കുറു(മൊഴികൾ) – ( സന്ധ്യ )

Facebook
Twitter
WhatsApp
Email

*കുറു (മൊഴികൾ)*
———————————

—- സന്ധ്യ —

*ലാവണ്യം*

മഹാസാഗരമധ്യേ,
മൺതുരുത്തിന്ന്,
എന്തൊരു ഗാംഭീര്യം!

മരുഭൂവിൻ പരപ്പിൽ,
മരുപ്പച്ചയതിലെ
ജലമത്രെയമൃതം!!

മൗനത്തിൻ ചിപ്പിയിൽ ,
മണിമുത്തായൊരു
വാക്കെത്ര വാചാലം!!

*ദുഃഖം*

രണ്ടു കണ്ണുനീർ
കണങ്ങളാൽ,
ഒട്ടിച്ചു വെച്ച
രണ്ടക്ഷരങ്ങളിൽ,
ഒരു കടലൊളിപ്പിച്ചു
വെച്ച ഒറ്റവാക്ക് :

*നിന്മിഴികൾ*

ഘനീഭൂതമാ ദുഃഖമാം
ഹിമബിന്ദുവിൻ,
ഘനമേറ്റു വാങ്ങയാൽ
ഇമയിതളുകൾ
ഒട്ടു നിമീലിതമായ
പനീർപ്പൂമൊട്ടുകൾ!

**നിന്മൗനം*

പറയുവാൻ നിനച്ച
മറുമൊഴികൾ പലതും
പറയുവാനരുതാതെ,
വിറയാർന്നു വിതുമ്പി
പറയാതെ പോയ്,
നീയധരമേ….

പരാവർത്തനം
ചെയ്തിനിയെങ്കിലും
പറഞ്ഞു തരിക നീ
നിൻ, നിറഞ്ഞ
മൗനത്തിൻ്റെയർത്ഥം!

*വാക്കും നോക്കും*

വാക്കുകളത്രയും
വ്യർത്ഥം;
ചില നോക്കുകൾ,
അവയെത്ര
സമർത്ഥം,
പരാവർത്തനം
ചെയ്തു,
ചിത്രലിപികളിൽ
കൊത്തി,
പല മൗനത്തിന്റെ
അർത്ഥം!!

About The Author

Leave a Reply

Your email address will not be published. Required fields are marked *