ബാബാ സാഹേബ് അംബേദ്ക്കറിന്റെ നൂറ്റിമുപ്പതാം ജന്മവാർഷികം 20 21 ഏപ്രിൽ 14 ൽ നാം ആഘോഷിക്കുമ്പോൾ , അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നിട്ട് 71 വർഷവും പിന്നിടുന്നു. അദ്ദേഹത്തിന്റെ മുപ്പത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഉന്നയിച്ച പലപ്രശ്നങ്ങളും ഇപ്പോഴും പരിഹാരമില്ലാതെ, അധ:സ്ഥിത വിഭാഗങ്ങളുടെ ജീവിതം വലിയ മാറ്റങ്ങൾ ഇല്ലാതെ മുന്നോട്ടു പോകുന്ന കാഴ്ചയാണ് ഇൻഡ്യയിലെവിടെയും നാം കാണുന്നത്.
” ഇഷ്ടിക കൊണ്ട് വീട്ടു കെട്ടാൻ പഞ്ചായത്ത് സമിതിയുടെ അനുവാദത്തിനായി കോവിലൻ എന്ന ദളിതൻ ചെല്ലുമ്പോൾ അതിലെ അംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യം :- “നിങ്ങൾ ഇഷ്ടിക വീട്ടിൽ ജീവിക്കാൻ തുടങ്ങിയാൽ ഞങ്ങൾ എവിടെ താമസിക്കും? പൊന്നിൽ തീർത്ത വീട്ടിലൊ?. വർത്തമാന കാല ദളിത് ജീവിതത്തിന്റെ നേർക്കാഴ്ചയായിട്ടാണ് ഗുജറാത്തി എഴുത്തുകാരൻ ദൾപത് ചൗഹാന്റെ ‘ഭവനം’ എന്ന കഥയിൽ ചോദിക്കുന്നത്. അതായത് ഡോക്റ്റർ അംബേദ്കറിന്റെ ആശയങ്ങളെയും സാമൂഹ്യ കാഴ്ചപ്പാടുകളയും ഇന്നും അവഗണിച്ചു കൊണ്ട് മനുഷ്യത്വത്തിന്റെ പട്ടയം ഇപ്പോഴും അധ:സ്ഥിതർക്ക് നിഷിദ്ധമായിരിക്കുന്നുവെന്നുതന്നെ പറയാം.
അംബേദ്ക്കറുടെ രാഷ്ട്രീയ ഭൗതിക ജീവിതം മുഖ്യമായും ഹിന്ദുമതത്തിലെ ചില മൗലിക സമസ്യകളെയും അവയിൽ നിന്നും രൂപം കൊണ്ട രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളെയും ചുറ്റിപ്പറ്റിയാണല്ലോ നീങ്ങിയത്. അംബേദ്കറുടെ അഭിപ്രായത്തിൽ, ജാതി സമ്പ്രദായമാണ് അധ:സ്ഥിത വർഗ്ഗത്തിന്റെ പിന്നാക്കാവസ്ഥയുടെ മൂലകാരണം. ഓരോ ഹൈന്ദവനും ജാതിയുടെയും അത് മുന്നോട്ടു വയ്ക്കുന്ന മാമൂലുകളുടെയും ലോകത്തെ അച്ചടക്കമുള്ള പ്രജയാണ്. മുകളിലെക്ക് പോകുന്തോറും ആദരവും താഴേയ്ക്കുവരുന്തോറും വെറുപ്പും അവഗണനയും പ്രസരിപ്പിക്കുന്ന ശ്രേണീകൃതമായ വേർതിരിവിന്റെയും വിവേചനത്തിന്റെയും ഈ വൃത്തികെട്ട വ്യവസ്ഥയിൽ ഓരോ ജാതിക്കാരനും മറ്റുള്ളവരിൽ നിന്ന് തങ്ങളെ വേർതിരിക്കുന്ന അതിരുകൾ സ്വയം ബലപ്പെടുത്തുന്ന ജാതി സമ്പ്രദായത്തിന്റെ ഉന്മൂലനത്തിലൂടെ മാത്രമേ ദളിത് അധ:സ്ഥിത വിഭാഗത്തിന്റ മോചനവും ഹൈന്ദവ മതത്തിന്റെ ജനാധിപത്യവത്ക്കരണവും സാധ്യമാവൂ എന്ന നിരീക്ഷണത്തിൽ അദ്ദേഹം എത്തിച്ചേർന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ജാതിവിരുദ്ധ പോരാട്ടത്തിന് സമാനമായി അധ:സ്ഥിത സമൂഹത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയർത്താനും അവർക്ക് ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കാനും അവരെ രാഷ്ട്രീയമായി സംഘടിപ്പിക്കാനുമുള്ള ശ്രമങ്ങൾക്ക് അദ്ദേഹം ചുക്കാൻ പിടിച്ചത്. വിദ്യാഭ്യാസത്തിലും സർക്കാർ സർവ്വീസിലും നിയമനിർമ്മാണ സഭകളിലും അവർക്ക് സംവരണം ഉറപ്പാക്കിയതും അസ്പൃശ്യത നിയമം മൂലം നിരോധിച്ചതും അംബേദ്ക്കറുടെ എടുത്തു പറയാവുന്ന നേട്ടങ്ങൾ തന്നെയാണ്. സ്ത്രീവിമോചനം ലക്ഷ്യം വച്ച് അദ്ദേഹം തയ്യാറാക്കി പാർലമെന്റിൽ അവതരിപ്പിച്ച ഹിന്ദുകോഡ് ബില്ലും അദ്ദേഹത്തിന്റെ രാഷ്ടീയ ജീവിതത്തിലെ പ്രധാനപ്പെട്ട മറ്റൊരു സംഭവമാണ്.ഇൻഡ്യൻ സ്വാതന്ത്ര്യസമരത്തിൽ അംബേദ്കർ നയിച്ചത് തികച്ചും വ്യത്യസ്തമായ സ്വാതന്ത്ര്യ സമര രീതിയായിരുന്നുവെന്ന് നിസ്സംശയം പറയാം. സ്ത്രീകളുടെയും അധ:സ്ഥിതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും മുഴുവൻ, സമൂഹത്തിന്റെയും മോചനത്തിനു വേണ്ടിയുള്ള ധീരോദാത്തമായ പോരാട്ടമായിരുന്നു ഡോ.അംബേദ്ക്കർ നയിച്ചത് എന്നത് അദ്ദേഹത്തിന്റെ നൂറ്റിമുപ്പതാം ജന്മവാർഷികത്തിൽ നാം എല്ലാവരും അങ്ങേയറ്റംആദരവോടെ അദ്ദേഹത്തെ സ്മരിച്ചിടട്ടെ.
ജീഗദീശ് കരിമുളയ്ക്കൽ.
About The Author
No related posts.