്കുന്നമാത്സര്യങ്ങളിൽ
കൈയ്യൂക്കുള്ളവർകാര്യക്കാരായി
കൊട്ടുന്നതാളത്തിൽ തുള്ളാനാളും
കൈമണിയായിട്ടു പിന്നിലായുണ്ട്.
കലികയറിയ ഗർജ്ജനങ്ങളിൽ
കൊല്ലുന്ന രാജാവിന് തിന്നുന്നമന്ത്രി
കൊൾമയിരായിക്ഷുദ്രപ്രയോഗങ്ങൾ
കൈമെയ്യ്‌ മറന്നുള്ള പോരാട്ടങ്ങൾ .
കിട്ടിമടുത്തന്ത്യശ്വാസം വലിക്കുമ്പോഴും
കൊല്ലും കൊലയ്ക്കുമതിരില്ലാതെ
കൊണ്ടുംകൊടുത്തുമറുതിയില്ലാദുഷ്ടത
കുത്തിനോവിക്കുന്നന്ത്യം വരേയ്ക്കും.
കുടികൊള്ളുന്ന കുടിപ്പകയിലായി
കൈയ്യൂക്കിനായി കളരികളനേകം
കോമരം തുള്ളിക്കൊണ്ടലറുന്ന
കളരിയഭ്യാസികളങ്കച്ചുവടുമായി .
കുടിയിരുത്തുന്നു കലിദേവതയേ
കൂട്ടമായിട്ടങ്ങാരാധിക്കാനായി
കുടി വെക്കുന്നതു കട്ടച്ചോരയും
കണ്ടറപ്പു തീർന്നോരഭ്യാസികളും .
കെട്ടുപ്പാടുകളെല്ലാം മറക്കുന്നു
കൈപ്പിഴയാകുന്ന ചെപ്പടിവിദ്യകൾ
കൈമോശം വന്നോരാ നന്മകൾ
കൈമുതലെല്ലാമന്ത്യം നശിപ്പിച്ചു.
കെട്ടിപ്പടുത്ത ശ്രീവിലാസങ്ങളെല്ലാം
കെടാവിളക്കായി കത്തി നിന്നതു
കെട്ടുപോയൊരാ പടയോട്ടത്തിൽ
കിട്ടില്ലിനിയൊരിക്കലുമഭിമാനമായി.
കൈയ്യേറുന്നങ്കക്കലിയാട്ടത്തിൽ
കെട്ടുന്നുപോകുന്നുനല്ലകുരുന്നുകൾ
കെട്ടുമട്ടുമാകെ മാറുന്നന്ത്യത്തിൽ
കിട്ടാക്കനിയായി പുണ്യജന്മങ്ങൾ .
കലിയാടുന്ന കുടുംബങ്ങളിലായി
കാഴ്ച മങ്ങുന്ന കണ്ണുകളനേകം
കലഹിച്ചുത്തീരുന്നന്ത്യത്തിലായി
കുലധർമ്മമെല്ലാമിന്നന്യമാകുന്നു.
രചന അഡ്വ അനൂപ് കുറ്റൂർ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px